തമിഴ്‌നാട്ടിലെ വടനമേല്ലി ഗ്രാമത്തിൽ സമയം ഇരുട്ടിത്തുടങ്ങിയിരുന്നു. ശ്രീ പൊന്നിയമ്മൻ തെരുക്കൂത്ത് മണ്ഡ്രത്തിലെ അംഗങ്ങൾ കാരിയക്കൂത്ത് അവതരണത്തിന് തയ്യാറെടുക്കുകയാണ്. പതിവുപോലെ രാവ് പുലരുവോളം നീളുന്ന ഈ അവതരണത്തിൽ നിരവധി കഥാപാത്രങ്ങൾ വ്യത്യസ്ത വേഷവിധാനങ്ങളിൽ രംഗത്തെത്തും.
അണിയറയിൽ, 33 വയസ്സുകാരിയായ ശർമി മേക്കപ്പ് അണിഞ്ഞുതുടങ്ങി. ചുവന്ന പൊടി എണ്ണയിൽ ചാലിച്ച്, സ്വന്തമായി ലിപ്സ്റ്റിക്ക് തയ്യാറാക്കുന്നതിനിടെ അവർ അരിദാരത്തിന്റെ (മേക്കപ്പ്) ചില അടിസ്ഥാനനിയമങ്ങൾ വിശദീകരിച്ചു: "സ്ത്രീകൾക്കും പുരുഷന്മാർക്കും അരിദാരം വ്യത്യസ്തമാണ്. കഥാപാത്രത്തിനും അവയുടെ ദൈർഘ്യത്തിനുമനുസരിച്ച് അതിൽ മാറ്റമുണ്ടാകും."
തമിഴ്‌നാട്ടിലെ ഏറ്റവും പുരാതനമായ അവതരണകലകളിൽ ഒന്നായി കരുതപ്പെടുന്ന തെരുക്കൂത്ത് അവതരിപ്പിക്കുന്ന ശ്രീ പൊന്നിയമ്മൻ തെരുക്കൂത്ത് മണ്ഡ്രം എന്ന നാടകക്കമ്പനിയിലെ കലാകാരിയാണ് ശർമി. 17 അംഗങ്ങളുള്ള ഈ നാടകസംഘത്തിൽ ശർമി ഉൾപ്പെടെ നാല് ട്രാൻസ്ജെൻഡർ കലാകാരന്മാരുണ്ട്. "എന്റെ തലമുറയ്ക്ക് മുൻപുള്ള ആളുകളും തെരുക്കൂത്ത് അവതരിപ്പിച്ചിരുന്നു," ശർമി പറയുന്നു. "ഈ കലാരൂപത്തിന് എത്ര വർഷത്തെ ചരിത്രമുണ്ടെന്ന് എനിക്ക് കൃത്യമായി പറയാനറിയില്ല."
സാധാരണയായി, രാമായണം, മഹാഭാരതം തുടങ്ങിയ മഹാകാവ്യങ്ങളിലെ കഥകളെ അടിസ്ഥാനപ്പെടുത്തിയാണ് തെരുക്കൂത്ത് അഥവാ തെരുവുനാടകം ചിട്ടപ്പെടുത്തുന്നത്. തെരുക്കൂത്ത് അവതരണങ്ങൾ രാത്രി പുലരുവോളം നീണ്ടുനിൽക്കാറുണ്ട്. പങ്കുനി (ഏപ്രിൽ) മുതൽ പുരട്ടാസിവരെയുള്ള (സെപ്റ്റംബർ) മാസങ്ങളിലാണ് തെരുക്കൂത്ത് സീസൺ. ഈ കാലയളവിൽ ഏതാണ്ട് എല്ലാ ആഴ്ചദിവസവും, അതായത് ഒരു മാസത്തിൽ 15-20 തവണ, ശർമിയും അവരുടെ നാടകസംഘവും തെരുക്കൂത്ത് അവതരിപ്പിക്കാറുണ്ട്. ഒരു അവതരണത്തിന് 700-800 രൂപ എന്ന കണക്കിൽ, ഓരോ കലാകാരനും മാസം 10,000-15,000 രൂപ വരുമാനം ലഭിക്കും.
എന്നാൽ സീസൺ അവസാനിക്കുന്നതോടെ, ഈ കലാകാരൻമാർ മറ്റു വരുമാനമാർഗ്ഗങ്ങൾ തേടാൻ നിർബന്ധിതരാകും. മരണാനന്തര ചടങ്ങുകളിൽ മാത്രം അവതരിപ്പിക്കപ്പെടുന്ന, തെരുക്കൂത്തിന്റെ ആചാരാധിഷ്ഠിത വകഭേദമായ കാരിയക്കൂത്താണ് അതിലൊന്ന്. "ആരുടെയെങ്കിലും മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ആഴ്ചയിൽ ഒന്നോ രണ്ടോ അവതരണങ്ങൾക്ക് ഞങ്ങൾക്ക് അവസരം ലഭിക്കാറുണ്ട്," വടനമേല്ലിയിലെ കാരിയക്കൂത്ത് അവതരണത്തിന് തയ്യാറെടുക്കുന്നതിനിടെ ശർമി പറയുന്നു. തിരുവള്ളൂർ ജില്ലയിലെ പട്ടരൈപെരുംപുതൂരിലുള്ള നാടകക്കമ്പനിയുടെ ആസ്ഥാനത്തുനിന്ന് ഏതാണ്ട് 60 കിലോമീറ്റർ അകലെയാണ് വടനമല്ലി ഗ്രാമം.
























