സരസ്വതി ബൌരി സ്വയം നഷ്ടപ്പെട്ട് നിന്നു.
തന്റെ സബൂജ് സാഥി ബൈസിക്കിൾ മോഷ്ടിക്കപ്പെട്ടതിൽപ്പിന്നെ, സ്കൂളിൽ പോകുന്നത് വലിയ വെല്ലുവിളിയായി അവൾക്ക്. സർക്കാർ സ്കൂളുകളിലെ 9, 10 ക്ലാസ്സിലെ കുട്ടികൾക്കുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി ആ സൈക്കിൾ കിട്ടിയ ദിവസം അവൾക്ക് ഓർമ്മയുണ്ട്. തിളച്ച വെയിലിന്റെ കീഴിലെ അതിന്റെ ആ കണ്ണഞ്ചിപ്പിക്കുന്ന തിളക്കം!
ഇന്ന് അവൾ ഗ്രാമപ്രധാന്റെ മുമ്പിൽ, പ്രതീക്ഷയും പുതിയ സൈക്കിളിനുള്ള അപേക്ഷയുമായാണ് വന്നത്. “നിനക്ക് നിന്റെ സൈക്കിൾ കിട്ടിയെന്ന് വരും മകളേ, എന്നാൽ നിന്റെ സ്കൂൾ ഇനി അധികകാലം അവിടെയുണ്ടാവില്ല,” ഒരു നിസ്സംഗതയോടെ ശരീരം കുലുക്കി സർപാഞ്ച് പറയുന്നു. തന്റെ കാൽക്കീഴിലെ മണ്ണൊലിച്ചുപോകുന്നതുപോലെ തോന്നി സരസ്വതിക്ക്. എന്താണ് സർപാഞ്ച് ഉദ്ദേശിച്ചത്? ഇപ്പോൾ അവൾ 5 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് സ്കൂളിലേക്ക് പോകുന്നത്. അതിനി 10-ഓ, 20-ഓ, അതിലധികമോ ദൂരത്തായാൽ, അവളുടെ ജീവിതം അതോടെ തീരും. കഴിയുന്നതും വേഗം അവളെ വിവാഹം കഴിപ്പിച്ചയയ്ക്കാൻ കാത്തുനിൽക്കുന്ന അച്ഛനെ പിന്തിരിപ്പിക്കാൻ, കന്യാശ്രീ എന്ന പദ്ധതിയിനത്തിൽ വർഷത്തിൽ കിട്ടുന്ന ആയിരം രൂപയ്ക്കൊന്നും സാധിക്കില്ല.
സൈക്കിൾ
പെൺകുഞ്ഞേ, പെൺകുഞ്ഞേ സ്കൂളിൽ പോ
ഇരുമ്പിന്റെ കലപ്പപോലെ ധീരയായി
സർക്കാരി സൈക്കിൾ ചവിട്ടി, മഹല്ലും കടന്ന് പോ.
ജന്മിമാർക്ക് ഭൂമി വേണമത്രെ.
നിന്റെ സ്കൂൾ പൂട്ടിയാൽ നിന്റെ കഥ എന്താകും?
പെൺകുഞ്ഞേ, പെൺകുഞ്ഞേ, നീ സങ്കടപ്പെടുന്നതെന്തിന്?


