വീടിന് പുറത്തുള്ള മാവിന്റെ ചുവട്ടിൽ സങ്കടപ്പെട്ട് ഇരിക്കുകയാണ് സാരു. മടിയിൽ അവളുടെ കൊച്ചു കുഞ്ഞ് ബഹളം വെക്കുന്നു. “ഏത് ദിവസവും എനിക്ക് ആർത്തവം വരാം. അപ്പോൾ കുർമാ ഘറിലേക്ക് പോകണം. ആർത്തവഗൃഹം എന്നാണ് കുർമാ ഘറിന്റെ അർത്ഥം. ആർത്തവനാളുകളിൽ 4-5 ദിവസം അവിടെയായിരിക്കും അവരുടെ താമസം.
ആസന്നമായ ദിവസങ്ങൾ സാരുവിനെ (യഥാർത്ഥ പേരല്ല) വല്ലാതെ അലട്ടുന്നുണ്ട്. “അതിനകത്ത് ശ്വാസം മുട്ടും. കുട്ടികളിൽനിന്ന് വിട്ടുനിൽക്കുന്നതുകൊണ്ട് എനിക്ക് ഉറക്കവും വരില്ല“, ഒമ്പത് മാസം പ്രായമായ മകനെ ശാന്തനാക്കാൻ ശ്രമിച്ചുകൊണ്ട് അവർ പറയുന്നു. സാരുവിന് ഒരു മകളുമുണ്ട്, കോമൾ (സാങ്കല്പിക പേരാണ്). മൂന്നരവയസ്സുള്ള ആ കുട്ടി ഒരു നഴ്സറി സ്കൂളിൽ പോവുന്നു. “അവളുടെ ആർത്തവചക്രവും ഒരിക്കൽ തുടങ്ങുകതന്നെ ചെയ്യും. അത് എന്നെ ഭയപ്പെടുത്തുന്നു”, മഡിയ സമുദായത്തിന്റെ പരമ്പരാഗത ആചാരം മകളും അനുസരിക്കേണ്ടിവരുമെന്നത് 30 വയസ്സുള്ള സാരുവിനെ ആശങ്കയിലാക്കുന്നുണ്ട്.
സാരുവിന്റെ ഗ്രാമത്തിൽ നാല് കുർമ ഘറുകളുണ്ട്. അതിലൊന്ന് അവളുടെ വീട്ടിൽനിന്ന് 100 മീറ്റർ അകലെയാണ്. ഗ്രാമത്തിൽ, മാസമുറയുള്ള കൌമാരക്കാരായ പെൺകുട്ടികളും സ്ത്രീകളുമായി 27 പേരുണ്ട്. അവരെല്ലാം ഉപയോഗിക്കുന്നത് ഈ നാല് കുർമാ ഘറുകളാണ്. “എന്റെ അമ്മയും അവരുടെ അമ്മയുമൊക്കെ ഈ സ്ഥലം ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ ഞാനും. കോമളിന് അത് അനുഭവിക്കേണ്ടിവരരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്”.
ആർത്തവമുള്ള സ്ത്രീകളെ തൊട്ടുകൂടാത്തവരും അശുദ്ധകളുമായിട്ടാണ് മഡിഗ ആദിവാസി ഗോത്രസമൂഹം കാണുന്നത്. അതിനാൽ, ആർത്തവസമയത്ത് അവരെ അകറ്റിനിർത്തുന്നു. “13-ആമത്തെ വയസ്സുമുതൽ കുർമ ഘറിൽ പോകാൻ തുടങ്ങിയതാണ് ഞാൻ”, സാരു പറയുന്നു. ഇപ്പോൾ അവർ താമസിക്കുന്ന മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ കിഴക്കൻ ഭാഗത്തുനിന്ന് 50 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിലായിരുന്നു അന്ന് സാരു താമസിച്ചിരുന്നത്.
കഴിഞ്ഞ 18 വർഷങ്ങളിലായി, ജീവിതത്തിലെ 1,000 ദിവസങ്ങൾ - മാസത്തിൽ 5 ദിവസംവീതം – കിടക്കയോ, ഫാനോ, വൈദ്യുതിയോ, വെള്ളമോ, കക്കൂസോ ഇല്ലാത്ത ആ വീട്ടിൽ കഴിയേണ്ടിവന്നിട്ടുണ്ട് സാരുവിന്. “രാത്രി അതിനകത്ത് ഇരുട്ടാണ്. പേടിയാവും. ഇരുട്ട് എന്നെ വിഴുങ്ങുമോ എന്ന് ഞാൻ ഭയക്കും. വീട്ടിലേക്ക് ഓടിച്ചെന്ന് മക്കളെ കെട്ടിപ്പിടിക്കാൻ തോന്നും..എന്നാൽ എനിക്കത് ചെയ്യാൻ പാടില്ല.”
