കനത്ത മഴയെത്തുടർന്ന് മുട്ടോളം ഉയരത്തില്‍ വെള്ളത്തിൽ മുങ്ങിയ തന്റെ വെളുത്ത നിറത്തിലുള്ള വിളയെ വെറുതെ നോക്കിക്കൊണ്ട് അദ്ദേഹം തന്റെ കൃഷിഇടത്തിനരികിൽ നിന്നു. വിജയ് മരോട്ടാറിന്റെ വിദർഭയിലെ പരുത്തിപ്പാടം നശിച്ചു. “ഈ  വിളക്കായി ഞാൻ ഏകദേശം 1.25 ലക്ഷം  രൂപ നിക്ഷേപിച്ചിരുന്നു.. അതിൽ ഭൂരിഭാഗവും എനിക്ക് നഷ്ടപ്പെട്ടു,” 25 കാരൻ പറയുന്നു. 2022 സെപ്റ്റംബറിലായിരുന്നു വിജയ്യുടെ ആദ്യ വിളവെടുപ്പ് സീസൺ. ഈ സമയം, അയാളുടെ പ്രശ്നങ്ങൾ പങ്കിടാൻ ആരുമുണ്ടായിരുന്നില്ല.

അദ്ദേഹത്തിന്റെ അച്ഛൻ ഘനശ്യാം മരോട്ടാർ അഞ്ചുമാസം മുമ്പ് ആത്മഹത്യ ചെയ്തു, രണ്ടുവർഷം മുമ്പ് പെട്ടെന്നുള്ള ഒരു ഹൃദയാഘാതം മൂലം അദ്ദേഹത്തിന് തന്റെ അമ്മയേയും നഷ്ടപ്പെട്ടു. ക്രമരഹിതമായ കാലാവസ്ഥയും വർദ്ധിച്ചുവരുന്ന കടബാധ്യതകളും  വിളനാശവും വിദർഭ മേഖലയിലെ മറ്റനേകം കർഷകരെപ്പോലെ അവന്റെ മാതാപിതാക്കളിലും കടുത്ത ഉത്കണ്ഠയും സമ്മർദ്ദവും സൃഷ്ടിച്ചു. മാത്രമല്ല, അവർക്ക് ഒരു സഹായവും കിട്ടിയതുമില്ല.

പക്ഷേ, അച്ഛനെപ്പോലെ നിരാശനാവാൻ തനിക്കാവില്ലെന്ന് വിജയ് ഉറപ്പിച്ചു. അടുത്ത രണ്ട് മാസത്തേക്ക് തന്റെ പറമ്പിലെ വെള്ളം വറ്റിക്കാനുള്ള തിരക്കിലാണ് അദ്ദേഹം. എല്ലാ ദിവസവും രണ്ട് മണിക്കൂർ, കൈയിൽ ഒരു ബക്കറ്റ് മാതം ചുമന്ന്, വിളകള്‍ നശിച്ച തന്റെ കൃഷിയിടം നഗ്നപാദനായി അദ്ദേഹം ഉഴുതുമറിച്ചു, ട്രാക്ക് പാന്റ് കാൽമുട്ടോളം മടക്കി, ടി-ഷർട്ട് വിയർപ്പിൽ നനഞ്ഞു. നടുവൊടിഞ്ഞ് പണിയെടുത്ത് അവൻ വെള്ളം സ്വമേധയാ വറ്റിച്ചു. “എന്റെ കൃഷിഭൂമി സ്ഥിതിചെയ്യുന്നത് ഒരു ചരിവിലാണ്,” വിജയ് വിശദീകരിക്കുന്നു. “അതിനാൽ, അധികമഴ എന്നെ കൂടുതൽ ബാധിക്കുന്നു. ചുറ്റുമുള്ള കൃഷിയിടങ്ങളിൽനിന്നുള്ള വെള്ളം എന്റെ സ്ഥലത്തേക്ക് ഒഴുകിയെത്തുന്നു, അതിൽനിന്ന് രക്ഷപ്പെടാൻ പ്രയാസമാണ്. ആഅനുഭവം അവനെ ഭയപ്പെടുത്തി.

പ്രതികൂല കാലാവസ്ഥാസാഹചര്യങ്ങൾ - അമിതമായ മഴ, നീണ്ടുനിൽക്കുന്ന വരണ്ട കാലാവസ്ഥ, ആലിപ്പഴവര്‍ഷം എന്നിവ വലിയ കാർഷികദുരിതങ്ങൾ സൃഷ്ടിക്കുകയും മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യുമ്പോൾ, ഈ പ്രതിസന്ധിയെ നേരിടാൻ കർഷകരെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാർ ഒന്നും ചെയ്യുന്നില്ല. (വായിക്കുക: വിദർഭയിൽ കാർഷികപ്രതിസന്ധി, മനസ്സിന്റെ താളം തെറ്റിക്കുന്നു )., 2017 ലെ മാനസികാരോഗ്യ സംരക്ഷണ നിയമമ നുസരിച്ച് മാനസിക പിരിമുറുക്കവും അസ്വസ്ഥതയുമുള്ള ആളുകൾക്ക് ലഭിക്കേണ്ട പരിശോധനകളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള ഒരു വിവരങ്ങളും വിജയിനോ, ജീവിച്ചിരുന്ന കാലത്ത് അവന്റെ അച്ഛൻ ഘൻശ്യാമിനോ ലഭിച്ചിരുന്നില്ല. 1996ലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ സംഘടിപ്പിച്ച ഒരു ക്യാമ്പുകളും അവർ കണ്ടിട്ടില്ല.

