മരംവെട്ടുകാരൻ മഴു തലയുടെ ഉയരത്തിൽ പൊക്കി, പൊടുന്നനെ മരത്തിൽ ആഞ്ഞുവെട്ടുന്നു. പത്തടി അകലത്തിൽ നിൽക്കുന്ന ഞാൻ നടുങ്ങിപ്പോയി. അയാളുടെ നടുവിലൂടെ വിയർപ്പുമണികൾ ഉരുളുന്നു. അത് അരയിലെ കോട്ടൺ ട്രൌസറുകൾക്ക് മീതെ കെട്ടിയ തോർത്തിനെ നനയ്ക്കുന്നു. ഠേ! വീണ്ടും അയാൾ ആഞ്ഞുവെട്ടുന്നു. മരക്കഷണങ്ങൾ വായുവിലൂടെ പറക്കുന്നു. മരംവെട്ടുകാരന്റെ പേര് എം. കാമാച്ചി. കുറേക്കാലം മുമ്പ് അയാൾ കർഷകത്തൊഴിലാളിയായി ജോലി ചെയ്തിരുന്നു. തലയുയർത്താതെ അയാൾ എന്നോട് സംസാരിച്ചു. അയാളുടെ കണ്ണ്, തന്റെ മഴുവിലും, തൊഴിലിലും മാത്രമായിരുന്നു.
തഞ്ചാവൂരിലെ ഒരു ഗംഭീരമായ പൂന്തോട്ടമായ ശിവഗംഗൈ പൂങ്കായുടെ അടുത്തുള്ള ഒരു ഷെഡ്ഡിലാണ് കഴിഞ്ഞ 30 കൊല്ലമായി അയാളുടെ താമസം. ഇപ്പോൾ 67 വയസ്സായി. 150 വയസ്സ് തികഞ്ഞ പൂന്തോട്ടത്തിന് അയാളുടെ ഇരട്ടി വയസ്സുണ്ട്. സമീപത്തെ ക്ഷേത്രത്തിന് – ഗാംഭീരമായ ബൃഹദീശ്വര കോവിലിന് – 1,100 വർഷം പഴക്കമുണ്ട്. തന്റെ കൈകൊണ്ട് അദ്ദേഹം നിർമ്മിക്കുന്ന ഉപകരണത്തിനെക്കുറിച്ച്, അതിനും എത്രയോ മുമ്പുള്ള ഗ്രന്ഥങ്ങളിൽ സൂചനയുണ്ട്. വളരെ പഴക്കമുള്ള ഗ്രന്ഥങ്ങളിൽ. കാമാച്ചി രൂപം കൊടുക്കുന്നത് ഒരു വീണയ്ക്കാണ്. ഒരു പ്ലാവുമരത്തിൽനിന്നുള്ള നാലടി നീളമുള്ള മരക്കഷണത്തിൽനിന്നാണ് അദ്ദേഹം അത് സൃഷ്ടിക്കുന്നത്.
മരത്തിനെ ഉറപ്പിക്കാൻ തന്റെ വലത്തേ കാൽ അദ്ദേഹം അതിന്റെ പള്ളയിൽ വെച്ചു. ആ ഭാഗമാണ് പിന്നീട് വീണയുടെ കുടം ആയി മാറുക. ഷെഡ്ഡിൽ പൊടിയും ചൂടുമാണ്. കാമാച്ചിയുടെ ജോലിയാകട്ടെ, കഠിനവും ഭാരമുള്ളതും. തന്റെ തൊഴിലിന് അദ്ദേഹത്തിന് പ്രതിദിനം കിട്ടുന്നത് 600 രൂപയാണ്. ഓരോ തവണ മഴു വീശുമ്പോഴും അദ്ദേഹം മൂളുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ഒരു തൂവലകൊണ്ട് മുഖം തുടയ്ക്കുകയും ചെയ്യുന്നു.
ഏതാനും മണിക്കൂറിനുള്ളിൽ അദ്ദേഹം ഒരു 30 കിലോ മരക്കഷണത്തെ 20 കിലോഗ്രാമാക്കി ചെറുതാക്കും. പിന്നീട് അത് പാട്ടറൈയിലേക്ക് (പണിശാലയിലേക്ക്) പോകാൻ തയ്യാറാവും. അവിടെവെച്ചാണ് അതിനെ കരകൌശലക്കാർ തേച്ച് മിനുസപ്പെടുത്തുക. പണി തീർന്ന ആ ഉപകരണം, ഒരു മാസത്തിനകം, ഏതെങ്കിലുമൊരു വാദകന്റെ മടിയിലിരുന്ന്, ശ്രുതിമധുരമായ സംഗീതം പുറപ്പെടുവിക്കും.
തഞ്ചാവൂരാണ് വീണയുടെ ജന്മദേശം. തഞ്ചാവൂർ വീണയുടെ ആദ്യരൂപമായ സരസ്വതി വീണ ഇന്ത്യയുടെ ദേശീയ ഉപകരണമാണ്., മൃദംഗം, ഓടക്കുഴൽ എന്നിവയോടൊപ്പം സ്വർഗ്ഗീയ സംഗീതോപകരണങ്ങളായി വേദകാലം മുതൽ പരാമർശിക്കപ്പെടുന്ന മൂന്ന് ഉപകരണങ്ങളിലൊന്നാണ് അത്.
മറ്റ് താളവാദ്യോപകരണങ്ങൾപോലെ – മൃദംഗം, ഗഞ്ചിറ, തവിൽ, ഉടുക്കൈ – വീണയും അതിന്റെ സഞ്ചാരം തുടങ്ങിയത്, ഗൂഡല്ലൂർ ജില്ലയിലെ ചെറുപട്ടണമായ പാൻരുട്ടിയിൽനിന്നാണ്. തേനൂറുന്ന ചക്കപ്പഴത്തിന് പേരുകേട്ടതാണ് ഗൂഡല്ലൂർ ജില്ല. എന്നാൽ, ചക്കപ്പഴത്തിന് ഇന്ത്യയിലെ മുഖ്യ സംഗീതോപകരണങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് അധികമാർക്കും അറിയില്ല.
*****
എന്റെ വാക്കുകൾ കേട്ട് അവൻ
അവിടെ തങ്ങാൻ സമ്മതിച്ചു
,
തോട്ടികൊണ്ട്
നിയന്ത്രിക്കാനാകാത്ത ആന യാഴിൽ മയങ്ങിയപോലെ
തഞ്ചാവൂർ വീണയ്ക്ക് ഭൌമസൂചികാ പദവി കിട്ടുന്നതിന് – 2013-ൽ അത് ലഭിക്കുകയും ചെയ്തു - സമർപ്പിച്ച, സ്റ്റേറ്റ്മെന്റ് ഓഫ് കേസിൽ - ഈ തന്ത്രിവാദ്യത്തിന്റെ ചരിത്രത്തെക്കുറിച്ച് ധാരാളം പരാമർശങ്ങളുണ്ട്. സംഘകാലത്തേക്കാണ് (2000 വർഷങ്ങൾക്ക് മുമ്പ്) അത് നീളുന്നത്. അന്ന് നിലനിന്നിരുന്ന വീണയുടെ രൂപത്തെ ‘യാഴ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
“
നീ മറ്റൊരു
സ്ത്രീയുടെയടുത്തേക്ക് പോയാൽ
ആ വിവരം എന്നെ
അറിയിക്കാമെന്ന്
,
യാഴിൽ തൊട്ട് സത്യം ചെയ്ത നിന്റെ ആ ഗായകൻ
വരുമോ
നിന്റെ നുണകൾ വിശ്വസിച്ച്
,
നീയുമായി സംഗമിച്ച
സ്ത്രീ അവളുടെ വളകൾകൊണ്ട്
നിന്റെ കഴുത്തിലുണ്ടാക്കിയ മുറിവുകൾ കാണാൻ
?
