റേഷന്റെ വിതരണം മുതൽ, സംസ്ഥാന ഫണ്ടുകൾ എങ്ങിനെയൊക്കെ ഉപയോഗിക്കപ്പെടുന്നു എന്നതുവരെയുള്ള കാര്യങ്ങൾക്ക് പരിഹാരം കാണുന്നതിനായി, ഗുജ്ജാർ ഇടയനായ അബ്ദുൾ റഷീദ് ഷെയിക്ക് ആർ.ടി.ഐ. (റിക്വസ്റ്റ് ടു ഇൻഫർമേഷൻ - വിവരാവകാശത്തിനായുള്ള അപേക്ഷ) ഹരജികൾ അയച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ വർഷവും തന്റെ 50 ചെമ്മരിയാടുകളും 20 ആടുകളുമായി കശ്മീരിലെ ഹിമാലയപ്രദേശങ്ങളിലേക്ക് പോകേണ്ടിവരുന്ന 50 വയസ്സുള്ള ആ ഇടയൻ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ ഇരുപത്തിനാല് ഹരജികൾ അയച്ചുകഴിഞ്ഞു.

“പണ്ടൊക്കെ (ഉദ്യോഗസ്ഥരായ) ആളുകൾക്ക് പദ്ധതികളെക്കുറിച്ചും, ഞങ്ങൾക്ക് ഞങ്ങളുടെ അവകാശങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നില്ല”, അദ്ദേഹം സൂചിപ്പിക്കുന്നു. ദൂധ്പത്രിയിലെ തന്റെ കോത്തയുടെ (മണ്ണും കല്ലും മരവുമുപയോഗിച്ച് നിർമ്മിച്ച പരമ്പരാഗത വീട്) മുമ്പിൽ നിൽക്കുകയായിരുന്നു അദ്ദേഹം.   ബദ്ഗാം ജില്ലയിലെ ഖാൻസാഹിബ് ബ്ലോക്കിലെ മുജ്പത്രി ഗ്രാമത്തിൽനിന്ന് യാത്ര ചെയ്ത് ഈ വീട്ടിലാണ് എല്ലാ വേനലിലും അദ്ദേഹവും കുടുംബവും തങ്ങാറുള്ളത്.

“നിയമങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ആളുകളെ ബോധവത്കരിക്കുന്നതിൽ വലിയ പങ്കാണ് ആർ.ടി.ഐ. അപേക്ഷകൾ നിർവഹിക്കുന്നത്. ഉദ്യോഗസ്ഥന്മാരോട് എത് വിധത്തിൽ ഇടപെടണമെന്നതും ഇതിൽനിന്ന് നമുക്ക് പഠിക്കാൻ കഴിയും”, അബ്ദുൾ പറയുന്നു. ആദ്യമൊക്കെ ഉദ്യോഗസ്ഥന്മാർക്കും ആർ.ടി.ഐ. ആക്ടിനെ ക്കുറിച്ച് അറിവുണ്ടായിരുന്നില്ല. “പദ്ധതികളെക്കുറിച്ചും ഫണ്ട് വിനിയോഗത്തെക്കുറിച്ചും വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെടുമ്പോൾ അവർക്ക് അത്ഭുതമാണ് തോന്നുക”.

ഭരണപ്രക്രിയയെ വെല്ലുവിളിക്കുന്ന ഗ്രാമീണരെ ഉപദ്രവിക്കുന്നതിലേക്കാണ് ഇത് നയിച്ചത്. ബ്ലോക്ക് ഉദ്യോഗസ്ഥന്മാരുമായി കൂട്ടുചേർന്ന് പൊലീസ്, വ്യാജ എഫ്.ഐ.ആറുകൾ (ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ടുകൾ) ജനങ്ങൾക്കെതിരേ ഫയൽ ചെയ്യാൻ ആരംഭിച്ചു. ആർ.ടി.ഐ. പ്രസ്ഥാനത്തിൽ മുഖ്യപങ്ക് വഹിക്കുന്ന അബ്ദുളിനെപ്പോലെ പൌരബോധമുള്ള ആളുകളെ അവർ ലക്ഷ്യംവെക്കാൻ തുടങ്ങി.

