“ആവോ, ആവോ, സുനോ, ആപ്നാ ഭവിഷ്യവാണി, സുനോ ആപ്നി ആഗ്രേ കീ കഹാനീ....” (വരൂ, വരൂ, കേൾക്കൂ, നിങ്ങളുടെ ഭാവി, നാളത്തെ നിങ്ങളുടെ കാലത്തിന്റെ കഥ കേൾക്കൂ). ജുഹു ബീച്ചിലെ സായാഹ്നബഹളത്തിനിടയിൽ അയാളുടെ ശബ്ദം, ഒരു ഗൂഢമന്ത്രം പോലെ പ്രതിദ്ധ്വനിക്കുന്നു. മുംബൈയുടെ ഈ പ്രാന്തപ്രദേശത്തെ സജീവമായ കടൽത്തീരത്തിൽ, അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിലിരുന്ന്, 27 വയസ്സുള്ള ഉദയ് കുമാർ ആളുകളെ ക്ഷണിക്കുകയാണ്, ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങൾ കേൾക്കാൻ.
സ്വയപരിശീലനം നേടിയ ജ്യോതിഷിയോ, ഹസ്തരേഖക്കാരനോ, തത്തയെക്കൊണ്ട് ചീട്ടെടുപ്പിച്ച് ഭാവി പറയിപ്പിക്കുന്നയാളോ അല്ല. അയാൾ അതിനുപകരം, വിളക്കുകൾകൊണ്ട് അലങ്കരിച്ച, കഷ്ടിച്ച് ഒരടി നീളമുള്ള ഒരു ചെറിയ യന്ത്രമനുഷ്യനാണ് അയാളുടെ കൂടെയുള്ളത്. നാലടി ഉയരമുള്ള മടക്കിവെക്കാവുന്ന ഒരു മേശപ്പുറത്ത്, നിഗൂഢമായി കാണപ്പെടുന്ന ഒരു കറുത്ത പെട്ടിയുടെ മുകളിലാണ് ആ റോബോട്ടിന്റെ നില്പ്. “ജ്യോതിഷ് കമ്പ്യൂട്ടർ ലൈവ് സ്റ്റോറി എന്നാണ് ഇതിനെ വിളിക്കുന്നത്,” അയാൾ റോബോട്ടിനെ ഈ റിപ്പോർട്ടറെ പരിചയപ്പെടുത്തിയത് അങ്ങിനെയാണ്.
വ്യക്തികളുടെ കമ്പനങ്ങൾ ആ യന്ത്രത്തിന് മനസ്സിലാവുമെന്ന് പറഞ്ഞ്, അയാൾ ഒരു ഹെഡ്ഫോണെടുത്ത്, അമ്പരപ്പോടെ അടുത്തേക്ക് വന്ന ഒരു ഉപഭോക്താവിന്റെ ചെവിയിൽ വെച്ചുകൊടുത്തു. അല്പനേരം കഴിഞ്ഞ്, ആ യന്ത്രം, ഒരു പെൺശബ്ദത്തിൽ, ഹിന്ദിയിൽ ആ ഉപഭോക്താവിന്റെ ഭാവി വെളിപ്പെടുത്തും. ആകെ ചിലവ് 30 രൂപ മാത്രം.
ഏതാനും പതിറ്റാണ്ട് മുമ്പ്, ബിഹാറിലെ ഗെന്ധ കോളനിയിൽനിന്ന് മുംബൈയിലേക്ക് താമസം മാറ്റിയ അമ്മാവൻ രാജുവിൽനിന്നാണ് (നഗരത്തിൽ രാജു എന്ന പേരിലാണ് അയാൾ അറിയപ്പെട്ടിരുന്നത്) ഉദയ്ക്ക് ഈ അത്ഭുതയന്ത്രം കിട്ടിയത്. ഇന്ന് അതിന്റെ ഏക സൂക്ഷിപ്പുകാരനാണ് ഉദയ്. അവധിക്ക് നാട്ടിൽ വരുമ്പോൾ, അമ്മാവനിൽനിന്ന് അയാൾ നഗരത്തെക്കുറിച്ചുള്ള കഥകൾ കേട്ടിരുന്നു. “ഭാവി പ്രവചിക്കുന്ന ഒരു വിചിത്രവസ്തു തന്റെ കൈയ്യിലുണ്ടെന്നും അങ്ങിനെയാണ് പൈസ ഉണ്ടാക്കുന്നതെന്നും അമ്മാവൻ ഞങ്ങളോട് പറഞ്ഞു. എല്ലാവരും ചിരിച്ചുതള്ളി. പക്ഷേ എനിക്ക് അത്ഭുതമായിരുന്നു,” ഉദയ് പറഞ്ഞു. അമ്മാവനാണ് തന്റെ 11 വയസ്സുള്ള മരുമകന് നഗരത്തിന്റേയും ഈ വിചിത്രമായ യന്ത്രത്തിന്റേയും കഥകൾ പരിചയപ്പെടുത്തിക്കൊടുത്തത്.
