മധ്യ മുംബൈയിൽനിന്ന് ഏതാണ്ട് 95 കിലോമീറ്റർ അകലെ, താനെ ജില്ലയിൽ സപ്ര്യ മലനിരകളുടെ താഴ്വരയിലുള്ള നിംബാവാലി ഗ്രാമത്തിലാണ് ഞങ്ങളുടെ ഗരേൽപാഡ. വർളി ആദിവാസികൾ താമസിക്കുന്ന ഈ ചെറിയ ഗ്രാമത്തിൽ ആകെ 20-25 വീടുകളേ ഉള്ളൂ.
എല്ലാ കൊല്ലത്തെയുംപോലെ ഇക്കൊല്ലവും പാഡ അതിന്റെ തനതായ, പരമ്പരാഗത ശൈലിയിൽ ദീവാലി ആഘോഷിച്ചു. ഈ മാസത്തിന്റെ തുടക്കം തൊട്ടുതന്നെ എല്ലാവരും ആഘോഷത്തിന്റെ തയ്യാറെടുപ്പുകളിൽ മുഴുകിയിരുന്നു.
വാഘ്ബർസി, ബർക്കി തിവ്‌ലി, മോട്ടി തിവ്‌ലി, ബലിപ്രതിപാഡ എന്നിങ്ങനെ നാല് പ്രധാന ദിവസങ്ങളിലായാണ് ഞങ്ങളുടെ സമുദായം ദീവാലി കൊണ്ടാടുന്നത്. ഈ വർഷം നവംബർ 5 മുതൽ 8 വരെയായിരുന്നു ഞങ്ങളുടെ ആഘോഷം.
കടുവയെ ദൈവമായി കണക്കാക്കുന്ന വർളികൾ വാഘ്ബർസി ദിനത്തിൽ കടുവയെ ആരാധിക്കുന്നു. ആദിവാസി പാഡകൾ സാധാരണയായി കാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. മുൻകാലങ്ങളിൽ വർളികൾ പൂർണമായും കാടിനെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. അവർ തങ്ങളുടെ കന്നുകാലികളെ മേയാനായി കാട്ടിലേക്ക് കൊണ്ടുപോകും; ചിലർ ഇന്നും ആ പതിവ് പിന്തുടരുന്നുണ്ട്. തങ്ങളെ അക്രമിക്കരുതെന്ന് അവർ കടുവയോട് പ്രാർത്ഥിച്ചു - ഭയത്തിൽ നിന്ന് ഭക്തി ഉരുവം കൊണ്ടു.
മധ്യ മുംബൈയിൽ നിന്ന് ഏതാണ്ട് 95 കിലോമീറ്റർ അകലെ, താനെ ജില്ലയിൽ സപ്ര്യ മലനിരകളുടെ താഴ്വരയിലുള്ള നിംബാവാലി ഗ്രാമത്തിലാണ് ഞങ്ങളുടെ ഗരേൽപാഡ. എല്ലാ കൊല്ലത്തെയും പോലെ ഇക്കൊല്ലവും പാഡ അതിന്റെ തനതായ,പരമ്പരാഗത ശൈലിയിൽ ദീവാലി ആഘോഷിച്ചു
ഗ്രാമത്തിലെ ഗാവോദേവി ക്ഷേത്രത്തിൽ തടിയിൽ തീർത്ത ഒരു ഫലകമുണ്ട്; അതിന്റെ നടുക്ക് ഒരു കടുവയുടെ രൂപം കൊത്തിയിരിക്കുന്നു. ഗ്രാമീണർ അതിനുമുന്നിൽ തേങ്ങ ഉടച്ചും ചന്ദനത്തിരി കത്തിച്ചും വിളക്ക് കൊളുത്തിയും തങ്ങളുടെ ദൈവത്തോട് പ്രാർത്ഥിക്കും. പാഡയിൽനിന്ന് അല്പമകലെ കാട്ടിലുള്ള, കുങ്കുമ മിശ്രിതം പൂശിയിട്ടുള്ള ഒരു വലിയ കല്ലാണ് ഞങ്ങളുടെ വാഘായ (കടുവ) പ്രതിഷ്ഠ.
