പാരി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടിട്ട് 2014 ഡിസംബർ 20-ന് 10 വർഷം തികഞ്ഞു.
എന്താണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടം? ഇപ്പോഴും ഞങ്ങളിവിടെയുണ്ടെന്നതുതന്നെ. കോർപ്പറേറ്റുകൾ രാജാവായി വിലസുന്ന മാധ്യമലോകത്ത്, ദിവസേന 15 ഭാഷകളിൽ പ്രസിദ്ധീകരിച്ചുകൊണ്ട്, ഒരു സ്വതന്ത്ര പത്രപ്രവർത്തന സൈറ്റായ പാരി ഇപ്പോഴും നിലനിൽക്കുന്നു എന്നതുതന്നെ. കോർപ്പസ് ഫണ്ടോ, സർക്കാർ ഫണ്ടോ വെറും പൂജ്യമായിരുന്ന ഒരു ട്രസ്റ്റിന്റെ പ്രധാന പ്രവർത്തനമാണ് അത്. കോർപ്പറേറ്റുകളുടെ ഗ്രാന്റോ നിക്ഷേപമോ, പരസ്യവരുമാനമോ (ആ വരുമാനം വേണ്ടെന്നത് ഒരു തീരുമാനമായിരുന്നു), ഇത് വായിക്കുകയും കേൾക്കുകയും കാണുകയും ചെയ്യണമെന്ന് പാരി ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ആളുകളെ ഇതിൽനിന്ന് അകറ്റിയേക്കാവുന്ന വരിസംഖ്യയോ യാതൊന്നുമില്ലാതെതന്നെ. എന്നാൽ, പ്രതിബദ്ധതയുള്ള പത്രപ്രവർത്തകരുടേയും, സാങ്കേതികവിദഗ്ദ്ധരുടേയും, അക്കാദമിക പണ്ഡിതരുടേയും, എല്ലാറ്റിലുമുപരിയായി, സന്നദ്ധപ്രവർത്തനം നടത്താൻ കഴിവുള്ള ഒരു വലിയ വിഭാഗം പ്രവർത്തകരുടെ ശൃംഖലകൊണ്ട് നിർമ്മിക്കപ്പെട്ട ഒന്നാണിത്. പൊതുജനങ്ങളിൽനിന്നും, ട്രസ്റ്റികളിൽനിന്നും, പാരിയുടെ സ്വാതന്ത്ര്യം ഒരിക്കലും നിയന്ത്രിക്കാൻ ശ്രമിച്ചിട്ടില്ലാത്ത ചില ഫൌണ്ടേഷനുകളിൽനിന്നുമുള്ള ഉദാരമായ സംഭാവനകളിലൂടെ നിർമ്മിക്കപ്പെട്ടതാണത്.
ഇന്ത്യയുടെ, ഭൂമിശാസ്ത്രപരമായും ഭൌതികമായും, ചരിത്രപരമായും പരിണമിച്ചുവന്ന ഏതാണ്ട് 95 ശതമാനം പ്രദേശങ്ങളിൽനിന്ന് ഇടതടവില്ലാതെ റിപ്പോർട്ട് ചെയ്യാൻ അദ്ധ്വാനിച്ചുകൊണ്ടിരിക്കുന്ന ഒരേയൊരു വെബ്സൈറ്റായ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയെ നയിക്കുന്നത്, ആത്മാർത്ഥതയും അതീവ കർമ്മോത്സുകതയുമുള്ള അതിന്റെ ജീവനക്കാരാണ്. ഗ്രാമീണ ഇന്ത്യയോട്, അതിലെ 900 ദശലക്ഷം ആളുകളോട്, അവരുടെ ജീവിതത്തോടും ഉപജീവനത്തോടും സംസ്കാരത്തോടും, അവരുടെ 800-നടുത്ത നാട്ടുഭാഷകളോടും പൂർണ്ണമായ പ്രതിബദ്ധതയുള്ള ഒരേയൊരു പത്രപ്രവർത്തന സൈറ്റ്. അതിസാധാരണക്കാരായ ആളുകളുടെ ദൈനംദിനജീവിതത്തോട്, നൂറ് കോടി മനുഷ്യരുടെ ജീവിതകഥകളോട് പ്രതിജ്ഞാബദ്ധമായ ഒരു സൈറ്റ്. നാഗരിക ഇന്ത്യയിലെ ഗ്രാമീണ കുടിയേറ്റക്കാരുടെ കഥകളും ഇതിൽ ഉൾപ്പെടുന്നു.