“ഉദ്യോഗസ്ഥരാണ് അഴിമതിക്കാർ. അവരുടെ സ്വത്ത് നോക്കൂ”, തന്റെ വാദം ബലപ്പെടുത്താൻ അദ്ദേഹം സൂചിപ്പിക്കുന്നു. ആർ.ടി.ഐ.കൾ ഫയൽ ചെയ്യുന്നതിനുപുറമേ, ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ വകുപ്പിനെക്കൊണ്ട് (എഫ്.സി.എസ്.സി.എ വകുപ്പ്) മുജ്പത്രിയിലെ 50-ഓളം ആളുകൾക്ക് റേഷൻ കാർഡുകൾ വിതരണം ചെയ്യണമെന്ന ആവശ്യവും അബ്ദുൾ ഉയർത്തി.

Traditional Kashmiri mud houses in Doodhpathri. Popularly known as kotha or doko , these houses are built using wood, mud, stones, tarpaulin and leaves. This is one of the bigger kothas that takes around 10–15 days to build.
PHOTO • Rudrath Avinashi
A chopan whistles and moves the herd of sheep towards the higher mountains for fresh pastures
PHOTO • Rudrath Avinashi

ഇടത്ത്: ദൂധ്പത്രിയിലെ പരമ്പരാഗത കശ്മീരി മൺ‌വീടുകൾ. കോത്ത, ഡോക്കോ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ വീടുകൾ, മണ്ണ്, കല്ല്, ടർപോളിൽ, ഇലകൾ, മരം എന്നിവകൊണ്ട് നിർമ്മിച്ചവയാണ്. നിർമ്മിക്കാൻ 10-15 ദിവസമെടുക്കുന്ന വലിയ കോത്തകളിലൊന്നാണ് ഇത് വലത്ത്: പുതിയ മേച്ചിൽ‌പ്പുറം തേടി, ചെമ്മരിയാടുകളെ കൂടുതൽ ഉയരമുള്ള മലകളിലേക്ക് ചൂളം വിളിച്ച് തെളിച്ചുകൊണ്ടുപോകുന്ന ഒരു ഇടയൻ

Abdul Rashid Sheikh outside his house in Doodhpathri: 'To build our kotha , we don't cut trees. We only use those that have fallen down during storms'
PHOTO • Rudrath Avinashi

ദൂധ്പത്രിയിലെ തന്റെ വീടിന്റെ മുമ്പിൽ അബ്ദുൾ റഷീദ് ഷെയ്ക്ക് ‘ഞങ്ങളുടെ കോത്ത പണിയാൻ ഞങ്ങൾ മരങ്ങൾ മുറിക്കാറില്ല. മഴയത്തും കാറ്റിലും വീണുകിടക്കുന്ന മരങ്ങൾ മാത്രമേ ഉപയോഗിക്കൂ’

പൊതുവായ മേച്ചിൽ‌പ്പുറങ്ങളുടെ പ്രാപ്യത അന്വേഷിക്കുന്ന അബ്ദുൾ എന്ന ഇടയൻ പ്രധാനമായും ശ്രദ്ധ പതിപ്പിക്കുന്നത്, 2006-ലെ പട്ടികഗോത്ര, ഇതര വനവാസി (വനാവകാശങ്ങളുടെ അംഗീകാരം) നിയമത്തിലാണ് (ഷെഡ്യൂൾഡ് ട്രൈബ്സ് ആൻഡ് അദർ ഫോറസ്റ്റ് ഡുവല്ലേഴ്സ് (റെക്കഗ്നിഷൻ ഓഫ് ഫോറസ്റ്റ് റൈറ്റ്സ്) ആക്ട്)