കളിതൊകൈ 71, സംഘകവിത , ഒരു ഗണിക തന്റെ നായകനോട് പറഞ്ഞത്
ഭൌമസൂചികാ രേഖയിൽ, പ്ലാവുമരത്തെ ഇതിന്റെ അസംസ്കൃതവസ്തുവായി രേഖപ്പെടുത്തുന്നുണ്ട്. നിർമ്മാണത്തിന്റെ വിശദാംശങ്ങളും അതിലുണ്ട്. നാലടി നീളമുള്ള വീണൈയെക്കുറിച്ച് അത് പറയുന്നത്, “ഒരു വലിയ വൃത്താകൃതിയിലുള്ള കട്ടിയുള്ള ശരീരവും, വീതിയുള്ള കഴുത്തും, അറ്റത്ത് വ്യാളീമുഖം കൊത്തിവെച്ചതും” എന്നാണ്.
വിവരണങ്ങളേക്കാൾ ഗാംഭീര്യമുള്ളതാണ് വീണൈ എന്ന സംഗീതോപകരണംതന്നെ. ചില സ്ഥലങ്ങളിൽ വളവും, ചില സ്ഥലങ്ങളിൽ കൊത്തുപണികളുമുള്ളതണ് അത്. വ്യാളീമുഖം – യാളീ എന്നാണ് വിളിക്കുന്നത്, ശ്രദ്ധേയവും വർണ്ണാഭവുമാണ്. മരത്തിന്റെ കഴുത്തിൽ ഉറപ്പിച്ചുവെച്ച 24 തകിടുകളും നാല് കമ്പികളുമുണ്ട്. അവയാണ് രാഗം പുറപ്പെടുവിക്കുന്നത്. സവിശേഷമായ വീണകളുടെ കുടത്തിൽ വളരെ സങ്കീർണ്ണമായ അലങ്കാരപ്പണികളുണ്ടാവും. അവയ്ക്ക്, സാധാരണ വീണകളേക്കാൾ ഇരട്ടി വിലയുമുണ്ടാവും.
മനുഷ്യകരങ്ങളാൽ സംഗീതോപകരണമാകുന്നതിനും 30-50 കൊല്ലം മുമ്പ്, തമിഴ് നാട്ടിലെ ഗൂഡല്ലൂർ ജില്ലയിലെ പാൻരുട്ടിയിലും ചുറ്റുവട്ടത്തുമുള്ള ഗ്രാമങ്ങളിലുമുള്ള തോട്ടങ്ങളിലാണ് പളമരം (പ്ലാവ്) വളർത്തിയിരുന്നത്. കന്നുകാലികളെപ്പോലെ, മരങ്ങളും ഒരു നിക്ഷേപമാണ്. ഗ്രാമീണർ അതിനെ മൂല്യം കൂടുമ്പോൾ, നല്ല ലാഭത്തിന് വിൽക്കുന്ന ഓഹരികളെപ്പോലെയാണ് കണക്കാക്കുന്നത്. പ്ലാവുമരത്തിന്റെ തായ്ത്തടിക്ക് എട്ട് കൈ വീതിയും 7-9 അടി ഉയരവുമായിക്കഴിഞ്ഞാൽ, തടിക്ക് മാത്രം 50,000 രൂപ ലഭിക്കുമെന്ന് പാൻരുട്ടി പട്ടണത്തിലെ ചക്ക വ്യാപാരിയായ 40 വയസ്സുള്ള വിജയകുമാർ പറയുന്നു.
കർഷകർ കഴിയുന്നതും മരങ്ങൾ വെട്ടാറില്ല. “എന്നാൽ, എന്തെങ്കിലും കുറച്ചധികം പൈസ ആവശ്യം വരുമ്പോൾ - ചികിത്സയ്ക്കോ, കുടുംബത്തിലെ കല്യാണങ്ങൾക്കോ – വലിയ ചില മരങ്ങൾ തിരഞ്ഞെടുത്ത് വിൽക്കും”, ചക്ക കർഷകനായ 47 വയസ്സുള്ള കെ. പട്ടുസാമി പറയുന്നു. “അതിൽനിന്ന് ഒന്നോ രണ്ടോ ലക്ഷം രൂപ കിട്ടും. പ്രതിസന്ധി കടക്കാനും, വിവാഹത്തിന്റെ ആവശ്യത്തിനും മറ്റും..”.
തടികൾ തഞ്ചാവൂരിലെത്തുന്നതിനുമുൻപ്, നല്ല ഭാഗങ്ങൾ മൃദംഗമെന്ന താളവാദ്യത്തിനായി മാറ്റിവെക്കും. സെബാസ്റ്റ്യൻ ആൻഡ് സൺസ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് മൃദംഗം മേക്കേഴ്സ് എന്ന പുസ്തകത്തിൽ, ഈ സംഗീതോപകരണമുണ്ടാക്കുന്ന വാഴ്ത്തപ്പെടാത്ത നായകരെ, ടി.എം.കൃഷ്ണ (ഗായകൻ, പ്രഭാഷകൻ, മാഗ്സസെ പുരസ്കാരജേതാവ്) പരിചയപ്പെടുത്തുന്നുണ്ട്.
“മൃദംഗം 101” എന്ന് കൃഷ്ണ വിളിക്കുന്ന ആ ഉപകരണത്തെക്കുറിച്ച് ആദ്യം പറയാം. “ഇരുമുഖങ്ങളും ദീർഘവൃത്താകൃതിയും, കർണ്ണാടിക്* സംഗീതത്തിലും ഭരതനാട്യത്തിലും മുഖ്യസ്ഥാനവുമുള്ള ഉപകരണമാണ് മൃദംഗം”. പ്ലാവിന്റെ തടികൊണ്ട് മിനഞ്ഞെടുക്കുന്ന ആ ഉപകരണത്തിന്റെ ഉൾഭാഗം പൊള്ളയാണ്. ഇരുഭാഗത്തുമുള്ള ദ്വാരങ്ങളിൽ തോലിന്റെ മൂന്ന് പാളികൾ ഘടിപ്പിക്കുന്നു.
മൃദംഗങ്ങളുടെ “വിശുദ്ധപാത്ര“മാണ് (ഹോളി ഗ്രെയ്‌ൽ) പ്ലാവ് എന്ന് കൃഷ്ണ എഴുതുന്നു. “ക്ഷേത്രത്തിന്റെ സമീപത്ത് വളരുന്ന പ്ലാവാണെങ്കിൽ മൃദംഗത്തിന്റെ വിശുദ്ധി വർദ്ധിക്കുന്നു. അങ്ങിനെയുള്ള മരം, ക്ഷേത്രമണികളുടേയും വേദോച്ചാരണങ്ങളുടേയും ശബ്ദം കേട്ട് വളരുന്നതിനാൽ, അതിന്റെ മുഴക്കം അനന്യമായിരിക്കുമെന്ന് അവർ പറയുന്നു. അത്തരത്തിലുള്ള ഒരു മരം കണ്ടുകിട്ടാൻ മണി അയ്യരെപ്പോലെയുള്ള കലാകാരന്മാർ ഏതറ്റംവരെയും പോകാറുണ്ടെന്നും കൃഷ്ണ സൂചിപ്പിക്കുന്നു.
“പള്ളിയുടേയോ അമ്പലത്തിന്റേയോ സമീപത്തുള്ള മരങ്ങൾ, അല്ലെങ്കിൽ, ആളുകൾ നടക്കുകയും സംസാരിക്കുകയും ചെയ്യുന്ന തെരുവുകളിലുള്ള മരങ്ങൾ, മണിമുഴക്കം കേട്ട് വളരുന്ന മരങ്ങൾ എന്നിവ ആ കമ്പനങ്ങൾ ഒപ്പിയെടുത്ത് നല്ല ശബ്ദമുണ്ടാക്കുമെന്ന് ഒരു വിശ്വാസമുണ്ട്” എന്ന് മൃദംഗമുണ്ടാക്കുന്ന കുടുംബത്തിലെ മൂന്നാമത്തെ തലമുറയിലുള്ള കുപ്പുസാമി ആശാരി കൃഷ്ണയോട് പറയുന്നു.
