പരമ്പരാഗതവസ്ത്രങ്ങളണിഞ്ഞ്, അരയിൽ ഒന്നും തലയിൽ വേറെയും ഒന്നോ രണ്ടോ കുടങ്ങളുമേന്തിവരുന്ന യുവതികളും പ്രായമായവരുമായ സ്ത്രീകളെക്കുറിച്ചുള്ള വാർപ്പുമാതൃകകളാണ് ഇന്ത്യയിലെ ഗ്രാമീണസ്ത്രീകളെക്കുറിച്ച് നിലനിൽക്കുന്നത്. ദൃശ്യഭംഗിയുള്ളതും ചിലപ്പോൾ അതിസാധാരണവുമായ, ഇന്ത്യൻ ഗ്രാമങ്ങളിലെ കിണറുകൾ വെള്ളം ശേഖരിക്കാനുള്ള സ്ഥലങ്ങൾ മാത്രമല്ല. വലിയ സൌഹൃദങ്ങൾമുതൽ, ഗ്രാമത്തിലെ പരദൂഷണങ്ങളും, വെള്ളമുപയോഗിക്കുന്നത് തീർപ്പാക്കുന്ന ജാതിബന്ധങ്ങളിലെ അനീതിവരെ പലതും ചുരുളഴിയുന്നത് കിണറിനെ ചുറ്റിപ്പറ്റിയാണ്.
വിചിത്രമെന്ന് തോന്നാം, ഭർത്തൃവീടുകളിലെ ദുരിതങ്ങളിൽനിന്ന് നിരവധി സ്ത്രീകൾക്ക് രക്ഷയൊരുക്കുന്നതും, ജീവിതത്തെ നിലനിർത്താൻ സഹായിക്കുന്ന ഈ കിണറുകൾതന്നെയാണ്. തനിക്ക് താത്പര്യമില്ലാത്ത ഒരു ബന്ധത്തിലേക്ക് വിവാഹംകഴിച്ചയക്കപ്പെട്ട ഒരു സ്ത്രീയുടെ ഏറ്റവുമടുത്ത സുഹൃത്തായിരുന്ന കിണർപോലും അവൾക്കെതിരെ തിരിയുന്നതാണ് ഈ പാട്ടിൽ നമ്മൾ കാണുന്നത്. ശത്രുരാജ്യംപോലെ തോന്നിക്കുന്ന ഒരു വീട്ടിലേക്ക് തന്നെ വിവാഹംചെയ്തയപ്പിച്ച സ്വന്തം കുടുംബത്തിലെ പുരുഷന്മാരെക്കുറിച്ച് സംസാരിക്കാൻപോലും അവൾക്ക് ആരുമില്ലാതായി.
അഞ്ജാറിലെ ശങ്കർ ബാരോത്ത് ഇവിടെ പാടിയതുപോലുള്ള വിഷാദഗാനങ്ങൾക്ക് - സ്വന്തം കുടുംബത്തിലെ ശത്രുക്കളായ പുരുഷന്മാരെക്കുറിച്ചുള്ള ഗാനങ്ങൾക്ക് - വിവാഹചടങ്ങുകളുമായി ബന്ധപ്പെട്ട വൈവിദ്ധ്യമുള്ള ഗാനങ്ങളിൽ സ്വന്തമായ ഒരിടമുണ്ട്.
Gujarati
જીલણ તારા પાણી મને ખારા ઝેર લાગે મને ઝેર ઝેર લાગે
જીલણ તારા પાણી મને ઝેર ઝેર લાગે મને ખારા ઝેર લાગે
દાદો વેરી થયા’તા મને વેરીયામાં દીધી, મારી ખબરું ન લીધી
જીલણ તારા પાણી મને ઝેર ઝેર લાગે મને ખારા ઝેર લાગે
કાકો મારો વેરી મને વેરીયામાં દીધી, મારી ખબરું ન લીધી
જીલણ તારા પાણી મને ઝેર ઝેર લાગે મને ખારા ઝેર લાગે
મામો મારો વેરી મને વેરીયામાં દીધી, મારી ખબરું ન લીધી
જીલણ તારા પાણી મને ઝેર ઝેર લાગે મને ખારા ઝેર લાગે
જીલણ તારા પાણી મને ઝેર ઝેર લાગે મને ખારા ઝેર લાગે
മലയാളം
നിന്റെ കിണറ്റിലെ ലവണജലം
എനിക്ക് വിഷംപോലെയാണ്
ഈ ഉപ്പുവെള്ളം വിഷമാണ് (2)
ദാദ എന്റെ ശത്രുവാണ്.
മുത്തച്ഛൻ എന്നെ ശത്രുവിന്
വിട്ടുകൊടുത്തു
അദ്ദേഹം ഒരിക്കലും എന്നെ
ശ്രദ്ധിച്ചിട്ടേയില്ല
ഉപ്പുവെള്ളമേ,
കാക്ക എന്റെ ശത്രുവാണ്,
ചെറിയച്ഛനെന്നെ ശത്രുക്കൾക്ക്
വിട്ടുകൊടുത്തു.
ഒരിക്കലും അദ്ദേഹമെന്നെ
കണക്കാക്കിയില്ല
ഉപ്പുവെള്ളമേ..
മാമയും എന്റെ ശത്രുവാണ്,
അമ്മാവനെന്നെ ശത്രുക്കൾക്ക്
വിട്ടുകൊടുത്തു,
അദ്ദേഹവുമെന്നെ സ്നേഹിച്ചില്ല
ഉപ്പുവെള്ളമേ..
നിന്റെ കിണറ്റിലെ ലവണജലം
എനിക്ക് വിഷംപോലെയാണ്
വിഷംപോലെ തോന്നിക്കുന്ന ലവണജലം
സംഗീതരൂപം : പരമ്പരാഗത നാടൻ പാട്ട്
ഗണം : വിവാഹഗാനം
പാട്ട് : 5
പാട്ടിന്റെ ശീർഷകം : ജീലാൻ താരാ പാനി മുനേ ഖര സേർ ലാഗേ
സംഗീതം : ദേവൽ മേത്ത
ഗായകൻ : അഞ്ജാറിൽനിന്നുള്ള ശങ്കർ ബാരോത്ത്
സംഗീതോപകരണങ്ങൾ : ഹാർമ്മോണിയം, ഡ്രം, ബാഞ്ചോ
റിക്കാർഡ് ചെയ്ത വർഷം : 2012, കെ.എം.വി.എസ്. സ്റ്റുഡിയോ
സൂർവാണി എന്ന സാമുദായിക ഉടമസ്ഥതയിലുള്ള റേഡിയോ റിക്കാർഡ് ചെയ്ത ഈ 341 പാട്ടുകൾ പാരിക്ക് ലഭിച്ചത്, കച്ച് മഹിളാ വികാസ് സംഘടനിലൂടെയാണ് (കെ.എം.വി.എസ്.)
പ്രീതി സോണി, കെ.എം.വി.എസിന്റെ സെക്രട്ടറി അരുണ ധോലാക്കിയ, കെ.എം.വി.എസിന്റെ പ്രോജക്ട് കോഓർഡിനേറ്റർ അമദ് സമേജ എന്നിവരുടെ പിന്തുണയ്ക്കും, ഗുജറാത്തി പരിഭാഷ തയ്യാറാക്കാൻ സഹായിച്ച ഭാർതിബെൻ ഗോറിനും പ്രത്യേക നന്ദി
പരിഭാഷ: രാജീവ് ചേലനാട്ട്