സ്വന്തമായുണ്ടായിരുന്ന ഏതാനും ബിഗ ഭൂമിയിൽ പണിയെടുക്കുകയായിരുന്നു ഉദയുടെ അച്ഛനമ്മമാർ. ഇടയ്ക്കിടയ്ക്കുണ്ടാവുന്ന സാമ്പത്തികപരാധീനതകൾ മൂലം, ഉദയ്ക്ക് 4-ആം ക്ലാസിൽവെച്ച് വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്നു. ബിഹാറിലെ വെശാലി ജില്ലയിലെ ഗ്രാമത്തിൽനിന്ന്, അമ്മാവൻ രാജുവിന്റെ കൂടെ മുംബൈയിലേക്ക് കുടിയേറിയത്, കുടുംബത്തിനെ സഹായിക്കണം എന്ന ലക്ഷ്യത്തോടെയായിരുന്നു. അന്ന് അയാൾക്ക് കൌമാരപ്രായമായിരുന്നിരിക്കണം. “ഈ യന്ത്രം കാണണമെന്നുണ്ടായിരുന്നു. കൂട്ടത്തിൽ, മുംബൈ നഗരവും,” ഗൃഹാതുരത്വത്തോടെ അയാൾ പറഞ്ഞു.
അമ്മാവൻ ഉപയോഗിച്ചിരുന്ന യന്ത്രം, ചെന്നൈയിലേയും കേരളത്തിലേയും ഏതോ മെക്കാനിക്കുകൾ നിർമ്മിച്ചതായിരുന്നു. 90-കളുടെ അവസാനം, മുംബൈയിലാണ് അത് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് ഉദയ് ഓർക്കുന്നു. രാജു അമ്മാവൻ ആ മെക്കാനിക്കുകളെ പരിചയപ്പെട്ടു. ഒരു കൈ പരീക്ഷിക്കാൻ, വാടക അടിസ്ഥാനത്തിലാണ് അവരിൽനിന്ന് യന്ത്രം വാങ്ങിയത്.
“ഈ ജോലി ചെയ്യുന്ന 20-25 ആളുകളുണ്ടായിരുന്നു. മിക്കവരും തെക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ളവർ. ചുരുക്കം ചില ബിഹാറുകാരും ഉത്തർ പ്രദേശുകാരും ഉണ്ടായിരുന്നു. എല്ലാം ഒരുപോലത്തെ യന്ത്രങ്ങളായിരുന്നു.”
രാജുവിനെപ്പോലെ അവരും ഈ വിചിത്രവസ്തുവുമായി നഗരത്തിൽ ചുറ്റിനടന്നു. കച്ചവടത്തിന് പറ്റിയ സ്ഥലമായിരുന്നു ജുഹു കടൽത്തീരം. അമ്മാവന്റെ കൂടെ ഉദയും നഗരം ചുറ്റിയടിച്ചു. കിട്ടിയ വരുമാനത്തിന്റെ നാലിലൊരു ഭാഗം യന്ത്രത്തിന്റെ വാടകയിനത്തിൽ ചിലവായിരുന്നു. രാജു അമ്മാവൻ ഈ കച്ചവടത്തിലേക്ക് തിരിയുമ്പോൾ 40,000 രൂപ വിലയുണ്ടായിരുന്നു ആ യന്ത്രത്തിന്. ഒടുവിൽ അദ്ദേഹം അത് വില കൊടുത്ത് സ്വന്തമാക്കി.