ബർക്കി തിവ്‌ലി യുടെ (ചെറിയ വിളക്ക് എന്ന് അർഥം) അന്ന്, എന്റെ അമ്മ പ്രമീള കാട്ടിൽനിന്ന് കുറച്ച് ചിറോട്ടി ശേഖരിക്കും. അമ്മയ്ക്ക് 46 വയസ്സുണ്ട്; നേരത്തെ ഇഷ്ടികക്കളങ്ങളിൽ ജോലി ചെയ്യുകയും കറുത്ത ശർക്കര വാറ്റിയുണ്ടാക്കുന്ന വീഞ്ഞ് വിൽക്കുകയും ചെയ്തുവന്നിരുന്ന അമ്മ ഇപ്പോൾ ഞങ്ങളുടെ വനഭൂമിയിൽ കൃഷി ചെയ്യുകയാണ്. വെള്ളരിയുടെ അതേ ഗണത്തിൽപ്പെടുന്നതും എന്നാൽ അതിനേക്കാൾ ചെറുതും കയ്‌പ്പേറിയതുമായ കാട്ടുപഴമായ ചിറോട്ടി അമ്മ പകുതിയായി മുറിക്കും; എന്നിട്ട് അതിനുള്ളിലെ കാമ്പ് എടുത്തുമാറ്റി ചെറിയ വിളക്കായി ഉപയോഗിക്കാൻ തക്കവണ്ണം രൂപപ്പെടുത്തും.
ഈ വിളക്ക് വെക്കാനുള്ള, വട്ടത്തിലുള്ള, അധികം ആഴമില്ലാത്ത ബോവാല എന്ന പിടി ഉണ്ടാക്കുന്നത് ചാണകവും മണ്ണും കുഴച്ചാണ്. ഇതിനുശേഷം ബോവാലകൾ ചുവരിൽ അല്പം ഉയരത്തിലായി സ്ഥാപിക്കും. വിളക്കുപിടികൾ ജമന്തിപ്പൂക്കൾകൊണ്ട് അലങ്കരിക്കും. വൈകുന്നേരമാകുമ്പോൾ വിളക്കുകൾ ബോവാലകളിൽ ഇറക്കിവെച്ച് കത്തിക്കും. വിളക്കുകൾ നിലത്തുനിന്ന് അല്പം ഉയരത്തിൽ സ്ഥാപിക്കുന്നതിനാൽ സന്ധ്യയാകുമ്പോഴേക്ക് ആ പ്രദേശമാകെ പ്രകാശപൂരിതമാകും.
നേരത്തെയെല്ലാം ഞങ്ങളുടെ പാഡയിലെ എല്ലാ വീടുകളും കാരാവിയുടെ തണ്ടുകളും തടിയും ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത്. മേൽക്കൂര പുല്ല് മേഞ്ഞതുമായിരുന്നു. അക്കാലത്ത്, വിളക്കുകൾ ബോവാലകളിൽ വയ്ക്കുന്നത് വീടിന് തീ പിടിക്കാതിരിയ്ക്കാനുള്ള മുൻകരുതൽ കൂടിയായിരുന്നു. (എന്നാൽ ഏകദേശം 2010 മുതൽ, ഞങ്ങളുടെ ഗ്രാമത്തിലെ കുടുംബങ്ങൾ ഇന്ദിരാ ആവാസ് യോജനയ്ക്ക് കീഴിൽ സിമന്റും ഇഷ്ടികയും ഉപയോഗിച്ച് വീടുകൾ പണിയാൻ തുടങ്ങി.)
ബർക്കി തിവ്‌ലി, മോട്ടി തിവ്‌ലി (വലിയ വിളക്ക്) എന്നീ രണ്ട് ദിവസവും, ഗ്രാമത്തിലെ വീടുകളുടെ മുൻചുവരുകൾ ദീപപ്രഭയിൽ തിളങ്ങിനിൽക്കും. ഈ രണ്ട് രാത്രികളിലും തിവ്‌ലികളിൽനിന്നുള്ള പ്രകാശം പാഡയിലെ ഇരുളിനെ തുടച്ചുനിക്കും - കന്നുകാലിത്തൊഴുത്തുകളിലും, ഷെങ്കായികളിലും (ചാണകം സൂക്ഷിച്ചുവെക്കുന്ന അറ), പൊതുകിണറിന്റെ ആൾമറയിലും എന്നിങ്ങനെ എല്ലായിടത്തും വിളക്കിന്റെ നാളങ്ങൾ കാറ്റിലാടുന്ന മനോഹരദൃശ്യം കാണാനാകും.
