“വീട്ടിൽ സൂക്ഷിക്കുന്ന പരുത്തിയുടെ നിറവും ഭാരവും നഷ്ടപ്പെടുകയാണ്. നിറം കൂടുതൽ മങ്ങുന്തോറും വ്യാപാരികൾ വിലയും കുറയ്ക്കുന്നു”, ആശങ്കയോടെ സന്ദീപ് യാദവ് പറയുന്നു. മധ്യ പ്രദേശിലെ ഖാർഗോൺ ജില്ലയിലെ ഗോഗാംവ് തെഹ്സിലിലെ ഈ പരുത്തിക്കർഷകൻ 2022 ഒക്ടോബറിലെ വിളവിനുശേഷം ഉത്പന്നത്തിന് വില കൂടുന്നതും കാത്തിരിക്കുകയാണ്.
മധ്യ പ്രദേശിലെ ഏറ്റവും വലിയ പരുത്തി ഉത്പാദന ജില്ലയായ ഖാർഗോണിൽ 2.15 ലക്ഷം ഹെക്ടറിലാണ് പരുത്തി കൃഷി ചെയ്യുന്നത്. എല്ലാ വർഷവും മേയ് മാസത്തിൽ നടുന്ന വിള ഒക്ടോബർമുതൽ ഡിസംബർ രണ്ടാമത്തെ ആഴ്ചവരെ വിളവെടുക്കുന്നു. 6 കോടി രൂപയ്ക്കുള്ള പരുത്തിയാണ് ഖാർഗോണിലെ പരുത്തിച്ചന്തയിൽനിന്ന് എട്ടുമാസത്തിനുള്ളിൽ (ഒക്ടോബർ - മേയ് വരെ) വാങ്ങുന്നത്. മധ്യ പ്രദേശിലെ തന്റെ 18 ഏക്കർ കൃഷിയിടത്തിലെ 10 ഏക്കറിലാണ് സന്ദീപ് പരുത്തിക്കൃഷി ചെയ്യുന്നത്.
2022 ഒക്ടോബറിൽ, ഏകദേശം 30 ക്വിന്റൽ പരുത്തി വിളവെടുക്കാൻ കഴിഞ്ഞപ്പോൾ അദ്ദേഹം സന്തോഷിച്ചു. ബെഹ്‌റാംപുരയിലെ ഗ്രാമത്തിലുള്ള തന്റെ ഭൂമിയിൽനിന്നുള്ള ആ സീസണിലെ ആദ്യത്തെ വിളവെടുപ്പായിരുന്നു അത്. രണ്ടാമത്തെ വിളവെടുപ്പിലും അത്രതന്നെ ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. കിട്ടുകയും ചെയ്തു. 26 ക്വിന്റൽ.
എന്നാൽ, ഖാർഗോൺ ചന്തയിൽ ആ 30 ക്വിന്റൽ വിൽക്കാൻ കഴിയില്ലെന്ന് അല്പദിവസത്തിനുശേഷം സന്ദീപ് മനസ്സിലാക്കി. 2022 ഒക്ടോബർ 11 മുതൽക്ക് നടന്ന് വ്യാപാരികളുടെ സമരം മൂലം മധ്യ പ്രദേശിലെ എല്ലാ പരുത്തിച്ചന്തകളും അടഞ്ഞുകിടന്നു. ഓരോ 100 രൂപയുടേയും വ്യാപാരത്തിന് ചുമത്തിയിരുന്ന 1.70 രൂപ അങ്ങാടി നികുതി കുറയ്ക്കണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. രാജ്യത്തിലെത്തന്നെ ഏറ്റവും കൂടിയ നികുതിയായിരുന്നു അത്. സമരം എട്ടുദിവസം നീണ്ടുനിന്നു.
സമരത്തിന്റെ തലേന്ന് (ഒക്ടോബ 10) ക്വിന്റലിന് 8,740 രൂപയായിരുന്നു ഖാർഗോണിലെ പരുത്തിച്ചന്തയിലെ വില. സമരം തീർന്നപ്പോൾ വില, 890 രൂപ കുറഞ്ഞ്, ക്വിന്റലിന് 7,850 രൂപയായി. 2022 ഒക്ടോബർ 19-ന് ചന്ത വീണ്ടും തുറന്നപ്പോൾ, വില കുറഞ്ഞതുമൂലം സന്ദീപ് തന്റെ വിളവ് വിറ്റില്ല. “ഇപ്പോൾ വിറ്റാൽ എനിക്ക് ഒരു ലാഭവുമുണ്ടാവില്ല”, എന്നായിരുന്നു 2022 ഒക്ടോബറിൽ പാരിയുമായി സംസാരിക്കുമ്പോൾ 34 വയസ്സുള്ള ആ കർഷകൻ പറഞ്ഞത്.