2022-ൽ മുജ്പത്രിയിലെ ഗ്രാമസഭ ഒരു വനസംരക്ഷണ കമ്മിറ്റി രൂപവത്ക്കരിക്കുകയും, എല്ലാ വർഷവും പുതുക്കാവുന്ന വിധം മേച്ചിലിനും വ്യക്തിഗത ഭൂമി തരംതിരിക്കലിനും ആവശ്യമായ നിയമ-നിയന്ത്രണ സംവിധാനം കൊണ്ടുവരികയും ചെയ്തു. വനാവകാശനിയമം(2006) അനുസരിച്ച്, തങ്ങളുടെ വനത്തിലെ 1,000 ചതുരശ്ര കിലോമീറ്ററുകൾ സാമൂഹിക വനസ്രോതസ്സായി (കമ്മ്യൂണിറ്റി ഫോറസ്റ്റ് റിസോഴ്സ്- സി.എഫ്.ആർ) പ്രഖ്യാപിക്കുന്ന ഒരു പ്രമേയം 2023 ഏപ്രിൽ 28-ന് അവർ പാസ്സാക്കുകയും ചെയ്തു.

“കാട് എല്ലാവർക്കുമുള്ളതാണ്. എനിക്കും, എന്റെ കുട്ടികൾക്കും, നിങ്ങൾക്കും എല്ലാം. ഉപജീവനമാർഗ്ഗവും ജൈവസംരക്ഷണവും ഏകോപിപ്പിക്കാൻ കഴിഞ്ഞാൽ, പുതിയ തലമുറയ്ക്ക് അത് ഗുണകരമാവും. വനത്തെ നശിപ്പിച്ചാൽ, എന്തായിരിക്കും നമ്മൾ പിന്നിൽ അവശേഷിപ്പിക്കുക!“,

2020-ൽ ജമ്മു ആൻഡ് കശ്മീരിലേക്കും കേന്ദ്രസർക്കാർ എഫ്.ആർ.എ.2006 വ്യാപിപ്പിച്ചു.

“അതുവരെ ആർക്കും എഫ്.ആർ.എ.യെക്കുറിച്ച് അറിയില്ലായിരുന്നു” എന്ന് അബ്ദുൾ പറയുന്നു. ഇന്റർനെറ്റ് കൂടുതൽ പ്രാപ്യമായതോടെ, വിവിധ പദ്ധതികളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചുമുള്ള അവബോധം താഴ്വരയിലെ ആളുകൾക്കിടയിൽ വർദ്ധിച്ചു. “ദില്ലിയിൽ അവതരിപ്പിക്കുന്ന പദ്ധതികളെക്കുറിച്ചും നയങ്ങലെക്കുറിച്ചും ഞങ്ങൾക്ക് അവബോധമുണ്ടാക്കുന്നതിൽ ഇന്റർനെറ്റ് വലിയ പങ്ക് വഹിക്കുകയുണ്ടായി. മുമ്പൊന്നും ഞങ്ങൾക്ക് ഒന്നും അറിവുണ്ടായിരുന്നില്ല”, അബ്ദുൾ വിശദീകരിച്ചു.

Nazir Ahmed Dinda is the current sarpanch of Mujpathri. He has filed several RTIs to learn about the distribution of funds for health, water, construction of houses and more.
PHOTO • Rudrath Avinashi
Dr. Shaikh Ghulam Rasool (left) and a resident of Mujpathri (right) discussing their claim submitted by the Forest Rights Committee (FRC) of the village
PHOTO • Rudrath Avinashi

ഇടത്ത്: മുജ്പത്രിയിലെ നിലവിലെ സർപാഞ്ചാണ് നസീർ അഹമ്മദ് ദിണ്ട. ആരോഗ്യം, ജലം, വീട് നിർമ്മാനം എന്നിവയ്ക്ക് വിതരണം ചെയ്ത ഫണ്ടുകളെക്കുറിച്ചറിയാൻ നിരവധി ആർ.ടി.ഐ.കളാണ് അദ്ദേഹം ഫയൽ ചെയ്തത്. വലത്ത്: ഗ്രാമത്തിലെ വനാവകാശ കമ്മിറ്റി സമർപ്പിച്ച ആവശ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ഡോ. ഷെയ്ക്ക് ഗുലാം റസൂലും (ഇടത്ത്), മുജ്പത്രിയിലെ ഒരു താമസക്കാരനും (വലത്ത്)

