ലിംബ്ഡി ഹൈവേയിൽനിന്ന്, ടാർ ചെയ്ത ഒരു വഴി, 10-12 കിലോമീറ്റർ അകലെയുള്ള മോട്ട ടിംബ്ല ഗ്രാമംവരെ നീണ്ടുപോകുന്നു. ഗ്രാമത്തിന്റെ ഏറ്റവുമറ്റത്താണ്, അവിടെ താമസിക്കുന്ന ദളിത് നെയ്ത്ത് സമുദായക്കാർക്കായി മാറ്റിവെച്ച വങ്കർവകൾ എന്ന സ്ഥലം. തറികളിൽനിന്നുയരുന്ന താളാത്മകമായ ‘ഖട, ഖട, ഖട’ ശബ്ദങ്ങൾ ഇടുങ്ങിയ വഴികളിൽനിന്നുയരുന്നുണ്ട്. വഴിയുടെ ഒരു ഭാഗത്ത് പഴയ മട്ടിലുള്ള ഓടിട്ട വീടുകളും ഏതാനും ഓല മേഞ്ഞ വീടുകളുമാണ്. ഇടയ്ക്കിടയ്ക്ക്, തറി ശബ്ദത്തിൽനിന്ന് വേറിട്ട്, മനുഷ്യരുടെ ശബ്ദം കേൾക്കാം. കാതുകൾ കൂർപ്പിച്ചാൽ, അദ്ധ്വാനത്തിന്റെ ശബ്ദംപോലും കേൾക്കാൻ കഴിഞ്ഞെന്നുവരും. ഒന്നുകൂടി ശ്രദ്ധിച്ച് കേൾക്കാൻ ശ്രമിച്ചാൽ, തറിയുടെ ശബ്ദത്തോടൊപ്പം, പശ്ചാത്താപത്തിന്റെ നെയ്ത്തുതാളവും കേൾക്കാനാവും. രേഖ ബെൻ വഘേലയുടെ ജീവിതത്തിലേക്കുള്ള പ്രവേശികപോലെ.
“ഞാൻ 8-ആം ക്ലാസ്സിൽ മൂന്ന് മാസം തികച്ചിരുന്നില്ല. ലിംബ്ഡിയിലെ ഒരു ഹോസ്റ്റലിലായിരുന്നു എന്റെ താമസം. ആദ്യത്തെ സ്കൂൾ പരീക്ഷ കഴിഞ്ഞ് നാട്ടിലെത്തിയതായിരുന്നു ഞാൻ. അപ്പോഴാണ് അമ്മ പറഞ്ഞത്, ഇനി ഞാൻ പഠിക്കാൻ പോകുന്നില്ലെന്ന്. മൂത്ത സഹോദരനായ ഗോപാൽ ഭായിക്ക് സഹായം ആവശ്യമായിരുന്നു. വരുമാനമുണ്ടാക്കാനായി, ബിരുദത്തിന് മുമ്പേ പഠനം നിർത്തേണ്ടിവന്നിരുന്നു എന്റെ സഹോദരന്. രണ്ട് സഹോദരന്മാരുടെ പഠനം തുടരാനുള്ള സാമ്പത്തികശേഷി കുടുംബത്തിനുണ്ടായിരുന്നില്ല. അങ്ങിനെയാണ് ഞാൻ പട്ടോല ജോലിയിലേക്ക് തിരിഞ്ഞത്.” അവരുടെ പറച്ചിൽ സാധാരണമട്ടിലായിരുന്നുവെങ്കിലും അതിന് നല്ല മൂർച്ചയുണ്ടായിരുന്നു. ദാരിദ്ര്യമനുഭവിക്കുന്ന എല്ലാ മനുഷ്യരുടേയും വാക്കുകൾക്കുള്ള അതേ മൂർച്ച. 40-കളിലെത്തിനിൽക്കുന്ന അവരിന്ന്, ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലെ മോട്ട ടിംബ്ലയിലെ വിദഗ്ദ്ധ നെയ്ത്തുകാരിയാണ്.