ഇതാദ്യമായിട്ടായിരുന്നില്ല സന്ദീപിന് പരുത്തി സൂക്ഷിക്കേണ്ടിവന്നത്. മഹാവ്യാധിയുടെ കാലത്ത്, ചന്തകൾ അടഞ്ഞുകിടന്നിരുന്നു. “2021-ൽ വിളകളിൽ കീടബാധയുണ്ടാവുകയും പകുതിയിലധികം ഉത്പന്നം നശിക്കുകയും ചെയ്തിരുന്നു”, അദ്ദേഹം പറഞ്ഞു.
അതുകൊണ്ട്, 2022-ൽ കൂടുതൽ പരുത്തി വിളവെടുത്ത് നഷ്ടം തീർക്കാമെന്നും, 15 ലക്ഷത്തിന്റെ കടം അടച്ചുതീർക്കാമെന്നും അദ്ദേഹം കരുതി. “ഈ വർഷം (2022-ൽ) വായ്പാ തിരിച്ചടവ് കഴിഞ്ഞാൽ നീക്കിയിരിപ്പൊന്നും ഉണ്ടാവില്ല”, അദ്ദേഹം പറഞ്ഞു.
ഫാർമേഴ്സ് പോർട്ടൽ ഡേറ്റ അനുസരിച്ച്, 2022-2023ൽ കുറഞ്ഞ താങ്ങുവിലയായി (എം.എസ്.പി.) കേന്ദ്രം നിശ്ചയിച്ചത്, ക്വിന്റലിന് 6,380 രൂപയായിരുന്നു. 2021-2022-നേക്കാൾ 355 രൂപ കൂടുതലായിരുന്നു അത്. “കുറഞ്ഞ താങ്ങുവില ചുരുങ്ങിയത് 8,500 രൂപയെങ്കിലും ആക്കണം”, ഭാരതീയ കിസാൻ സംഘിന്റെ ഇൻഡോർ ഡിവിഷൻ പ്രസിഡന്റായ ശ്യാം സിംഗ് പൻവാർ പറയുന്നു. “ഇതിന് താഴെവെച്ച് വ്യാപാരികൾ പരുത്തി വാങ്ങുന്നത് തടയാൻ സർക്കാർ നിയമം പാസ്സാക്കണം”, അദ്ദേഹം കൂട്ടിച്ചേർത്തു.
ക്വിന്റലിന് 7,405 രൂപ എന്നത് വളരെ കുറവാണെന്ന്, ബർവഹ തെഹ്സിലിലെ നവൽപുര ഗ്രാമത്തിലെ കർഷകനായ സഞ്ജയ് യാദവ് പറഞ്ഞു. തന്റെ മൊത്തം വിളവിന്റെ ഒരു ഭാഗമായ 12 ക്വിന്റൽ മാത്രമേ അദ്ദേഹത്തിന് ഖാർഗോൺ ചന്തയിൽ വിൽക്കാൻ കഴിഞ്ഞുള്ളു. ക്വിന്റലിന് ചുരുങ്ങിയത് 10,000 രൂപയെങ്കിലും കിട്ടണമെന്നാണ് 20 വയസ്സുള്ള അദ്ദേഹം പറയുന്നത്. അതായത്, ഇപ്പോഴത്തെ വിലയേക്കാൾ 2,595 രൂപ കൂടുതൽ.
“ഞങ്ങൾ കർഷകർക്ക് (കുറഞ്ഞ താങ്ങുവിലയെക്കുറിച്ച്) ഒന്നും തീരുമാനിക്കാനാവുന്നില്ല. ഞങ്ങളുടെ വിളവിന്റെ വില ഞങ്ങളുടെ കൈയ്യിലല്ല”, സന്ദീപ് ചൂണ്ടിക്കാണിക്കുന്നു.
“വിത്തുകളുടെ ചിലവിന് പുറമേ, ഡി.എ.പി. (ഡയമ്മോണിയം ഫോസ്ഫേറ്റ്) വളത്തിന്റെ ചിലവ് ഏക്കറിന് 1,400 രൂപയാണ്. ഒരുദിവസത്തെ അദ്ധ്വാനത്തിന്റെ കൂലി 1,500 രൂപയാണെന്ന് കണക്കാക്കുക. പുഴുക്കളെ കൊല്ലാൻ മൂന്ന് തവണയെങ്കിലും മരുന്ന് തളിക്കണം-അതിന് മറ്റൊരു 1,000 രൂപ വേണം. ഇതെല്ലാം കണക്കാക്കിയാൽ, ഒരേക്കറിന് 15,000 രൂപയെങ്കിലും എനിക്ക് വേണ്ടിവരും”, സന്ദീപ് പറഞ്ഞു.