2006-ൽ അബ്ദുളും മുജ്പത്രിയിലെ ചില താമസക്കാരും, നിലവിലെ സർപാഞ്ചായ നസീർ അഹമ്മദ് ദിണ്ടയും ചേർന്ന്, ബദ്ഗാമിലെ മേഖലാ മെഡിക്കൽ ഓഫീസറും, ജെ&കെ ഫോറസ്റ്റ് റൈറ്റ്സ് കൊ‌അലീഷന്റെ അദ്ധ്യക്ഷനുമായ ഡോ. ഷെയ്ക്ക് ഗുലാം റസൂലിനെ സന്ദർശിച്ചു. അദ്ദേഹം ഇടയ്ക്കിടയ്ക്ക് ഗ്രാമം സന്ദർശിക്കുകയും ആ മേഖലയിലെ ആർ.ടി.ഐ. പ്രസ്ഥാനം ആരംഭിക്കുന്നതിൽ നിർണ്ണായകപങ്ക് വഹിക്കുകയും ചെയ്ത ആളായിരുന്നു. “നയങ്ങളെയും നിയമങ്ങളെയും‌കുറിച്ച് ചർച്ച നടത്തുകയും, അവയെക്കുറിച്ച് ഞങ്ങൾ കൂടുതൽ അറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു ഡോ. ഷെയ്ക്ക്”, അബ്ദുൾ പറഞ്ഞു.

അതോടെ, ഗ്രാമീണർ, മറ്റുള്ള പദ്ധതികളെക്കുറിച്ച് അന്വേഷിക്കാനും തുടങ്ങി. “ക്രമേണ, ഞങ്ങൾ ആർ.ടി.ഐ.യെക്കുറിച്ച് മനസ്സിലാക്കാനും അത് ഫയൽ ചെയ്യാനും പഠിച്ചു. ഗ്രാമത്തിലെ ധാരാളം ആളുകൾ ആർ.ടി.ഐ ഫയൽ ചെയ്യാൻ തുടങ്ങുകയും അതൊരു പ്രസ്ഥാനമായി മാറുകയും ചെയ്തു”, അബ്ദുൾ പറഞ്ഞു.

അദ്ദേഹവുമായി മുജ്പത്രിയിൽ‌വെച്ച് നടത്തിയ സംഭാഷണത്തിനിടയിൽ, ഗ്രാമീണരുമായി ആദ്യകാലത്ത് നടത്തിയ യോഗങ്ങളെക്കുറിച്ചും നടത്തിയ ആസൂത്രണങ്ങളെക്കുറിച്ചും ഡോ. ഷെയ്ക്ക് ഓർമ്മിച്ചെടുത്തു. “ഭരണത്തിലുണ്ടായിരുന്ന എം.എൽ.എ അഴിമതിക്കാരനായിരുന്നു. പദ്ധതികളൊന്നും ജനങ്ങളിലേക്ക് എത്തിയിരുന്നില്ല. ഗ്രാമീണരെ പൊലീസും ഉപദ്രവിച്ചിരുന്നു. അവകാശങ്ങളെക്കുറിച്ചുള്ള അവബോധവും ഗ്രാമീണർക്കുണ്ടായിരുന്നില്ല”.

ആദ്യത്തെ ആർ.ടി.ഐ. ഫയൽ ചെയ്തത് 2006-ലായിരുന്നു. ചരിത്രപരമായി പാർശ്വവത്കൃതരായവർക്ക്, ഒറ്റത്തവണയായി ഒരു സംഖ്യ കൊടുത്ത് അവർക്കുവേണ്ടി വീടുകൾ നിർമ്മിക്കുന്ന ഇന്ദിരാ ആവാസ് യോജന (ഐ.എ.വൈ) എന്ന പദ്ധതിയെക്കുറിച്ചറിയാൻ, മുജ്പത്രിയിലെ താമസക്കാരനായ പീർ ജി.എച്ച്.മൊഹിദ്ദീൻ എന്നയാൾ കൊടുത്ത ഹരജിയായിരുന്നു അത്. ഇന്ദിരാ ആവാസ് യോജനയുടെ ഗുണഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങളറിയാൻ സർപാഞ്ച് നസീർ 2013-ൽ വീണ്ടും തത്‌സംബന്ധമായ ഒരു ആർ.ടി.ഐ.കൂടി നൽകുകയുണ്ടായി.

