"ഗുലാം നബി, നിന്റെ കണ്ണുകൾ നാശമാവുമല്ലോ. എന്താണീ ചെയ്യുന്നത്? പോയി കിടന്നുറങ്ങൂ."
ഞാൻ രാത്രിയാവോളം മരപ്പണിയിൽ ഏർപ്പെട്ടിരിക്കുന്നത് കാണുമ്പോൾ അമ്മയിതാണ് പറയാറുള്ളത്. എത്ര ചീത്ത കേട്ടാലും ഞാൻ നിർത്താറുമില്ലായിരുന്നു! 60 കൊല്ലത്തോളം ഈ ശില്പവിദ്യ പരിശീലിച്ചാണ് ഞാൻ ഇന്നിവിടെയെത്തി നിൽക്കുന്നത്.
എപ്പോഴാണ് ജനിച്ചതെന്ന് കൃത്യമായി അറിയില്ലെങ്കിലും, പ്രായം എഴുപതുകളിലാണ് ഇന്ന്. ഈ നഗരത്തിലെ മാലിക് സാഹിബ് സഫക്കദൽ പ്രദേശത്താണ് ഇക്കാലമത്രയും ഞാൻ ജീവിച്ചത്. ഞാൻ പഠിച്ചത് ഇവിടെയടുത്തുള്ളൊരു പ്രൈവറ്റ് സ്കൂളിലാണ്, പക്ഷേ എന്റെ കുടുംബത്തിന്റെ അന്നത്തെ സാമ്പത്തികസ്ഥിതി കാരണം എനിക്ക് മൂന്നാം ക്ലാസ്സിൽ പഠനം നിർത്തേണ്ടിവന്നു. എന്റെ അച്ഛൻ, അലി മുഹമ്മദ് ദാർ, തൊട്ടടുത്തുള്ള ജില്ലയായ അനന്ത്നാഗിൽ ജോലി ചെയ്തിരുന്നുവെങ്കിലും, എനിക്ക് 10 വയസ്സുള്ളപ്പോൾ അദ്ദേഹം ശ്രീനഗറിലേക്കുതന്നെ മടങ്ങിവന്നു.
അങ്ങനെ എന്റെ അമ്മയും അസിയും പിന്നെ 12 മക്കളുമടങ്ങുന്ന കുടുംബത്തെ പരിപാലിക്കാനായി, അദ്ദേഹം നഗരത്തിൽ പച്ചക്കറികളും പുകയിലയും വിൽക്കാൻ തുടങ്ങി. ഏറ്റവും മൂത്ത മകനെന്ന നിലക്ക് ഞാനും എന്റെ സഹോദരൻ ബഷീർ അഹമ്മദ് ദാറും അച്ഛനെ സഹായിച്ചിരുന്നു. അധികം പണിതിരക്കുകളൊന്നുമില്ലാതിരിക്കുമ്പോൾ ഞങ്ങൾ കറങ്ങിനടക്കുന്നത് കണ്ട് എന്റെ മാമനാണ് (മാതൃസഹോദരൻ) ഒരിക്കൽ എന്റെയച്ഛനെ ഉപദേശിച്ചത്. ഞങ്ങളെ മരംകൊത്തുപണിക്കു വിടാൻ അദ്ദേഹമാണ് പ്രേരിപ്പിച്ചത്.














