ഒക്ടോബർ പകുതി മുതൽ ഡിസംബർവരെ ബബൻ പശ്ചിമ ബംഗാളിൽ സമയം ചിലവഴിച്ച് ചെറിയൊരു അവധിക്ക് ബിഹാറിലേക്ക് മടങ്ങും. ഫെബ്രുവരിയിൽ അയാൾ അസമിലെ ചായത്തോട്ടങ്ങളിലേക്ക് യാത്രയാകും. അടുത്ത ആറോ എട്ടോ മാസം ചായയിലകൾ പറിച്ച് അവിടെ കഴിയും. “അസമിൽ ഞാൻ പോകാത്ത സ്ഥലങ്ങളില്ല. ദിബ്രുഗർ, തേജ്പുർ, തിൻസുകിയ, ഗോലഘറ്റ്, ജോർഹത്ത്, ഗുവഹത്തി,”. അയാൾ പറയുന്നു.
അസമിൽ അയാളുണ്ടാക്കുന്ന മുളങ്കൊട്ടയ്ക്ക് ധോക എന്നാണ് പേര്. ദുലിയുമായി തട്ടിച്ചുനോക്കിയാൽ, ധോക്കോ ചെറുതാണ്. മൂന്നടി വലിപ്പം മാത്രം. ചായയിലകൾ നുള്ളിയിടാനാണ് അതുപയോഗിക്കുന്നത്. ഒരു മാസം 400 കൊട്ടകൾവരെ അയാൾ ഉണ്ടാക്കും. താമസസൌകര്യവും മുളയും നൽകുന്ന ചായത്തോട്ടങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് അയാൾ കൊട്ടകൾ നിർമ്മിക്കുക.
“ഞാൻ മുളകൊണ്ട് പണി ചെയ്യും, കളിമണ്ണുകൊണ്ട് ചെയ്തിട്ടുണ്ട്, ചാണകമുപയോഗിച്ചും പണിയെടുത്തിട്ടുണ്ട്. കൃഷി ചെയ്യലും, ഐസ്ക്രീം വിൽക്കലുമൊക്കെ ഞാൻ ചെയ്തുനോക്കിയിട്ടുണ്ട്, ജീവിക്കാനായി,” സകലകലാവല്ലഭനായ ബബൻ താൻ ചെയ്തുശീലിച്ച ജോലികളെക്കുറിച്ച് വാചാലനായി.
അസമിൽ കൊട്ടകൾക്ക് അധികം ആവശ്യക്കാരില്ലെങ്കിൽ അയാൾ രാജസ്ഥാനിലേക്കും ദില്ലിയിലേക്കുമൊക്കെ യാത്രയാകും. തെരുവിൽ ഐസ്ക്രീം വിൽക്കുന്ന ജോലി ചെയ്യാൻ. ഇതേ പണി ചെയ്യുന്ന സ്വന്തം ഗ്രാമക്കാർ അവിടങ്ങളിലുമുണ്ട്. ‘രാജസ്ഥാൻ, ദില്ലി, അസം, ബംഗാൾ - എന്റെ ജീവിതം മുഴുവൻ ഈ സ്ഥലങ്ങളിലായി ചിലവഴിക്കപ്പെടുന്നു,” അയാൾ പറയുന്നു.