പല തവണ ശ്രമിച്ചിട്ടും ഈ യന്ത്രമുണ്ടാക്കുന്ന വിദ്യ ഉദയ്ക്ക് പഠിക്കാൻ സാധിച്ചില്ല. കുറച്ച് വർഷങ്ങൾക്കുമുമ്പ്, അമ്മാവൻ മരിച്ചപ്പോഴാണ് ആ ഭാവിപ്രവചന യന്ത്രമനുഷ്യൻ ഉദയുടെ കൈയ്യിലെത്തിച്ചേർന്നത്. തന്റെ ഭാവനയെ ഒരുകാലത്ത് ഉദ്ദീപിച്ചിരുന്ന പാരമ്പര്യം സ്വയം ഏറ്റെടുത്തതുപോലെ തോന്നി ഉദയിന്.
ഒരു പതിറ്റാണ്ടുമുമ്പ്, 20 രൂപ കൊടുത്താണ് ആളുകൾ തങ്ങളുടെ ഭാവിയെക്കുറിച്ച് കേട്ടിരുന്നതെങ്കിൽ, കഴിഞ്ഞ നാലുകൊല്ലത്തിനുള്ളിൽ അത് 30 രൂപയായി വർദ്ധിച്ചു. കോവിഡ്-19 മഹാവ്യാധി കച്ചവടത്തിന് ഒരു പ്രഹരമായി. “ധാരാളമാളുകൾ കാലക്രമത്തിൽ ഈ തൊഴിലുപേക്ഷിച്ചു,” ഉദയ് പറയുന്നു. മഹാവ്യാധിക്കുശേഷവും ഇതിൽ പിടിച്ചുനിന്ന ഒരേയൊരാളാണ് ഉദയ്.
ഈ യന്ത്രത്തിൽനിന്ന് കിട്ടുന്ന വരുമാനംകൊണ്ടുമാത്രം ജീവിക്കാൻ ഉദയും ബുദ്ധിമുട്ടുന്നുണ്ട്. ഭാര്യയും അഞ്ച് വയസ്സുള്ള മകനും ഗ്രാമത്തിലുണ്ട്. മകനെ മുംബൈയിൽ പഠിപ്പിക്കണമെന്നാണ് അയാളുടെ മോഹം. പകൽ സമയങ്ങളിൽ കൈയ്യിൽ കിട്ടുന്ന ജോലിയെല്ലാം അയാൾ ചെയ്യുന്നുണ്ട്. ഗുമസ്തപ്പണിയും, ലഘുലേഖകൾ വിൽക്കലും എല്ലാം. എന്ത് ജോലിയും ചെയ്യാൻ തയ്യാറാണ് അയാൾ. “പകൽസമയത്ത് മറ്റ് ജോലികൾ കിട്ടിയില്ലെങ്കിലും ഈ റോബോട്ടുമായി നിന്നാൽ എന്തെങ്കിലുമൊക്കെ സമ്പാദിക്കാം. അത് കുടുംബത്തിലേക്ക് അയയ്ക്കാൻ സാധിക്കും,” അയാൾ പറഞ്ഞു.
വൈകീട്ട് 4 മുതൽ അർദ്ധരാത്രിവരെ അയാൾ ജുഹു ബീച്ചിൽ റോബോട്ടുമായി നിൽക്കും. മറ്റേത് സ്ഥലത്ത് നിന്നാലും പിഴയടക്കേണ്ടിവരുമെന്ന് അയാൾ ഭയപ്പെടുന്നു. യന്ത്രവുമായി യാത്ര ചെയ്യലും എളുപ്പമല്ല. വാരാന്ത്യങ്ങളിലാണ് കൂടുതൽ കച്ചവടം കിട്ടുക. അന്നാണ് ധാരാളമാളുകൾ ഭാവി അറിയാൻ വരുന്നത്. ആ ദിവസങ്ങളിൽ 300-നും 500-നുമിടയിൽ രൂപ അയാൾ ഉണ്ടാക്കും. മാസത്തിൽ 7,000 മുതൽ 10,000 രൂപവരെയാണ് അയാളുടെ വരുമാനം.