ബലിപ്രതിപാഡയുടെ അന്ന് ആഘോഷങ്ങൾ അതിരാവിലെതന്നെ തുടങ്ങും. മുൻപെല്ലാം ഈ ദിവസമാണ് ആളുകൾ 'ഡാമ്പ്' എന്ന കുസൃതി ഒപ്പിച്ചിരുന്നത്; കത്തിച്ച ഒരു ബീഡികൊണ്ട് കുടുംബാംഗങ്ങളുടെ ശരീരത്തിൽ അപ്രതീക്ഷിതമായി ചെറിയ, നിരുപദ്രവകരമായ പൊള്ളൽ ഏൽപ്പിക്കുന്നതായിരുന്നു ഈ വിനോദം. "അന്നേ ദിവസം എല്ലാവരും നേരത്തെ എഴുന്നേറ്റ് കുളിക്കണമെന്നാണ് സമ്പ്രദായം. ഉറങ്ങുന്ന ആളുകളെ ഉണർത്താൻവേണ്ടിയാണ് ഡാമ്പ് നൽകിയിരുന്നത്," രാം പരേദ് പറയുന്നു. 42 വയസ്സുകാരനായ അദ്ദേഹം എന്റെ അമ്മാവനാണ്. നേരത്തെ അദ്ദേഹത്തിന്റെ കുടുംബം ഇഷ്ടികക്കളങ്ങളിലാണ് ജോലി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹം കരാർ തൊഴിലാളിയായി ജോലി ചെയ്യുന്നതിനൊപ്പം മഴക്കാലത്ത് വനഭൂമിയിൽ കൃഷി നടത്തുകയും ചെയ്യുന്നു.
ബലിപ്രതിപാഡയുടെ ദിവസം, എല്ലാ വീടുകളുടെയും മുറ്റം ചാണകംകൊണ്ട് മെഴുകുകയും തൊഴുത്തുകൾ വൃത്തിയാക്കുകയും ചെയ്യും. അതിനുശേഷം കന്നുകാലികളെ അലങ്കരിച്ച് അവയെ ആരാധിക്കുന്നു. "ഇത് ആദിവാസികൾക്കിടയിലുള്ള ഒരു ആചാരമാണ്," 70 വയസ്സുകാരനായ അശോക് കാക്ക ഗാരെൽ പറയുന്നു. കന്നുകാലി വളർത്തലുകാരനായ അദ്ദേഹം, ഗേരു മണ്ണും കഞ്ഞിവെള്ളവും ചേർത്തുള്ള മിശ്രിതം കൈകൊണ്ട് ഇളക്കുകയാണ്. തവിട്ടു കലർന്ന ചുവന്ന നിറത്തിലുള്ള ഈ മിശ്രിതത്തിൽ കൈമുക്കി കന്നുകാലികളുടെ ശരീരത്തിൽ കൈപ്പടം പതിപ്പിച്ചാണ് അവയെ അലങ്കരിക്കുന്നത്. ഇതേ മിശ്രിതം ഉപയോഗിച്ച് അവയുടെ കൊമ്പുകളും അലങ്കരിക്കും.
പാഡയിലെ പുരുഷന്മാർ കന്നുകാലികളെ അലങ്കരിക്കുന്നതിൽ മുഴുകുമ്പോൾ, സ്ത്രീകൾ ദീവാലിയുടെ അവസരത്തിൽ മാത്രം പാകം ചെയ്യുന്ന വിഭവങ്ങൾ തയ്യാറാക്കുന്ന തിരക്കിലാകും. പാൻമോഡി, ചാവ്‌ലി, കരാണ്ടെ എന്നിവ ഏവരും കൊതിയോടെ കാത്തിരിക്കുന്ന വിഭവങ്ങളാണ്. ആദിവാസികൾ സ്വയം കൃഷി ചെയ്യുന്ന ചേരുവകൾ ഉപയോഗിച്ചാണ് ഇവയെല്ലാം തയ്യാറാക്കുന്നത്.
"ഞങ്ങളുടെ കൃഷിയിടത്തിൽ പുതുതായി വിളവെടുത്ത നെല്ല് പൊടിച്ച് നനുത്ത പൊടിയാക്കും. അതിലേയ്ക്ക് വെള്ളരി ചതച്ചതും കുറച്ച് ശർക്കരയും ചേർക്കും. ഈ മാവ്, മടക്കിയ ചായ് ഇലകൾക്കിടയിൽ വച്ച് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്," എന്റെ അമ്മ പ്രമീള പാൻമോഡി ഉണ്ടാക്കുന്ന പ്രക്രിയ വിവരിക്കുന്നു. "പാൻമോഡി ഉണ്ടാക്കുമ്പോൾ വീട് തൂക്കരുതെന്നാണ് വിശ്വാസം. അങ്ങനെ ചെയ്താൽ പാൻമോഡി ഒരിക്കലും വേവുകയില്ല !"