“എന്റെ ഭർത്താവ്, മദ്യത്തിനും, ശീട്ടുകളിക്കും, പാൻ മസാലയ്ക്കും, പുകയിലയ്ക്കും അടിമയായിരുന്നു,” തന്റെ വിവാഹജീവിതത്തിൽനിന്നുള്ള മറ്റൊരു നൂൽ വേറിടുത്തുകൊണ്ട് അവർ പറയുന്നു. അസന്തുഷ്ടമായ വിവാഹജീവിതമായിരുന്നു അത്. ഇടയ്ക്കിടയ്ക്ക് അയാളെ വിട്ട് അവർ അച്ഛനമ്മമാരുടെ വീട്ടിലേക്ക് പോകും. പിന്നെയും നിർബന്ധം സഹിക്കവയ്യാതെ അയാളുടെയടുത്തേക്ക് മടങ്ങും. ദുരിതമായിരുന്നു ജീവിതം. എന്നിട്ടും അവർ അതെല്ലാം സഹിച്ചു. “നല്ല സ്വഭാവമായിരുന്നില്ല അയാളുടേത്,” അവർ പറയുന്നു.
“ചിലപ്പോൾ അയാളെന്നെ തല്ലാറുണ്ടായിരുന്നു. ഗർഭിണിയായിരുന്നപ്പോൾപോലും തല്ലിയിട്ടുണ്ട്.” അവരുടെ ശബ്ദത്തിൽ ഇപ്പോഴും വേദന നിഴലിക്കുന്നു അതൊക്കെ ഓർക്കുമ്പോൾ. “എന്റെ മകൾ ജനിച്ചതിനുശേഷമാണ് അയാളുടെ മറ്റ് ബന്ധങ്ങൾ ഞാൻ കണ്ടുപിടിച്ചത്. ഒരുവർഷം അങ്ങിനെ പോയി. അപ്പോഴാണ് (2010-ൽ) ഒരപകടത്തിൽ ഗോപാൽ ഭായ് മരിച്ചത്. അദ്ദേഹത്തിന്റെ പട്ടോല ജോലികളൊക്കെ ബാക്കിയായിരുന്നു. സാമഗ്രികൾ കൊടുത്ത വ്യാപാരിക്ക് പണം തിരിച്ചുകൊടുക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ അഞ്ചുമാസം (അച്ഛനമ്മമാരുടെ) വീട്ടിൽനിന്ന്, ബാക്കി വന്ന പണിയൊക്കെ പൂർത്തിയാക്കിക്കൊടുത്തു. അതിനുശേഷം എന്റെ ഭർത്താവ് വന്നു, എന്നെ കൊണ്ടുപോകാൻ,” അവർ പറയുന്നു.
കൊച്ചുകുഞ്ഞിനെയൊക്കെ പരിപാലിച്ച്, സന്തോഷവതിയായി സ്വയം അഭിനയിച്ച് കുറച്ച് വർഷങ്ങൾകൂടി, ഉള്ളിൽ വേദന സഹിച്ച് അവർ കഴിഞ്ഞു. “ഒടുവിൽ, മകൾക്ക് നാലര വയസ്സായപ്പോൾ, ഇനിയും ദ്രോഹം സഹിക്കാൻ പറ്റില്ലെന്ന് തീരുമാനിച്ച് ഞാൻ ഇറങ്ങിപ്പോന്നു.” സ്കൂൾ വിട്ടതിനുശേഷം സ്വായത്തമാക്കിയ പട്ടോല നെയ്ത്ത് സഹായത്തിനെത്തി. ദാദ്രിദ്ര്യം കൊണ്ട് പിഞ്ഞിപ്പോയ ജീവിതത്തിന്റെ അരികുകളെ അത് മിനുസപ്പെടുത്തി, ജീവിതത്തിന് പുതിയൊരു അർത്ഥം നൽകി. കൂടുതൽ ബലമുള്ള ഒന്ന്.
അധികം താമസിയാതെ, ലിംബ്ഡി ഗ്രാമത്തിലെ ഒരേയൊരു സ്ത്രീ പട്ടോല നെയ്ത്തുകാരിയായി അവർ അറിയപ്പെട്ടു. ഒരു വിദഗ്ദ്ധയുടെ കരകൌശലത്തോടെയും അനായാസതയോടെയും നൂലുകൊണ്ട് ഊടും പാവും നെയ്യാൻ അവർ ശേഷി നേടി.
“തുടക്കത്തിൽ ഞാൻ, വീടിന്റെ എതിർവശത്തുള്ള അയൽക്കാരന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു ദണ്ടി തൊഴിൽ ചെയ്യാൻ. ഒരു മാസമെടുത്തിട്ടുണ്ടാവും അത് പഠിക്കാൻ,” രേഖാ ബെൻ പറയുന്നു. സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവർ തന്റെ കവിളുകൾ തുടച്ചുകൊണ്ട്, കൈമുട്ടുകൾ തറിയിലൂന്നി, ഷട്ടിൽ ശരിയാക്കുകയായിരുന്നു. ഊടിന്റേയും (വിലങ്ങനെ) പാവിന്റേയും (നീളത്തിൽ) ഇടയിലൂടെ നൂലിന്റെ രൂപരേഖ നേരെയാക്കുകയായിരുന്നു അവർ.