ആരംഭംതൊട്ടേ ഇതിന്റെ സ്ഥാപകർക്കൊരു തീരുമാനമുണ്ടായിരുന്നു. പാരി എന്നത് ഒരു ജേണലിസം സൈറ്റ് മാത്രമല്ല, സജീവവും ചലനാത്മകവുമായ ആർക്കൈവും ആയിരിക്കണമെന്ന്. മാത്രമല്ല, കോർപ്പറേറ്റുകൾ വ്യാഖ്യാനിക്കുന്ന മട്ടിൽ, ജീർണ്ണിച്ചതും സൈദ്ധാന്തികപ്പഴക്കവുമുള്ള ഒരു ‘പ്രൊഫഷണൽ’ മാധ്യമമാവരുതെന്ന്. മറിച്ച്, മാനവികവിഷയങ്ങളുടേയും ശാസ്ത്രത്തിന്റേയും, വിശിഷ്യ, സാമൂഹിക ശാസ്ത്രത്തിന്റേയും ചൂടും, അറിവും ശക്തിയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സൈറ്റായിരിക്കണമെന്ന്. തുടക്കം മുതൽ ഞങ്ങൾ, പരിചയസമ്പന്നരായ പത്രപ്രവർത്തകരെ മാത്രമല്ല, തൊട്ട് മുമ്പ് സൂചിപ്പിച്ച വിവിധ ധാരകളിൽനിന്നുള്ള പത്രപ്രവർത്തകരല്ലാത്തവരേയും ഇതിലേക്ക് കൊണ്ടുവരികയുണ്ടായി.
അത് ഒരു ആശയക്കുഴപ്പത്തിനും, തെറ്റിദ്ധാരണയ്ക്കും, (ചിലപ്പോൾ രൂക്ഷമായ) തർക്കത്തിനും, എന്നാൽ ഒടുവിൽ, അസാധാരണമായ നേട്ടത്തിനും പറ്റിയ ഒരു ചേരുവയായിത്തീർന്നു. കാരണം, എല്ലാ ധാരകളും ഒരു കാര്യം തിരിച്ചറിയുകയും അതിനോട് താത്വികമായി യോജിക്കുകയും ചെയ്തു: അതായത്, ഉള്ളടക്കത്തിൽ ഉണ്ടാവേണ്ടത് ഞങ്ങളുടെ ശബ്ദമല്ല. സാധാരണക്കാരിൽ സാധാരണക്കാരായ, നിത്യവും നമ്മൾ കാണുന്ന ഇന്ത്യക്കാരുടെ ശബ്ദമായിരിക്കണം എന്ന കാര്യത്തിൽ. ആ മനുഷ്യരുടെ ശബ്ദമായിരിക്കണം കേൾപ്പിക്കേണ്ടത്, നിങ്ങളുടേതല്ല, എന്ന ഞങ്ങളുടെ തൊഴിലിടത്തിലെ കീഴ്‌വഴക്കം എല്ലാ റിപ്പോർട്ടർമാരേയും ഞങ്ങൾ എന്നും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. നമ്മൾ കഥകളാണ് പറയുന്നത്, അറിയിപ്പുകളോ, അക്കാദമികമോ ഉദ്യോഗസ്ഥസ്വഭാവമുള്ളതോ ആയ റിപ്പോർട്ടുകളല്ല. കർഷകർ, വനവാസികൾ, തൊഴിലാളികൾ, നെയ്ത്തുകാർ, മുക്കുവർ, വിവിധ ഉപജീവനമാർഗ്ഗങ്ങളിലുള്ള ആളുകൾ എന്നിവരെക്കൊണ്ട്, നമ്മെക്കൊണ്ടാവുന്ന വിധത്തിലെല്ലാം അവരുടെ കഥകൾ പറയിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ചിലപ്പോൾ അവരെക്കൊണ്ട് പാട്ടുകൾ പാടിപ്പിക്കുകപോലും ചെയ്യുന്നു.














