റായ്പുരിലെ ഉൾനാടുകളിലുള്ള ഇഷ്ടികക്കളങ്ങളിൽ ഇപ്പോൾ ഉച്ചഭക്ഷണത്തിന്റെ സമയമാണ്. തൊഴിലാളികൾ ഒന്നുകിൽ വേഗം ഊണുകഴിക്കുകയോ, അതല്ലെങ്കിൽ, തങ്ങളുടെ താത്കാലിക കുടിലുകളിൽ വിശ്രമിക്കുകയോ ചെയ്യുന്നു.
“ഞങ്ങൾ സത്നയിൽനിന്നാണ്,” മൺകുടിലിൽനിന്ന് പുറത്തുവന്ന് ഒരു സ്ത്രീ പറയുന്നു. ഇവിടെയുള്ള മിക്ക തൊഴിലാളികളും മധ്യ പ്രദേശിൽനിന്നുള്ള കുടിയേറ്റക്കാരാണ്. എല്ലാ വർഷവും നവംബർ-ഡിസംബറിലെ വിളവെടുപ്പുകാലം കഴിഞ്ഞാൽ അവർ ഇവിടെ ചത്തീസ്ഗഢിന്റെ തലസ്ഥാനനഗരിയിൽ എത്തും. പിന്നീട്, മേയ്-ജൂൺവരെ, ഒരാറുമാസക്കാലം ഇവിടെയായിരിക്കും താമസം. ഇന്ത്യയിലെ അതിവിശാലമായ ഇഷ്ടികക്കള വ്യവസായം ഏകദേശം 10-23 ദശലക്ഷം ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ടെന്നാണ് കണക്ക് (സ്ലേവറി ഇൻ ഇന്ത്യാസ് ബ്രിക്ക് കിൽൻസ് 2017)
ഈ വർഷം, അവർ വീട്ടിലേക്ക് തിരിച്ചുപോവുമ്പോഴേക്കും, കേന്ദ്രത്തിൽ പുതിയൊരു സർക്കാർ വന്നിട്ടുണ്ടാകും. എന്നാൽ തങ്ങളുടെ നേതാക്കന്മാരെ തിരഞ്ഞെടുക്കുന്നതിൽ ഈ കുടിയേറ്റത്തൊഴിലാളികൾക്ക് എന്തെങ്കിലും പങ്കുണ്ടാവുമോ എന്ന് തീർച്ചയില്ല.
“വോട്ട് ചെയ്യേണ്ട സമയമാവുമ്പോൾ ഞങ്ങളെ അറിയിക്കും,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സ്ത്രീ പാരിയോട് പറയുന്നു.
വിവരം അറിയിക്കുന്നത് മിക്കവാറും അവരുടെ തൊഴിൽ കരാറുകാരൻ സഞ്ജയ് പ്രജാപതിയായിരിക്കും. കുടിലിന്റെ കുറച്ചപ്പുറം മാറി നിൽക്കുന്ന അയാൾ ഞങ്ങളോട് പറയുന്നു, “സത്നയിലെ വോട്ടിംഗിനെക്കുറിച്ച് ഞങ്ങൾക്ക് വിവരമൊന്നും കിട്ടിയിട്ടില്ല. കിട്ടിയാൽ ഞങ്ങൾ അവരെ അറിയിക്കും.” സഞ്ജയും തൊഴിലാളികളിൽ മിക്കവരും, പ്രജാപതി സമുദായക്കാരാണ് (എം.പി.യിൽ മറ്റ് പിന്നാക്കജാതിക്കാരായി രേഖപ്പെട്ടവർ)