കുർമ ഘറിനകത്ത് – ഗ്രാമത്തിലെ മറ്റ് സ്ത്രീകളും ഉപയോഗിക്കുന്ന കുടിലിൽ - ഒരു വൃത്തിയുള്ള മുറിയും, ചാരിയിരിക്കാൻ പറ്റുന്ന വിധത്തിൽ മാർദ്ദവമുള്ള ഒരു കിടക്കയും, പ്രിയപ്പെട്ടവരുടെ ചൂട് പകരുന്ന ഒരു കമ്പിളിയുമെല്ലാം ഉണ്ടായിരുന്നെങ്കിലെന്ന് അവർ ആഗ്രഹിക്കുന്നു. എന്നാൽ, മുളങ്കമ്പുകളിൽ കുത്തിനിർത്തിയതും, മൺചുമരുകളും കളിമൺ മേലോടുകളുമുള്ള, ബലമില്ലാത്ത ആ കുടിൽ മനസ്സ് മടുപ്പിക്കുന്ന ഒരു സ്ഥലമാണ്. നിലംപോലും സമനിരപ്പല്ല. “ഭർത്താവും ഭർത്തൃമാതാവും കൊടുത്തയയ്ക്കുന്ന ഒരു കിടക്കവിരിയിലാണ് എന്റെ കിടപ്പ്. മുതുകുവേദനയും, തലവേദനയും, കോച്ചിപ്പിടുത്തവും എല്ലാം അനുഭവപ്പെടും. കട്ടിയില്ലാത്ത വിരിപ്പിൽ കിടക്കുന്നത് ഒട്ടും സുഖമുള്ള കാര്യമല്ല”, അവർ പറയുന്നു.
കുട്ടികൾ അടുത്തില്ലാത്തതാണ് അവരെ കൂടുതൽ വിഷമിപ്പിക്കുന്നത്. “ഏറ്റവുമടുത്തുള്ളവർക്കുപോലും എന്റെ വിഷമം മനസ്സിലാവുന്നില്ലെന്നത് എന്നെ വേദനിപ്പിക്കുന്നു”, അവർ പറയുന്നു.
ആർത്തവത്തിന് മുമ്പും, ആ ദിവസങ്ങളിലും സ്ത്രീകളിൽ, ആകാംക്ഷയും, വിഷാദവും, സംഘർഷവും വർദ്ധിക്കുന്നതായിട്ടാണ് കാണുന്നതെന്ന്, മുംബൈയിലെ ഒരു സൈക്കോതെറാപ്പിസ്റ്റായ ഡോ. സ്വാതി ദീപക്ക് പറയുന്നു. “ഓരോ സ്ത്രീകളിലും ഓരോ തരത്തിലായിരിക്കും ഈ ലക്ഷണങ്ങൾ. ആവശ്യമായ ചികിത്സ നൽകിയില്ലെങ്കിൽ സ്ഥിതി വഷളാവും”, അവർ കൂട്ടിച്ചേർത്തു. ആർത്തവസമയത്ത്, കുടുംബത്തിൽനിന്ന് പരിചരണവും സ്നേഹവും ലഭിക്കേണ്ടത് പ്രധാനമാണെന്നും, വിവേചനവും ഒറ്റപ്പെടലും സ്ഥിതി ഗുരുതരമാക്കുകയാണ് ചെയ്യുക എന്നും ഡോ. സ്വാതി പറയുന്നു.
ആർത്തവസമയത്ത് ഉപയോഗിക്കുന്ന തുണികൊണ്ടുള്ള പാഡുകൾ കുർമ ഘറിനകത്ത് സൂക്ഷിക്കാൻപോലും മഡിയ സ്ത്രീകൾക്ക് അനുവാദമില്ല. “അതൊക്കെ ഞങ്ങൾ വീട്ടിൽ വെച്ചിട്ടുവേണം ഇങ്ങോട്ട് വരാൻ”, സാരു പറയുന്നു. ഉപയോഗിച്ച പെറ്റിക്കോട്ടുകളുടെ മുറിക്കഷണങ്ങൾ നിറച്ച പ്ലാസ്റ്റിക്ക് സഞ്ചി മാത്രമേ അവിടെയുണ്ടാവൂ. ചുമരിലെ വിടവുകളിൽ അത് കുത്തിനിറച്ചിട്ടുണ്ടാവും, അല്ലെങ്കിൽ മുളങ്കമ്പുകളിൽ അത് തൂക്കിവെക്കും. “എലിയും ഗൌളിയുമൊക്കെ അവയിലൂടെ നടക്കുന്നുണ്ടാവും”, സാരു പറയുന്നു. അത്തരം മലിനമായ തുണികൾ ഉപയോഗിച്ചാൽ ചൊറിയും അണുബാധയുമുണ്ടായേക്കാം.