Nazir and Salima Sheikh light up the chulha (stove) and prepare for dinner inside their kotha
PHOTO • Rudrath Avinashi
Salima Sheikh preparing noon chai (a traditional Kashmiri drink of green tea leaves, baking soda and salt) and rotis
PHOTO • Rudrath Avinashi

ഇടത്ത്: തങ്ങളുടെ കോത്തക്കകത്തുള്ള ചൂള (അടുപ്പ്) കത്തിച്ച്, അത്താഴമൊരുക്കാൻ തുടങ്ങുന്ന നസീറും സലിമ ഷെയ്ക്കും. വലത്ത്: നൂൺ ചായയും (ഗ്രീൻ ടീ ഇലകളും, അപ്പക്കാരവും ഉപ്പും ചേർത്തുണ്ടാക്കുന്ന പരമ്പരാഗത കശ്മീരി പാനീയം) റൊട്ടിയുമുണ്ടാക്കുന്ന സലിമ ഷെയ്ക്ക്

ഗ്രാമത്തിൽ നടന്ന സംഭാഷണങ്ങൾക്കും ചർച്ചകൾക്കും ശേഷം, വനങ്ങൾ സംരക്ഷിക്കേണ്ടതിന്റേയും സുതാര്യതയുടേയും ആവശ്യകത നസീറിന് ബോധ്യപ്പെട്ടു. “ഞങ്ങൾക്കായുള്ള സർക്കാർ നയങ്ങളും അത് എങ്ങിനെ പ്രാപ്യമാക്കാൻ കഴിയും എന്നതും ഞങ്ങൾക്ക് അറിയേണ്ടതുണ്ടായിരുന്നു”, അദ്ദേഹം പറയുന്നു. “2006 വരെ ഞങ്ങൾ വിറകും, ഗുച്ചി, ധൂപ്, ഔഷധസസ്യങ്ങൾ, വേരുകൾ, കിഴങ്ങുകൾ തുടങ്ങിയ ഇതര വനവിഭവങ്ങളും (നോൺ ടിംബർ ഫോറസ്റ്റ് പ്രോഡക്ട്സ്- എൻ.ടി.എഫ്.പി.കൾ) കാട്ടിൽനിന്ന് മോഷ്ടിക്കാറുണ്ടായിരുന്നു. കാരണം, ജീവിക്കാൻ മറ്റൊരു മാർഗ്ഗമുണ്ടായിരുന്നില്ല”, 45 വയസ്സുള്ള ആ ഗുജ്ജർ പറഞ്ഞു. “2009-ൽ ഞാൻ ദൂധ്പത്രിയിൽ ഒരു കട തുറന്ന്, ചായയും കുൽച്ചയും വിൽക്കാൻ തുടങ്ങി. കാടുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ”, അയാൾ തുടർന്നു. ശാലിഗംഗ നദിയോടൊപ്പം മുകളിലെ മേച്ചിൽ‌പ്പുറങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ, കഴിഞ്ഞ വർഷങ്ങളിൽ താൻ ഫയൽ ചെയ്ത നിരവധി ആർ.ടി.ഐകളെക്കുറിച്ച് നസീർ പറഞ്ഞു

പൊതുവിതരണ സമ്പ്രദായത്തിന്റെ കീഴിൽ നടത്തിയ അരിവിതരണത്തെക്കുറിച്ച് എഫ്.സി.എസ്.സി.എ. വകുപ്പിനോട് ചോദിക്കുന്ന ഒരു ആർ.ടി.ഐ. നസീർ 2013-ൽ ഫയൽ ചെയ്തു. 2018-ൽ കേന്ദ്രസർക്കാർ ആരംഭിച്ച സമഗ്ര ശിക്ഷ യുടെ കീഴിൽ സ്കോളർഷിപ്പ് കിട്ടിയ കുട്ടികളെക്കുറിച്ചുള്ള മറ്റൊരു വിവരാവകാശ ഹരജിയും അദ്ദേഹം നൽകി.