2014 നവംബറിൽ, മഹാരാഷ്ട്ര സംസ്ഥാനം 'പ്രേരണ പ്രകൽപ് ഫാർമർ കൗൺസിലിംഗ് ഹെൽത്ത് സർവീസ് പ്രോഗ്രാം' കൊണ്ടുവന്നു. യവത്‌മാൽ ആസ്ഥാനമായുള്ള എൻ.ജി.ഒ. ഇന്ദിരാഭായ് സീതാറാം ദേശ്മുഖ് ബഹുദ്ദേശീയ സൻസ്ത ജില്ലാ കളക്‌ടറേറ്റ് വഴിയാണ് ഈ സംരംഭം നടപ്പാക്കിയത്, ഗ്രാമപ്രദേശങ്ങളിലെ ചികിത്സാവിടവ് നികത്താൻ ലക്ഷ്യമിട്ട്, പൊതു-സ്വകാര്യ (സിവിൽ സൊസൈറ്റി) പങ്കാളിത്ത മാതൃകയിലായിരുന്നു ഇത് കൊണ്ടുവന്നത്. എന്നാൽ 2022-ൽ വിജയ്‌ക്ക് പിതാവ് നഷ്‌ടമായപ്പോഴേക്കും സർക്കാരിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രേരണ പദ്ധതിയും പാഴായി.

Vijay Marottar in his home in Akpuri. His cotton field in Vidarbha had been devastated by heavy rains in September 2022
PHOTO • Parth M.N.

വിജയ് മരോട്ടർ അക്പുരിയിലെ തന്റെ വീട്ടിൽ. 2022 സെപ്റ്റംബറിലെ കനത്ത മഴയിൽ വിദർഭയിലെ അദ്ദേഹത്തിന്റെ പരുത്തിപ്പാടം നശിച്ചിരുന്നു

ഈ പദ്ധതിയുടെ പിന്നിൽ പ്രവര്‍ത്തിച്ച പ്രദേശത്തെ പ്രശസ്ത സൈക്യാട്രിസ്റ്റായ പ്രശാന്ത് ചക്കർവാർ പറയുന്നു, “പ്രതിസന്ധികളിൽ ഇടപെടാനുതകുന്നവിധത്തിൽ വിവിധ രീതിയിലുള്ള തന്ത്രങ്ങൾ  ഞങ്ങൾ സംസ്ഥാനസർക്കാരിന് നൽകി. അതിജീവിക്കാനുള്ള രീതികളിലും വൈകാരികപ്രശ്നങ്ങളെ ഫലപ്രദമായി സമീപിക്കാൻ കഴിവുള്ള പരിശീലകരിലും ഞങ്ങൾ ശ്രദ്ധ ചെലുത്തി, അവർ ഗുരുതരമായ കേസുകൾ കണ്ടെത്തി ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്തു. സമൂഹവുമായി സമ്പർക്കം പുലർത്തുന്നവരായതിനാൽ ആശാ പ്രവർത്തകരെയും ഞങ്ങൾ ഇതിൽ ഉൾപ്പെടുത്തി. ഞങ്ങളുടെ സമീപനത്തിൽ ചികിത്സയും മരുന്നും കൗൺസിലിംഗും ഉൾപ്പെടുന്നു.“

2016-ൽ യവത്‌മാലിൽ ഈ പദ്ധതിക്ക് ഫലമുണ്ടായി. മറ്റ് ദുരിതബാധിതപ്രദേശങ്ങളെ അപേക്ഷിച്ച് ആത്മഹത്യാ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. 2016ലെ ആദ്യ മൂന്ന് മാസങ്ങളിൽ ജില്ലയിൽ ആത്മഹത്യകൾ 48- ആയി കുറഞ്ഞുവെന്ന് സംസ്ഥാനരേഖകൾ വ്യക്തമാക്കുന്നു. മറ്റ് ദുരിതബാധിത ജില്ലകളിൽ കർഷക ആത്മഹത്യകൾ ഒന്നുകിൽ വർധിക്കുകയോ അല്ലെങ്കിൽ അതേപടി തുടരുകയോ ചെയ്തുകൊണ്ടിരുന്നു. മറ്റ് 13 ദുരിതബാധിത ജില്ലകളിലും പ്രേരണ പദ്ധതി സ്വീകരിക്കാൻ യവത്‌മാലിന്റെ വിജയം സംസ്ഥാന സർക്കാരിന് പ്രചോദനം നൽകി.