കുടിലിൽ ജനലകളൊന്നുമില്ല. അതിനാൽ തുണികൾക്ക് വല്ലാത്തൊരു നാറ്റമായിരിക്കും. “മഴക്കാലത്ത് അത് കൂടുതൽ മോശമാവും. മഴക്കാലത്ത് ഞാൻ സാനിറ്ററി പാഡുകൾ ഉപയോഗിക്കും. കാരണം, തുണികൾ മഴക്കാലത്ത് ഉണങ്ങില്ല”. 20 പാഡുകളുള്ള ഒരു പാക്കറ്റിന് 90 രൂപയാണ് വില. അത് രണ്ടുമാസം ഉപയോഗിക്കാൻ കഴിയും.
അവർ ഉപയോഗിക്കുന്ന ആ കുർമ ഘറിന് 20 വർഷത്തെ പഴക്കമുണ്ട്. പക്ഷേ അറ്റകുറ്റപ്പണിയൊന്നും നടക്കുന്നില്ല. മേൽക്കൂരയിലെ മുളയുടെ ചട്ടക്കൂട് പൊട്ടിയിരിക്കുന്നു. മൺചുമരുകളിൽ വിള്ളലുകൾ വീണിട്ടുണ്ട്. “ഈ വീടിന് എത്ര പഴക്കമുണ്ടെന്ന് ഇപ്പോൾ നിങ്ങൾക്ക് ഊഹിക്കാമല്ലോ. ആർത്തവമുള്ള സ്ത്രീകൾ ഉപയോഗിക്കുന്ന പുരയായതിനാൽ ഇതിനെ പരിപാലിക്കാൻ ആരും തയ്യാറാവില്ല”, സാരു പറയുന്നു. എന്തെങ്കിലും അറ്റകുറ്റപ്പണി ചെയ്യണമെങ്കിൽ സ്ത്രീകൾതന്നെ ചെയ്യേണ്ടിവരും.
*****
കഴിഞ്ഞ നാലുവർഷമായി അംഗീകൃത പൊതുജനാരോഗ്യ പ്രവർത്തകയായിട്ടുപോലും (ആശ) ആർത്തവസംബന്ധിയായ വിവേചനത്തിൽനിന്ന് സാരുവിന് മോചനമില്ല. “ഞാൻ വർഷങ്ങളായി ഒരു ആശ പ്രവർത്തകയാണെങ്കിലും, സ്ത്രീകളുടേയും പുരുഷന്മാരുടേയും മനസ്ഥിതിയിൽ മാറ്റം വരുത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല”, അവർ പറയുന്നു. ആർത്തവത്തെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളാണ് ഇത്തരം ആചാരങ്ങളുടെ കാരണമെന്ന് സാരു വിശദീകരിക്കുന്നു. “ആർത്തവമുള്ള പെണ്ണുങ്ങൾ വീട്ടിലുണ്ടെങ്കിൽ ഗ്രാമദേവത ദേഷ്യപ്പെടുമെന്നും ഗ്രാമത്തിന് ഒന്നടങ്കം ദോഷമുണ്ടാവുമെന്നും പ്രായമായവർ വിശ്വസിക്കുന്നു”. സാരുവിന്റെ ഭർത്താവ് ഒരു ബിരുദധാരിയാണെങ്കിലും “അദ്ദേഹംപോലും ഈ കുർമ സമ്പ്രദായത്തെ പിന്തുണയ്ക്കുന്ന ആളാണ്”, സാരു പറയുന്നു.
കുർമ ആചരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ, ആടിനേയോ കോഴിയേയോ ഗ്രാമത്തിലെ മൂർത്തിക്ക് നിവേദിക്കണം. ഒരു ആടിന് വലിപ്പത്തിനനുസരിച്ച്, 4,000 – 5,000 രൂപ ചിലവ് വരുമെന്ന് സാരു സൂചിപ്പിച്ചു.
വിരോധാഭാസമെന്ന് തോന്നാം. ആർത്തവമുള്ള ദിവസങ്ങളിൽ വീട്ടിൽ തങ്ങാൻ പാടില്ലെങ്കിലും കുടുംബത്തിന്റെ കൃഷിയിടത്ത് ജോലി ചെയ്യാനും, കന്നുകാലികളെ മേയ്ക്കാനും അത് തടസ്സമല്ല. കുടുംബത്തിന് രണ്ടേക്കർ സ്ഥലമുണ്ട്. അവിടെ അവർ ജില്ലയിലെ മുഖ്യ വിളവായ നെല്ല് കൃഷി ചെയ്യുന്നു. “എനിക്ക് വിശ്രമമൊന്നും കിട്ടില്ല. വീടിന് പുറത്ത് ജോലി ചെയ്യേണ്ടിവരും. ശരീരത്തിന് നല്ല വേദനയാണ്. ഇത് ഇരട്ടത്താപ്പാണെന്ന് എനിക്കറിയാം. പക്ഷേ എന്ത് ചെയ്യാൻ പറ്റും? എനിക്കറിയില്ല”, അവർ പറയുന്നു.
