“ഒരു സർക്കാരും ജനങ്ങൾക്ക് നല്ലതല്ല,” 70-കാരിയായ ഗുർമീത് കൗർ പറഞ്ഞു. ജഗ്രാവോയിൽ നടക്കുന്ന കിസാൻ-മസ്ദൂർ മഹാപഞ്ചായത്തിൽ (കർഷകരുടെയും തൊഴിലാളികളുടെയും മഹാഗ്രാമ സമ്മേളനം) പങ്കെടുക്കാൻ ലുധിയാനയിലെ ബസിയാൻ ഗ്രാമത്തിൽനിന്നെത്തിയ ഒരു കൂട്ടം സ്ത്രീകൾക്കൊപ്പം ഒരു ഷെഡിന് കീഴിൽ ഇരിക്കുകയായിരുന്നു അവര്‍.
“[പ്രധാനമന്ത്രി] മോദി ജോലി വാഗ്ദാനം ചെയ്തിരുന്നു, പക്ഷെ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. [അതുകൊണ്ട് ഇപ്പോൾ] ഇവിടെ വന്ന് വോട്ട് ചോദിക്കാൻ അവർക്കവകാശമില്ല],” അവര്‍ പറഞ്ഞു. ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു. ഏക്താ) ഡകോന്ദ എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗുർമീത് കൗർ 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിക്കാണ് വോട്ട് ചെയ്‌തതെന്ന് പാരിയോട് പറയുകയും ചെയ്തു.
തങ്ങളുടെ ശക്തി കാണിക്കുന്നതിനും ഭാരതീയ ജനതാ പാർട്ടിക്കെതിരെ (ബി.ജെ.പി.) പ്രതിഷേധം രേഖപ്പെടുത്തുന്നതിനുമായി കർഷക സംഘടനകൾ, തൊഴിലാളി സംഘടനകൾ, അങ്കണവാടി ജീവനക്കാരുടെ സംഘടനകൾ, മെഡിക്കൽ പ്രവർത്തക യൂണിയൻ എന്നിവയുടെ കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി അമ്പതിനായിരത്തോളം പേർ മേയ് 21-ന് മഹാപഞ്ചായത്ത് നടന്ന ജഗ്രാവോയിലെ പുതിയ ധാന്യച്ചന്തയിൽ ഒത്തുകൂടി. “ബി.ജെ.പി.യെ പരാജയപ്പെടുത്തുക. കോർപ്പറേറ്റുകളെ ഓടിക്കുക. രാജ്യത്തെ രക്ഷിക്കുക,” എന്നിങ്ങനെ വേദിയിലെ ബാനറിൽ എഴുതിയിരുന്നത് വായിക്കാമായിരുന്നു.
“മോദിയെ ഞങ്ങൾ പഞ്ചാബിൽ കരിങ്കൊടി കാണിക്കും,” നിലവിൽ മഹാപഞ്ചായത്തിൽ പങ്കെടുക്കുന്ന ബി.കെ.യു. ലഖോവാൽ ചാപ്റ്റർ പ്രസിഡൻ്റ് ഹരീന്ദർ സിംഗ് ലഖോവാൽ പറഞ്ഞു.
2024 ജൂൺ 1-ന് പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങളോട് കേന്ദ്രം മുഖം തിരിക്കുന്നതിനെതിരെ കർഷകർ പ്രതിഷേധിക്കുന്ന സംസ്ഥാനത്ത് നരേന്ദ്ര മോദി തന്റെ പ്രചാരണം ആരംഭിക്കാൻ ഒരുങ്ങുകയാണ്. സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ പ്രകാരം മിനിമം താങ്ങുവില (എം.എസ്.പി.) ഉറപ്പ് നൽകുക, കടങ്ങൾ പാടെ എഴുതിത്തള്ളുക, ലഖിംപൂർ ഖേരി കൂട്ടക്കൊലയിൽപ്പെട്ടവർക്ക് നീതി ഉറപ്പാക്കുക, കർഷകർക്കും തൊഴിലാളികൾക്കും പെൻഷൻ പദ്ധതി തുടങ്ങുക, 2020-2021 കാലഘട്ടത്തെ സമരത്തിൽ രക്തസാക്ഷികളായവർക്ക് നഷ്ടപരിഹാരം നൽകുക എന്നിവയായിരുന്നു കർഷകരുടെ ആവശ്യങ്ങൾ. കർഷക സമരങ്ങളെപ്പറ്റിയുള്ള പാരിയുടെ (PARI) എല്ലാ എഴുത്തുകളും ഇവിടെ വായിക്കാം.
ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനുമുമ്പായി കർഷകനേതാക്കൾ 2020-21 കാലഘട്ടത്തിലെ സമരങ്ങൾക്കിടെ ജീവൻ നഷ്ടപ്പെട്ട 750 കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ചു. ഡൽഹിയിലേക്കുള്ള തങ്ങളുടെ സമാധാനപരമായ മാർച്ചിനിടെ പട്യാലയിലെ ദാബി ഗുജ്‌റാനിൽ കർഷകരും പോലീസും ഏറ്റുമുട്ടിയപ്പോൾ തലയ്ക്ക് മാരകമായ പരിക്കേറ്റ് ഈ വർഷം ഫെബ്രുവരിയിൽ മരിച്ച 21-കാരനായ കർഷകൻ ശുഭ്‌കരൺ സിംഗിനെപ്പറ്റിയും അവർ പ്രത്യേക പരാമർശം നടത്തി. ഇതുകൂടി വായിക്കുക: ‘സ്വന്തം സംസ്ഥാനത്ത് സുരക്ഷിതരല്ലെങ്കിൽ പിന്നെ എവിടെയാണ് ഞങ്ങൾ സുരക്ഷിതരായിരിക്കുക?’
കർഷകർ തങ്ങളുടെ നടപ്പിലാക്കാത്ത ആവശ്യങ്ങൾ ഡൽഹിയിൽ ഉന്നയിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കുറച്ച് മാസങ്ങൾക്കുമുമ്പ്, 2024 ഫെബ്രുവരിയിൽ, അവിടെ പ്രവേശിക്കുന്നതിൽനിന്നും അവരെ വിലക്കി. ബാരിക്കേഡുകൾ, ജലപീരങ്കികൾ, കണ്ണീർവാതക ഷെല്ലുകൾ എന്നിവ ഉപയോഗിച്ചാണ് സമാധാനപരമായി സംഘടിച്ച പ്രതിഷേധക്കാരെ നേരിട്ടത്.
തങ്ങളുടെ ഗ്രാമങ്ങളിൽ ബി.ജെ.പി. പ്രചാരണം നടത്തണമെന്ന് അവർക്കിപ്പോൾ ആഗ്രഹമില്ല.
ബി.കെ.യു. ഷാദിപൂർ പ്രസിഡന്റ് ബൂട്ടാ സിംഗും ഇതേ വികാരമാണ് പ്രകടിപ്പിച്ചത്. എന്തിനാണ് മോദി ഇപ്പോൾ പഞ്ചാബിലേക്ക് വരുന്നത്? അദ്ദേഹം ചോദിക്കുന്നു, "ഞങ്ങൾ അദ്ദേഹത്തെ പ്രചാരണത്തിന് അനുവദിക്കില്ല,"
സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനപ്രകാരം പഞ്ചാബിലുടനീളം ജനങ്ങൾ ബി.ജെ.പി. നേതാക്കളേയും സ്ഥാനാർത്ഥികളേയും തങ്ങളുടെ ഗ്രാമങ്ങളിൽ പ്രവേശിക്കുന്നതിൽനിന്നും പ്രചാരണം നടത്തുന്നതിൽനിന്നും വിലക്കിയിരിക്കുകയാണ്.
ജാഗ്രാവോയിലെ കർഷകനേതാക്കൾ അവരുടെ പ്രസംഗത്തിൽ യഥാക്രമം ഫരീദ്‌കോട്ടിലെയും ലുധിയാനയിലെയും ബി.ജെ.പി. സ്ഥാനാർത്ഥികളായ ഹൻസ് രാജ് ഹൻസിന്റേയും രവ്‌നീത് ബിട്ടുവിന്റേയും പേരുകൾ പരാമർശിച്ചു.
"നേതാക്കൾ കൂപ്പുകൈകളോടെയാണ് വോട്ട് ചോദിക്കുന്നത്. എന്നിട്ടവർ പറയും പിന്നീട് ഞങ്ങളെ ശരിയാക്കിക്കളയുമെന്ന്. ഞങ്ങളെ ശരിയാക്കാൻ അവർ ആരാണ്?” പ്രസംഗത്തിനിടെ ലഖോവൽ ചോദിക്കുന്നു. തന്നെ എതിർക്കുന്നവരെ ജൂൺ 1-ന് നടക്കുന്ന വോട്ടെടുപ്പിനുശേഷം കൈകാര്യം ചെയ്യുമെന്ന് ഹൻസ് പറയുന്ന ഒരു വീഡിയോ ക്ലിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ വളരെയധികം പ്രചരിച്ചിരുന്നു. എസ്.കെ.എം. നൽകിയ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൻസ് രാജിന് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് ഒരു നോട്ടീസ് നൽകുകയും ചെയ്തു.