2022 ഒക്ടോബറിൽ, പരുത്തി പറിക്കാൻ ജോലിക്ക് വെച്ച തൊഴിലാളികൾക്ക് ശമ്പളം നൽകാൻ സന്ദീപ് 30,000 രൂപ വായ്പയെടുത്തു. “ദീപാവലിക്ക് എല്ലാവരും പുതുവസ്ത്രങ്ങൾ വാങ്ങും. ഞങ്ങൾ പൈസ കൊടുത്തില്ലെങ്കിൽ അവർക്ക് ചിലവ് താങ്ങാൻ പറ്റില്ല”, അദ്ദേഹം പറയുന്നു.
പുതിയ വീട് പണിയാനും സന്ദീപ് ലോണെടുത്തിട്ടുണ്ട്. ഒരു സ്വകാര്യ പണമിടപാടുകാരനിൽനിന്ന് 9 ലക്ഷം രൂപ. പ്രദേശത്ത് നല്ല സർക്കാർ സ്കൂളുകളില്ലാത്തതിനാൽ മക്കളെ കോവിഡിന് മുമ്പ് അദ്ദേഹം ഒരു സ്വകാര്യ സ്കൂളിൽ ചേർത്തു. അവരുടെ വാർഷികഫീസ് അടയ്ക്കാനും ബുദ്ധിമുട്ടുകയാണ് സന്ദീപ്.
പരുത്തി കൃഷി ചെയ്യുന്നത് ചിലവേറിയതാണെന്ന്, സബ്ദ ഗ്രാമത്തിലെ രാധേശ്യാം പട്ടേൽ സമ്മതിക്കുന്നു. “ഇപ്പോൾ (2022 ഒക്ടോബറിൽ) നമ്മൾ റാബി വിള വിതയ്ക്കുകയാണെങ്കിൽ അതിനും പൈസ ആവശ്യമാണ്. പലിശയ്ക്ക് പണമെടുക്കണം”, 47 വയസ്സുള്ള അദ്ദേഹം പറഞ്ഞു. “അടുത്ത വിളവ് (പൈസ കടമെടുത്തതിന് ശേഷമുള്ളത്) മോശമായാൽ, നഷ്ടപ്പെടുന്നത് കർഷകർക്ക് മാത്രമായിരിക്കും. അതുകൊണ്ടാണ് പലിശക്കെണിയിൽപ്പെട്ട്, ഈ കർഷകർ വിഷം കുടിക്കുന്നതും, അവർക്ക് സ്വന്തം ഭൂമി വിൽക്കേണ്ടിവരുന്നതും“, എന്നുകൂടി രാധേശ്യാം കൂട്ടിച്ചേർത്തു.
“വിളവിന്റെ വില അറിയുന്നത് കർഷകന് മാത്രമാണ്. കർഷകർക്ക് തങ്ങളുടെ വിളവിന് കുറഞ്ഞ താങ്ങുവിലയെങ്കിലും കിട്ടുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണം”, കൃഷിവിദഗ്ദ്ധനായ ദേവേന്ദ്ര ശർമ്മ പറയുന്നു.
2023 ജനുവരിയോടെ, സന്ദീപിന്റെ വീട്ടുചിലവുകൾ വർദ്ധിച്ചു. ഫെബ്രുവരി ആദ്യവാരം അദ്ദേഹത്തിന്റെ ചെറിയ സഹോദരൻ വിവാഹിതനായി. പൈസ ആവശ്യമായതിനാൽ 30 ക്വിന്റൽ പരുത്തി, 8,900 രൂപയ്ക്ക് വിറ്റുവെന്ന് ജനുവരിയിൽ കണ്ടപ്പോൾ അദ്ദേഹം പാരിയോട് പറഞ്ഞു.
ഈ വില തരക്കേടില്ലാത്തതാണെങ്കിലും, ചിലവ് കഴിഞ്ഞാൽ ബാക്കിയൊന്നുമുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
“കർഷകന് എവിടെയും ശബ്ദിക്കാനാവില്ല”, പരുത്തിവിലയെക്കുറിച്ച് നിരാശനായി അദ്ദേഹം പറഞ്ഞു.
പരിഭാഷ: രാജീവ് ചേലനാട്ട്