ശൂന്യമായ നൂൽത്തണ്ട് (സ്പിൻഡിൽ) മാറ്റി, പുതിയത് വെച്ച്, പാവ് ആവശ്യത്തിനുയർത്താൻ പാകത്തിൽ കൈത്തറിയുടെ രണ്ട് പെഡലുകളും അമർത്തി, ഷട്ടിലിനെ അതിനിടയിലൂടെ കടത്തിവിട്ടു. ഒരു കൈകൊണ്ട് ഊടിനുള്ള നൂലിന്റെ ചലനത്തെ നിയന്ത്രിക്കുന്ന ലിവർ വലിച്ച്, മറുകൈകൊണ്ട് ഊടിന്റെ നൂലിനെ യഥാസ്ഥാനത്ത് വെക്കാൻ ബീറ്റർ വലിക്കുന്നു. രൂപരേഖ മനസ്സിൽ കണ്ട്, തറിയിൽ കണ്ണുകളൂന്നി, ഒറ്റയ്ക്ക് രേഖ ബെൻ പട്ടോലു നെയ്യുന്നു. അതേ ശ്വാസത്തിൽ തന്റെ ജീവിതത്തെയും കരകൌശലവിദ്യയെയും കുറിച്ചും അവർ സംസാരിക്കുന്നു.
ഒരു പട്ടോലു നെയ്യുന്നതിൽ ചുരുങ്ങിയത് രണ്ടാളുകളെങ്കിലും പരമ്പരാഗതമായി ഉൾപ്പെടുന്നുണ്ട്. “ദണ്ടി ജോലി ചെയ്യുന്ന ആൾ, സഹായി ഇടത്തും, നെയ്ത്തുകാരൻ വലത്തും,” അവർ വിശദമാക്കുന്നു. മുൻകൂട്ടി നിറം നൽകിയ ഒന്നുകിൽ ഊടിന്റെ, അതല്ലെങ്കിൽ പാവിന്റെ, അതല്ലെങ്കിൽ രണ്ടിന്റേയും നൂലുകൾ ഒരുപോലെയാക്കുന്ന പണിയാണ് ദണ്ടി. നെയ്യാൻ പോകുന്ന പട്ടോലുവിനെ ആശ്രയിച്ചിരിക്കും അത്.
ഓരോ കഷണത്തിലും ചിലവഴിക്കുന്ന സമയവും അദ്ധ്വാനവും നോക്കിയാൽ നെയ്ത്ത് പ്രക്രിയ കടുപ്പമുള്ള തൊഴിലാണ്. എന്നാൽ രേഖാ ബെൻ, തന്റെ കഴിവും വൈദഗ്ദ്ധ്യവും ഉപയോഗിച്ച്, അതിനെ എളുപ്പമുള്ള ഒന്നാക്കി മാറ്റുന്നു. കണ്ണുകളിലെ സ്വപ്നം വിരൽത്തുമ്പിലൂടെ വിരിയുന്നതുപോലെയുള്ള ഒരു ഇന്ദ്രജാലമായി തോന്നും, അവരുടെ നെയ്ത്ത് നോക്കിനിന്നാൽ.
“ഒറ്റ ഇകത്തിൽ, ഊടിൽ മാത്രമാണ് ഡിസൈനുണ്ടാവുക. ഇരട്ട ഇകത്തിൽ, ഊടിലും പാവിലും ഡിസൈനുണ്ടാവും,” രണ്ട് പട്ടോലയും തമ്മിലുള്ള വ്യത്യാസം അവർ പറഞ്ഞുതരുന്നു.
രണ്ട് തരം പട്ടോലയേയും വ്യത്യസ്തമാക്കുന്നത് അതിന്റെ ഡിസൈനാണ്. ബംഗളൂരുവിൽനിന്നുള്ള നേർമ്മയുള്ള സിൽക്കുകൊണ്ട് ഉണ്ടാക്കുന്ന ഒറ്റ ഇക്കത്തുള്ള പട്ടോലയാണ് ഝാലാവാദിലേത്. എന്നാൽ പട്ടാനിലേത് ഇരട്ട ഇക്കത്താണ്. അവ, അസമിൽനിന്നും ധാക്കയിൽനിന്നും, മറ്റ് ചില നെയ്ത്തുകാർ അവകാശപ്പെടുന്നതുപോലെ ഇംഗ്ലണ്ടിൽനിന്നുപോലും കൊണ്ടുവരുന്ന കട്ടിയുള്ള സിൽക്കുകൊണ്ടുള്ളവയാണ്.
