വീട്ടിലെ ജനലിലൂടെ നോക്കിയാൽ കാണുന്ന ദൂരമത്രയും വെള്ളമാണ്. ഈ വർഷത്തെ പ്രളയജലം ഒഴിഞ്ഞുപോയിട്ടില്ല. സുബൻസരി പുഴയുടെ ഒരു കിലോമീറ്റർ അകലെയാണ് രൂപാലി പെഗു താമസിക്കുന്നത്. അസമിന്റെ വലിയൊരു ഭൂഭാഗത്തെ പ്രളയത്തിൽ മുക്കുന്ന ബ്രഹ്മപുത്രയുടെ ഒരു സുപ്രധാന കൈവഴിയാണ് ആ നദി.
വിരോധാഭാസമെന്ന് തോന്നാം, ചുറ്റും വെള്ളമാണെങ്കിലും, കുടിവെള്ളം കണ്ടെത്തൽ ഒരു വലിയ വെല്ലുവിളിയാണെന്ന് അവർ പറയുന്നു. അസമിലെ ലൊഖിംപുർ ജില്ലയിലെ ബോർദുബി മലുവൽ ഗ്രാമത്തിലെ കുടിവെള്ളം മലിനമാണ്. “ഗ്രാമത്തിലെയും സമീപപ്രദേശങ്ങളിലേയും മിക്ക ഹാൻഡ്‌പമ്പുകളും വെള്ളത്തിൽ മുങ്ങിപ്പോയിരിക്കുന്നു,” രൂപാലി പറയുന്നു.
റോഡിന്റെ സമീപത്തുള്ള ഹാൻഡ്‌പമ്പിൽനിന്ന് വെള്ളം കൊണ്ടുവരാൻ അവർ ആശ്രയിക്കുന്നത് ഒരു കളിയോടത്തെയാണ്. മൂന്ന് വലിയ സ്റ്റീൽ പാത്രങ്ങളുമായി, രൂപാലി റോഡിലേക്ക് തന്റെ വഞ്ചി തുഴയുന്നു. റോഡും വെള്ളത്തിലാണ്. പ്രളയത്തിൽ മുങ്ങിയ ഗ്രാമത്തിലൂടെ, വളരെ ശ്രദ്ധിച്ചാണ് അവർ ഒരു മുളംതണ്ടുകൊണ്ട് തുഴഞ്ഞുപോകുന്നത്. “മോണി, വാ!” യാത്രയിൽ എപ്പോഴും കൂടെ വരാറുള്ള തന്റെ അയൽക്കാരിയെ വിളിക്കുകയാണ് അവർ. പാത്രങ്ങൾ നിറയ്ക്കാൻ ഈ കൂട്ടുകാർ പരസ്പരം സഹായിക്കുന്നു.