ശാലിഗംഗയുടെ തീരത്തിലൂടെ, നസീറിനൊപ്പം യാത്ര ചെയ്യുമ്പോൾ, കുറേ ദൂരെയായി കുറച്ച് ടെന്റുകൾ ഞങ്ങൾ കണ്ടു. നൂൺ ചായ കുടിക്കാനുള്ള ക്ഷണവും വന്നു. ഇവിടെവെച്ച് ഞങ്ങൾ മൊഹമ്മദ് യൂനസ് എന്ന ബക്കർവാൾ ഇടയനെ കണ്ടു. ജമ്മു ഡിവിഷനിലെ രജൌരിയിൽനിന്ന് ദൂധ്പത്രിയിൽ വന്ന അയാൾ, ഇനി ഒക്ടോബർ വരെ തന്റെ 40 ചെമ്മരിയാടുകളും ഏകദേശം 30 ആടുകളുമായി ഇവിടെയുണ്ടാകും.

“ഇന്ന് ഞങ്ങൾ ഇവിടെയാണ്. പക്ഷേ 10 ദിവസം കഴിഞ്ഞാൽ കൂടുതൽ പച്ചപ്പുള്ള മുകൾഭാഗത്തേക്ക് ഞങ്ങൾക്ക് പോകേണ്ടിവരും”, അയാൾ പറഞ്ഞു. കുട്ടിക്കാലം മുതൽക്ക് പതിവായി വർഷാവർഷം കുടിയേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ബക്കർവാൾ സമുദായാംഗമായ അദ്ദേഹത്തിന് ഇപ്പോൾ പ്രായം 50 ആയി.

Mohammed Younus (left) on the banks of the Shaliganga river in Doodhpathri where he and his family have come with their livestock. They will continue to move upstream till the source of the river in search of fresh pastures. Inside their tent, (in the front) his spouse Zubeda Begam and his brother (with the hookah)
PHOTO • Rudrath Avinashi
Mohammed Younus (left) on the banks of the Shaliganga river in Doodhpathri where he and his family have come with their livestock. They will continue to move upstream till the source of the river in search of fresh pastures. Inside their tent, (in the front) his spouse Zubeda Begam and his brother (with the hookah)
PHOTO • Rudrath Avinashi

കുടുംബവും ആടുമാടുകളുമായി ദൂധ്പാത്രിയിൽ ശാലിഗംഗയുടെ തീരത്ത് താമാസിക്കുന്ന മൊഹമ്മദ് യൂനസ് (ഇടത്ത്). കൂടുതൽ പച്ചപ്പ് തേടി അവരിനി ഉയരങ്ങളിൽ, പുഴയുടെ ഉത്ഭവസ്ഥലം‌വരെ യാത്രപോവും. ടെന്റിനകത്ത് (മുമ്പിലായി) അയാളുടെ ഭാര്യ സുബേദാ ബീഗവും, ഹുക്കയുമായി സഹോദരനും

“ഒരു ചെമ്മരിയാടിനേയോ ആടിനേയോ വിറ്റാൽ ശരാശരി 8,000 മുതൽ 10,000 രൂപവരെ ഞങ്ങൾക്ക് കിട്ടും. ഈ പണംവെച്ച് എങ്ങിനെയാണ് ഞങ്ങൾക്ക് ജീവിക്കാൻ കഴിയുക?” യൂനസ് ചോദിക്കുന്നു. ജെ.&കെ.യിൽ ചായയ്ക്ക് കിലോഗ്രാമിന് 600-700 രൂപയും, എണ്ണയ്ക്ക് ലിറ്ററിന് 125 രൂപയുമാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് യൂനസ് ഞങ്ങളോട് ചോദിച്ചത്.