കെട്ടലും നിറംകൊടുക്കലുമുൾപ്പെടുന്ന ഇക്കത്ത് എന്ന് വിളിക്കുന്ന, സങ്കീർണ്ണമായ ഈ പ്രക്രിയ തെലുങ്കാന, ഒഡിഷ തുടങ്ങി, ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നെയ്ത്തുകാർ ചെയ്തുപോരുന്ന ഒരു തൊഴിലാണ്. എന്നാൽ ഗുജറാത്തിലെ പട്ടോലകളെ വ്യത്യസ്തമാക്കുന്നത്, അതിന്റെ ഭൂമിശാസ്ത്രപരമായ ഇടം മാത്രമല്ല, അതിന്റെ സൂക്ഷ്മവും സങ്കീർണ്ണവുമായ ഡിസൈനുകളും, സിൽക്കിന്റെ ഉജ്ജ്വലമായ നിറവുമാണ്. അവസാനം, പുറത്ത് വരുന്ന ഉത്പന്നമാകട്ടെ, വിലകൂടിയതും, രാജാക്കന്മാരുടെ സഹായം കിട്ടിയ ചരിത്രവുമുള്ള ഒന്നാണ്.
ജീർണ്ണിച്ചാലും, പട്ടോലയുടെ ഡിസൈൻ ഒരിക്കലും മങ്ങില്ലെന്ന് ഗുജറാത്തിൽ ഒരു ചൊല്ലുണ്ട്. പട്ടോലയുടെ ഡിസൈനിന്റേത് മറ്റൊരു കഥയാണ്. അത് പിന്നൊരിക്കൽ പറയാം.
ഭർത്താവിന്റെ വീട്ടിൽനിന്ന് പോന്നതിനുശേഷമുള്ള രേഖ ബെന്നിന്റെ ജീവിതം ഒട്ടും എളുപ്പമുള്ളതായിരുന്നില്ല. നെയ്ത്ത് നിർത്തിയിട്ട് ഏറെ നാൾ കഴിഞ്ഞിരുന്നു. വീണ്ടും അതിലേക്ക് തിരിച്ചുവരുന്നത് ബുദ്ധിമുട്ടായിരുന്നു. “ഞാൻ രണ്ടുമൂന്നുപേരോട് സംസാരിച്ചുവെങ്കിലും ജോലി തരാനുള്ള വിശ്വാസം ആർക്കുമുണ്ടായിരുന്നില്ല,” അവർ പറയുന്നു. “സോമസറിലെ ജയന്തി ഭായി ആറ് സാരി തന്നു, നെയ്യാൻ, ഒരു നിശ്ചിത വേതനത്തിന്. എന്നാൽ, കുറേക്കാലത്തിനുശേഷം ചെയ്തതിനാൽ, പ്രതീക്ഷിച്ചതുപോലെയുള്ള നിലവാരം പുലർത്താൻ കഴിഞ്ഞില്ല. എന്റെ നെയ്ത്ത് പരുക്കനാണെന്ന് തോന്നിയതുകൊണ്ട് പിന്നെ ജോലിയൊന്നും തന്നില്ല. ഓരോരോ ഒഴിവുകഴിവുകൾ പറയാൻ തുടങ്ങി,” ദീർഘനിശ്വാസത്തോടെ അവർ പറയുന്നു. പാവിന്റെ നൂലുകൾ തെറ്റിപ്പോവുമോ എന്ന് ഞാൻ ഭയന്നു.
