ഉത്തർ പ്രദേശിലെ ലഖ്നൌവിലുള്ള വാടകവീടിന്റെ പിന്നിലുള്ള സ്ഥലത്ത്, അച്ഛന്റെ സഹോദരിയുടെ മൂന്ന് വയസ്സുള്ള മകനുമായി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് 7 വയസ്സുള്ള കാജ്രിയെ രണ്ടുപേർ തട്ടിക്കൊണ്ടുപോയത്.
പത്തുവർഷത്തിനുശേഷം, 2020 ഡിസംബറിൽ, അവളുടെ മറ്റൊരു കസിൻ - ഒരു ബാങ്ക് ഏജന്റായിരുന്നു അയാൾ - നഗരത്തിലെ ഒരു വീട്ടിൽ ജോലിസംബന്ധമായി പോയപ്പോഴാണ് അവിടെ നിലം തുടയ്ക്കുകയായിരുന്ന, കാജ്രിയുടെ ച്ഛായയുള്ള ഒരു പെൺകുട്ടിയെ ആകസ്മികമായി കണ്ടുമുട്ടിയത്. അവളുടെ അച്ഛന്റെ പേര് അയാൾ ചോദിച്ചപ്പോഴേക്കും വീട്ടിലെ സ്ത്രീ വന്ന്, അവരുടെ സംഭാഷണം തടഞ്ഞു. വീട്ടിൽനിന്ന് പുറത്തുവന്ന അയാൾ ലഖ്നൌവിലെ വൺ-സ്റ്റോപ് സെന്ററിലേക്ക് വിളിച്ചു. അക്രമത്തിനിരയാകുന്ന പെൺകുട്ടികളേയും സ്ത്രീകളേയും സഹായിക്കാൻ സർക്കാരിന്റെ നാരീ-ശിശുവികസന വകുപ്പ് സ്ഥാപിച്ചതാണ് ആ സെന്റർ. മണിക്കൂറുകൾക്കുള്ളിൽ മൊഹൻലാൽഗഞ്ജ് പൊലീസ് സ്റ്റേഷനിൽനിന്ന് ഒരു പൊലീസ് സംഘം വന്ന്, വീട് പരിശോധിച്ച്, കാജ്രിയെ മോചിപ്പിച്ച്, കുടുംബത്തിനെ തിരിച്ചേൽപ്പിച്ചു.
ഇപ്പോൾ 21 വയസ്സുള്ള കാജ്രിക്ക് മാനസികമായ ചില വെല്ലുവിളികളുണ്ട്. മുന്നിലെ താഴത്തെ നിരയിലുള്ള ചില പല്ലുകൾ അവൾക്ക് നഷ്ടപ്പെട്ടിരുന്നു. മനുഷ്യക്കടത്തിന്റേയും ലൈംഗികമായ ആക്രമണത്തിന്റേയും ബാലവേലയുടേയും ഇരയായി ജീവിച്ച 10 വർഷത്തെക്കുറിച്ച് നേരിയ ഓർമ്മകളേയുള്ളു ഇപ്പോളവൾക്ക്.











