സമയം രാവിലെ ഒൻപതുമണി. മുംബൈയിലെ ആസാദ് മൈതാനത്തെ സജീവമാക്കി ഒരു കൂട്ടം യുവ ക്രിക്കറ്റർമാർ ആവേശകരമായ ഒരു വാരാന്ത്യ മത്സരത്തിന് തയ്യാറെടുക്കുകയാണ്. മത്സരം മുന്നേറുന്നതിനനുസരിച്ച് ഇടയ്ക്കിടെ ആർപ്പുവിളികളും നിലവിളികളും ഉയരുന്നു.
അവിടെനിന്ന് കഷ്ടി 50 മീറ്റർ അകലെ, 5,000 മത്സരാർത്ഥികളുമായി മറ്റൊരു 'കളി' നിശബ്ദം മുന്നേറുന്നുണ്ട്. ഈ കളി തുടങ്ങിയിട്ട് കൂടുതൽ നാളുകൾ ആയെന്ന് മാത്രമല്ല, അതിന്റെ പ്രത്യാഘാതങ്ങളും കൂടുതൽ ഗുരുതരമാണ്. മുംബൈയിലെ ആസാദ് മൈതാനത്ത് കഴിഞ്ഞ മാസം പ്രതിഷേധിച്ച ആയിരക്കണക്കിന് അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് അഥവാ ASHA (ആശ) എന്നറിയപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് ഇതുവരെയും തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ഫെബ്രുവരി 9-നു സമരം തുടങ്ങി ആദ്യത്തെ ആഴ്ചയ്ക്കുള്ളിൽത്തന്നെ 50-ൽ കൂടുതൽ സ്ത്രീ പ്രതിഷേധക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.
തിരക്കേറിയ റോഡിൻറെ കാഴ്ച്ചവട്ടത്തുതന്നെ, 30-കളുടെ തുടക്കത്തിൽ പ്രായമുള്ള ഒരു ആശാ വർക്കർ നിലത്തിരിക്കുന്നു. അതിലൂടെ കടന്നുപോകുന്നവരുടെ തുറിച്ചുനോട്ടം അവഗണിക്കുമ്പോഴും അവർ ആശങ്കയോടെ ചുറ്റുപാടും പരിശോധിക്കുന്നുണ്ട്. ഉടൻ തന്നെ ഒരു കൂട്ടം സ്ത്രീകൾ അവർക്ക് ചുറ്റും ദുപ്പട്ടകളും ഒരു കമ്പിളിയും കൊണ്ട് മറ തീർക്കുകയും അവർ പെട്ടെന്ന് വസ്ത്രം മാറുകയും ചെയ്യുന്നു.
ഏതാനും മണിക്കൂറുകൾക്കുശേഷം ഉച്ചഭക്ഷണത്തിന് സമയമാകുന്നതോടെ, പൊള്ളുന്ന നട്ടുച്ച വെയിലത്ത് ആശ വർക്കർമാർ റീട്ട ചാവ്‌റെ എന്ന സഹപ്രവർത്തകയ്ക്ക് ചുറ്റും കൂടുന്നു. ഓരോരുത്തരുടെ കയ്യിലും ഒഴിഞ്ഞ ചോറ്റുപാത്രങ്ങളോ പ്ളേറ്റുകളോ അടപ്പുകളോ ഉണ്ട്. 47 വയസ്സുകാരിയായ റീട്ട വീട്ടിൽനിന്ന് തയാറാക്കി കൊണ്ടുവന്ന ഭക്ഷണം വിളമ്പുമ്പോൾ, എല്ലാവരും ക്ഷമാപൂർവം തങ്ങളുടെ ഊഴം കാത്തുനിൽക്കുന്നു. "ഇവിടെ പ്രതിഷേധിക്കുന്ന ഏതാണ്ട് 80-100 ആശാ വർക്കർമാർക്ക് ഞാൻ ഭക്ഷണം കൊടുക്കുന്നുണ്ട്," മറ്റ് 17 ആശാ വർക്കർമാർക്കൊപ്പം താനെ ജില്ലയിലെ ടിസ്ഗാവിൽനിന്ന് നിത്യേന രണ്ടുമണിക്കൂർ യാത്ര ചെയ്ത് ആസാദ് മൈതാനത്തെത്തുന്ന റീട്ട പറയുന്നു.
"ഒരു ആശാ വർക്കർ പോലും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ഞങ്ങൾ ഊഴമിട്ട് ഭക്ഷണം കൊണ്ടുവരികയാണ്. എന്നാൽ ഇപ്പോൾ ഞങ്ങൾക്കും അസുഖം ബാധിക്കാൻ തുടങ്ങിയിരിക്കുന്നു. ഞങ്ങൾ ക്ഷീണിതരുമാണ്," 2024 ഫെബ്രുവരിയുടെ അവസാനം പാരിയോട് സംസാരിക്കവേ അവർ കൂട്ടിച്ചേർക്കുന്നു.



















