ഞങ്ങളുടെ ഗ്രാമമായ പൽസുണ്ടെയിൽ ഏഴ് വ്യത്യസ്ത ഗോത്രവിഭാഗങ്ങളിൽ ഉൾപ്പെട്ട ആളുകൾ താമസിക്കുന്നുണ്ട്; അവരിൽക്കൂടുതലും വാർളി സമുദായക്കാരാണ്. ഞാൻ ഏഴ് ഗോത്രവിഭാഗങ്ങളുടെയും ഭാഷ പഠിച്ചിട്ടുണ്ട്: വാർളി, കൊഴി മഹാദേവ്, കാത്കരി, മ ഠാക്കർ, ക ഠാക്കർ, ഡോൽ കൊഴി, മൽഹാർ കൊഴി എന്നിവയാണവ. എന്റെ ജന്മഭൂമിയും കർമ്മഭൂമിയും ഇവിടെത്തന്നെയായതിനാൽ ഇത്രയും ഭാഷകൾ പഠിക്കുന്നതിൽ എനിക്ക് വലിയ ബുദ്ധിമുട്ടൊന്നും അനുഭവപ്പെട്ടില്ല; എന്റെ വിദ്യാഭ്യാസവും ഇവിടെത്തന്നെയായിരുന്നു.

എന്റെ പേര് ബാൽചന്ദ്ര രാംജി ധൻഗരെ. മൊഖാഡയിലുള്ള സില്ലാ പരിഷദ് പ്രൈമറി സ്കൂളിലെ പ്രൈമറി സ്കൂൾ അധ്യാപകനാണ് ഞാൻ.

"നിനക്ക് ഏതെങ്കിലും ഒരു ഭാഷ കേട്ടാൽത്തന്നെ അത് മനസ്സിലാക്കി, അതിൽ സംസാരിക്കാനുള്ള കഴിവുണ്ട്," എന്ന് എന്റെ സുഹൃത്തുക്കൾ എപ്പോഴും പറയാറുണ്ട്. ഞാൻ ഏതൊരു സമുദായത്തെ സന്ദർശിക്കുമ്പോഴും, അവർ എന്നെ അവരുടെ ഭാഷ സംസാരിക്കുന്ന, അവരിലൊരാളായിത്തന്നെയാണ് കാണാറുള്ളത്.

വീഡിയോ കാണുക: വാർളി ഭാഷയിലെ അധ്യയനത്തിന് മികച്ച ഒരു കൈത്താങ്ങ്

ഞങ്ങളുടെ ആദിവാസി മേഖലയിൽനിന്നുള്ള കുട്ടികൾ അവരുടെ സ്കൂൾ പഠനകാലത്ത് ഒരുപാട് വെല്ലുവിളികൾ നേരിടുന്നുണ്ടെന്നാണ് അവരുമായി ഇടപഴകിയതിൽനിന്ന് ഞാൻ മനസ്സിലാക്കിയത്. ഗോത്രമേഖലകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് പ്രത്യേക ഗ്രേഡ് അനുവദിക്കണമെന്ന് മഹാരാഷ്ട്രാ സർക്കാർ നിയമം കൊണ്ടുവന്നിട്ടുണ്ട്. ഈ മേഖലകളിൽ ദൈനംദിന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പ്രാദേശികഭാഷ ഈ അധ്യാപകർ നിർബന്ധമായും പഠിച്ചിരിക്കണം എന്നതിനാലാണത്.

ഇവിടെ മൊഖാഡയിൽ ഏറ്റവും പ്രചാരത്തിലുള്ള ഭാഷ വാർളി ആണ്. ഈ ഭാഷ സംസാരിക്കുന്ന അനേകം വിദ്യാർത്ഥികൾ സ്കൂളിലുണ്ട്. അവരെ ഒരു ഇംഗ്ലീഷ് വാക്ക് പഠിപ്പിക്കണമെങ്കിൽ, ആദ്യം മറാത്തിയിലെ തത്തുല്യ പദം പറഞ്ഞുകൊടുക്കുകയും പിന്നെ അതേ വാക്ക് വാർളിയിൽ വിശദീകരിക്കുകയും വേണം. അതിനുശേഷമാണ് ആ ഇംഗ്ലീഷ് വാക്ക് ഞങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക.

ഇത് കുറച്ച് സങ്കീർണ്ണമായ സാഹചര്യമാണെങ്കിലും ഇവിടത്തെ കുട്ടികൾ എല്ലാവരുംതന്നെ ബുദ്ധിശാലികളും കഠിനാധ്വാനികളുമാണ്. മാനകഭാഷയായ മറാത്തിയുമായി അവർ പൊരുത്തപ്പെട്ടുകഴിഞ്ഞാൽ, പിന്നെ അവരോട് ഇടപഴകുന്നത് വിസ്മയകരമായ ഒരു അനുഭവമാണ്. എന്നിരിക്കിലും, ഈ പ്രദേശത്ത് പൊതുവിദ്യാഭ്യാസം വേണ്ടത്ര സാർവത്രികമായിട്ടില്ല എന്നതാണ് വാസ്തവം. അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കേണ്ട ഒരു വിഷയമാണത്. ഇവിടത്തെ ജനസംഖ്യയുടെ 50 ശതമാനത്തോളം പേർ ഇപ്പോഴും നിരക്ഷരരാണ്; ഈ പ്രദേശത്ത് വികസന പ്രവർത്തനങ്ങളും താരതമ്യേന മന്ദഗതിയിലാണ് നീങ്ങുന്നത്.

അദ്ധ്യാപകരായ ബാൽചന്ദ്ര ധൻഗരെയും പ്രകാശ് പാട്ടീലും 1 മുതൽ 5 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾ ഉൾപ്പെടുന്ന തങ്ങളുടെ ക്ലാസ്സ്മുറിയിൽ ഒരു പരമ്പരാഗത കാത്കാരി ഗാനം അവതരിപ്പിക്കുന്നു

1990-കൾ വരെ, ഈ പ്രദേശത്ത് പത്താം തരത്തിനപ്പുറം പഠിച്ചവർ ആരും ഉണ്ടായിരുന്നില്ലെന്നുതന്നെ പറയാം. എന്നാൽ പതിയെ ആണെങ്കിലും പുതിയ തലമുറ ഔപചാരിക വിദ്യാഭ്യാസം നേടാൻ തുടങ്ങിയിട്ടുണ്ട്. വാർളി സമുദായത്തിൽനിന്നുള്ള 25 കുട്ടികൾ 1-ആം ക്ലാസ്സിൽ പ്രവേശനം നേടിയെന്ന് കരുതുക, അതിൽ എട്ട് കുട്ടികൾ മാത്രമാണ് 10-ആം ക്ലാസ്സിലെത്തുക. സ്കൂളിൽനിന്നുള്ള കൊഴിഞ്ഞുപോക്കിന്റെ നിരക്ക് വളരെ കൂടുതലാണ്. ഇനി ആ 8 കുട്ടികളിൽ 5-6 പേർ മാത്രമാണ് പരീക്ഷ പാസ്സാകുക. 12-ആം ക്ലാസ് ആകുമ്പോഴേക്കും വീണ്ടും കുട്ടികൾ കൊഴിഞ്ഞുപോയിരിക്കും. അങ്ങനെ ഒടുവിൽ 3-4 കുട്ടികൾ മാത്രമാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുക.

ഇവിടെയുള്ള കുട്ടികൾക്ക് താലൂക്ക തലത്തിൽ മാത്രമേ ബിരുദം പൂർത്തിയാക്കാനാകുകയുള്ളൂ-അതിന് അവർ ഏതാണ്ട് 10 കിലോമീറ്റർ ദൂരം സഞ്ചരിക്കണം. എന്നാൽ അവിടെയും മറ്റു സൗകര്യങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ ഉപരിപഠനത്തിന് വിദ്യാർഥികൾ താനെ, നാസിക്, അല്ലെങ്കിൽ പാൽഘർ പട്ടണത്തിലേക്ക് പോകേണ്ട സ്ഥിതിയാണ്. അതുകൊണ്ടുതന്നെ, ഈ താലൂക്കയിലെ വെറും 3 ശതമാനം ആളുകൾ മാത്രമാണ് ബിരുദം പൂർത്തിയാക്കിയിട്ടുള്ളത്.

വാർളി സമുദായത്തിൽ പ്രത്യേകിച്ചും വിദ്യാഭ്യാസത്തിന്റെ തോത് തീരെ കുറവാണ്; ഈ സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഗ്രാമങ്ങൾ സന്ദർശിച്ചും, അവിടെയുള്ളവരോട് അവരുടെതന്നെ ഭാഷയിൽ സംസാരിക്കുക വഴി അവരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിച്ചും അവരുടെ മനസ്സിൽ വിശ്വാസം വളർത്തിയെടുത്തും ഞങ്ങളും കഴിയാവുന്നത്ര ഇതിനായി പരിശ്രമിക്കുന്നുണ്ട്.

ഇത് രേഖപ്പെടുത്താൻ സഹായിച്ചതിന് എ.ആർ.ഒ.ഇ.എച്ച്.എ. എന്നിലെ ഹേമന്ത് ഷിംഗ ഡെയോട് പാരി നന്ദി പറയുന്നു.