ജോലിയില്ലാത്ത ദിവസങ്ങളായിരുന്നു. ആളുകളോട് ജോലി ചോദിക്കണോ-വേണ്ടേ- എന്ന സംശയത്തിലായിരുന്നു. ദാരിദ്ര്യം അതിന്റെ നിറം കാണിക്കാൻ തുടങ്ങിയ കാലം. ജോലിക്കുവേണ്ടി ആളുകളോട് യാചിക്കാൻ രേഖാ ബെന്നിന് മടിയൊന്നുമുണ്ടായിരുന്നില്ല. പൈസ കടം ചോദിക്കാനേ വിഷമമുണ്ടായിരുന്നുള്ളു. ‘ഞാൻ എന്റെ പിതൃസഹോദരിയുടെ മകൻ മനുഭായ് റാത്തോഡിനോട് സംസാരിച്ചു. അവൻ എനിക്ക് കുറച്ച് ജോലികൾ തന്നു. ഞാൻ ജോലിയിൽ അല്പം മെച്ചപ്പെട്ടിരുന്നു. അവനത് ഇഷ്ടമായി. കൂലിക്ക് നെയ്യുന്ന തൊഴിലാളിയായി ഒന്നൊന്നര കൊല്ലം ജോലി ചെയ്തു. “അത് ഒറ്റ ഇക്കത്തായിരുന്നു, ഒരു പട്ടോല സാരിക്ക് 700 രൂപ കിട്ടി” എന്നും അവർ ഓർത്തെടുത്തു. ഞാനും നാത്തൂനും (ഗോപാൽ ഭായിയുടെ ഭാര്യ) ഒരുമിച്ച് ജോലി ചെയ്തു. ഒരു പട്ടോല നെയ്യാൻതന്നെ ഞങ്ങൾ മൂന്ന് ദിവസമെടുത്തു.” അതായത്, ഓരോ ദിവസവും നെയ്ത്തിന് മാത്രമായി പത്ത് മണിക്കൂർ ചിലവഴിച്ചു. മറ്റ് ജോലികൾക്ക് വേറെയും സമയം കണ്ടെത്തേണ്ടിവന്നു.
“സ്വന്തമായി ചെയ്താൽ, എന്റെ നില കൂടുതൽ മെച്ചപ്പെടുത്താമെന്ന് ഞാൻ ആലോചിച്ചു. ഞാൻ അസംസ്കൃത പദാർത്ഥങ്ങൾ വാങ്ങി, പുറത്തുനിന്ന് ഒരാളെക്കൊണ്ട് തറി തയ്യാറാക്കിച്ചു. അത് തയ്യാറായതോടെ, വീട്ടിലേക്ക് പാവ് കൊണ്ടുവന്ന്, നെയ്യാൻ തുടങ്ങി.”
“ഓർഡറൊന്നും കിട്ടിയിട്ടല്ല,” അഭിമാനത്തോടെ പുഞ്ചിരിച്ചുകൊണ്ട് അവർ പറയുന്നു. “എന്റെ സ്വന്തം പട്ടോല. വീട്ടിൽനിന്ന് ചിലത് വിൽക്കുകപോലും ചെയ്തു. മെല്ലെമെല്ലെ ഉത്പാദനം കൂട്ടി.” അതൊരു അസാധാരണ പ്രവൃത്തിയായിരുന്നു. ദൌർബ്ബല്യത്തിൽനിന്ന് സ്വാതന്ത്ര്യത്തിലേക്ക്. ആകെ ഒരു പശ്ചാത്താപം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇരട്ട ഇക്കത്ത് നെയ്യാനുള്ള അറിവോ കഴിവോ ഇല്ലാത്തത്.
“ഒടുവിൽ ഞാൻ എന്റെ മൂത്ത ചെറിയച്ഛനിൽനിന്ന് ഒന്നരമാസത്തോളം പരിശീലനം നേടി,” അവർ പറയുന്നു. മകൾ 4-ആം ക്ലാസിലായിരുന്നു. ഭർത്താവിന്റെ വീട്ടുകാരുമായി രേഖാ ബെന്നിന് ഒരു ബന്ധവുമുണ്ടായിരുന്നില്ല. സാമ്പത്തികമായ ക്ലേശങ്ങളും കൂടുതലായിരുന്നു. എന്നിട്ടും അവർ നിശ്ചയദാർഢ്യം കൈവിട്ടില്ല. “ഞാൻ എന്റെ എല്ലാ സമ്പാദ്യവും അസംസ്കൃത വസ്തുക്കൾക്കും, സിൽക്ക് നൂലിനുമായി ചിലവിട്ടു. പതിനാറ് പട്ടോലകൾക്കുള്ള ഡിസൈനുകൾ ഞാൻ സ്വയം നൂലിൽ തയ്യാറാക്കി,” അവർ പറയുന്നു.
