ശ്രീരംഗത്തെ എള്ളുപാടത്തിൽനിന്ന് 10 മിനിറ്റ് അകലെയുള്ള കൊള്ളിഡാം പുഴയുടെ തീരത്ത് ഇരുട്ട് പരക്കുമ്പോൾ വടിവേലൻ എന്ന കർഷകൻ എനിക്ക് കഥകൾ പറഞ്ഞുതന്നു. 1978-ൽ താൻ ജനിച്ച് 12 ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുത്തിയൊഴുകിയ ഈ പുഴയെക്കുറിച്ച്. തേൻനിറമുള്ള, നല്ല മണമുള്ള എണ്ണയെടുക്കാനായി ഗ്രാമത്തിലെ എല്ലാവരും വളർത്തുന്ന എള്ളിനെക്കുറിച്ച്, ‘വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രണ്ട് വാഴക്കന്നുകളിൽ പിടിച്ച് നീന്താൻ പഠിച്ചതിനെ‘ക്കുറിച്ച്, കൂടുതൽ വലിയ പുഴയായ കാവേരിയുടെ തീരത്ത് ജീവിച്ചിരുന്ന പ്രിയയുമായി പ്രണയത്തിലായതിനെക്കുറിച്ച്, തന്റെ അച്ഛന്റെ എതിർപ്പുണ്ടായിട്ടും അവളെ വിവാഹം ചെയ്തതിനെക്കുറിച്ച്. തന്റെ ഒന്നരയേക്കർ ഭൂമിയിൽ നെല്ലും, കരിമ്പും, ഉഴുന്നും എള്ളും കൃഷി ചെയ്തതിനെക്കുറിച്ച്.
ആദ്യത്തെ മൂന്ന് വിളവുകളും പണം തന്നിരുന്നു. “നെല്ലിൽനിന്നുള്ള വരുമാനമുപയോഗിച്ച് ഞങ്ങൾ കരിമ്പ് കൃഷി ചെയ്തു. എന്നിട്ട് ആ പണം ഭൂമിയിൽ വീണ്ടും നിക്ഷേപിച്ചു”, വടിവേലൻ പറയുന്നു. എള്ള് കൃഷി ചെയ്യുന്നത് എണ്ണയ്ക്കുവേണ്ടിയാണ്. എള്ള് മരത്തിന്റെ ചക്കിൽ ആക്കി, നല്ലെണ്ണയെടുത്ത് വലിയ പാത്രങ്ങളിൽ ശേഖരിക്കുന്നു. “ഞങ്ങളത് ഭക്ഷണമുണ്ടാക്കാനും അച്ചാറിടാനും ഉപയോഗിക്കുന്നു”, പ്രിയ പറഞ്ഞു. “ഓ, പിന്നെ, മൂപ്പരതുകൊണ്ട് ദിവസവും കുലുക്കുഴിയുകയും ചെയ്യും”, വടിവേലൻ ചിരിച്ചു. “പിന്നെ എണ്ണതേച്ചുള്ള കുളിയും, എനിക്കത് വളരെ ഇഷ്ടമാണ്”, അയാൾ പറയുന്നു.
വടിവേലന് ഇഷ്ടമുള്ള ധാരാളം കാര്യങ്ങളുണ്ട്. ജീവിതത്തിലെ ചെറിയ ചെറിയ ആനന്ദങ്ങൾ. കുട്ടിക്കാലത്ത് ഈ പുഴയിൽ മീൻ പിടിച്ചിരുന്നത്, പിടിച്ച മീനുകളെ കൂട്ടുകാരോടൊത്ത് പൊരിച്ച് തിന്നുന്നത്; പഞ്ചായത്തിലെ നേതാവിന്റെ വീട്ടിലുണ്ടായിരുന്ന ഗ്രാമത്തിലെ ഒരേയൊരു ടി.വി. കാണുന്നത്. ‘എനിക്ക് ടിവി വലിയ ഇഷ്ടമുണ്ടായിരുന്നു. അത് കൃത്യമായി പ്രവർത്തിക്കാതിരിക്കുമ്പോഴുണ്ടാകുന്ന ആ കിരുകിരുപ്പ് ശബ്ദം പോലും ഞാൻ ശ്രദ്ധിച്ച് കേൾക്കാറുണ്ടായിരുന്നു”.
റോസ് നിറമുള്ള ഗൃഹാതുരത്വം പക്ഷേ പകൽവെളിച്ചം പോലെ വേഗത്തിൽ മാഞ്ഞുപോകുന്നു. “നിങ്ങൾക്കിനി കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കാനാവില്ല”, വടിവേലൻ ചൂണ്ടിക്കാട്ടുന്നു. “ഞാൻ വണ്ടിയും ഓടിക്കാറുണ്ട്. അങ്ങിനെയാണ് ജീവിക്കുന്നറ്റ്”, അദ്ദേഹം ഞങ്ങളെ സ്വന്തം ടൊയോട്ട എറ്റിയോസിലാണ് തിരുവാലർസോലൈയിലെ വീട്ടിൽനിന്ന് ശ്രീരംഗം താലൂക്കിലെ നദീതീരത്തേക്ക് കൊണ്ടുവന്നത്. എട്ടുശതമാനം പലിശയ്ക്ക് സ്വകാര്യ വായ്പയെടുത്തിട്ടാണ് അദ്ദേഹം ഈ കാർ വാങ്ങിയത്. മാസം 25,000 രൂപ തിരിച്ചടവുണ്ട്. പണത്തിന് എപ്പോഴും ബുദ്ധിമുട്ടാണെന്ന് ആ ദമ്പതിമാർ പറഞ്ഞു. ചിലപ്പോൾ, ബാധ്യതകൾ തീർക്കാൻ സ്വർണ്ണം പണയം വെക്കേണ്ടിവരാറുണ്ടെന്നും സമ്മതിച്ചു. “നോക്കൂ, ഞങ്ങളെപ്പോലുള്ളവർക്ക് വീട് പണിയാൻ ഒരു ലോൺ ആവശ്യമായി വന്നാൽ, 10 ജോടി ചെരുപ്പ് തേഞ്ഞുപോകും. അങ്ങിനെയാണ് അവരുടെ ഞങ്ങളോടുള്ള പെരുമാറ്റം”.
ഇപ്പോൾ ആകാശം, പിങ്കും, നീലയും കറുപ്പും ചേർന്ന ഒരു എണ്ണച്ഛായാചിത്രം പോലെ തോന്നിച്ചു. എവിടെനിന്നോ ഒരു മയിലിന്റെ കരച്ചിൽ. “പുഴയിൽ നീർനായകളുണ്ട്”, വടിവേലൻ പറഞ്ഞു. ഞങ്ങളിൽനിന്ന് അകലെയല്ലാതെ, കുറച്ച് ആൺകുട്ടികൾ പുഴയിലേക്ക് കൂപ്പുകുത്തുകയും കളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. “ഞാനും അതൊക്കെയാണ് ചെയ്തിരുന്നത്. വളരുന്ന കാലത്ത് മറ്റ് വിനോദങ്ങളൊന്നും ഉണ്ടായിരുന്നില്ല”.






