പക്ഷേ, പദ്ധതിയും അതിന്റെ വിജയവും നീണ്ടുനിന്നില്ല, അത് വളരെ പെട്ടെന്നുതന്നെ തകരാൻ തുടങ്ങി.

“ഉദ്യോഗസ്ഥര്‍ പൊതുസമൂഹത്തെ പിന്തുണച്ചതിനാൽ പദ്ധതി നന്നായി ആരംഭിച്ചു,” ചക്കർവാർ പറയുന്നു, “ഇതൊരു പൊതു-സ്വകാര്യ പങ്കാളിത്തപദ്ധതിയായിരുന്നു. പദ്ധതി സംസ്ഥാനത്തുടനീളം ആരംഭിച്ച് അധികം താമസിയാതെ, ടീമുകൾ തമ്മിലുള്ള ഭരണപരവും ഏകോപനപരവുമായ പ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങി. ഒടുവിൽ, സിവിൽ സൊസൈറ്റി സംഘടനകൾ ഉദ്യമത്തിൽനിന്ന് പിൻവലിഞ്ഞു. കാര്യക്ഷമമായ നടപ്പാക്കലിന്റെ അഭാവത്തിൽ പ്രേരണ പദ്ധതി പൂർണ്ണമായും ഒരു സർക്കാർ നിയന്ത്രിത പരിപാടിയായി മാറി.

വിഷാദരോഗികളോ ഉത്കണ്ഠയുള്ളവരോ ആയ രോഗികളെ കണ്ടെത്തുന്ന ഈ അധികജോലിക്ക് പ്രതിഫലമായി ആശാ പ്രവർത്തകർക്ക് കൂടുതൽ ആനുകൂല്യങ്ങളും ധനസഹായവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആനുകൂല്യങ്ങൾ നൽകുന്നതിൽ സർക്കാർ കാലതാമസം വരുത്തിയതോടെ, ആശാപ്രവർത്തകർക്ക് താല്‍പര്യം നഷ്ടപ്പെട്ടു. “അതിനാൽ, അവർ യഥാർത്ഥമായി ഫീൽഡ് സർവേകൾ നടത്തുന്നതിന് പകരം വ്യാജകേസുകൾ റിപ്പോർട്ട് ചെയ്തു,” ചക്കർവാർ പറയുന്നു.

Left: Photos of Vijay's deceased parents Ghanshyam and Kalpana. Both of whom died because of severe anxiety and stress caused by erratic weather, crop losses, and mounting debts .
PHOTO • Parth M.N.
Right: Vijay knew he could not afford to break down like his father
PHOTO • Parth M.N.

ഇടത്: വിജയുടെ മരിച്ചുപോയ മാതാപിതാക്കളായ ഘനശ്യാമിന്റെയും കൽപനയുടെയും ഫോട്ടോകൾ. കാലാവസ്ഥാവ്യതിയാനം, വിളനാശം, വർദ്ധിച്ചുവരുന്ന കടബാധ്യതകൾ എന്നിവ മൂലമുണ്ടായ കടുത്ത ഉത്കണ്ഠയും സമ്മർദ്ദവുംമൂലമാണ് ഇരുവരും മരിച്ചത്. വലത്: അച്ഛനെപ്പോലെ നിരാശനാകാൻ തനിക്ക് കഴിയില്ലെന്ന് വിജയ്ക്ക് അറിയാമായിരുന്നു

2022ൽ ഘനശ്യാം മരോട്ടർ ആത്മഹത്യ ചെയ്യുമ്പോഴേക്കും, മാനസികരോഗവിദഗ്ധരുടെ ദൌർല്ലഭ്യവും പ്രാദേശിക സന്നദ്ധപ്രവർത്തകരുടെയും പരിശീലനം ലഭിച്ച ആശാ പ്രവർത്തകരുടെയും ഒഴിവുകളും മൂലം പ്രേരണ പദ്ധതി പരാജയപ്പെട്ട സർക്കാർ പദ്ധതിയായി മാറിക്കഴിഞ്ഞിരുന്നു. വീണ്ടും, യവത്‌മാലിലെ കര്‍ഷകർക്ക് കടുത്ത കാർഷികദുരിതത്തെ അഭിമുഖീകരിക്കേണ്ടിവന്നു. അതിന്റെ പ്രതിഫലനമായി ആ വർഷം 355 കർഷക ആത്മഹത്യകളും സംഭവിച്ചു.

മാനസികാരോഗ്യ പ്രതിസന്ധി പരിഹരിക്കാനുള്ള സംസ്ഥാനത്തിന്റെ കഴിവില്ലായ്മ മൂലം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒന്നിലധികം സംഘടനകൾ ഈ മേഖലയിലേക്ക് കാലെടുത്തുവച്ചു. ടാറ്റ ട്രസ്റ്റ് 2016 മാർച്ച് മുതൽ 2019 ജൂൺവരെ യവത്‌മാൽ,  ഘടൻജി താലൂക്കുകളിലെ 64 ഗ്രാമങ്ങളിലായി, വിദർഭ സൈക്കോളജിക്കൽ സപ്പോർട്ട് ആൻഡ് കെയർ പ്രോഗ്രാം എന്ന പേരിൽ ഒരു പൈലറ്റ് പ്രോജക്ട് നടത്തി. “ഞങ്ങളുടെ സംരംഭം മൂലം സഹായം തേടുന്ന ഒരു മാനസികാവസ്ഥ ആളുകളിൽ സൃഷ്ടിച്ചു”.  പ്രോജക്റ്റിന്റെ തലവനായ പ്രഫുൽ കാപ്‌സെ പറയുന്നു. "കൂടുതൽ കർഷകർ അവരുടെ പ്രശ്‌നങ്ങളുമായി മുന്നോട്ടുവരാൻ തുടങ്ങി, എന്നാൽ മുൻകാലങ്ങളിൽ, മാനസികാരോഗ്യ തകരാറുകൾ ഭേദമാക്കാൻ അവർ ദുര്‍മന്ത്രവാദികളുടെ അടുത്തായിരുന്നു പോയിരുന്നത്”.

2018 ഖാരിഫ് സീസണിൽ, ടാറ്റ ട്രസ്റ്റുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു മനഃശാസ്ത്രജ്ഞൻ ശങ്കർ പന്തംഗ്‌വാറിനെ സമീപിച്ചു. ഘടൻജി താലൂക്കിലെ ഹട്ഗാവ് ഗ്രാമത്തിൽ മൂന്നേക്കർ ഭൂമിയുള്ള ഈ 64 കാരനായ കർഷകൻ ആത്മഹത്യാചിന്തകൾമൂലം വിഷാദരോഗത്തിലേക്ക് വഴുതിവീഴുകയായിരുന്നു. “ഒരു മാസത്തിലേറെയായി ഞാൻ എന്റെ കൃഷിഭൂമി കണ്ടിരുന്നില്ല,” അദ്ദേഹം ഓർക്കുന്നു. “ഞാൻ എന്റെ കുടിലിൽ ദിവസങ്ങളോളം  ഉറങ്ങി ചിലവഴിച്ചു. ജീവിതകാലം മുഴുവൻ കർഷകനായിരുന്നു ഞാൻ. ഇത്ര കൂടുതൽ കാലം കൃഷിഭൂമി കാണാതെ കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. കൃഷിയിടത്തിൽ ഞങ്ങളുടെ ഹൃദയവും ആത്മാവും അർപ്പിച്ചിട്ടും പകരം ഒന്നും തിരികെ ലഭിക്കാതിരിക്കുമ്പോൾ, എങ്ങനെ വിഷാദത്തിലാകാതിരിക്കും?”

പരുത്തിയും തുവരപ്പരിപ്പും കൃഷി ചെയ്യുന്ന തന്റെ കൃഷിയിടത്തില്‍നിന്ന് തുടർച്ചയായി രണ്ടോ മൂന്നോ സീസണുകളിൽ ശങ്കറിന് വമ്പിച്ച നഷ്ടമുണ്ടായി. അതിനാൽ, 2018 മേയ് മാസമെത്തിയപ്പോൾ വരാനിരിക്കുന്ന സീസണിനായി വീണ്ടും തയ്യാറെടുക്കുന്നതിനെക്കുറിച്ചുള്ള ചിന്ത മനസ്സിനെ വല്ലാതെ മഥിക്കാൻ തുടങ്ങി. അദ്ദേഹം പിന്നെ ഒന്നും നോക്കിയില്ല. “പ്രതീക്ഷ കൈമോശം വരുത്തരുതെന്ന് ഞാൻ സ്വയം പറഞ്ഞു. ഞാൻ തകർന്നാൽ എന്റെ കുടുംബവും തകരും”, ശങ്കർ പറയുന്നു.

Shankar Pantangwar on his farmland in Hatgaon, where he cultivates cotton and tur on his three acre. He faced severe losses for two or three consecutive seasons
PHOTO • Parth M.N.