കരാണ്ടെ വിതയ്ക്കാനായി മഴക്കാലത്ത് ഒരു ചെറിയ പ്രദേശത്ത് മണ്ണ് നിരപ്പാക്കിയെടുക്കും. ദീവാലി ആകുമ്പോഴേക്കും പുതിയ കരാണ്ടെകൾ വള്ളികളിൽ കായ്ച്ചുതുടങ്ങും. ചിലവ ഇരുണ്ട നിറത്തിലാണെങ്കിൽ ചിലത് വെള്ളനിറത്തിലാകും; ചിലത് വട്ടത്തിലും ചിലത് വ്യത്യസ്തത ആകൃതികളിലുമാകും. ഉരുളക്കിഴങ്ങിന്റേതിന് സമാനമായ രുചിയാണ് അവയ്ക്ക്. ഇതേസമയം കാടിന്റെ മറ്റൊരു ഭാഗത്ത്, ഉണക്കയിലകളും വൈക്കോലും ഉണങ്ങിയ ചാണക വറളികളും കത്തിച്ച് ചാവ്‌ലി വിതയ്ക്കാനുള്ള നില തയ്യാറാക്കും. ഈ നിലം ഉഴുതിട്ടാണ് ഞങ്ങൾ ചാവ്‌ല എന്ന് വിളിക്കുന്ന ചാവ്‌ലി (വെള്ളപ്പയർ) വിതയ്ക്കുന്നത്. ബലിപ്രതിപാഡയുടെ അന്ന്, ചെറുകഷ്ണങ്ങളാക്കിയ കരാണ്ടെയും ചാവ്‌ലിയും അല്പം ഉപ്പ് ചേർത്ത് വേവിച്ചെടുക്കും.
പാചകജോലികൾക്ക് ശേഷം സ്ത്രീകൾ കന്നുകാലി തൊഴുത്തിലേയ്ക്ക് നീങ്ങും. ഏതാനും നെൽക്കതിരുകളും ഒരു ഉലക്കയും കുഴിക്കാൻ ഉപയോഗിക്കുന്ന ഒരു ഇരുമ്പ് കമ്പിയും കുറച്ച് ജമന്തിപ്പൂക്കളും തൊഴുത്തിന് പുറത്ത് വെച്ചിട്ടുണ്ടാകും. കാലികൾ തൊഴുത്തിന് പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ, സ്ത്രീകൾ അവയുടെ കാലുകൾക്ക് അടിയിലേക്ക് ചിറോട്ടി പഴങ്ങൾ എറിഞ്ഞുകൊടുക്കും. കാലികളുടെ കുളമ്പുകൾക്ക് അടിയിൽപ്പെട്ട് ചതയുന്ന ചിറോട്ടി വിത്തിൽനിന്നുണ്ടാകുന്ന പഴങ്ങൾക്ക് മധുരം കൂടുമെന്നാണ് പറയപ്പെടുന്നത്.
കന്നുകാലികൾക്ക് കാർഷികവൃത്തിയിൽ പ്രധാനപ്പെട്ട പങ്കുണ്ട്; നല്ല വിളവ് ലഭിക്കാനായി കർഷകർക്കൊപ്പം അവയും അധ്വാനിക്കുന്നു. അതുകൊണ്ടുതന്നെ, ദുഷ്ടലാക്കുള്ളവർ തങ്ങളുടെ കന്നുകാലികളെ ശപിക്കുമെന്ന് വർളികൾ വിശ്വസിക്കുന്നു. അത്തരക്കാരുടെ ശാപത്തിൽനിന്ന് രക്ഷ നേടാനായി, ആദിവാസികൾ 'അഗ്നി പൂജ' എന്ന ഒരു ചടങ്ങ് നടത്താറുണ്ട്. പശുക്കൾ, കാളകൾ, എരുമകൾ, ആടുകൾ തുടങ്ങി ഗ്രാമത്തിലുള്ള കന്നുകാലികളെ എല്ലാംതന്നെ, സമുദായാംഗങ്ങൾ വൈക്കോൽ കത്തിച്ച് ഉണ്ടാക്കിയ തീ 'മതിൽ' വേഗത്തിൽ ചാടിക്കടത്തുകയാണ് ഈ ചടങ്ങിൽ ചെയ്യുന്നത്.