“ഗ്രാമത്തിൽ ആളുകൾക്ക് ജ്യോത്സ്യനിലാണ് വിശ്വാസം. യന്ത്രത്തിലല്ല. അതിനാൽ അവിടെ വരുമാനമൊന്നും കിട്ടില്ല,” ഗ്രാമത്തിലെ ആളുകളെ, ഈ യന്ത്രത്തിന്റെ അത്ഭുതസിദ്ധികൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെട്ടത് ഓർത്തെടുത്ത് ഉദയ് പറഞ്ഞു. കച്ചവടത്തിന് പറ്റിയ സ്ഥലം മുംബൈയാണ്. ഈ യന്ത്രത്തെ കൂടുതലാളുകളും കാണുന്നത് കൌതുകത്തോടെയാണ്. ബീച്ചിൽ വരുന്നവർ സംശയത്തോടെയാണ് ഇതിനെ കാണുന്നത്.
“ചിലർക്ക് ഇത് തമാശയാണ്. ചിരിക്കാനുള്ള സാധനം. അതിശയിക്കുന്നവരും കുറവല്ല. ഈയിടെ ഒരാൾ ഒരാൾ ആദ്യമൊക്കെ ചിരിച്ച് തള്ളിയെങ്കിലും, കൂട്ടുകാരൻ നിർബന്ധിച്ച് യന്ത്രത്തിന്റെ ഭാവിപ്രവചനം കേട്ടപ്പോൾ വലിയ സന്തോഷമായി. വയറുമായി ബന്ധപ്പെട്ട എന്തോ വേദന അലട്ടുന്നുണ്ടെന്നായിരുന്നുവത്രെ യന്ത്രത്തിന്റെ പ്രവചനം. അത് ശരിയാണെന്ന് അയാൾ അത്ഭുതത്തോടെ സമ്മതിക്കുകയും ചെയ്തു. അങ്ങിനെ പല തരക്കാരായ ആളുകളേയും ഞാൻ കാണാറുണ്ട്,” ഉദയ് പറയുന്നു.
“യന്ത്രത്തിന് ഇതുവരെ തെറ്റൊന്നും സംഭവിച്ചിട്ടില്ല,” റോബോട്ടിന്റെ അത്ഭുതസിദ്ധികളിലുള്ള അഭിമാനത്തോടെ ഉദയ് പറയുന്നു.
എപ്പോഴെങ്കിലും കേട് വന്നിട്ടുണ്ടോ?
കേട് വന്നാൽ ശരിയാക്കാൻ അറിയുന്ന ആൾ പട്ടണത്തിലുണ്ടെന്ന് ഉദയ് പറഞ്ഞു.
“ഇതിന്റെ പ്രവചനങ്ങളിൽ എനിക്ക് വിശ്വാസമുണ്ട്. എന്റെ ജോലിയിൽ തുടരാൻ ഇത് എന്നെ സഹായിക്കുന്നു,” തന്റെ സ്വന്തം ജീവിതത്തെക്കുറിച്ച് യന്ത്രം എന്ത് പറയുന്നു എന്ന് വെളിപ്പെടുത്താൻ ഉദയ് എന്തായാലും തയ്യാറായില്ല. “ഇതിന്റെയകത്ത് ഒരു ഇന്ദ്രജാലമുണ്ട്. എന്നെക്കുറിച്ച് പറയുന്ന ചില കാര്യങ്ങൾ കേട്ട് എനിക്കുതന്നെ അത്ഭുതം തോന്നി. എന്താണ് പറഞ്ഞതെന്ന് ഞാൻ നിങ്ങളോട് പറയില്ല. നിങ്ങളിതിൽ വിശ്വസിക്കണമെന്ന് ഞാൻ പറയില്ല. നിങ്ങൾ സ്വയം കേട്ടുനോക്കി തീരുമാനിക്കൂ,” അയാൾ ഒരു ചിരിയോടെ പറഞ്ഞു.
പരിഭാഷ: രാജീവ് ചേലനാട്ട്