എന്നാൽ, “ഹൈന്ദവക്ഷേത്രത്തിലെ മണികളും വേദോച്ചാരണങ്ങളും ശബ്ദത്തിന്റെ മാന്ത്രികചേരുവയാണെന്ന് മൃദംഗം കലാകാരന്മാർ വിശ്വസിക്കുന്നുണ്ടെങ്കിലും, മരത്തിൽ കൊത്തുപണി ചെയ്യുന്നവർ ഇത്തരം നല്ല കമ്പനങ്ങളെക്കുറിച്ച് കൂടുതൽ ഉദാരമായ വീക്ഷണം പുലർത്തുന്നവരാണ്” എന്നാണ് കൃഷ്ണയുടെ അഭിപ്രായം.
2022 ഏപ്രിലിൽ ഞാൻ പാൻരുട്ടി പട്ടണത്തിലെ ചക്ക വ്യാപാരികളേയും കർഷകരേയും സന്ദർശിച്ചു. ഉച്ചയ്ക്ക്, കുപ്പുസാമി ആശാരിയുടെ പണിശാലയിലെത്തി. മൃദംഗത്തിന്റെ നിർമ്മാണത്തെക്കുറിച്ചുള്ള കുപ്പുസാമിയുടെ നിലപാടുകൾപോലെത്തന്നെ. അദ്ദേഹത്തിന്റെ പണിശാലയും ഒരേസമയം ആധുനികവും പരമ്പരാഗതവുമായിരുന്നു. ലേത്തുകളും യന്ത്രങ്ങളോടുമൊപ്പം പഴയ ശൈലിയിലുള്ള ഉപകരണങ്ങളും ദേവീദേവന്മാരുടെ ചിത്രങ്ങളുംകൊണ്ട് അത് നിറഞ്ഞിരുന്നു. .
“തുടങ്ങിക്കോളൂ, നിങ്ങൾക്ക് ചോദിക്കാനുള്ളതൊക്കെ ചോദിക്കൂ”, കുപ്പുസാമി പറയുന്നു. തിരക്കുള്ള ആളായിരുന്നു അദ്ദേഹം. എപ്പോഴും ധൃതിയിൽ. “എന്താണറിയേണ്ടത്?”. എന്തുകൊണ്ടാണ് പ്ലാവുപയോഗിക്കുന്നത്, ഞാൻ ചോദിച്ചു. “കാരണം, അതാണ് ഏറ്റവും ഉത്തമം. ഭാരം കുറവാണ്. നാദം (ശ്രുതി) നല്ലതാന്. ഇവിടെ ഞങ്ങൾ എല്ലാ താളവാദ്യങ്ങളും ഉണ്ടാക്കുന്നുണ്ട്. എല്ലാം, വീണയൊഴിച്ച്”. വളരെ ബഹുമാനിക്കപ്പെടുന്ന വിദഗ്ദ്ധനാണ് കുപ്പുസാമി. “ഞങ്ങളെക്കുറിച്ച് താങ്കൾക്ക് ടി.എം. കൃഷ്ണയുടെ പുസ്തകത്തിൽ വായിക്കാം. ലേത്തിന്റെ കൂടെ ഞാൻ നിൽക്കുന്ന ഫോട്ടോപോലും അതിലുണ്ട്”, അഭിമാനത്തോടെ അദ്ദേഹം പറയുന്നു.
ചെന്നൈയിലെ മാധവരം എന്ന ഉൾനാട്ടിൽവെച്ച് പരിശീലനം ലഭിച്ച കുപ്പുസാമിക്ക് ഏകദേശം “50 വർഷത്തെ പരിചയമുണ്ട്”. 10 വയസ്സിൽ പഠിക്കാൻ തുടങ്ങിയതാണ് ഈ കല. വിദ്യാഭ്യാസം അധികമില്ല. എന്നാൽ മരപ്പണിയിൽ നല്ല താത്പര്യമായിരുന്നു. “അന്നൊക്കെ എല്ലാ ജോലിയും കൈകൊണ്ടായിരുന്നു ചെയ്തിരുന്നത്. എന്റെ അച്ഛൻ പ്ലാവുമരത്തിൽ ജോലി ചെയ്തിരുന്നത് – അതിന്റെ ഉൾഭാഗം തുരന്നിരുന്നത്, അതൊരു –വണ്ടിസക്കറത്തിൽ (കാളവണ്ടിയുടെ ചക്രം) വെച്ചിട്ടായിരുന്നു. രണ്ടുപേർ ചക്രം കറക്കും. അപ്പ, ഉൾഭാഗം ചെത്തിക്കളയും”. എന്നാൽ കുടുംബം പെട്ടെന്നുതന്നെ സാങ്കേതികവിദ്യ പഠിച്ചെടുത്തു. “കാലത്തിനൊത്ത് ഞങ്ങളും മാറി”.
മറ്റ് കൈവേലക്കാരിൽനിന്ന് വ്യത്യസ്തമായി, ആധുനിക യന്ത്രങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വലിയ ആവേശമാണ്. “പണ്ട് ഒരു മൃദംഗത്തിന്റെ ഉൾഭാഗം തുരക്കാൻ ഒരു ദിവസം മുഴുവൻ വേണം. ഇന്ന് ലേത്തുപയോഗിച്ച്, വളരെ പെട്ടെന്ന്, കൃത്യവും ഫലപ്രദവുമായി നിങ്ങൾക്കത് ചെയ്യാൻ കഴിയും. ലഭിക്കുന്ന ഉപകരണമാകട്ടെ, കൂടുതൽ ഭംഗിയുള്ളതുമായിരിക്കും”. 25 കൊല്ലം മുമ്പ് ലേത്ത് സ്ഥാപിച്ച ആളാണ് അദ്ദേഹം. പൻരുട്ടിയിൽ അത് ചെയ്ത ആദ്യത്തെ ആൾ. മറ്റ് പലരും ഈ ആശയത്തെ മറ്റ് പട്ടണങ്ങളിലേക്ക് കൊണ്ടുപോയി.
“കൂടാതെ, താളവാദ്യങ്ങളുണ്ടാക്കാൻ ഞാൻ നാലഞ്ച് ആളുകളെ പഠിപ്പിച്ചിട്ടുമുണ്ട്. പരിശീലനം പൂർണ്ണമായി കിട്ടിക്കഴിഞ്ഞാൽ അവർ സ്വന്തമായി കടയിട്ട്, ചെന്നൈയിലെ മൈലാപ്പൂരിൽ ഞാൻ സാധനങ്ങൾ വിൽക്കുന്ന അതേ കടകളിലേക്ക് അവ വിൽക്കും. മൈലാപ്പൂരിലെ ആ കടയുടമസ്ഥർ എന്നെ വിളിച്ച് ചോദിക്കും ‘എത്രയാളുകളെയാണ് നിങ്ങൾ പരിശീലിപ്പിച്ചിരിക്കുന്നത്?” എന്ന്. ഇത് പറഞ്ഞുകൊണ്ട് കുപ്പുസാമി ചിരിക്കുന്നു.
അദ്ദേഹത്തിന്റെ മകൻ ശബരീനാഥന് എൻജിനീയറിംഗ് ബിരുദമുണ്ട്. “അളവുകളെടുക്കാനും എങ്ങിനെ ഉപകരണം ഉണ്ടാക്കണമെന്നും ഞാൻ അവന് പറഞ്ഞുകൊടുത്തു. മറ്റ് ജോലികളുണ്ടായാലും ആളെ വെച്ച് അവന് ഇത് ചെയ്യിപ്പിക്കാമല്ലോ, അല്ലേ?”., അദ്ദേഹം ചോദിക്കുന്നു.
