അബ്ദുൽ കുമാർ മാഗ്രെയ് അവസാനമായി പട്ടു നെയ്തിട്ട് ഇപ്പോൾ 30 വർഷമാകുന്നു. താപനില മൈനസ് 20 ഡിഗ്രിയ്ക്ക് താഴെ പോകുന്ന കശ്മീരിലെ അതിശൈത്യത്തെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള ഈ കമ്പിളിവസ്ത്രം നിർമ്മിക്കുന്ന, അവശേഷിക്കുന്ന ഏതാനും ചില നെയ്ത്തുകാരിൽ ഒരാളാണ് അദ്ദേഹം.
"നേരത്തെ ഞാൻ ഒറ്റ ദിവസത്തിൽ 11 മീറ്റർ നെയ്യുമായിരുന്നു," കാഴ്ച ഏതാണ്ട് പൂർണമായും നഷ്ടപ്പെട്ട ആ 82 വയസ്സുകാരൻ പറയുന്നു. ഏറെ സൂക്ഷിച്ച് മുറിയ്ക്ക് കുറുകെ നടന്നെത്തുന്ന അദ്ദേഹം ദിശയറിയാൻ ചുവരിൽ കൈവെച്ച് നോക്കുന്നു. "തുടർച്ചയായുള്ള നെയ്ത്ത് കാരണം 50 വയസ്സായപ്പോഴേക്കും എന്റെ കാഴ്ചശക്തി ക്ഷയിച്ചു."
ബന്ദിപ്പോർ ജില്ലയിലെ ദാവർ ഗ്രാമത്തിൽ ഹബാ ഖാത്തൂൻ കൊടുമുടിയുടെ സമീപത്തായാണ് അബ്ദുൽ താമസിക്കുന്നത്. 2011-ലെ കണക്കെടുപ്പനുസരിച്ച് 4,253 ആണ് ദാവറിലെ ജനസംഖ്യ. ഗ്രാമത്തിൽ ഇപ്പോൾ പട്ടു നെയ്ത്തുകാർ ആരും ഇല്ലെങ്കിലും "ഏകദേശം ഒരു ദശാബ്ദം മുൻപുവരെ, ശൈത്യകാല മാസങ്ങളിൽ ഗ്രാമത്തിലെ എല്ലാ വീടുകളിലും വേനലിലും വസന്തകാലത്തും വില്പന നടത്താനുള്ള തുണിത്തരങ്ങൾ നെയ്തിരുന്നു" എന്ന് അദ്ദേഹം ഞങ്ങളോട് പറയുന്നു.
ശ്രീനഗറിലും ചിലപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽപ്പോലും വില്പനയ്ക്കായി അബ്ദുലും കുടുംബവും നെയ്തിരുന്ന വസ്ത്രങ്ങളിൽ ഫരൻ (പരമ്പരാഗത ശൈലിയിലുള്ള മേൽവസ്ത്രം), ദുപ്പാട്ടി (കമ്പിളി), സോക്സുകൾ, കയ്യുറകൾ എന്നിവ ഉൾപ്പെട്ടിരുന്നു.
അബ്ദുൽ തന്റെ കലയെ ആത്മാർഥമായി സ്നേഹിക്കുമ്പോഴും ഇന്ന് അത് സജീവമായി നിലനിർത്തുക അത്ര എളുപ്പമല്ല. നെയ്ത്തിന് വേണ്ട അസംസ്കൃതവസ്തുവായ കമ്പിളി സുലഭമായി ലഭിക്കാത്തതാണ് കാരണം. അബ്ദുലിനെപ്പോലെയുള്ള നെയ്ത്തുകാർ വീട്ടിൽത്തന്നെ ചെമ്മരിയാടുകളെ വളർത്തുകയും അവയിൽനിന്ന് ലഭിക്കുന്ന കമ്പിളി ഉപയോഗിച്ച് പട്ടു നെയ്യുകയുമായിരുന്നു പതിവ്. ഏകദേശം 20 വർഷം മുൻപ് അബ്ദുലിന്റെ കുടുംബത്തിന് സ്വന്തമായി 40-45 ചെമ്മരിയാടുകൾ ഉണ്ടായിരുന്നതിനാൽ കമ്പിളി അനായാസം വിലക്കുറവിൽ ലഭിക്കുമായിരുന്നെന്ന് അദ്ദേഹം പറയുന്നു. "ഞങ്ങൾക്ക് നെയ്ത്തിൽനിന്ന് നല്ല ലാഭം കിട്ടിയിരുന്നു," അദ്ദേഹം ഓർത്തെടുക്കുന്നു. നിലവിൽ ഈ കുടുംബത്തിന് ആകെ ആറ് ചെമ്മരിയാടുകളാണുള്ളത്.


