ആശാ പ്രവർത്തക എന്ന നിലയ്ക്ക് അവർ മാസത്തിൽ 2,000-ത്തിനും 2,500-നുമിടയിൽ ശമ്പളം സമ്പാദിക്കുന്നുണ്ട്. എന്നാൽ, രാജ്യത്തെ മറ്റ് ആശാ പ്രവർത്ത്തകരെപ്പോലെ, അവർക്കും കൃത്യമായൊന്നും ആ പൈസ കിട്ടാറില്ല. വായിക്കുക: കെയറിംഗ് ഫോർ വില്ലേജസ്, ഇൻ സിക്ക്നെസ്സ് ആൻഡ് ഇൻ ഹെൽത്ത് . “3-4 മാസം കൂടുമ്പോഴാണ് എന്റെ അക്കൌണ്ടിൽ പൈസ വരുന്നത്”
ഇത് സാരുവിനേയും മറ്റുള്ളവരേയും ദുരിതത്തിലാക്കുന്നു. രാജ്യത്തെ ഏറ്റവും അവികസിത ജില്ലകളിലൊന്നായ ഗഡ്ചിരോളിയിലെ മിക്ക ഗ്രാമങ്ങളിലും ഈ കുർമ സമ്പ്രദായം നിലനിൽക്കുന്നുണ്ട്. അവിടുത്തെ ജനസംഖ്യയുടെ 39 ശതമാനവും മഡിയ അടക്കമുള്ള ആദിവാസി വിഭാഗമാണ്. ഭൂമിയുടെ 76 ശതമാനവും വനഭൂമിയും. ഭരണപരമായി, ഈ ജില്ല, ‘പിന്നാക്ക’മായി അറിയപ്പെടുന്നു. നിരോധിക്കപ്പെട്ട മാവോ സംഘടന ഈ ഭാഗത്ത് സജീവമായതിനാൽ, സുരക്ഷാസേനയുടെ ശക്തമായ സാന്നിധ്യവും ഈ മലമ്പ്രദേശത്തുണ്ട്.
ഗഡ്ചിരോളിയെക്കുറിച്ച് നടന്നിട്ടുള്ള പഠനങ്ങളിൽ, ജില്ലയിലെ എത്ര ഗ്രാമങ്ങളിൽ ഈ കുർമ സമ്പ്രദായം നിലനിൽക്കുന്നുണ്ട് എന്നതിനെക്കുറിച്ചുള്ള വിവരമൊന്നും ലഭ്യമല്ല. “ഈ ആചാരം അനുഷ്ഠിക്കുന്ന 20 ഗ്രാമങ്ങളിൽ ഞങ്ങൾ പോയിട്ടുണ്ട്” എന്ന്, സമാജ്ബന്ധിന്റെ സ്ഥാപകനായ സചിൻ ആശ സുഭാഷ് പറയുന്നു. 2016 മുതൽ ഗഡ്ചിരോളിയിലെ ഭാംരാഗഡ് താലൂക്കിൽ പ്രവർത്തിക്കുന്ന പൂണയിൽനിന്നുള്ള ഒരു ലാഭേതര സംഘടനയാണ് അത്. ആർത്തവത്തിനെക്കുറിച്ചുള്ള ശാസ്ത്രം, ശുചിത്വം എന്നിവയെക്കുറിച്ച് ആദിവാസി സ്ത്രീകൾക്കിടയിൽ അവബോധമുണ്ടാക്കാൻ സമാജ്ബന്ധിലെ സന്നദ്ധപ്രവർത്തകർ ശ്രമിക്കുന്നു. കുർമ കുടിലുകൾമൂലം സ്ത്രീകൾക്കുണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പ്രായമായ സ്ത്രീപുരുഷന്മാരെ പഠിപ്പിക്കാനും ഈ സംഘടന ശ്രമിക്കുന്നുണ്ട്.
ഇത് വെല്ലുവിളി നിറഞ്ഞതാണെന്ന് സച്ചിൻ അംഗീകരിക്കുന്നു. ധാരാളം എതിർപ്പുകൾ നേരിടേണ്ടിവരാറുണ്ട്. “ഈ കുർമ സമ്പ്രദായം ഒറ്റയടിക്ക് നിർത്താൻ അവരോട് പറയുന്നത് എളുപ്പമല്ല. ഇത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും പുറത്തുള്ളവർ ഇതിൽ ഇടപെടേണ്ടെന്നുമാണ് അവർ പറയുന്നത്”. ഗ്രാമമുഖ്യനും മുഖ്യപുരോഹിതനുമടക്കം ഗ്രാമത്തിൽ സ്വാധീനമുള്ളവർ എൻ.ജി.ഒ. സംഘത്തിനെ ഭീഷണിപ്പെടുത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. “നമ്മളവരെ പറഞ്ഞ് മനസ്സിലാക്കിക്കാൻ നോക്കാറുണ്ട്. കാരണം, അവിടെ സ്ത്രീകളുടെ അഭിപ്രായത്തിന് യാതൊരു സ്ഥാനവുമില്ല”.
