"കൊൽക്കത്ത, ജയ്പൂർ, ഡൽഹി, മുംബൈ എന്നിങ്ങനെ എല്ലായിടത്തേയ്ക്കും മുളയിൽ തീർത്ത പോളോ പന്തുകൾ നേരിട്ട് ദ്യോൽപൂരിൽനിന്നാണ് കൊണ്ടുപോയിരുന്നത്," ഇന്ത്യയിൽ പോളോ എന്ന കായികയിനം അരങ്ങേറിയിരുന്ന സ്ഥലങ്ങൾ പരാമർശിച്ച് രഞ്ജിത്ത് മാൽ പറയുന്നു.
പശ്ചിമ ബംഗാളിലെ ദ്യോൽപൂർ സെൻസസ് പട്ടണത്തിൽനിന്നുള്ള പോളോ പന്ത് നിർമ്മാതാവായ 71 വയസ്സുകാരൻ രഞ്ജിത്ത്, കഴിഞ്ഞ 40 വർഷമായി ഗ്വാദ്വാ മുളയുടെ കാണ്ഡത്തിൽനിന്ന് പന്തുകൾ മെനയുന്ന ജോലി ചെയ്തുവരുന്നു. പ്രാദേശികമായി ഭാഷെർ ഗോഡ എന്നറിയപ്പെടുന്ന ഈ കാണ്ഡങ്ങൾ, മുള വൃക്ഷത്തെ വളരാനും പടരാനും സഹായിക്കുന്ന, അവയുടെ മണ്ണിനടിയിൽ കാണപ്പെടുന്ന ഭാഗങ്ങളാണ്. ഇവയിൽനിന്ന് പന്തുകൾ തീർക്കുന്ന കരവിരുത് സ്വായത്തമായുള്ള അവസാനത്തെ ശിൽപ്കാറാണ് (കൈപ്പണിക്കാരൻ) രഞ്ജിത്ത്. അദ്ദേഹം ചൂണ്ടിക്കാട്ടുന്നതുപോലെ ഈ നൈപുണ്യം ഇന്ന് ചരിത്രമായി മാറിയിരിക്കുന്നു.
എന്നാൽ, ഏകദേശം 160 വർഷം മുൻപ് ആധുനികരീതിയിൽ പോളോ കളിച്ചുതുടങ്ങിയ കാലംമുതൽ - തുടക്കത്തിൽ പട്ടാളക്കാരും രാജകുടുംബങ്ങളും വരേണ്യവർഗക്കാരുടെ ക്ലബുകളുമായിരുന്നു ഈ കളിയിൽ ഏർപ്പെട്ടിരുന്നത് -ദ്യോൽപൂരിലെ കൈപ്പണിക്കാർ മുളകൊണ്ട് നിർമ്മിച്ച പന്തുകളാണ് കളിയിൽ ഉപയോഗിച്ചിരുന്നത്. 1859-ൽ ലോകത്തിലെത്തന്നെ ആദ്യത്തെ പോളോ ക്ലബ് സ്ഥാപിതമായത് അസമിലെ സിൽച്ചറിലാണ് എന്നതാണ് ശ്രദ്ധേയമായ വസ്തുത. രണ്ടാമത്തേത് 1863-ൽ കൊൽക്കത്തയിലും. മണിപ്പൂരിലെ മെയ്തി സമുദായത്തിന്റെ പരമ്പരാഗത വിനോദമായ സാഗോൽ കാങ്‌ജെയുടെ പരിഷ്കരിച്ച രൂപമാണ് ആധുനിക പോളോ; മെയ്തി സമുദായക്കാർ മുളയുടെ കാണ്ഡത്തിൽ തീർത്ത പന്തുകൾകൊണ്ടാണ് കളിച്ചിരുന്നത്.
1940-കളുടെ തുടക്കത്തിൽ, ദ്യോൽപൂർ ഗ്രാമത്തിലെ ആറോ ഏഴോ കുടുംബങ്ങളുടെ കീഴിൽ ജോലിചെയ്തിരുന്ന ഏകദേശം 125 കൈപ്പണിക്കാർ ഒരുമിച്ച് ഒരുവർഷം ഒരു ലക്ഷം പോളോ പന്തുകൾവരെ ഉണ്ടാക്കിയിരുന്നു. "ഞങ്ങളുടെ കഴിവുറ്റ കൈപ്പണിക്കാർക്ക് പോളോ വിപണിയെക്കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നു," രഞ്ജിത്ത് കൂട്ടിച്ചേർക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട, ഹൗറ ജില്ലയെ സംബന്ധിച്ചുള്ള ഒരു സർവ്വേ ആൻഡ് സെറ്റിൽമെന്റ് റിപ്പോർട്ടിൽ, രഞ്ജിത്തിന്റെ അവകാശവാദങ്ങൾ സാധൂകരിക്കുന്ന ഒരു വാചകമുണ്ട് : "ഇന്ത്യയിൽ പോളോ പന്തുകൾ നിർമ്മിക്കുന്ന ഒരേയൊരിടം ദ്യോൽപൂർ ആണെന്നാണ് മനസ്സിലാക്കാനാകുന്നത്."
രഞ്ജിത്തിന്റെ ഭാര്യ മിനോതി മാൽ പറയുന്നു, "ഇവിടെ പോളോ പന്തുകളുടെ നിർമ്മാണമേഖല അഭിവൃദ്ധിപ്പെടുന്നത് കണ്ടാണ് എന്റെ അച്ഛൻ എനിക്ക് വെറും 14 വയസ്സുള്ളപ്പോൾ എന്നെ ഇവിടേയ്ക്ക് വിവാഹം കഴിപ്പിച്ചയച്ചത്." ഇപ്പോൾ അറുപതുകളിലെത്തിയ മിനോതി ഒരു പതിറ്റാണ്ട് മുൻപുവരെ ഭർത്താവിനെ അദ്ദേഹത്തിന്റെ കൈത്തൊഴിലിൽ സഹായിച്ചിരുന്നു. പശ്ചിമ ബംഗാളിൽ പട്ടികജാതിയായി പരിഗണിക്കപ്പെടുന്ന മാൽ സമുദായക്കാരാണ് ഈ കുടുംബം. രഞ്ജിത്ത് തന്റെ ജീവിതകാലം മുഴുവൻ ചിലവിട്ടത് ദ്യോൽപൂരിലാണ്.
വീടിനകത്ത്, മദൂർ പുല്ലിൽ തീർത്ത ഒരു പായിലിരുന്ന് പഴയ പത്രക്കട്ടിങ്ങുകളും മാസികയിലെ ലേഖനങ്ങളും അടങ്ങുന്ന തന്റെ വിലപ്പെട്ട ശേഖരത്തിലൂടെ പരതുകയാണ് രഞ്ജിത്ത്. "ലുങ്കി ധരിച്ച ഒരാൾ പോളോ പന്തുകളുണ്ടാക്കുന്ന ഒരു ചിത്രം നിങ്ങൾ ലോകത്തിലെവിടെയെങ്കിലും കാണുകയാണെങ്കിൽ, അത് എന്റെ ചിത്രമായിരിക്കും," അദ്ദേഹം അഭിമാനത്തോടെ പറയുന്നു.