പൊതുവിതരണ സംവിധാനത്തിന്റെ ശോചനീയമായ നടത്തിപ്പുമൂലം, യൂനസിനും അദ്ദേഹത്തിന്റെ സമുദായത്തിലെ മറ്റംഗങ്ങൾക്കും റേഷൻപോലും മുഴുവനായി കിട്ടുന്നില്ല. “സർക്കാർ ഞങ്ങൾക്ക് അരിയും ഗോതമ്പും പഞ്ചസാരയും തരാൻ ബാധ്യസ്ഥരാണെങ്കിലും ഞങ്ങൾക്കൊന്നും കിട്ടാറില്ല”, അദ്ദേഹം പറഞ്ഞു.

“ആദ്യമായിട്ടാണ് ഞങ്ങൾക്ക് ടാക്സി സേവനം കിട്ടിയത്. അത് ഞങ്ങളെ യുസ്മാർഗ്ഗിൽ ഇറക്കി. കുട്ടികൾ ആടുകളും ചെമ്മരിയാടുകളുമായി വന്നു”, യൂനസ് പറയുന്നു. ഈ പദ്ധതി 2019—തുടങ്ങിയിട്ടുണ്ടെങ്കിലും രജൌരിയിലെ ബക്കർവാളുകൾക്ക് അത് ലഭ്യമാവാൻ നാലുവർഷമെടുത്തു. സഞ്ചരിക്കുന്ന സ്കൂളുകൾക്കുള്ള വകുപ്പും കടലാസ്സിലുണ്ട്. എന്നാൽ പ്രവൃത്തിയിലില്ല. “അവർ ഞങ്ങൾക്ക് മൊബൈൽ സ്കൂളുകൾ തന്നു. പക്ഷേ, ചുരുങ്ങിയത് 10-ഓ, 15-ഓ കുടുംബങ്ങളുണ്ടെങ്കിലേ സ്കൂളിൽ അദ്ധ്യാപകൻ വരൂ”, യൂനസ് പറയുന്നു.

“എല്ലാ പദ്ധതികളും കടലാസ്സിലുണ്ട്. ഒന്നും ഞങ്ങൾക്ക് കിട്ടുന്നില്ല”, നിരാശയോടെ അദ്ദേഹം കൂട്ടിച്ചേർത്തു.

പരിഭാഷ: രാജീവ് ചേലനാട്ട്

Rudrath Avinashi

ਰੁਦਰਥ ਅਵਿਨਾਸ਼ੀ ਖੋਜ ਅਤੇ ਦਸਤਾਵੇਜ਼ੀਕਰਨ ਜ਼ਰੀਏ ਸਾਂਝੇ ਸੁਰੱਖਿਅਤ ਇਲਾਕਿਆਂ ਦੇ ਮੁੱਦਿਆਂ ’ਤੇ ਕੰਮ ਕਰਦੇ ਹਨ। ਉਹ ਕਲਪਵਰਿਕਸ਼ ਦੇ ਮੈਂਬਰ ਹਨ।

Other stories by Rudrath Avinashi
Editor : Sarbajaya Bhattacharya

ਸਰਬਜਯਾ ਭੱਟਾਚਾਰਿਆ, ਪਾਰੀ ਦੀ ਸੀਨੀਅਰ ਸਹਾਇਕ ਸੰਪਾਦਕ ਹਨ। ਉਹ ਬੰਗਾਲੀ ਭਾਸ਼ਾ ਦੀ ਮਾਹਰ ਅਨੁਵਾਦਕ ਵੀ ਹਨ। ਕੋਲਕਾਤਾ ਵਿਖੇ ਰਹਿੰਦਿਆਂ ਉਹਨਾਂ ਨੂੰ ਸ਼ਹਿਰ ਦੇ ਇਤਿਹਾਸ ਤੇ ਘੁਮੱਕੜ ਸਾਹਿਤ ਬਾਰੇ ਜਾਣਨ 'ਚ ਰੁਚੀ ਹੈ।

Other stories by Sarbajaya Bhattacharya
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat