"മുളക് എരിയുന്നു."
1984 ഡിസംബർ 2-ലെ ആ രാത്രിയിൽ, ഭോപ്പാലിൽ താമസിച്ചിരുന്ന നുസ്രത് ജഹാൻ ശ്വാസമെടുക്കാനാകാതെയും കണ്ണെരിഞ്ഞ് വെള്ളം നിറഞ്ഞും ഉറക്കത്തിൽനിന്ന് എഴുന്നേറ്റു. വൈകാതെ അവരുടെ ആറുവയസ്സുകാരനായ മകൻ കരയാൻ തുടങ്ങി. ഈ ബഹളം കേട്ടാണ് നുസ്രത്തിന്റെ ഭർത്താവ് മുഹമ്മദ് ഷഫീഖ് ഉറക്കമുണർന്നത്.
"അതൊരു ഭീകരദൃശ്യമായിരുന്നു," ഇപ്പോൾ 70 വയസ്സുള്ള ഷഫീഖ്, നവാബ് കോളനിയിലെ വീട്ടിലിരുന്ന്, ഭോപ്പാൽ വാതകദുരന്തമെന്ന് അറിയപ്പെടുന്ന ആ മഹാവിപത്തിനിടെ നടന്ന സംഭവങ്ങൾ ഓർത്തെടുത്ത് പറഞ്ഞു. ഇന്നേക്ക് 40 വർഷം മുൻപ് മധ്യപ്രദേശിന്റെ തലസ്ഥാന നഗരമായ ഭോപ്പാലിലാണ് ആ ദുരന്തം സംഭവിച്ചത്.
ഒരു കടലാസ്സ് മില്ലിലെ ദിവസവേതന തൊഴിലാളിയായിരുന്ന ഷഫീഖിന് പിന്നീടുള്ള ഏതാനും വർഷങ്ങൾ തന്റെ കുടുംബത്തിന് വിഷവാതകം ശ്വസിച്ചതുമൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ തേടി ഗതികെട്ട് അലയേണ്ടിവന്നു. ആ പ്രദേശത്തെ ഒരേയൊരു കുടിവെള്ളസ്രോതസ്സായ കിണറിലെ മലിനജലം 18 വർഷത്തോളം കുടിച്ചതുകൊണ്ടുണ്ടായ പ്രത്യാഘാതങ്ങൾ സ്ഥിതി വഷളാക്കുകയും ചെയ്തു. കിണറ്റിലെ വെള്ളം ഉപയോഗിക്കുമ്പോൾ തന്റെ കണ്ണ് എരിഞ്ഞിരുന്നെങ്കിലും വേറെ വഴിയില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 2012-ൽ മാത്രമാണ് സംഭാവന ട്രസ്റ്റ് ക്ലിനിക് കിണറിലെ വെള്ളം പരിശോധിക്കുകയും അതിൽ വിഷാംശങ്ങളുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്. പിന്നീട് സംസ്ഥാന സർക്കാർ ഈ പ്രദേശത്തുള്ള കുഴൽക്കിണറുകളുടെ ഉപയോഗം നിർത്തലാക്കി.
1984-ലെ ആ രാത്രിയിൽ ഷഫീഖിന്റെ വീട്ടിൽ ദുരിതം വിതച്ച വിഷവാതകം, അക്കാലത്ത് ബഹുരാഷ്ട്ര കമ്പനിയായ യൂണിയൻ കാർബൈഡ് കോർപ്പറേഷന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡ് (യു.സി.ഐ.എൽ) എന്ന സ്ഥാപനത്തിന്റെ ഫാക്ടറിയിൽനിന്നാണ് ചോർന്നത്. ഡിസംബർ 2-ന് രാത്രി വാതകം ചോരാൻ തുടങ്ങി - യു.സി.ഐ.എൽഫാക്ടറിയിൽനിന്ന് മീഥൈൽ ഐസോസയനൈറ്റ് ചോർന്നുണ്ടായ ആ ദുരന്തം ലോകത്തെ ഏറ്റവും ഭീകരമായ വ്യാവസായിക ദുരന്തമായി കണക്കാക്കപ്പെടുന്നു.