“ഈ ജോലി ചെയ്യാൻ ചുരുങ്ങിയത് മൂന്നുപേർ വേണം. പക്ഷേ ഞാൻ തീർത്തും ഒറ്റയ്ക്കായിരുന്നു. ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. പക്ഷേ ഒടുവിൽ ഞാൻ എന്നോടുതന്നെ സ്വയം പറഞ്ഞു, ഇതൊക്കെ ചെയ്യാൻ എനിക്ക് ഞാൻ മാത്രമേ ഉള്ളൂവെന്ന്. ഞാൻ മനസ്സുകൊണ്ട് തയ്യാറായി.” എന്നിട്ടും, സഹായം ആവശ്യം വന്നപ്പോഴൊക്കെ, സമുദായത്തിലെ ആളുകൾ മുന്നോട്ട് വന്നു: പുതുതായി നിറം കൊടുത്ത പാവുകൾ തെരുവിൽ നാട്ടിയ മരക്കമ്പുകളിൽ വലിച്ചുകെട്ടി, കഞ്ഞിപ്പശകൊണ്ട് ബലപ്പെടുത്താനും, കഞ്ഞിപ്പശയിൽ ഉണക്കിയ പാവുനൂലുകൾ ദണ്ഡുകളിൽ ചുറ്റിവെക്കാനും, ദണ്ഡ് തറിയിൽ ഘടിപ്പിക്കാനും, നെയ്ത്തുനൂലുകൾ ഹെഡലുകളിലൂടെ (പാവുകളെ സമാന്തരമായി നയിക്കാനുള്ള ഉപകരണം) ദണ്ഡുകളിൽ നേരാംവണ്ണം ബന്ധിപ്പിക്കാനും (സ്ലെയിംഗ് എന്ന് പറയുന്നു), കൈത്തറിയെ നെയ്യാൻ തയ്യാറാക്കാനും എല്ലാം അവർ സഹായിക്കുന്നു.
നൂലുകളിൽ കഞ്ഞിപ്പശയുടെ പാളി നൽകുന്നത് ശ്രദ്ധിച്ചുവേണം ചെയ്യാൻ. കൂടുതൽ ധാന്യം നൂലിൽ പറ്റിപ്പിടിച്ചുനിനാൽ, എലികളും പല്ലികളും തറിക്കകത്ത് കടന്നുകൂടും.
“ഇരട്ട ഇക്കത്ത് എളുപ്പമായിരുന്നില്ല. ഒരുതവണ വിളിച്ചാലൊന്നും ആരും വരില്ല. നാലോ അഞ്ചോ തവണ അങ്ങോട്ട് പോയി അഭ്യർത്ഥിക്കണം. എന്നാലേ വരൂ. പക്ഷേ ഒടുവിൽ എല്ലാം സെറ്റായി!.” അവർ പുഞ്ചിരിച്ചുകൊണ്ട് പറയുന്നു. ‘എല്ലാം സെറ്റായി’ എന്ന് പറഞ്ഞാൽ, പാവുനൂലുകൾ ഊടുനൂലുമായി നന്നായി ചേർന്നു എന്നാണർത്ഥം. തുണിയിൽ പണിക്കുറ്റമില്ലാത്ത ഡിസൈനുകൾ ഉറപ്പുവരുത്തുന്ന പണിയാണ് അത്. അത് ശരിയായില്ലെങ്കിൽ, ഉണ്ടാക്കുന്ന നെയ്ത്തുകാരനായിരിക്കും നഷ്ടമുണ്ടാവുക. വാങ്ങുന്നവർക്കല്ല.
സങ്കീർണ്ണമായ ഇരട്ട ഇക്കത്ത് പട്ടോല ഒരിക്കൽ പട്ടാണിൽനിന്ന് മാത്രമാണ് വന്നിരുന്നത്. “പട്ടാനിലെ നെയ്ത്തുകാർക്ക് ഇംഗ്ലണ്ടിൽനിന്നാണ് സിൽക്ക് കിട്ടിയിരുന്നത്. ഞങ്ങൾക്ക് ബംഗളൂരുവിൽനിന്നും. ധാരാളം വ്യാപാരികൾ അവരുടെ പട്ടോലകൾ രാജ്കോട്ടുനിന്നോ സുരേന്ദ്രനഗറിൽനിന്നോ ആണ് വാങ്ങുക. എന്നിട്ട് അവയിൽ പട്ടാനിന്റെ മുദ്ര കുത്തും,” ഗ്രാമത്തിൽനിന്നുള്ള 58 വയസ്സുള്ള വിക്രം പരമർ എന്ന മറ്റൊരു നെയ്ത്തുകാരൻ തന്റെ അനുഭവം വിവരിക്കുന്നു.
“ഞങ്ങളിൽനിന്ന് നാല്പതിനായിരത്തിനും അമ്പതിനായിരത്തിനും, അറുപതിനായിരത്തിനും, എഴുപതിനായിരത്തിനുമൊക്കെ വാങ്ങുന്നത് അവർ അതിലും കൂടുതൽ വിലയ്ക്ക് വിൽക്കും. അവരും നെയ്യാറുണ്ടെങ്കിലും ഇവിടത്തെ പട്ടോലയ്ക്കാണ് വിലക്കുറവ്,” വിക്രം പറയുന്നു. പട്ടാൻ മുദ്രയടിച്ച്, ഝലാവാഡിൽനിന്ന് വരുന്ന വിലക്കുറവുള്ള പട്ടോല വലിയ നഗരങ്ങളിൽ, ലക്ഷക്കണക്കിന് രൂപയ്ക്ക് വിൽക്കുന്നതിനെക്കുറിച്ച് ഗ്രാമത്തിലെ നിരവധി നെയ്ത്തുകാർ സൂചിപ്പിച്ചു. ഇത് കുറേക്കാലമായി നടന്നുവരുന്ന ഒരു പരിപാടിയാണ്.