*****
“ആശാരിമാർ വിശ്വകർമ്മ സമുദായത്തിലെ അംഗങ്ങളാണ്. ലോഹവും കല്ലും മരങ്ങളും കൊണ്ട് ജോലി ചെയ്യുന്നവരാണവർ. സർഗ്ഗാത്മക സൃഷ്ടികളിൽനിന്നകന്ന്, ഈ സമുദായത്തിലെ നിരവധിയാളുകൾ ഇന്ന്, പരമ്പരാഗതമായ ജാത്യാധിഷ്ഠിത തൊഴിലുകളുടെ സ്വഭാവം പുലർത്തുന്ന മറ്റ് തൊഴിലുകളിലേക്ക് മാറിയിരിക്കുന്നു. പുതുതലമുറക്കാർ ഉദ്യോഗസ്ഥജോലികളിലേക്കും മാറിക്കഴിഞ്ഞു”, സെബാസ്റ്റ്യനും മക്കളും എന്ന പുസ്തകത്തിൽ ടി.എം. കൃഷ്ണ എഴുതുന്നു.
“പാരമ്പര്യപരവും ജാത്യാധിഷ്ഠിതവുമായ തൊഴിലുകളെക്കുറിച്ച് പറയുമ്പോൾ, അതിനെ ജ്ഞാനോത്പാദനത്തിന്റെ തലമുറകളിലൂടെയുള്ള തുടർച്ചയായി കാല്പനികവത്കരിക്കാതിരിക്കാൻ നമ്മൾ ശ്രദ്ധ പുലർത്തണം. കാരണം, നമ്മുടെ സാമൂഹികഭൂമികയിൽ, എല്ലാ ആളുകളും എല്ലാ തൊഴിലുകളും ഒരിക്കലും തുല്യമല്ല” എന്ന് കൃഷ്ണ ചൂണ്ടിക്കാട്ടുന്നു “ജാതിപരമായി സവിശേഷാധികാരമുള്ള കുടുംബങ്ങളിലൂടെ കൈമാറപ്പെടുന്ന തൊഴിലുകൾ ജ്ഞാനമായും, ജാതിയുടെ പരിമിതികളിലൂടെ അതിനെ ശാശ്വതമായി നിലനിർത്താനുള്ള ശ്രമങ്ങളെ സംരക്ഷണമായും നമ്മൾ പരിഗണിക്കുന്നു. അവർ ചൂഷണം അനുഭവിക്കുന്നില്ല. എന്നാൽ, ചൂഷിതരും അരികുവത്കരിക്കപ്പെട്ടവരുമായ സമുദായങ്ങൾക്കകത്ത്, തലമുറ തലമുറയായി തുടർന്നുവരുന്ന തൊഴിലുകളേയും തൊഴിൽരൂപങ്ങളേയും ജ്ഞാനമായി നമ്മൾ പരിഗണിക്കുന്നില്ല. അവരെ നമ്മൾ പുച്ഛത്തോടെ കാണുകയും മൂല്യം കല്പിക്കാതിരിക്കുകയും അവരുടെ തൊഴിലിനെ ശാരീരികാദ്ധ്വാനം മാത്രമായി പരിഗണിക്കുകയും ചെയ്യുന്നു. ഏറ്റവും പ്രധാനമായി, ഇത്തരം തൊഴിലുകൾ ചെയ്യുന്നവർക്ക് ജാതീയമായ അടിച്ചമർത്തലുകളും ആക്രമണങ്ങളും നേരിടേണ്ടിവരികയും ചെയ്യുന്നു. സാമൂഹികസാഹചര്യങ്ങളാൽ, പലപ്പോഴും അവർക്ക് അവരുടെ കുടുംബപരവും ജാതിപരവുമായി തൊഴിലുകൾ ഏറ്റെടുക്കേണ്ടിവരികയും ചെയ്യുന്നു.
“ഈ രാജ്യത്തെ ഉപകരണ നിർമ്മാതാക്കളേക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോഴെല്ലാം – അങ്ങിനെ സംസാരിക്കുന്നുണ്ടെങ്കിൽ - അത് സാങ്കേതികമായ പദാവലിയിലായിരിക്കും”, കൃഷ്ണ പറയുന്നു . “അവരെ ഒരു നിർമ്മാണ സൈറ്റിൽ മേസ്ത്രിയെപ്പോലെയാണ് നമ്മൾ കാണുന്നത്. എന്നാൽ ആ ഉപകരണങ്ങൾ വായിക്കുന്നവരെ അതിന്റെ ശില്പികളായും നമ്മൾ കാണുന്നു. അവരുടെ പങ്ക് നിഷേധിക്കുന്നത് – അല്ലെങ്കിൽ മനസ്സില്ലാമനസ്സോടെ നൽകുന്നത് - ജാതി മൂലമാണ്”.
“മൃദംഗ നിർമ്മാണം പുരുഷന്മാരുടെ കുത്തകയാണ്” കുപ്പുസാമി പറയുന്നു. “തുകലുപയോഗിച്ച് ജോലി ചെയ്യുന ഏതാനും സ്ത്രീകളുണ്ട്. എന്നാൽ മരത്തിന്റെ പണി പൂർണ്ണമായും പുരുഷന്മാരാണ് ചെയ്യുന്നത്. ചക്ക ഉണ്ടാവാത്ത പ്ലാവുകളാണ് കൂടുതലും തിരഞ്ഞെടുക്കുന്നത്. “പഴക്കമുള്ളതും ഫലഭൂയിഷ്ഠവുമല്ലാത്ത മരങ്ങളെ അവർ ‘അടയ്ക്കും’” കുപ്പുസാമി പറയുന്നു. “പത്ത് മരങ്ങൾ മുറിച്ചാൽ, 30 മരങ്ങൾ അവർ നടും”.
മരത്തിന് ധാരാളം കണക്കുകളുണ്ട് കുപ്പുസാമിക്ക്. 9-10 അടി ഉയരമുള്ള, വീതിയ്ം ബലവുമുള്ള, വേലിക്കലോ, വഴിയിലോ നട്ട മരങ്ങളെയാണ് അദ്ദേഹത്തിന് താത്പര്യം.
ഒരൊറ്റ ദിവസം, അദേഹം ആറ് മൃദംഗങ്ങ: മുറിച്ച് അളവിലാക്കും. എന്നാൽ അവയെ മിനുക്കാൻ രണ്ട് ദിവസംകൂടി എടുക്കും. മിതമായ ലാഭം മാത്രമേ പ്രതീക്ഷിക്കുന്നുമുള്ളു. ഒരു മൃദംഗത്തിൽനിന്ന് 1,000 രൂപ കിട്ടിയാൽ അദ്ദേഹം സന്തോഷവാനാണ്. “തൊഴിലാളികൾക്ക് 1,000 രൂപ കൊടുത്തതിനുശേഷ”മുള്ള കണക്കാണിത്. “അദ്ധ്വാനമുള്ള ജോലിയാണ്. നല്ല കൂലി കൊടുത്തില്ലെങ്കിൽ അവർ വരില്ല, അറിയാമല്ലോ”, അദ്ദേഹം ചോദിക്കുന്നു.
വർഷം മുഴുവൻ തടി കിട്ടാറുമില്ല. ഫലങ്ങളുണ്ടാവുമ്പോൾ ആരും മരം വെട്ടാറില്ലെന്ന് അദ്ദേഹം പറയുന്നു. “അതുകൊണ്ട് എപ്പോഴും മരം ആവശ്യത്തിന് സൂക്ഷിച്ചുവെക്കണം”. കുപ്പുസാമി പറയുന്നു. 25,000 രൂപ വീതം വരുന്ന 20 തടികൾ വാങ്ങാനായി അഞ്ചുലക്ഷം രൂപ അദ്ദേഹത്തിന് മുടക്കുമുതൽ വേണം. അവിടെയാണ് സർക്കാരിൽനിന്ന് അദ്ദേഹം സഹായം പ്രതീക്ഷിക്കുന്നത്. “മരം വാങ്ങാൻ ഞങ്ങൾക്ക് സബ്സിഡിയോ വായ്പയോ തന്നാൽ, അത് നന്നായിരിക്കും”.