ഹട്ഗാവിലെ തന്റെ കൃഷിഭൂമിയിൽ ശങ്കർ പന്താങ്‌വാർ.  തന്റെ മൂന്നേക്കർ ഭൂമിയിൽ അദ്ദേഹം പരുത്തിയും തുവരപ്പരിപ്പും കൃഷി ചെയ്യുന്നു. തുടർച്ചയായി രണ്ടോ മൂന്നോ സീസണുകളിൽ കനത്ത നഷ്ടം നേരിട്ടു

കാലാവസ്ഥാ വ്യതിയാനം കൃഷിപ്പണിയെ കൂടുതൽ അനിശ്ചിതത്വത്തിലാക്കിയതിനാൽ, ശങ്കറിന്റെ ഭാര്യ, 60 വയസ്സുള്ള അനുഷ ദിവസക്കൂലിക്ക് ജോലി ചെയ്യാൻ പോവുന്നു. അവർക്ക് രണ്ട് കുട്ടികളാണുള്ളത്. 22 വയസ്സുള്ള മൂത്ത മകൾ രേണുക വിവാഹിതയാണ്, 20 വയസ്സുള്ള മകൻ ബുദ്ധിവൈകല്യം നേരിടുന്നു. അതിനാൽ, 2018-ലെ ഖാരിഫ് സീസൺ അടുത്തപ്പോൾ മനസ്സിനുള്ളിലെ ദുശ്ചിന്തകളോട് പോരാടാൻ ശങ്കർ തീരുമാനിച്ചു. തന്റെ കുടുംബത്തിനെ പോറ്റാൻ‌വേണ്ടി.

ആ കാലത്താണ് മന:ശാസ്ത്രജ്ഞൻ അദ്ദേഹത്തെ സമീപിച്ചത്. “അവർ മൂന്നുനാല് മണിക്കൂർ എന്റെകൂടെ വന്ന് ഇരിക്കാറുണ്ടായിരുന്നു,” അദ്ദേഹം ഓർക്കുന്നു. “എനിക്കുണ്ടായ എല്ലാ വിഷമങ്ങളും ഞാൻ അവരുമായി പങ്കുവെച്ചു. അവരോട് സംസാരിച്ചാണ് ഞാൻ എന്റെ കെട്ട കാലത്തുനിന്ന് കരകയറിയത്. അതിനടുത്ത മാസങ്ങളിൽ പതിവായി നടന്ന മീറ്റിംഗുകളിലൂടെ അദ്ദേഹത്തിന് ആശ്വാസം ലഭിച്ചു. “എനിക്കവരോട് സ്വതന്ത്രമായി സംസാരിക്കാമായിരുന്നു. മുന്‍കരുതലില്ലാതെ എന്റെ വികാരങ്ങളെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കുന്നത് ഉന്മേഷദായകമായിരുന്നു,” അദ്ദേഹം വിശദീകരിക്കുന്നു. “ഞാൻ എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഇതൊക്കെ പങ്കുവെക്കുകയാണെങ്കിൽ, അവർ സമ്മർദ്ദത്തിലാവുകയായിരിക്കും ഫലം. ഞാനെന്തിന് അവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കണം?"

ഈരണ്ട് മാസം കൂടുമ്പോൾ ഇത്തരത്തിലുള്ള ഒരു കൂടിയിരിപ്പ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ശങ്കർ. എന്നാൽ ഒരു മുന്നറിയിപ്പോ വിശദീകരണമോ ഇല്ലാതെ പെട്ടെന്നൊരു ദിവസം അത്തരം ഇടപെടലുകൾ ഇല്ലാതായി. “ഭരണപരമായ കാരണങ്ങൾ,” എന്ന് മാത്രമായിരുന്നു പ്രോജക്‌റ്റിന്റെ തലവനായ കാപ്‌സെയ്‌ക്ക് അതിനെക്കുറിച്ച് പറയാനുണ്ടായിരുന്നത്.

ഇനി ഒരിക്കലും തങ്ങള്‍ പരസ്പരം കാണില്ലെന്ന് അവരുടെ അവസാനവട്ട കൂടിക്കാഴ്ചയിൽ, മന:ശാസ്ത്രജ്ഞരോ ശങ്കറോ കരുതിയില്ല. ഇടയ്ക്കിടെയുണ്ടായിരുന്ന ആ പഴയ ഇടപെടലുകൾക്കായി ശങ്കർ ദാഹിക്കുന്നു. വീണ്ടും സമ്മർദത്തിലായ അദ്ദേഹം ഒരു സ്വകാര്യ പണമിടപാടുകാരനിൽനിന്ന് 50,000 രൂപ, മാസത്തിൽ 5 രൂപ, അഥവാ, വർഷത്തിൽ 60 ശതമാനം അമിത പലിശനിരക്കിൽ കടം വാങ്ങി. ആരോടെങ്കിലുമൊന്ന്  സംസാരിക്കാൻ കാത്തിരിക്കുകയാണ് ശങ്കർ. എന്നാൽ 2014-ൽ അവതരിപ്പിച്ച മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കായുള്ള ടോൾ ഫ്രീ ഗവൺമെന്റ് ഹെൽപ്പ്‌ലൈനായ 104 എന്ന നമ്പറിലേക്ക് ഡയൽ ചെയ്യുക എന്നതുമാത്രമാണ് ഇപ്പോൾ അദ്ദേഹത്തിന് അവശേഷിക്കുന്ന ഏക മാർഗ്ഗം. പതിവുപോലെ എപ്പോഴും പ്രവർത്തനരഹിതമായിരിക്കുന്ന മറ്റൊരു സർക്കാർ സംവിധാനം മാത്രമാണത്.