നാല്പത് വർഷങ്ങൾക്കുമുമ്പ്, 70 വയസ്സുള്ള ഹമീർ ഭായിയാണ് പട്ടോല നെയ്ത്ത്, ലിംബ്‌ഡി താലൂക്കിലേക്ക് കൊണ്ടുവന്നത്. രേഖാ ബെന്നിന്റെ മുമ്പുള്ള തലമുറയിലുള്ള ആളാണ് ഹമീർ ഭായ്.
“അർജൻ ഭായിയാണ് എന്നെ ഭയാവദാറിൽനിന്ന് രാജ്കോട്ടേക്ക് കൊണ്ടുവന്നത്,” ലിംബ്ഡിയിലെ കതാരിയ ഗ്രാമത്തിലേക്കുള്ള തന്റെ യാത്ര ഓർത്തെടുക്കുകയായിരുന്നു ഹമീർ ഭായ്. “ഒരു മാസത്തോളം എന്നെ ഒരു ഫാക്ടറിയിൽനിന്ന് മറ്റൊന്നിലേക്ക് തട്ടിക്കൊണ്ടിരുന്നു. ഒരിക്കൽ എന്റെ മുതലാളി ചോദിച്ചു, ‘നീ ഏത് ജാതി’യാണെന്ന്. ഞാൻ ‘വാങ്കർ’ എന്ന് പറഞ്ഞു. അതോടെ കഴിഞ്ഞു. ‘നാളെ മുതൽ നീ വരണ്ട. നിന്റെ കൈയ്യിൽനിന്ന് വെള്ളംപോലും ഞാൻ കുടിക്കില്ല’ എന്ന്. അതിനുശേഷം ഒരിക്കൽ മോഹൻ ഭായി മക്വാന എന്നോട് ചോദിച്ചു, പട്ടോല ഉണ്ടാക്കുന്നത് പഠിക്കണമോ എന്ന്. ദിവസത്തിൽ അഞ്ചുരൂപയ്ക്ക് ഞാൻ ജോലി ചെയ്യാൻ തുടങ്ങി. ആറുമാസം, ഡിസൈൻ നൽകാൻ ഞാൻ പഠിച്ചു. അടുത്ത ആറുമാസത്തിനുള്ളിൽ നെയ്യാനും,” അദ്ദേഹം പറയുന്നു. അതിനുശേഷം അദ്ദേഹം കതാരിയയിലേക്ക് മടങ്ങുകയും നെയ്ത്ത് തുടരുകയും ചെയ്തു. മറ്റ് പലർക്കും അദ്ദേഹം ഈ കൈവേല പകർന്നുനൽകി.
“കഴിഞ്ഞ അമ്പത് കൊല്ലമായി ഞാൻ നെയ്യുന്നു,” മറ്റൊരു നെയ്ത്തുകാരിയായ പുഞ്ച ഭായി വഘേല പറയുന്നു. “3-ആം ക്ലാസിലോ മറ്റോ പഠിക്കുമ്പോഴാണ് ഞാൻ നെയ്യാൻ തുടങ്ങിയത്. ആദ്യം ഖദറിൽ തുടങ്ങി. പിന്നീടാണ് പട്ടോല വന്നത്. എന്റെ അമ്മാവൻ എന്നെ പട്ടോല നെയ്യാൻ പഠിപ്പിച്ചു. അതിൽപ്പിന്നെ ഞാൻ ഈ ജോലിയാണ് ചെയ്യുന്നത്. എല്ലാം ഒറ്റ ഇക്കത്തിലുള്ളത്. ഏഴായിരം, എണ്ണായിരം രൂപ വിലവരും,” അദ്ദേഹം പറയുന്നു. ഭാര്യയുടെ നേർക്ക് ചൂണ്ടിക്കൊണ്ട് അദ്ദേഹം തുടർന്നു. സുരേന്ദ്രനഗറിലെ പ്രവീൺ ഭായിക്കുവേണ്ടിയാണ് ഞാനും ഭാര്യയും ജോലി ചെയ്തത്. കഴിഞ്ഞ ആറേഴ് മാസമായി രേഖാ ബെന്നിനുവേണ്ടിയും.”