മൃദംഗത്തിന് ധാരാളം ആവശ്യക്കാരുണ്ടെന്നും രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള കമ്പോളങ്ങളിൽനിന്നാണ് ഇത് വരുന്നതെന്നും കുപ്പുസാമി പറയുന്നു. “ഒരു മാസം ഞാൻ 50 മൃദംഗങ്ങളും 25 തകിലുകളും വിൽക്കുന്നു”. നല്ല തടിയുടെ ലഭ്യതയും അവയെ നാലുമാസക്കാലം പാകമാകാൻ വെക്കലുമാണ് ബുദ്ധിമുട്ട്. പൻരുട്ടി പ്ലാവിന്റെ ഗുണമേന്മ കാരണം അതിന് ആവശ്യക്കാർ ധാരാളമാണ്”, അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പ്രദേശത്തെ ചുവന്ന മണ്ണിന്റെ വളക്കൂറാണ് ഇതിന് കാരണമെന്ന് അദ്ദേഹം കണക്കാക്കുന്നു.
നല്ല തടി കിട്ടാൻ അഞ്ചുലക്ഷം രൂപയെങ്കിലും ചിലവാക്കേണ്ടിവരുന്നുണ്ട് കുപ്പുസാമിക്ക്. “10 അടി നീളമുള്ള ഒരൊറ്റ തടിയിൽനിന്ന് – 25,000 രൂപ വിലവരും – മൂന്ന് നല്ല മൃദംഗങ്ങൾ ഉണ്ടാക്കാൻ പറ്റും. എല്ലാത്തരവും ചേർക്കാറുണ്ട്. ചില മരങ്ങളൊന്നും സംഗീതത്തിന് പറ്റിയതല്ല. അവയിൽനിന്ന് കുപ്പുസാമിക്ക് നിർമ്മിക്കാൻ പറ്റുന്നത്. ചെറിയ ഉടുക്കൈയാണ് (ഉടുക്കുകൾ, കൈയ്യിൽ പിടിച്ച് കൊട്ടുന്ന ഒരു താളവാദ്യം).
ഒരു നല്ല ‘കട്ടൈ’ക്ക് ‘എട്ടു രൂപാ’ ചിലവ് വരുമെന്ന് കുപ്പുസാമി വിശദീകരിക്കുന്നു. കട്ടൈ എന്നാൽ മരം, അഥവാ തടി. മൃദംഗത്തിന്റെ ശരീരഭാഗമാണ് അത്. എട്ടു രൂപാ എന്നാൽ, എണ്ണായിരം എന്നാണ് അർത്ഥമാക്കുന്നത്. ഇത് “ഒന്നാം നമ്പർ“ മരത്തിനാണെന്ന് അദ്ദേഹം പറയുന്നു. വാങ്ങുന്നവർക്ക് ഇത് മടക്കിക്കൊടുക്കേണ്ടിവരാറില്ല. അല്ലാത്തപക്ഷം, “മരത്തിൽ വിള്ളൽ വീഴുകയോ, നാദം മോശമാവുകയോ ചെയ്താൽ, ഉപഭോക്താക്കൾ തീർച്ചയായും തിരിച്ചുകൊണ്ടുവരും”.
സാധാരണനിലയിൽ, ഒരു മൃദത്തിന് 22-24 ഇഞ്ച് നീളമുണ്ടാവും. ഈ ഉപകരണങ്ങൾ സാധാരണയായി മൈക്ക് വെച്ചാണ് കൊട്ടാറുള്ളതെന്ന് അദ്ദേഹം പറയുന്നു. “കൂത്തിന് (നാടകവേദിയിൽ) മൈക്കില്ലാതെ കൊട്ടുന്ന മൃദംഗത്തിന് 28 ഇഞ്ച് നീളമാണ്. ഒരുഭാഗത്തെ വായ ഇടുങ്ങിയതും മറുഭാഗത്തുള്ളത് വീതിയുള്ളതുമായിരിക്കും. വളരെ ദൂരെവരെ അതിന്റെ ശബ്ദം കേൾക്കാം”.
ചെന്നൈയിൽ സംഗീത കമ്പനികൾക്ക് കുപ്പുസാമി മരത്തിന്റെ പുറന്തോട് കൊടുക്കാറുണ്ട്. അവർ മാസത്തിൽ 20 മുതൽ 30 എണ്ണത്തിനുവരെ ഓർഡർ ചെയ്യും. പുറന്തോട് കിട്ടിയാൽ, അവരത് തുകൽപ്പണിക്കാർക്ക് കൊടുത്ത് പണി പൂർത്തിയാക്കിക്കും. അപ്പോൾ വിലയിൽ 4,500 രൂപ പിന്നെയും വർദ്ധിക്കും. “പിന്നെ ഇത് ഇട്ടുവെക്കുന്ന സിബ്ബുള്ള ബാഗുണ്ട്”, കുപ്പുസാമി വിശദീകരിച്ചു.
വിലവരും. 50 രൂപയ്ക്കും 75 രൂപയ്ക്കും ഇത് വിറ്റിരുന്ന കാലം കുപ്പുസാമിക്ക് ഓർമ്മയുണ്ട്. “എന്റെ അച്ഛൻ എന്നെ മദിരാശിയിലെ (ഇപ്പോൾ ചെന്നൈ) മൈലാപ്പൂരിലേക്ക് കൊണ്ടുപോകാറുണ്ടായിരുനു ഗുരുക്കന്മാർക്ക് മൃദംഗം നൽകാൻവേണ്ടി. അവർ നല്ല തിളങ്ങുന്ന നോട്ടുകളാണ് നൽകുക. ഞാനന്ന് ചെറിയ കുട്ടിയായിരുന്നു”, അദ്ദേഹം ചിരിക്കുന്നു.
കാരൈക്കുടി മണി, ഉമയാൾപുരം ശിവരാമൻ - കർണ്ണാടക സംഗീതത്തിലെ എക്കാലത്തെയും പ്രശസ്തരായ മൃദംഗം കലാകാരന്മാർ എല്ലാവരും കുപ്പുസാമിയുടെയടുത്തുനിന്ന് ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ട്. “എത്രയോ വിദ്വാന്മാർ (പണ്ഡിതന്മാരും അദ്ധ്യാപകരും) ഇവിടെനിന്ന് വാങ്ങിയിട്ടുണ്ട്. ഇതൊരു പ്രസിദ്ധമായ, പരമ്പരാഗത സ്ഥാപനമാണ്:, അഭിമാനത്തോടെ അദ്ദേഹം പറയുന്നു
താളവാദ്യവുമായി ബന്ധപ്പെട്ട ധാരാളം കഥകൾ കുപ്പുസാമി പങ്കുവെച്ചു. പഴയതും പുതിയതും തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കാൻ പര്യാപ്തമായ കഥകളായിരുന്നു അവ. “അന്തരിച്ചുപോയ പാലക്കാട് മണിയെ അറിയാമോ? അദ്ദേഹത്തിന്റെ സംഗീതോപകരണങ്ങൾ നല്ല ഭാരമുള്ളതായിരുന്നു. അത് ചുമക്കാൻ ഒരാളുണ്ടായിരുന്നു അദ്ദേഹത്തിന്!” ഭാരമുള്ള മൃദംഗത്തോടായിരുന്നു താത്പര്യം. കാരണം, അതിന്റെ ശബ്ദം നല്ല മുഴക്കമുള്ളതും തെളിഞ്ഞതുമായിരുന്നു“. എന്നാൽ, ഇന്നുള്ളവർ അത്തരം ഉപകരണങ്ങൾ എല്ലായ്പ്പോഴും താത്പര്യപ്പെടാറില്ലെന്ന് കുപ്പുസാമി പറയുന്നു.
“വിദേശത്തൊക്കെ യാത്ര ചെയ്യുമ്പോൾ, ഭാരം കുറഞ്ഞ ഉപകരണമാണ് അവർക്ക് താത്പര്യം. അവരത് ഇവിടെ കൊണ്ടുവരും. ഞാൻ അതിന്റെ ഭാരം 12 കിലോയിൽനിന്ന് 6 കിലോഗ്രാമാക്കി കുറയ്ക്കും”. അതെങ്ങിനെയാണ് സാധിക്കുക? ഞാൻ ചോദിക്കുന്നു. “വയറിന്റെ ഭാഗത്തെ മരം ഞങ്ങൾ ചെത്തിക്കളയും. 6 കിലോഗ്രാമാകുന്നതുവരെ”.