'When we pour our heart and soul into our farm and get nothing in return, how do you not get depressed?' asks Shankar. He received help when a psychologist working with TATA trust reached out to him, but it did not last long
PHOTO • Parth M.N.

കൃഷിയിടത്തിൽ ഞങ്ങളുടെ ഹൃദയവും ആത്മാവും അർപ്പിച്ചിട്ടും പകരം ഒന്നും തിരികെ ലഭിക്കാതിരിക്കുമ്പോൾ, എങ്ങനെ വിഷാദത്തിലാകാതിരിക്കും?” ശങ്കർ ചോദിക്കുന്നു. ടാറ്റ ട്രസ്റ്റിൽ പ്രവർത്തിക്കുന്ന ഒരു മനഃശാസ്ത്രജ്ഞൻ അദ്ദേഹത്തെ സമീപിച്ചപ്പോൾ അദ്ദേഹത്തിന് സഹായം ലഭിച്ചു, പക്ഷേ അത് അധികനാൾ നീണ്ടുനിന്നില്ല

ആത്മഹത്യാചിന്തകൾ അനുഭവിക്കുന്ന ഒരു കർഷകനെന്ന മട്ടിൽ, 2022 സെപ്റ്റംബറിൽ, ദിവ്യ മറാഠി എന്ന പ്രാദേശിക ദിനപത്രം 104 എന്ന നമ്പറിലേക്ക് വിളിച്ചുനോക്കി. കൗൺസിലർ മറ്റൊരു രോഗിയുമായി തിരക്കിലാണെന്നായിരുന്നു ഹെൽപ്പ് ലൈനിൽനിന്നുള്ള പ്രതികരണം. വിളിച്ചയാളോട് അവളുടെ പേരും ജില്ലയും താലൂക്കും രേഖപ്പെടുത്താനും അരമണിക്കൂറിനുള്ളിൽ വീണ്ടും വിളിക്കാനും ഹെൽ‌പ്പ് ലൈൻ ആവശ്യപ്പെട്ടു. “തന്നെ കേൾക്കാൻ ആരെങ്കിലുമുണ്ടെന്ന് തോന്നുമ്പോൾ, രോഗിക്ക് അല്പം ശാന്തത അനുഭവപ്പെടും” കാപ്‌സെ അഭിപ്രായപ്പെടുന്നു. “എന്നാൽ ഗുരുതരമായ ആത്മഹത്യാപ്രവണതയുള്ള ഒരാളാണ് വിളിക്കുന്നതെങ്കിൽ, ഉടനെ 108 ആംബുലൻസ് സേവനം ഉപയോഗിക്കാൻ ഹെൽ‌പ്പ്‌ലൈൻ ആ വ്യക്തിയെ ബോധ്യപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ഹെൽപ്പ് ലൈൻ കൈകാര്യം ചെയ്യുന്ന കൗൺസിലർമാർക്ക് ഇത്തരം കേസുകൾ അഭിമുഖീകരിക്കാൻ പരിശീലനം നൽകണം” , അദ്ദേഹം പറയുന്നു.

സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം, 2015-16ൽ 13,437 ഫോൺവിളികളാണ് മഹാരാഷ്ട്രയുടെ എല്ലാ ഭാഗത്തുനിന്നും ഹെൽപ്പ് ലൈനിനെ തേടിയെത്തിയത്. അടുത്ത നാല് വർഷത്തെ ശരാശരി കോളുകളുടെ എണ്ണം പ്രതിവർഷം 9,200 ആയിരുന്നു. എന്നാൽ,, 2020-21-ൽ കോവിഡ്19 പൊട്ടിപ്പുറപ്പെടുകയും മാനസികാരോഗ്യ പ്രതിസന്ധികൾ മൂർച്ഛിക്കുകയും ചെയ്തപ്പോൾ കോളുകളുടെ എണ്ണം ഗണ്യമായി കുറയുകയാണ് ചെയ്തത്. പ്രതിവർഷം 3,575 കോളുകളായി അത് ചുരുങ്ങി. ആശ്ചര്യപ്പെടുത്തുന്ന 61 ശതമാനം ഇടിവ്. അടുത്തവർഷം, അത് 1,963 ആയി കുറഞ്ഞു – അതിനുമുമ്പത്തെ നാലുവർഷ ശരാശരിയിൽനിന്ന് 78 ശതമാനം കുറവ്.