“അവരുടെ കൂടെയിരുന്നാൽ (നൂൽ നേരെയാക്കാൻ) ഞങ്ങൾക്ക് ദിവസത്തിൽ 200 രൂപ കിട്ടും. ഡിസൈനുമായി ബന്ധപ്പെട്ട ചെറിയ ജോലികൾ ചെയ്താൽ, 60-70 രൂപയും കിട്ടും. എന്റെ മകൾ ഊർമ്മിള, രേഖാ ബെന്നിന്റെയടുത്ത്, നൂലിന് ചായം മുക്കാൻ പോകുന്നുണ്ട്. 200 രൂപ ദിവസവേതനം അവൾക്കും കിട്ടുന്നു. എല്ലാംകൂടി കൂട്ടി ഞങ്ങൾ ജീവിച്ചുപോവുന്നു,” ജാസു ബെൻ പറയുന്നു.
“ഈ തറിയും മറ്റും രേഖാ ബെന്നിന്റെയാണ്,” പുഞ്ച ഭായി കൂട്ടിച്ചേർക്കുന്നു. തറിയുടെ വില മാത്രം 35-40,000 രൂപ വരും. “ഞങ്ങളുടെ കൈയ്യിൽ അദ്ധ്വാനം മാത്രമേയുള്ളു. എല്ലാംകൂടി ചേർത്താൽ മാസത്തിൽ പന്തീരായിരം രൂപയോ മറ്റോ കിട്ടും,” ദാരിദ്ര്യത്തെ വർത്തമാനംകൊണ്ട് പൊതിഞ്ഞ്, പുഞ്ച ഭായി പറയുന്നു.
കച്ചവടം അല്പം മെച്ചപ്പെട്ടപ്പോൾ രേഖാ ബെൻ കുറച്ച് നെയ്ത്തുജോലികൾ പുഞ്ച ഭായിക്ക് വാടകയ്ക്ക് കൊടുക്കേണ്ടിവന്നു. “ഞാൻ രാവിലെ അഞ്ചുമണിക്ക് എഴുന്നേൽക്കും. രാത്രി പതിനൊന്നു മണിക്ക് കിടക്കും. എല്ലാ സമയത്തും ജോലിയിലായിരിക്കും. വീട്ടുജോലികളും ഞാൻ നോക്കണം. പുറത്തുള്ള പണിയും. സമുദായത്തിലെ ആളുകളുമായുള്ള വിനിമയംവരെയുള്ള എല്ലാം. കച്ചവടം മുഴുവൻ എന്റെ തലയിലാണ്.” ഊടുനൂലിട്ട് ബോബ്ബിൻ ഷട്ടിലിലേക്കിട്ട്, ഷട്ടിൽ അടയ്ക്കുന്നു രേഖാ ബെൻ.
ഷട്ടിൽ ഇടത്തുനിന്ന് വലത്തേക്കും, വലത്തുനിന്ന് ഇടത്തേക്കും നീങ്ങിക്കൊണ്ടിരിക്കുന്നത്, വശീകരിക്കപ്പെട്ടവനെപ്പോലെ ഞാൻ നോക്കിനിന്നു. രേഖാ ബെന്നിന്റെ കൈകൾ ഊടും പാവും നേരെയാക്കി, മനോഹരമായ ഒരു പട്ടോല ചിത്രം നിർമ്മിക്കുന്നുണ്ടായിരുന്നു. അപ്പോൾ, മനസ്സിന്റെ ഉള്ളിൽ, കബീർ പാടുന്നുണ്ടായിരുന്നു:
‘नाचे ताना नाचे बाना नाचे कूँच पुराना
करघै बैठा कबीर नाचे चूहा काट्या ताना'
ഊടും പാവും നൃത്തം
ചെയ്യുന്നു
പഴയ കൂഞ്ചും നൃത്തമാടുന്നു
എലികൾ നൂലുകൾ കടിച്ചുമുറിക്കുമ്പോൾ
കബീർ തറിയിൽ നൃത്തംവെക്കുന്നു
*കൂഞ്ച്: നൂൽ വൃത്തിയാക്കാനുള്ള മാർദ്ദവുമുള്ള ഒരുതരം ബ്രഷ്.
ഈ കഥ തയ്യാറാക്കാൻ സഹായിച്ചതിന് ജയ്സുഖ് വഘേലയോടുള്ള നന്ദി, ലേഖകൻ അറിയിക്കുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്