മൃദംഗത്തിനൊരു ഭക്ഷണക്രമീകരണം എന്ന് പറയാം വേണമെങ്കിൽ..
എന്നാൽ മൃദംഗം മാത്രമല്ല. മറ്റ് താളവാദ്യങ്ങളും അദ്ദേഹം ലോകം മുഴുവൻ അയയ്ക്കുന്നുണ്ട്. “ഞാൻ കഴിഞ്ഞ 20 വർഷമായി ഉറുമിമേളം (ഇരട്ടിത്തലയുള്ള ഡ്രമ്മുകൾ) മലേഷ്യയിലേക്ക് അയക്കുന്നു. കോവിഡ് കാലത്ത് മാത്രമാണ് അത് നിന്നത്”.
മൃദംഗം, തകിൽ, തബല, വീണ, ഗഞ്ചിറ, ഉടുക്ക്, ഉടുമി, പമ്പൈ എന്നിവയൊക്കെ ഉണ്ടാക്കാൻ പ്ലാവ് ഉത്തമമാണ്. “എനിക്ക് ഏകദേശം 15 ഇനം താളവാദ്യങ്ങളുണ്ടാക്കാൻ അറിയാം”, കുപ്പുസാമി പറയുന്നു.
മറ്റ് സംഗീതോപകരണങ്ങളുണ്ടാക്കുന്ന കൈവേലക്കാരെ അദ്ദേഹത്തിന് പരിചയമുണ്ട്. ചിലരുടെ പേരും മേൽവിലാസവുംവരെ അദ്ദേഹത്തിനറിയാം. “ഓ, നിങ്ങൾ, വീണ നിർമ്മിക്കുന്ന നാരായണനെ കണ്ടിരുന്നോ? അയാൾ സൌത്ത് മെയിൻ സ്ട്രീറ്റിലാണ് താമസിക്കുന്നത്, തഞ്ചാവൂര്, അല്ലേ? ഞങ്ങൾക്ക് ആളെ അറിയാം. വീണയുണ്ടാക്കുന്നത് എളുപ്പമുള്ള പണിയല്ലെന്ന് കുപ്പുസാമി പറയുന്നു. “ഒരിക്കൽ ഒരു വീണയുണ്ടാക്കുന്നത് ഞാൻ നോക്കിനിന്നു. ആശാരി തടി വളയ്ക്കുകയായിരുന്നു. ഞാൻ ശബ്ദമുണ്ടാക്കാതെ രണ്ട് മണിക്കൂറോളം അത് നോക്കി നിന്നു. അദ്ദേഹം ആ തടി മുറിക്കുകയും ആകൃതി വരുത്തുകയും വെച്ചുനോക്കുകയും പിന്നെയും പരിശോധിച്ച്, മുറിക്കുകയും കുറച്ചുകൂടി ആകൃതി വരുത്തുകയുമൊക്കെ ചെയ്തു. അത്ഭുതകരമായിരുന്നു അത്. ശരിക്കും ആവേശമുണ്ടാക്കി”.
*****
2015-ലാണ് തഞ്ചാവൂരിലെ എം. നാരായണന്റെ പണിശാലയിൽവെച്ച് വീണയുണ്ടാക്കുന്നവരെ ഞാൻ ആദ്യമായി കണ്ടത്. 2023 ഓഗസ്റ്റിൽ അദ്ദേഹം വീണ്ടും എന്നെ ക്ഷണിച്ചു. “വീടോർമ്മയുണ്ടോ? മുറ്റത്ത് മരമുള്ള വീടാണ്” അദ്ദേഹം പറഞ്ഞു. എന്തോ പ്രത്യേകതയുള്ള അടയാളമാണെന്ന് തോന്നും. പക്ഷേ സൌത്ത് മെയിൻ സ്ട്രീറ്റിലെ ഒരേയൊരു പുംഗൈ മരം (പുന്ന മരം) ആയിരുന്നു അത്. ഒന്നാം നിലയുടെ മുൻഭാഗത്തായി സിമന്റുകൊണ്ടുള്ള ഒരു വീണയുടെ രൂപമുണ്ടായിരുന്നു. വീടിന്റെ പിന്നിലുള്ള പണിശാലയ്ക്ക് മാറ്റമൊന്നുമുണ്ടായിരുന്നില്ല. സിമന്റ് ഷെൽഫിൽ സാമഗ്രികളു, ചുവരിൽ ഫോട്ടോസും കലണ്ടറുകളും, നിലത്ത്, പണി കഴിഞ്ഞിട്ടില്ലാത്ത വീണകളും എല്ലാം.
ശിവഗംഗൈ പൂംഗയിൽനിന്ന് വരുമ്പോൾ വീണയ്ക്ക് ആകൃതിയൊന്നുമുണ്ടാവില്ല. ഒരു തടിച്ച മരത്തടിയുടെ കഷണം മാത്രം. പണിശാലയിലെത്തിയതിനുശേഷം, ഉപകരണങ്ങളും പ്രക്രിയകളും ഉപയോഗിച്ച് ആകൃതിയും സാവധാനം മാറുന്നു. വലിയ വയറുള്ള 16 ഇഞ്ച് വീതിയുള്ള മരത്തടിയിൽനിന്ന് നാരായണനും സംഘവും ചേർന്ന് 14.5 ഇഞ്ച് വരുന്ന ഒരു മെലിഞ്ഞ പാത്രം കൊത്തിയെടുക്കുന്നു. അരയിഞ്ച് കനമുള്ള ഒരു ഭിത്തിയുമുണ്ടായിരിക്കും അതിനെന്ന് അദ്ദേഹം വിശദീകരിക്കുന്നു. വട്ടത്തിലാക്കാനായി അദ്ദേഹം ഒരു കോമ്പസ്സ് ഉപയോഗിക്കുന്നു. പിന്നെ സാവധാനം ഒരു ഉളിയെടുത്ത് ആവശ്യമില്ലാത്ത തടി ചെത്തിക്കളയുന്നു.
സംഗീതമുണ്ടാക്കാൻ തടിയിൽ സമയം ഇടവിട്ട് ധാരാളം കൊത്തുപണികൾ ആവശ്യമാണ്. ആ ഇടവേളകൾ മരത്തിന്റെ ഉണങ്ങാനും പാകമാകാനും സഹായിക്കുന്നു. അകത്തും പുറത്തുമുള്ള ഭാരം കൊഴിഞ്ഞ്, തഞ്ചാവൂരിലെത്തുമ്പോളുണ്ടായിരുന്ന ഏകദേശം 30 കിലോഗ്രാം ഭാരം ശിവഗംഗൈ പൂംഗയിലെത്തുമ്പോൾ 20 ആവും. വീണൈപാട്ടറയിലെത്തുമ്പോൾ അത് വീണ്ടും കൈകൊണ്ട് പൊക്കാവുന്ന എട്ടുകിലോവിലേക്കെത്തും.
വീട്ടിൽ, പണിശാലയുടെ മുമ്പിലിരുന്ന് നാരായണൻ ഒരു വീണ എന്റെ കൈയ്യിൽ തന്നു. “ഇതാ, പിടിച്ചുനോക്കൂ”. ഭാരം അധികമില്ലാത്ത, നല്ല മിനുസപ്പെടുത്തിയ, എല്ലാ ഭാഗവും വൃത്തിയായി ഉരച്ച് വാർണിഷ് ചെയ്ത ഒരു വീണയായിരുന്നു അത്. “എല്ലാം കൈകൊണ്ട് ചെയ്തതാണ്’, പ്രകടമായ അഭിമാനം തുളുമ്പുന്ന ശബ്ദത്തിൽ അദ്ദേഹം പറയുന്നു.
“വീണകൾ തഞ്ചാവൂരിൽ മാത്രമേ ഉണ്ടാക്കുന്നുള്ളു. അവിടെനിന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും പോകുന്നു. അഡ്വക്കേറ്റ് സഞ്ജയ് ഗാന്ധി അപേക്ഷിച്ച് കിട്ടിയ ഭൌമസൂചികാ പദവി ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്” എന്ന് നാരായണൻ സൂചിപ്പിക്കുന്നു.