ലുധിയാനയിലെ സംഗത്പുര ഗ്രാമത്തിൽനിന്നുള്ളയാളാണ് 74-കാരനായ ചേതാൻ സിംഗ് ചൗധരി. "മാതാപിതാക്കളും മുത്തശ്ശീ-മുത്തശ്ശന്മാരും വോട്ട് ചെയ്തവർക്കാണ് മുമ്പ് ഞങ്ങൾ വോട്ട് ചെയ്തിരുന്നത്," അദ്ദേഹം പറഞ്ഞു. “ഇപ്പോൾ കാര്യങ്ങൾ മാറി. മോദിയെ പുറത്താക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം."
അദ്ദേഹം ബി.കെ.യു. രാജേവാളിലെ അംഗമാണ്. തന്റെ പിതാവ് ബാബു സിംഗ് ഒരു സ്വാതന്ത്ര്യ സമരസേനാനിയായിരുന്നുവെന്ന് പഞ്ചാബ് സർക്കാർ നൽകിയ കാർഡ് കാണിച്ചുകൊണ്ട് അദ്ദേഹം പാരിയോട് പറഞ്ഞു. ഇന്ത്യൻ നാഷണൽ ആർമിയിലെ (ഐ.എൻ.എ.) സൈനികനായിരുന്നു ബാബു സിംഗ്. "കർഷകരുടെ നന്മയെക്കുറിച്ച് അവർ ചിന്തിക്കുന്നില്ല", ബി.ജെ.പി.യെപ്പറ്റി പരാമർശിച്ചുകൊണ്ട് ചേതാൻ പറഞ്ഞു.
ചുറ്റും മുദ്രാവാക്യങ്ങൾ മുഴങ്ങുകയായിരുന്നു. “കർഷകരുടെയും തൊഴിലാളികളുടെയും ഐക്യം നീണാൾ വാഴട്ടെ” എന്ന് അവർ ഉരുവിട്ടു. കൂടാതെ “നരേന്ദ്രമോദി തിരിച്ചുപോകൂ!” എന്നും.
കിസാൻ-മസ്ദൂർ മഹാപഞ്ചായത്ത് നടക്കുന്ന സ്ഥലത്തിന് ചുറ്റും, സമീപ ഗ്രാമങ്ങളിൽനിന്നുള്ള കർഷക യൂണിയനുകളുടെ യൂണിറ്റുകൾ ലംഗറുകൾ (ഭക്ഷണ സ്റ്റാളുകൾ) നടത്തുന്നുണ്ട്. 2020-21 കാലഘട്ടത്തിലെ സമരങ്ങളിൽ 13 മാസക്കാലം ടിക്രി അതിർത്തിയിലെ കർഷകർക്ക് താങ്ങായ മെഡിക്കൽ പ്രവർത്തക യൂണിയൻ ഇവിടെ മെഡിക്കൽ ക്യാമ്പുകളും നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പിനെക്കുറിച്ചും വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, മതം, ജാതി, ലിംഗഭേദം എന്നിങ്ങനെ പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുമുള്ള ലഘുലേഖകൾ പഞ്ചാബിലെ ഇങ്ക്‌ലാബി കേന്ദർ, ജംഹൂരി അധികാർ സഭ എന്നീ സംഘടനകളിലെ അംഗങ്ങൾ വിതരണം ചെയ്തു.
ബി.ജെ.പി.യെ തോൽപ്പിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുമ്പോഴും ഏതെങ്കിലുമൊരു പ്രത്യേക പാർട്ടിക്ക് വോട്ട് ചെയ്യാൻ എസ്.കെ.എം. ആഹ്വാനം ചെയ്യുന്നില്ല. "ബി.ജെ.പി. സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ കഴിയുന്ന വ്യക്തിക്ക് വോട്ട് ചെയ്യൂ" എന്നാണ് കീർത്തി കിസാൻ യൂണിയൻ നേതാവ് രജീന്ദർ ദീപ്സിംഗ്വാല പറയുന്നത്.
മഹാപഞ്ചായത്ത് അവസാനിക്കുമ്പോൾ സന്ദേശം വ്യക്തമാണ് - പ്രചാരണ വേളയിൽ ബി.ജെ.പി.യെ എതിർക്കുക, തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ പരാജയപ്പെടുത്തുക. “ആരും അക്രമത്തിൽ ഏർപ്പെടില്ല, ഞങ്ങൾ സമാധാനപരമായി പ്രതിഷേധിക്കും,” തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ലഖോവാൽ പറഞ്ഞു.
പരിഭാഷ: റെന്നിമോന്‍ കെ. സി.