മറുവശത്ത്, ഗ്രാമപ്രദേശങ്ങളിലെ ദുരിതം എക്കാലത്തെയും ഉയർന്ന നിലയിലായിരുന്നു, മഹാരാഷ്ട്രയിലുടനീളമുള്ള കർഷക ആത്മഹത്യകളുടെ എണ്ണവും ഉയര്‍ന്നു. മഹാരാഷ്ട്ര സർക്കാരിന്റെ കണക്കുകൾപ്രകാരം, 2022 ജൂലൈമുതൽ 2023 ജനുവരിവരെയുള്ള ആറുമാസത്തിനിടയിൽ 1,023 കർഷകരാണ് ആത്മഹത്യ ചെയ്തത്. 2022 ജൂലൈയ്ക്ക് മുമ്പുള്ള രണ്ടരവർഷത്തിനിടെ ആത്മഹത്യ ചെയ്ത കർഷകരാകട്ടെ ആകെ 1,660 മാത്രമായിരുന്നു.

2022 ഒക്‌ടോബർ 30-ന്, 104 ഹെല്‍പ്പ് ലെൻ സംവിധാനം സാവധാനം മാറ്റിസ്ഥാപിക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് ഒരു പുതിയ ഹെൽപ്പ് ലൈൻ നമ്പർ - 14416 - പ്രഖ്യാപിച്ചു. പുതിയ ഹെൽപ്പ്‌ലൈനിന്റെ സ്വാധീനം വിലയിരുത്താൻ സമയമായിട്ടില്ല. എന്നാൽ ദുരിതങ്ങൾ ഇപ്പോഴും തുടരുന്നു.

Farming is full of losses and stress, especially difficult without a mental health care network to support them. When Vijay is not studying or working, he spends his time reading, watching television, or cooking.
PHOTO • Parth M.N.
Farming is full of losses and stress, especially difficult without a mental health care network to support them. When Vijay is not studying or working, he spends his time reading, watching television, or cooking.
PHOTO • Parth M.N.

ധനനഷ്ടവും സമ്മർദവും നിറഞ്ഞതാണ് പൊതുവേ കൃഷിപ്പണി.  പിന്തുണ നൽകാൻ പ്രാപ്തമായ ഒരു മാനസികാരോഗ്യ സംരക്ഷണശൃംഖല ഇല്ലാതെ വരുമ്പോൾ പ്രത്യേകിച്ചും. പഠിക്കുകയും ജോലി ചെയ്യുകയുമല്ലാത്തപ്പോൾ വിജയ് വായനയും ടി.വി. കാണലും പാചകവുമായി സമയം ചിലവഴിക്കുന്നു

2022 സെപ്റ്റംബറിലെ അതിശക്തമായ മഴ ശങ്കറിന്റെ വിളവെടുപ്പിനെ നിലം‌പരിശാക്കി. ഒരു ലക്ഷം രൂപയുടെ കടം ഇപ്പോഴും ബാക്കിയാണ്. കൂലിപ്പണി ചെയ്ത് ഭാര്യയുടേയും തന്റേയും വരുമാനം ലയിപ്പിച്ച്, 2023-ലെ -ൽ അടുത്ത ഖാരിഫ് സീസണിലേക്കുള്ള മൂലധനം സ്വരൂപിക്കാൻ പദ്ധതിയിടുകയാണ് അദ്ദേഹം.

അക്പുരിയിൽ തിരിച്ചെത്തിയ വിജയ് ഇതിനകംതന്നെ ഇതിൽനിന്ന് പുറത്ത് കടക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പരുത്തി ഘട്ടം ഘട്ടമായി ഒഴിവാക്കി പകരം ചെറിയ കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാൻ കഴിവുള്ള സോയാബീൻ, ചേന [ചക്കപ്പയർ] പോലുള്ള വിളകൾ കൃഷിചെയ്യാൻ അദ്ദേഹം തീരുമാനിച്ചിരിക്കുന്നു. ഒരു ഹാർഡ്‌വെയർ സ്റ്റോറിൽ പ്രതിമാസം 10,000 രൂപയ്ക്ക് ജോലി ചെയ്യാൻ തുടങ്ങിയ വിജയ് കൂട്ടത്തിൽ എംഎ ഡിഗ്രിക്കും തയ്യാറെടുക്കുന്നുണ്ട്. പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്തപ്പോൾ, വായനയിലും ടെലിവിഷൻ കാണുന്നതിനും പാചകത്തിനും സമയം ചെലവഴിക്കുന്നു.

തന്റെ 25 വയസ്സിലും കവിഞ്ഞ പക്വതയുള്ള, കൃഷിയിടവും വീടും സ്വയം കൈകാര്യം ചെയ്യാൻ നിർബന്ധിതനായ വിജയ് തന്റെ മനസ്സിനെ അലട്ടാൻ ഒരിക്കലും അനുവദിക്കാറില്ല. കാരണം ഒരിക്കൽ അതിനനുവദിച്ചാൽ, പിന്നീട്, നേരിടാൻ സാധിക്കാത്ത ചിന്തകളെ അത് സൃഷ്ടിക്കുമെന്ന് അവൻ ഭയപ്പെടുന്നു.