ഈ ഉപകരണം പ്ലാവുമരംകൊണ്ട് മാത്രമാണ് ഉണ്ടാക്കുന്നത്. “ഇത് എല്ലാ കാലാവസ്ഥകളുമായി പൊരുത്തപ്പെടുന്ന തടിയായതുകൊണ്ടാണ് ഇത് തിരഞ്ഞെടുക്കുന്നത്. ഇന്ന് തഞ്ചാവൂരിൽ 39 ഡിഗ്രി (സെൽഷ്യസ്) ആണ്. ഇവിടെ ഉണ്ടാക്കിയ ഈ ഉപകരണം ഇപ്പോൾ അമേരിക്കയിലേക്ക് കൊണ്ടുപോയാൽ, അവിടെ ഒരുപക്ഷേ താപനില പൂജ്യം ഡിഗ്രിയായിരിക്കും. അപ്പോഴും അത് നന്നായി പ്രവർത്തിക്കും. ഇനി ഇതിനെ കൂടുതൽ ചൂടുള്ള സ്ഥലങ്ങളിലേക്ക് – ഉദാഹരണത്തിന് പശ്ചിമേഷ്യയിലേക്കും മറ്റും –കൊണ്ടുപോയാലും കുഴപ്പമൊന്നുമില്ല. എവിടെയും ഇത് ഉപയോഗിക്കാൻ പറ്റും. ഇതൊരു അപൂർവ്വമായ ഗുണമാണ്. അതുകൊണ്ടാണ് ഇത് തിരഞ്ഞെടുക്കുന്നത്.
“മാവിന്റെ തടികൊണ്ട് ഇതുണ്ടാക്കാൻ പറ്റില്ല. വേനലിൽ മാവുകൊണ്ടുണ്ടാക്കിയ ഒരു വാതിൽ എളുപ്പത്തിൽ അടയ്ക്കാൻ പറ്റും. മഴക്കാലത്തോ? ശക്തി പ്രയോഗിച്ചാലേ അത് അടയ്ക്കാൻ പറ്റൂ. മാത്രമല്ല, എത്ര വൃത്തിയായി അതിൽ പണിയെടുത്താലും, പ്ലാവുകൊണ്ട് ഉണ്ടാക്കുന്ന ഉപകരണത്തിന്റെ ഭംഗിയുണ്ടാവില്ല.
പരക്കെ നടുന്ന ഒരു മരമാണ് പ്ലാവ്. “പക്ഷേ ഞാൻ മനസ്സിലാക്കിയിടത്തോളം, ചില ഭാഗങ്ങളിൽ - പട്ടുകോട്ടൈയിലും (തഞ്ചാവൂർ ജില്ല) ഗന്ധർവ്വകോട്ടൈയിലും (പുതുക്കോട്ടൈ ജില്ല) മറ്റും – ധാരാളം മരങ്ങൾ മുറിച്ചുകഴിഞ്ഞു. പകരം ഒന്നും നട്ടിട്ടുമില്ല. ഈ തോട്ടങ്ങളുടെ ഉടമസ്ഥർ അവരുടെ സ്ഥലങ്ങളൊക്കെ വീടുവെക്കാനുള്ള പ്ലോട്ടുകളായി വിറ്റു പണം ബാങ്കിലിട്ടിരിക്കുകയാണ്”. നാരായണൻ പറയുന്നു. “ചെറിയൊരു തണലുപോലും ഇല്ല..സംഗീതം വിട്ടുകളയൂ. ഈ തെരുവിലേക്കൊന്ന് നോക്കൂ. എന്റെ ഈ മരം മാത്രമേയുള്ളു..മറ്റെല്ലാം വെട്ടിക്കളഞ്ഞു!”
പുതുതായുണ്ടാകുന്ന പ്ലാവിന് മഞ്ഞ നിറമാണ്. പഴുത്ത് ഉണങ്ങുമ്പോൾ അതിനൊരു ചുവപ്പ് നിറം ഉണ്ടാകും. തടിയുടെ കമ്പനവും നല്ലതാണ്. അതുകൊണ്ടാണ് പഴയ വീണകൾക്ക് ഇപ്പോഴും ധാരാളം ആവശ്യക്കാരുള്ളതെന്ന് നാരായണൻ പറയുന്നു. “അതുകൊണ്ടാണ് നിങ്ങൾക്ക് അവ മാർക്കറ്റിൽ കിട്ടാത്തത്. ഉടമസ്ഥർ അതീന്റെ കേടുപാടുകൾ തീർത്ത്, നന്നാക്കി വീട്ടിൽത്തന്നെ സൂക്ഷിക്കുന്നു. കുടുംബത്തിനകത്ത്”, ചിരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു.
താനുണ്ടാക്കുന്ന വീണകളിൽ നാരായണൻ ആധുനികമായ ചില ഘടകങ്ങൾ കൂട്ടിച്ചേർക്കാറുണ്ട്. “ഈ ഗിറ്റാറിന്റെ കീ നോക്കൂ. നമ്മളത് വെക്കുന്നത്, ട്യൂൺ ചെയ്യാനുള്ള എളുപ്പത്തിനും, കമ്പികൾ മുറുക്കാനുമാണ്”. എന്നാൽ ഈ മാറ്റങ്ങളിൽ അദ്ദേഹത്തിന് വലിയ ആവേശമൊന്നുമില്ല. ഇതൊക്കെ കുറുക്കുവഴികളാണെന്നാണ് അദ്ദേഹം പറയുന്നത്. വീണയുടെ ശ്രുതി ശരിയാക്കിക്കൊണ്ട് അദ്ദേഹം വിശദീകരിക്കുന്നു. ഞങ്ങളുടെ സംഭാഷണത്തിന് ഒരു പശ്ചാത്തലമൊരുക്കിക്കൊണ്ട്, പ്ലാവുമരവും കമ്പികളും ചേർന്ന് മനോഹരമായ ഒരു ശബ്ദം പുറപ്പെടുവിച്ചു.
മറ്റ് നിർമ്മാതാക്കളെപ്പോലെ, നാരായണനും താനുണ്ടാക്കുന്ന ഉപകരണങ്ങൾ വായിക്കാനറിയാം. “ചെറുതായിട്ട്”, വിനീതനായി അദ്ദേഹം കൂട്ടിച്ചേർത്തു. വലതുകൈകൊണ്ട് തന്ത്രികളിൽ മീട്ടി, ഇടത് കൈവിരലുകൾ കട്ടകളിലൂടെ അദ്ദേഹം പായിച്ചു. “കസ്റ്റമർമാർക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാൻ പറ്റുന്ന മട്ടിലുള്ള അറിവേ എനിക്കുള്ളു”.
അദ്ദേഹത്തിന്റെ മടിയിൽ ഒരു ഏകാന്തവീണയുണ്ടായിരുന്നു. ഒറ്റത്തടികൊണ്ടുണ്ടാക്കിയ ഒന്ന്. ഒരമ്മ ഉറങ്ങുന്ന കുട്ടിയെ പിടിക്കുന്നതുപോലെ ശ്രദ്ധയോടെ അയാളത് പിടിച്ചിട്ടുണ്ടായിരുന്നു. “ഒരുകാലത്ത്, ഞങ്ങൾ മാനിന്റെ കൊമ്പു അലങ്കാരത്തിനായി ഉപയോഗിച്ചിരുന്നു. ഇപ്പോൾ ബോംബെയിൽനിന്നുള്ള ഐവറി പ്ലാസ്റ്റിക്കാണ് ഉപയോഗിക്കുന്നത്”.