എന്നാൽ, ഗ്രാമമുഖ്യനെക്കൊണ്ട്, കുർമ കുടിലുകളിൽ, വൈദ്യുതിയും, വെള്ളവും, ടേബിൾ ഫാനുകളും കിടക്കകളും ലഭ്യമാക്കിക്കാൻ, കാലക്രമത്തിൽ, സച്ചിനും അദ്ദേഹത്തിന്റെയൊപ്പമുള്ള സംഘത്തിനും സാധിച്ചു. തുണികൊണ്ടുള്ള പാഡുകൾ അടച്ചുറപ്പുള്ള പെട്ടികളിൽ വീടുകളിൽ സൂക്ഷിക്കാനുള്ള അനുവാദവും സ്ത്രീകൾക്ക് ലഭ്യമാക്കി. “ചില ഗ്രാമമുഖ്യന്മാർ ഇത് രേഖാമൂലം സമ്മതിച്ചു. എന്നാൽ, ആർത്തവമുള്ള സ്ത്രീകളെ വീട്ടിൽനിന്ന് അകറ്റിനിർത്തില്ലെന്ന് അംഗീകരിക്കാനും, കുർമ കുടിലുകളിൽ പോകാൻ വിസമ്മതിക്കുന്നവർക്ക് വീട്ടിൽ കഴിയാനുള്ള സ്വാതന്ത്ര്യം കിട്ടാനും ഇനിയും സമയമെടുത്തേക്കും.
*****
ബെജൂരിൽ, 10 x 10 അടി വലിപ്പമുള്ള കുർമ കുടിലിൽ തന്റെ കിടക്ക തയ്യാറാക്കുകയാണ് പാർവ്വതി. “എനിക്കിവിടെ താമസിക്കാൻ ഇഷ്ടമല്ല”, ആ 17 വയസ്സുകാരി പറയുന്നു. 35 വീടുകളും ഏകദേശം 200 ആളുകളുമുള്ള ബേജൂർ, ഭാംരാഗഡ് താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ്. ആ ഗ്രാമത്തിൽ ഒമ്പത് കുർമ കുടിലുകൾ മാത്രമേ ഉള്ളൂവെന്നാണ് അവിടെയുള്ള സ്ത്രീകൾ പറഞ്ഞത്.
രാത്രി, ചുമരിലെ വിള്ളലുകൾക്കിടയിലൂടെ ഊർന്നിറങ്ങുന്ന നിലാവെളിച്ചത്തിന്റെ ഒരു തുണ്ടുമാത്രമാണ്, കുർമ ഘറി ൽ, പാർവ്വതിയ്ക്ക് കൂട്ടായുള്ളത്. “ചിലപ്പോൾ ഉറക്കത്തിനിടയിൽ ഞാൻ ഞെട്ടിയുണരും. കാട്ടിൽനിന്ന് കേൾക്കുന്ന മൃഗങ്ങളുടെ ശബ്ദം ഭയപ്പെടുത്തും”, അവർ പറയുന്നു.
ഈ കുടിലിൽനിന്ന് വെറും 200 മീറ്റർ ദൂരത്താണ്, വൈദ്യുതിയൊക്കെയുള്ള അവരുടെ തരക്കേടില്ലാത്ത ഒരുനില വീട്. “അവിടെ എനിക്ക് സുരക്ഷിതത്വം തോന്നും. ഇവിടെ അതില്ല. പക്ഷേ സമൂഹത്തിന്റെ വിലക്കിനെക്കുറിച്ച് ഓർത്ത് എന്റെ വീട്ടുകാർക്കും പേടിയാണ്”, ഒരു ദീർഘനിശ്വാസത്തോടെ പാർവ്വതി പറയുന്നു. “വേറെ വഴിയൊന്നുമില്ല. ഇത്തരം നിയമങ്ങളെക്കുറിച്ച് ഗ്രാമത്തിലെ പുരുഷന്മാർക്ക് വലിയ നിർബന്ധമാണ്”.
ഗഡ്ചിരോളിയിലെ ഇടപള്ളി താലൂക്കിലെ ഭഗ്‌വന്ത്‌റാവ് ആർട്ട്സ് ആൻഡ് സയൻസ് കൊളേജിലെ 11-ആം ക്ലാസ് വിദ്യാർത്ഥിനിയാണ് പാർവ്വതി. ബേജൂരിൽനിന്ന് 50 കിലോമീറ്റർ ദൂരെയാണ് കോളേജ്. അവിടെ ഹോസ്റ്റലിൽ താമസിക്കുന്ന അവൾ അവധിദിനങ്ങളിൽ വീട്ടിൽ വരും. “വീട്ടിൽ വരാൻ എനിക്ക് താത്പര്യമില്ല. വേനൽക്കാലത്ത് നല്ല ചൂടാണ്. രാത്രി മുഴുവൻ കുടിലിൽ വിയർത്തൊലിച്ച് കിടക്കേണ്ടിവരും”, അവൾ പറയുന്നു.
കുർമ ഘറി ൽ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങളിൽ ഏറ്റവും പ്രധാനം, കക്കൂസിന്റെയും വെള്ളത്തിന്റെയും അഭാവമാണ്. കുടിലിന് പിന്നിലുള്ള കുറ്റിക്കാട്ടിൽ പോയി വേണം പാർവ്വതിക്ക് പ്രാഥമികകൃത്യങ്ങൾ നിർവ്വഹിക്കാൻ. “രാത്രി കൂരാകൂരിരുട്ടായിരിക്കും. പുറത്ത് പോകുന്നത് ഒട്ടും സുരക്ഷിതമല്ല. പകൽസമയമാണെങ്കിൽ, വഴിയാത്രക്കാരുണ്ടോ എന്ന് ശ്രദ്ധിക്കുകയും വേണം”. വൃത്തിയാക്കാനും അലക്കാനുമുള്ള വെള്ളം പാർവ്വതിയുടെ വീട്ടിൽനിന്ന് ആരെങ്കിലും ബക്കറ്റിൽ കൊണ്ടുവന്ന് വെക്കും. കുടിക്കാനുള്ള വെള്ളം ഒരു സ്റ്റീൽപ്പാത്രത്തിൽ സൂക്ഷിക്കും. “എന്നാൽ എനിക്ക് കുളിക്കാൻ പറ്റാറില്ല”, അവൾ പറയുന്നു.
വീടിന് പുറത്തുള്ള മണ്ണടുപ്പിലാണ് ആ ദിവസങ്ങളിൽ അവൾ ഭക്ഷണം പാകം ചെയ്യുക. ഇരുട്ടിൽ പാകം ചെയ്യുന്നത് എളുപ്പമല്ലെന്ന് അവൾ പറയുന്നു. “വീട്ടിലാണെങ്കിൽ അധികവും ഞങ്ങൾ മുളകുപൊടിയും ഉപ്പുമൊക്കെയിട്ട അരിയാണ് കഴിക്കുക. അല്ലെങ്കിൽ ആട്ടിറച്ചിയും, കോഴിയും, പുഴമത്സ്യവും മറ്റും”. തന്റെ ഭക്ഷണരീതികളെക്കുറിച്ച് പാർവ്വതി പറയുന്നു. ആർത്തവദിവസങ്ങളിലും ഇതൊക്കെയാണ് ഭക്ഷണമെങ്കിലും സ്വയം പാകം ചെയ്യണമെന്ന് മാത്രം. “ആ ദിവസങ്ങളിൽ ഉപയോഗിക്കാനുള്ള പ്രത്യേകം പാത്രങ്ങൾ വീട്ടിൽനിന്ന് അയച്ചുതരും”, പാർവ്വതി പറയുന്നു.
കുർമ ഘറി ൽ താമസിക്കുമ്പോൾ, കൂട്ടുകാർ, അയൽക്കാർ, കുടുംബാംഗങ്ങൾ എന്നിവരുമായി യാതൊരുവിധത്തിലുള്ള വിനിമയവും അനുവദനീയമല്ല. “പകൽസമയത്ത് വീട്ടിൽനിന്ന് പുറത്തിറങ്ങാനോ, ഗ്രാമത്തിൽ ചുറ്റിനടക്കാനോ, ആരോടെങ്കിലും സംസാരിക്കാനോ സാധിക്കില്ല”, വിലക്കുകളുടെ പട്ടിക പാർവ്വതി വിവരിച്ചുതന്നു.
*****
ആർത്തവസമയത്ത് സ്ത്രീകളെ അശുദ്ധകളായി പരിഗണിച്ച് ഒറ്റപ്പെടുത്തുന്നതുമൂലം ഭാംരാഗഡിൽ അപകടങ്ങളും മരണങ്ങളും ഉണ്ടായിട്ടുണ്ട്. “കഴിഞ്ഞ അഞ്ചുവർഷങ്ങൾക്കുള്ളിൽ, കുർമ ഘറിൽ താമസിക്കുന്ന സമയത്ത് പാമ്പും, തേളും കടിച്ച്, അഞ്ച് സ്ത്രീകൾ മരണപ്പെട്ടിട്ടുണ്ട്”. ഭാംരാഗഡിലെ ശിശു വികസന പ്രോജക്ട് ഓഫീസറായ (സി.ഡി.പി.ഒ.) ആർ. എസ്. ചവാൻ പറയുന്നു. സംസ്ഥാനത്തിന്റെ സ്ത്രീ-ശിശു വികസന വകുപ്പിനെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം.