“ഞാൻ ജോലി സ്വീകരിച്ചത് പണത്തിന് വേണ്ടിയല്ല,” അദ്ദേഹം പറയുന്നു. “എപ്പോഴും സജീവമായിരിക്കാൻ വേണ്ടിയാണ്. നന്നായി പഠിച്ച് സ്ഥിരതയുള്ള ഒരു ജോലി നേടണം. എന്നാൽ‌പ്പിന്നെ എനിക്ക് കൃഷി എന്നെന്നേക്കുമായി ഉപേക്ഷിക്കാം. അച്ഛൻ ചെയ്തത് ഞാൻ ചെയ്യില്ല. പക്ഷേ, പ്രവചിക്കാനാവാത്ത കാലാവസ്ഥയിൽ എക്കാലവും ജീവിക്കാൻ എനിക്കാവില്ല”

താക്കൂർ ഫാമിലി ഫൌണ്ടേഷന്റെ സ്വതന്ത്രപത്രപ്രവർത്തനത്തിനുള്ള ഗ്രാന്റുപയോഗിച്ച് ജനകീയാരോഗ്യം , പൌരാസ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകനാണ് പാർത്ഥ് എം.എൻ. ഈ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ താക്കൂർ ഫാമിലി ഫൌണ്ടേഷൻ ഒരുവിധത്തിലുമുള്ള ഇടപെടലുകളും നടത്തിയിട്ടില്ല.

നിങ്ങൾ ആത്മഹത്യാ പ്രവണതയുള്ള ആളാണെങ്കിൽ അല്ലെങ്കിൽ വിഷാദം അനുഭവിക്കുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ കിരണിലേക്ക് ദേശീയ ഹെൽപ്‌ലൈൻ നമ്പരായ 1800-599-0019- ൽ (24/7 ടോൾ ഫ്രീ ) വിളിക്കുക , അല്ലെങ്കിൽ നിങ്ങളുടെ സമീപത്തുള്ള ഈ ഹെൽപ്‌ലൈനുകളിൽ എതിലെങ്കിലും വിളിക്കുക . മാനസികാരോഗ്യ വിദഗ്ദ്ധരെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾക്കായി ദയവ് ചെയ്ത് എസ്.പി.ഐ.എഫിന്‍റെ മാനസികാരോഗ്യ ഡയറക്ടറി സന്ദർശിക്കുക .

പരിഭാഷ: സിദ്ധിഖ് കാപ്പൻ

Parth M.N.

ਪਾਰਥ ਐੱਮ.ਐੱਨ. 2017 ਤੋਂ ਪਾਰੀ ਦੇ ਫੈਲੋ ਹਨ ਅਤੇ ਵੱਖੋ-ਵੱਖ ਨਿਊਜ਼ ਵੈੱਬਸਾਈਟਾਂ ਨੂੰ ਰਿਪੋਰਟਿੰਗ ਕਰਨ ਵਾਲੇ ਸੁਤੰਤਰ ਪੱਤਰਕਾਰ ਹਨ। ਉਨ੍ਹਾਂ ਨੂੰ ਕ੍ਰਿਕੇਟ ਅਤੇ ਘੁੰਮਣਾ-ਫਿਰਨਾ ਚੰਗਾ ਲੱਗਦਾ ਹੈ।

Other stories by Parth M.N.
Editor : Pratishtha Pandya

ਪ੍ਰਤਿਸ਼ਠਾ ਪਾਂਡਿਆ PARI ਵਿੱਚ ਇੱਕ ਸੀਨੀਅਰ ਸੰਪਾਦਕ ਹਨ ਜਿੱਥੇ ਉਹ PARI ਦੇ ਰਚਨਾਤਮਕ ਲੇਖਣ ਭਾਗ ਦੀ ਅਗਵਾਈ ਕਰਦੀ ਹਨ। ਉਹ ਪਾਰੀਭਾਸ਼ਾ ਟੀਮ ਦੀ ਮੈਂਬਰ ਵੀ ਹਨ ਅਤੇ ਗੁਜਰਾਤੀ ਵਿੱਚ ਕਹਾਣੀਆਂ ਦਾ ਅਨੁਵਾਦ ਅਤੇ ਸੰਪਾਦਨ ਵੀ ਕਰਦੀ ਹਨ। ਪ੍ਰਤਿਸ਼ਠਾ ਦੀਆਂ ਕਵਿਤਾਵਾਂ ਗੁਜਰਾਤੀ ਅਤੇ ਅੰਗਰੇਜ਼ੀ ਵਿੱਚ ਪ੍ਰਕਾਸ਼ਿਤ ਹੋ ਚੁੱਕਿਆਂ ਹਨ।

Other stories by Pratishtha Pandya
Translator : Sidhique Kappan

Sidhique Kappan is a Delhi based Keralaite journalist. He writes on Adivasis, Dalits and women issues. He is a regular contributor to Encyclopedia and Wikipedia.

Other stories by Sidhique Kappan