ഒറ്റയ്ക്കൊരാൾ ഉണ്ടാക്കുകയാണെങ്കിൽ ഒരു വീണ മുഴുവനായി പണി തീരാൻ 25 ദിവസം വേണ്ടിവരും. അതുകൊണ്ടാണ് ഞങ്ങൾ വിവിധയാളുകൾക്ക് വിവിധ ജോലികൾ കൊടുത്ത്, അതിവേഗത്തിൽ കൂട്ടിച്ചേർക്കുന്നത്. മാസത്തിൽ രണ്ടോ മൂന്നോ വീണ ഞങ്ങൾക്കുണ്ടാക്കാൻ പറ്റും. ഓരോന്നിനും, 25,000-ത്തിനും 75,000-ത്തിനുമിടയിൽ രൂപ വിലയുണ്ട്”.
മറ്റ് വീണ നിർമ്മാതാക്കളെപ്പോലെ, നാരായണനും തനിക്കാവശ്യമായ തടി പൻരുട്ടിയിൽനിന്നാണ് വാങ്ങുന്നത്. “ഒന്നുകിൽ ഞങ്ങൾ അവിടെ പോയി കുറച്ചധികം വാങ്ങും. അല്ലെങ്കിൽ ഇങ്ങോട്ട് കൊണ്ടുവരും. 40-50 വർഷം പഴക്കമുള്ള, മൂപ്പെത്തിയ മരങ്ങളാണ് ഉത്തമം. വ്യാപാരികൾ, 10 അടി നീളമുള്ള ഒരു മരത്തടി ഞങ്ങൾക്ക് 20,000 രൂപയ്ക്ക് നൽകും. അതിൽനിന്ന് ഞങ്ങൾക്ക് ഒരു ഏകാന്തവീണയുണ്ടാക്കാൻ പറ്റും. അല്പസ്വല്പം വില പേശാൻ സാധിക്കും. വാങ്ങിക്കഴിഞ്ഞാൽ ഞങ്ങളത് മുറിച്ച്, ശിവഗംഗൈ പൂംഗയിൽവെച്ച് ആകൃതി വരുത്തും”. തടിയുടെ ഇടപാട് ബുദ്ധിമുട്ടുള്ളതാണെന്ന് നാരായണൻ പറയുന്നു. “ചിലപ്പോൾ ചെറിയ വിള്ളലുകൾ ഉണ്ടാവും. അതിലൂടെ വെള്ളം കടന്ന് തടി ചീത്തയാവും. തടി വെട്ടിക്കഴിയുമ്പോഴേ അത് മനസ്സിലാവൂ”.
തഞ്ചാവൂരിൽ മുഴുവൻ സമയ വീണ നിർമ്മാതാക്കൾ പത്തുപേരെങ്കിലുമുണ്ടാകുമെന്ന് നാരായണൻ കണക്കുകൂട്ടുന്നു. ദിവസത്തിൽ കുറച്ചുസമയം മാത്രം ആ ജോലി ചെയ്യുന്നവരായിരിക്കും കൂടുതലും. എല്ലാവരും ചേർന്ന്, മാസത്തിൽ 30 വീണയെങ്കിലും ഉണ്ടാക്കും. ഒരു മരത്തടി തഞ്ചാവൂരിലെത്തുന്ന ഒരു മരത്തടി ഒരു ഉപകരണമായിത്തീരാൻ 30 ദിവസമെങ്കിലും എടുക്കും. “നല്ല ആവശ്യക്കാരുണ്ട്”, നാരായണൻ പറയുന്നു.
“ചിട്ടിബാബു, ശിവാനന്ദം തുടങ്ങിയ മഹാന്മാരായ കലാകാരന്മാർ എന്റെ അച്ഛന്റെ കൈയ്യിൽനിന്ന് ഇവ വാങ്ങിയിട്ടുണ്ട്. പുതിയ കലാകാരന്മാരായ കുട്ടികൾക്കും ഇതിൽ താത്പര്യമുണ്ട്. എന്നാൽ മിക്കവരും ചെന്നൈയിലും ‘മ്യൂസിക്കൽ‘സിൽനിന്നാണ് ഇതെല്ലാം വാങ്ങുന്നത്. ചിലർ നേരിട്ട് ഇവിടെ വന്ന്, അവരുടെ പ്രത്യേകമായ ആവശ്യങ്ങൾക്കനുസരിച്ച് ഉണ്ടാക്കിക്കും”, അതിനോടാണ് നാരായണനും താത്പര്യം.
കച്ചവടം നന്നായി നടക്കണമെന്നാന് അദ്ദേഹത്തിന്റെ വലിയ ആഗ്രഹം. “ഞാനിത് 45വർഷമായിചെയ്യുന്നു. എന്റെ രണ്ട് ആണ്മക്കൾക്കും ഇത് തുടരാൻ താത്പര്യമില്ല. അവർ പഠിപ്പൊക്കെ കഴിഞ്ഞ്, ജോലിയായി. എന്തുകൊണ്ടാണെന്ന് അറിയാമോ?” അദ്ദേഹം ഒന്ന് നിർത്തി. എന്നിട്ട് അല്പം സങ്കടത്തോടെ തുടർന്നു. “ഈ ആശാരി ദിവസത്തിൽ 1,200 രൂപ ഉണ്ടാക്കുന്നുണ്ട്. അതിനുപുറമേ, ദിവസത്തിൽ രണ്ട് തവണയായി, രണ്ട് വടയും ഒരു ചായയും ഞാൻ കൊടുക്കുന്നു എന്നാൽ ഞങ്ങൾ ഈ ചെയ്യുന്ന അദ്ധ്വാനമുള്ള പണിയിൽനിന്നുള്ള സമ്പാദ്യം വളരെ കുറവാണ്. വിശ്രമവുമില്ല. കൃത്യമായ സമയവുമില്ല. കച്ചവടം നല്ലതാണെന്നത് ശരിതന്നെ. എന്നാൽ ഇടനിലക്കാരാണ് സമ്പാദിക്കുന്നത്. എന്റെ പണിശാല 10X10 അടി വലുപ്പമുള്ളതാണ് കണ്ടില്ലേ? എല്ലാം കൈകൊണ്ട് ഉണ്ടാക്കുന്നതാണ്. പക്ഷേ ഞങ്ങൾക്ക് കിട്ടുന്ന വൈദ്യുതി കമേഴ്സ്യൽ നിരക്കിലാണ്. ഇതൊരു കുടിൽവ്യവസായമാണെന്ന് ഞങ്ങൾ അധികാരികളൊട് പലതവണ പറഞ്ഞതാണ്. എന്നാൽ അതൊന്ന് തീർപ്പാക്കാനോ പരിഹരിക്കാനോ ഞങ്ങൾക്കാവുന്നില്ല”.
നാരായണൻ ദീർഘനിശ്വാസം വിട്ടു. അദ്ദേഹത്തിന്റെ വീടിന്റെ പിന്നിൽ, പണിശാലയിൽ, ഒരു പഴയ കരവേലക്കര ഒരു കുടം ഉരയ്ക്കുന്നുണ്ടായിരുന്നു. ഉളി, ഡ്രില്ല്, ബ്ലേഡ് എന്നിവകൊണ്ട്, പതുക്കെ, അദ്ദേഹം പ്ലാവുമരത്തെക്കൊണ്ട് പാടിക്കുകയായിരുന്നു.
റിസർച്ച് ഫണ്ടിംഗ് പ്രോഗ്രാം 2020-ന്റെ ഭാഗമായി അസിം പ്രേംജി സർവ്വകലാശാല നൽകിയ ഫണ്ടുപയോഗിച്ച് നടത്തിയ ഗവേഷണം.
തോട്ടി: ആനകളെ മെരുക്കാനും വഴി നടത്താനും അനുസരിപ്പിക്കാനും പാപ്പാന്മാർ ഉപയോഗിക്കുന്ന ഒരു ലോഹ വടി.
മൃദംഗം – മ്രിദംഗം എന്നും പറയാറുണ്ട്
കർണ്ണാടിക് (സംഗീതം) എന്നത് ഇംഗ്ലീഷിൽ എഴുതുമ്പോൾ ‘സി’യും ‘’കെ’യും മാറിമാറി ഉപയോഗിക്കാറുണ്ട്.
പരിഭാഷ: രാജീവ് ചേലനാട്ട്