ബലക്ഷയം വന്ന കുർമ ഘറുകൾക്ക് പകരമായി, 2019-ൽ ജില്ലാ ഭരണകൂടം ഏഴ് ‘വീടുകൾ’ നിർമ്മിച്ചുവെന്ന് ചവാൻ പറഞ്ഞു. ഓരോന്നിലും ആർത്തവമുള്ള 10 സ്ത്രീകൾക്കുവീതം ഒരേ സമയത്ത് താമസിക്കാൻ കഴിയുന്ന വീടുകളായിരുന്നു അവ. വൃത്താകൃതിയിലുള്ള ആ കെട്ടിടങ്ങളിൽ, ജനലുകളുണ്ട്. കുളിമുറികളും, കട്ടിലുകളും, വെള്ളവും വൈദ്യുതിയും ഉണ്ടാവേണ്ടതായിരുന്നു അവയിൽ.
ഗഡ്ചിരോളിയിലെ കുർമ ഘറു കൾക്ക് പകരമായി, ‘സ്ത്രീകൾക്ക് വിശ്രമിക്കാനുള്ള 23 കേന്ദ്രങ്ങൾ’ നിർമ്മിച്ചിട്ടുണ്ടെന്ന് 2022 ജൂണിൽ, സർക്കാർ ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. കേന്ദ്രത്തിന്റെ സഹായവും, മഹാരാഷ്ട്രയിലെ യൂണിസെഫിന്റെ സാങ്കേതിക പിന്തുണയും ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു അവ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അത്തരത്തിലുള്ള 400 കേന്ദ്രങ്ങൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാൽ, 2023 മേയ് മാസത്തിൽ ഭാംരാഗഡിലെ 3 സർക്കാർ നിർമ്മിത കുർമാഗൃഹങ്ങൾ സന്ദർശിച്ചപ്പോൾ - കൃഷ്ണാ, കിയാർ, കുമാർഗുഡ ഗ്രാമങ്ങളിൽ - അവ പകുതിമാത്രമേ പണി കഴിഞ്ഞിട്ടുള്ളുവെന്നും താമസത്തിന് ഇനിയും തയ്യാറായിട്ടില്ലെന്നും പാരി കണ്ടെത്തി. ആ ഏഴ് കുർമ ഗൃഹങ്ങളിൽ ഏതെങ്കിലുമൊന്ന് പ്രവർത്തനസജ്ജമാണോ എന്ന് ഉറപ്പിച്ച് പറയാൻ, സി.ഡി.പി.ഒ. ചവാന് സാധിച്ചില്ല. “കൃത്യമായിട്ട് പറയാൻ ബുദ്ധിമുട്ടാണ്. ശരിയാണ്, അറ്റകുറ്റപ്പണികൾ മോശമാണ്. ഞാൻ രണ്ടെണ്ണം നേരിട്ട് പോയി കാണുകയുണ്ടായി. മോശം അവസ്ഥയിലാണ്. ചില സ്ഥലങ്ങളിൽ, ഫണ്ടിന്റെ അപര്യാപ്തതകൊണ്ട് നിർമ്മാണം പൂർത്തിയായിട്ടില്ല”, അദ്ദേഹം സൂചിപ്പിച്ചു.
ഇത്തരമൊരു ബദൽമാർഗ്ഗത്തിലൂടെ, കുർമ സമ്പ്രദായത്തെ ഇല്ലാതാക്കാൻ കഴിയുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. “ഇത് വേരോടെ ഇല്ലാതാക്കേണ്ടതാണ്. സർക്കാരിന്റെ കുർമ ഗൃഹങ്ങൾ പ്രശ്നത്തിനൊരു പരിഹാരമല്ല, മറിച്ച് ഒരു പ്രോത്സാഹനമാണ്”, സമാജ്ബന്ധിന്റെ സച്ചിൻ ആശാ സുഭാഷ് പറയുന്നു.
എല്ലാവിധത്തിലുള്ള തൊട്ടുകൂടായ്മകളേയും വിലക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 17-ന്റെ ലംഘനമാണ് ആർത്തവത്തോടനുബന്ധിച്ചുള്ള ഈ വിവേചനം. “ആർത്തവത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളെ സാമൂഹികമായി ഒറ്റപ്പെടുത്തുന്നത്, തൊട്ടുകൂടായ്മയുടെ മറ്റൊരു രൂപം മാത്രമാണ്. അത് ഭരണഘടനാ മൂല്യങ്ങൾക്ക് എതിരുമാണ്. വ്യക്തികളെ അപമാനിക്കുന്ന വിധത്തിലുള്ള ‘ശുദ്ധിയേയും കളങ്കത്തേയും കുറിച്ചുള്ള ധാരണകൾ’ക്ക് ഭരണഘടനാക്രമത്തിൽ ഒരു സ്ഥാനവുമില്ല” എന്നാണ്, 2018-ൽ, ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനും കേരള സംസ്ഥാനവും തമ്മിലുള്ള ഒരു കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധിയിൽ പറയുന്നത്.