അഭിമുഖം: മേധാ കാലെ

ഇന്ത്യയിലെ നാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന ഭാഷകളെ , ഭാഷ സംസാരിക്കുന്നവരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും രേഖപ്പെടുത്തിവെക്കുന്ന പാരിയുടെ പ്രൊജക്ടാണ് എൻ ഡേൻ ജേഡ് ലാംഗ്വേജസ് പ്രോജക്ട് ( . എൽ . പി .)

ഇന്ത്യയിൽ ഗുജറാത്ത്, ദാമൻ ആൻഡ് ദിയു , ദാദ്ര ആൻഡ് നാഗർ ഹവേലി, മഹാരാഷ്ട്ര, കർണ്ണാടക, ഗോവ എന്നീ പ്രദേശങ്ങളിൽ താമസിക്കുന്ന വാർളി ആദിവാസി സമൂഹം സംസാരിക്കുന്ന ഒരു ഇൻഡോ-ആര്യൻ ഭാഷയാണ് വാർളി. ഇന്ത്യയിൽ അപ്രത്യക്ഷമാകാൻ സാധ്യതയുള്ള ഭാഷകളിൽ ഒന്നായി വാർളിയെ യുനെസ്‌കോയുടെ അറ്റ്ലസ് ഓഫ് ലാംഗ്വേജസ് പട്ടികപ്പെടുത്തിയിട്ടുണ്ട്.

വാർളിയുടെ മഹാരാഷ്ട്രയിൽ പ്രചാരത്തിലുള്ള വകഭേദമാണ് ഞങ്ങൾ ഇവിടെ രേഖപ്പെടുത്താൻ ലക്ഷ്യമിടുന്നത്.

പരിഭാഷ: പ്രതിഭ ആര്‍. കെ .

Bhalchandra Dhangare

ਭਾਲਚੰਦਰ ਢਨਗਰੇ ਪਾਲਘਰ ਜ਼ਿਲ੍ਹੇ ਦਸਤਾਵੇਜ਼ੀਕਰਨ ਦੇ ਮੋਖਾੜਾ ਵਿੱਚ ਜ਼ਿਲ੍ਹਾ ਪ੍ਰੀਸ਼ਦ ਪ੍ਰਾਇਮਰੀ ਸਕੂਲ ਵਿੱਚ ਅਧਿਆਪਕ ਹਨ।

Other stories by Bhalchandra Dhangare
Editor : Siddhita Sonavane

ਸਿੱਧੀਤਾ ਸੋਨਾਵਨੇ ਪੀਪਲਜ਼ ਆਰਕਾਈਵ ਆਫ ਰੂਰਲ ਇੰਡੀਆ ਵਿਖੇ ਇੱਕ ਪੱਤਰਕਾਰ ਅਤੇ ਸਮੱਗਰੀ ਸੰਪਾਦਕ ਹਨ। ਉਨ੍ਹਾਂ ਨੇ 2022 ਵਿੱਚ ਐੱਸਐੱਨਡੀਟੀ ਮਹਿਲਾ ਯੂਨੀਵਰਸਿਟੀ, ਮੁੰਬਈ ਤੋਂ ਆਪਣੀ ਮਾਸਟਰ ਡਿਗਰੀ ਪੂਰੀ ਕੀਤੀ ਅਤੇ ਉਨ੍ਹਾਂ ਦੇ ਹੀ ਅੰਗਰੇਜ਼ੀ ਵਿਭਾਗ ਵਿੱਚ ਇੱਕ ਵਿਜ਼ਿਟਿੰਗ ਫੈਕਲਟੀ ਹਨ।

Other stories by Siddhita Sonavane
Video : Siddhita Sonavane

ਸਿੱਧੀਤਾ ਸੋਨਾਵਨੇ ਪੀਪਲਜ਼ ਆਰਕਾਈਵ ਆਫ ਰੂਰਲ ਇੰਡੀਆ ਵਿਖੇ ਇੱਕ ਪੱਤਰਕਾਰ ਅਤੇ ਸਮੱਗਰੀ ਸੰਪਾਦਕ ਹਨ। ਉਨ੍ਹਾਂ ਨੇ 2022 ਵਿੱਚ ਐੱਸਐੱਨਡੀਟੀ ਮਹਿਲਾ ਯੂਨੀਵਰਸਿਟੀ, ਮੁੰਬਈ ਤੋਂ ਆਪਣੀ ਮਾਸਟਰ ਡਿਗਰੀ ਪੂਰੀ ਕੀਤੀ ਅਤੇ ਉਨ੍ਹਾਂ ਦੇ ਹੀ ਅੰਗਰੇਜ਼ੀ ਵਿਭਾਗ ਵਿੱਚ ਇੱਕ ਵਿਜ਼ਿਟਿੰਗ ਫੈਕਲਟੀ ਹਨ।

Other stories by Siddhita Sonavane
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.