അന്നേ ദിവസം, വർളികൾ തങ്ങളുടെ എല്ലാ ദൈവങ്ങളെയും - വാഘായ (കടുവ), ഹിർവ (ഹരിതാഭ), ഹിമായി (പർവ്വത ദേവത), കൻസാരി (ധാന്യങ്ങൾ), നരൻദേവ് (സംരക്ഷകൻ), ചെഡോബ (തിന്മകളിൽനിന്ന് രക്ഷയേകുന്ന ദൈവം)- ആരാധിക്കുന്നു. ജമന്തിപ്പൂക്കൾ വിശുദ്ധമാക്കിയ ശേഷം അവയെ ചാവ്‌ല, കരാണ്ടെ, പാൻമോഡി എന്നിവയ്‌ക്കൊപ്പം ദൈവങ്ങൾക്ക് സമർപ്പിക്കും. ആ സമയംമുതൽ അടുത്ത മഴക്കാലംവരെ പല വർളി സ്ത്രീകളും തലയിൽ ജമന്തിപ്പൂക്കൾ ചൂടുന്നത് കാണാം. മഴ തുടങ്ങിക്കഴിഞ്ഞാൽ പിന്നീട് അടുത്ത ദീവാലിയ്ക്ക് മാത്രമേ ജമന്തിപ്പൂക്കൾ അലങ്കാരത്തിനോ പ്രാർത്ഥനയ്‌ക്കോ ഉപയോഗിക്കുകയുള്ളൂ.
മഴക്കാലം മുഴുവനും ആദിവാസികൾ കാട്ടിലുള്ള തങ്ങളുടെ ചെറിയ കൃഷിഭൂമിയിൽ അധ്വാനിക്കും. പാറ നിറഞ്ഞ മലമ്പ്രദേശങ്ങളിൽപ്പോലും അവർ കഠിനാധ്വാനത്താൽ കൃഷിയിറക്കും. ദീവാലിയുടെ സമയമാകുമ്പോഴേക്കും അരി, ഉഴുന്ന്, അരിച്ചോളം എന്നിങ്ങനെയുള്ള എല്ലാ വിളകളും കൊയ്യാൻ പാകമാകും. പ്രകൃതി അനുഗ്രഹിച്ച് നല്ല വിളവ് ലഭിക്കുകയാണെങ്കിൽ, ചില കുടുംബങ്ങൾക്ക് വിളവ് വിൽക്കുന്നതിൽനിന്ന് കുറച്ച് അധിക വരുമാനംപോലും ലഭിക്കാറുണ്ട്. ഈ സന്തോഷം ആഘോഷിച്ചുകൊണ്ടാണ് ആദിവാസികൾ ദീവാലി കൊണ്ടാടുന്നത്. പുതുതായി ലഭിച്ച വിളവിനെ ആരാധിച്ചശേഷം മാത്രമേ അവർ ഭക്ഷണം കഴിക്കാൻ തുടങ്ങുകയുള്ളൂ.
എന്നാൽ മഴക്കാലം കഴിയുന്നതോടെ, കൃഷിയിടത്തിലെ ജോലികൾ അവസാനിക്കും. അതിജീവനത്തിനായി പുതിയ വഴികൾ കണ്ടെത്തേണ്ട സമയമാകും. ചിലർ സമീപഗ്രാമങ്ങളിലെ ഇഷ്ടികക്കളങ്ങളിലേയ്ക്ക് പോകുമ്പോൾ, മറ്റുചിലർ വടക്കൻ മുംബൈയുടെ പ്രാന്തപ്രദേശങ്ങളിലുള്ള കെട്ടിടനിർമ്മാണ സ്ഥലങ്ങളിലേയ്ക്കോ കരിങ്കൽ ക്വറികളിലേയ്ക്കോ കരിമ്പ് കൃഷി പ്രബലമായ മേഖലകളിലേയ്ക്കോ പിന്നീടുള്ള ഏതാനും മാസങ്ങൾ തള്ളിനീക്കാനായി യാത്രയാകും.
പരിഭാഷ: പ്രതിഭ ആര്‍. കെ .