എന്തൊക്കെയായാലും, പിതൃ അധികാരവ്യവസ്ഥയിൽ, ഈ വിവേചനം ഇപ്പോഴും തുടരുന്നു.
“ഇത് ദൈവത്തിനെക്കുറിച്ചുള്ളതാണ്. ഈ ആചാരം തുടരാനാണ് ഞങ്ങളുടെ ദൈവം ആവശ്യപ്പെടുന്നത്. അനുസരിച്ചില്ലെങ്കിൽ, എല്ലാവരും അതിന്റെ ദൂഷ്യഫലം അനുഭവിക്കേണ്ടിവരും”, ഭാംരാഗഡ് താലൂക്കിലെ ഗോലാഗുഡ ഗ്രാമത്തിലെ മുഖ്യപുരോഹിതനായ ലക്ഷ്മൺ ഹൊയാമി പറയുന്നു. “ഞങ്ങൾക്ക് ദുരിതങ്ങളുണ്ടാവും. ആളുകൾക്ക് നഷ്ടം സംഭവിക്കും. രോഗങ്ങൾ വർദ്ധിക്കും. ആടുമാടുകൾ ചത്തുപോകും...ഇത് ഞങ്ങളുടെ ആചാരമാണ്. അത് പിന്തുടരാതിരിക്കാൻ ഞങ്ങൾക്കാവില്ല. വരൾച്ചയും വെള്ളപ്പൊക്കവും മറ്റ് പ്രകൃതിദുരന്തങ്ങളും ഞങ്ങൾക്ക് തങ്ങാനാവില്ല. പാരമ്പര്യം എപ്പോഴും തുടരണം”, അയാൾ ഉറപ്പിച്ച് പറയുന്നു.
ഹൊയാമിയെപ്പോലുള്ളവർ ഇക്കാര്യത്തിൽ പിടിവാശി കാണിക്കുന്നുണ്ടെങ്കിലും, അവരെ അനുസരിക്കാൻ ചില ചെറുപ്പക്കാരികൾ ഒരുക്കമല്ല. കൃഷ്ണാർ ഗ്രാമത്തിലെ 20 വയസ്സുള്ള അശ്വിനി വേലഞ്ജയെപ്പോലുള്ളവർ. “കുർമ ആചാരം അനുസരിക്കില്ല എന്ന ഒരൊറ്റ നിബന്ധനയിലാണ് ഞാൻ വിവാഹം കഴിച്ചത്. ഇത് അവസാനിപ്പിച്ചേ പറ്റൂ”, 2021-ൽ 12-ആം ക്ലാസ് പൂർത്തിയാക്കിയ അശ്വിനി പറയുന്നു. ഈ വർഷം മാർച്ചിലാണ് 22 വയസ്സുള്ള അശോകിനെ അവൾ വിവാഹം ചെയ്തത്. അയാൾ ഈ നിബന്ധന അംഗീകരിച്ചതിനുശേഷം മാത്രം.
14-ആം വയസ്സുമുതൽ ഈ ആചാരം പിന്തുടർന്നവളാണ് അശ്വിനി. “ഞാൻ എന്റെ അച്ഛനമ്മമാരുമായി ഇതിനെക്കുറിച്ച് എപ്പോഴും വഴക്കിടാറുണ്ടായിരുന്നു. എന്നാൽ സാമൂഹികമായ സമ്മർദ്ദംമൂലം അവർ നിസ്സഹായരായിരുന്നു”, അവൾ പറയുന്നു. വിവാഹത്തിനുശേഷം അശ്വിനി, ആർത്തവദിവസങ്ങളിൽ വീടിന്റെ വരാന്തയിൽ കഴിഞ്ഞു. കുടുംബത്തോടുള്ള സമുദായത്തിന്റെ എതിർപ്പുകളെ തരിമ്പും കൂസാതെ, അവൾ ആ സംവിധാനത്തിനെതിരേ പോരാടിക്കൊണ്ടിരിക്കുന്നു. “കുർമ ഗൃഹത്തിൽനിന്ന് ഞാൻ വീടിന്റെ വരാന്തയിലേക്കുള്ള ദൂരം താണ്ടിക്കഴിഞ്ഞു. ഇനി അധികം താമസിയാതെ ഞാൻ ആർത്തവദിവസങ്ങളിൽ വീടിനകത്തുതന്നെ താമസിക്കാൻ തുടങ്ങും. എന്റെ വീട്ടിനകത്ത് ഞാൻ തീർച്ചയായും മാറ്റങ്ങൾ വരുത്തും”, അവൾ പറയുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്