“ആദ്യമായി ഒരു ഹംഗുലിനെ കണ്ടപ്പോൾ, അത്ഭുതംകൊണ്ട് എനിക്ക് അനങ്ങാൻപോലും കഴിഞ്ഞില്ല,” ഷബിർ ഹുസൈൻ ഭട്ട് പറയുന്നു. കശ്മീരിന്റെ സവിശേഷതയും, വലിയ വംശനാശ ഭീഷണി നേരിടുകയും ചെയ്യുന്ന ആ മാൻ വർഗ്ഗത്തെ (സെർവസ് ഇലാഫസ് ഹംഗുലു) കാണാൻ ആ സ്ഥലത്തേക്ക് പിന്നീട് അദ്ദേഹം ഇടയ്ക്കിടയ്ക്ക് വരാൻ തുടങ്ങി.
ഏകദേശം 20 വർഷത്തിനുശേഷവും, ആ 141 ചതുരശ്ര കിലോമീറ്റർ സ്ഥലത്തെ പാർക്കിലുള്ള മൃഗങ്ങൾ, പക്ഷികൾ, വൃക്ഷങ്ങൾ, പൂക്കൾ എന്നിവയോടുള്ള തന്റെ അഭിനിവേശം ഒട്ടും മങ്ങിയിട്ടില്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. “എന്റെ ഉള്ളിലെ താത്പര്യത്തെ തൊട്ടുണർത്തിയത് ഹംഗുലാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. ഹിമാലയൻ കറുത്ത കരടിയും എന്നെ ആകർഷിച്ചിട്ടുണ്ട്.”
‘ദച്ചിഗാമിലെ വിജ്ഞാനകോശം’ എന്നാണ് പാർക്കിൽ, സ്നേഹത്തോടെ അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. “ഞാൻ ഇതിനകം 400 ഇനം ചെടികളേയും 200 ഇനം പക്ഷിവർഗ്ഗങ്ങളേയും, പ്രദേശത്തെ ഒട്ടുമിക്ക മൃഗങ്ങളേയും തിരിച്ചറിഞ്ഞിട്ടുണ്ട്,” പാരിയോട് അദ്ദേഹം പറയുന്നു. ഈ ഉദ്യാനത്തിലുള്ള മറ്റ് മൃഗങ്ങൾ, മസ്ക് ഡിയർ, ഹിമാലയൻ ചാരക്കരടി, ഹിമക്കടുവ, സ്വർണ്ണപ്പരുന്ത് എന്നിവയാണ്.
















