ടെംപു മാജിയുടെ കുടുംബം പറയുന്നത് അദ്ദേഹം ചെയ്യാത്ത കുറ്റത്തിനാണ് ജയിലിൽ കിടക്കുന്നത് എന്നാണ്.
ജഹാനാബാദ് കോടതിയിൽ ടെംപുവിന്റെ കേസിന്റെ വിചാരണ നടന്നപ്പോൾ, അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് കണ്ടെത്തി എന്ന് അവകാശപ്പെട്ട് തെളിവായി സമർപ്പിച്ച വസ്തുക്കൾ വാസ്തവത്തിൽ അവിടെനിന്ന് ലഭിച്ചതുതന്നെയാണെന്ന് സ്ഥാപിക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് കുടുംബം പറയുന്നു.
"ചെയ്യാത്ത കുറ്റത്തിന് അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കിയിരിക്കുകയാണ്," ടെംപുവിന്റെ ഭാര്യ, 35 വയസ്സുകാരിയായ ഗുണാ ദേവി പറയുന്നു.
ടെംപുവിന്റെ ശിക്ഷാവിധിയ്ക്ക് ആധാരമായ ദൃക്‌സാക്ഷിമൊഴികൾ അഞ്ചെണ്ണവും പോലീസുകാരുടേതായിരുന്നു എന്നത് ഗുണാ ദേവിയുടെ ആരോപണങ്ങൾക്ക് ശക്തി പകരുന്നു. വിചാരണാവേളയിൽ ഒരൊറ്റ സ്വതന്ത്ര സാക്ഷിയുടെപോലും മൊഴി രേഖപ്പെടുത്തിയിരുന്നില്ല. 2016-ലെ ബീഹാർ പ്രൊഹിബിഷൻ ആൻഡ് എക്സൈസ് (അമൻഡ്മെന്റ്) ആക്ടിന് കീഴിലാണ് ടെംപുവിന്റെ വിചാരണ നടന്നത്.
"ഞങ്ങളുടെ വീടിന് പുറകിലുള്ള ഒരു കൃഷിയിടത്തിൽനിന്നാണ് മദ്യം കണ്ടെത്തിയത്. ആ സ്ഥലത്തിന്റെ ഉടമസ്ഥൻ ആരാണെന്ന് ഞങ്ങൾക്കറിയില്ല. അവിടെനിന്ന് കണ്ടെത്തിയ മദ്യവുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ഞാൻ പോലീസുകാരോട് പറഞ്ഞതാണ്," ഗുണാ ദേവി പറയുന്നു. എന്നാൽ അവരുടെ വാക്കുകൾ പോലീസ് ചെവിക്കൊണ്ടില്ല. "നിങ്ങളുടെ വീടിന്റെ പുറകിൽനിന്ന് കിട്ടിയ മദ്യം പിന്നെ നിങ്ങളുടേത് തന്നെയല്ലേ?", ഗുണയുടെ യാചനകൾ തള്ളിക്കളയാൻ പോലീസുകാർ പറഞ്ഞ ന്യായം ഇതാണ്.
2019-ലാണ് ടെംപു മാജിയെ ജയിലിൽ അടയ്ക്കുന്നത്. മൂന്ന് വർഷത്തിനുശേഷം, 2022 മാർച്ച് 25-ന്, വീട്ടിൽ മദ്യം സൂക്ഷിക്കുകയും വിൽക്കുകയും ചെയ്ത കുറ്റത്തിന് അഞ്ച് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും അദ്ദേഹത്തിന് ശിക്ഷ വിധിച്ചു.
ടെംപു മാജിയും ഗുണാ ദേവിയും അവരുടെ നാല് മക്കളുമൊത്ത് ജഹാനാബാദ് ജില്ലയിലെ കെനാരി ഗ്രാമത്തിലുള്ള ഒരു ഒറ്റമുറി വീട്ടിലാണ് കഴിയുന്നത്. മുഷഹർ സമുദായക്കാരായ അവർ ഗ്രാമത്തിലെ മുഷഹർ ടോലിയിൽത്തന്നെയാണ് താമസം. 2019 മാർച്ച് 20-ന് റെയ്ഡ് നടക്കുമ്പോൾ ടെംപു വീട്ടിലുണ്ടായിരുന്നില്ല - കൊയ്തെടുത്ത വിളകൾ ചുമന്ന് ഭൂവുടമകളുടെ വീട്ടിൽ എത്തിച്ചുകൊടുക്കുന്ന ഖലാസി (സഹായി) ആയി ജോലി നോക്കാൻ അദ്ദേഹം രാവിലെ നേരത്തെതന്നെ വീട്ടിൽനിന്ന് പുറപ്പെട്ടിരുന്നു.
2023 ജനുവരിയിൽ പാരി മുഷഹർ ടോലി സന്ദർശിച്ചപ്പോൾ, ഗ്രാമത്തിലെ മറ്റു സ്ത്രീ-പുരുഷന്മാർക്കും കുട്ടികൾക്കുമൊപ്പം തണുപ്പിൽനിന്ന് ആശ്വാസം തേടി വെയിൽ കൊള്ളുകയായിരുന്നു ഗുണാ ദേവി. നാലുചുറ്റും കൂമ്പാരമായിക്കിടന്നിരുന്ന മാലിന്യത്തിൽനിന്ന് അസഹനീയമായ ദുർഗന്ധം അവിടെയെല്ലാം വ്യാപിച്ചിരുന്നു.
2011-ലെ സെൻസസ് പ്രകാരം, കെനാരിയിലെ മൊത്തം ജനസംഖ്യ 2,981 ആണ്; അവരിൽ മൂന്നിലൊന്ന് പട്ടികജാതി വിഭാഗക്കാരുമാണ്. ബിഹാറിൽ മഹാദളിത് വിഭാഗമായി പരിഗണിക്കപ്പെടുന്ന മുഷഹറുകളും അതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തിലെത്തന്നെ ഏറ്റവും ദരിദ്രരും അരികുവത്ക്കരിക്കപ്പെട്ടവരുമായ സമുദായങ്ങളിൽ, സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന വിഭാഗമാണ് മുഷഹറുകൾ.
നിയമത്തിന്റെ നടപടിക്രമങ്ങളെക്കുറിച്ച് ഇക്കൂട്ടർക്കിടയിൽ തീരെ അവബോധം ഇല്ലാത്തതുകൊണ്ടുതന്നെ അവർ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്. "മദ്യനിരോധന നിയമത്തിന് കീഴിൽ ശിക്ഷിക്കപ്പെട്ട ആദ്യ കുറ്റവാളികൾ മുഷഹർ സഹോദരന്മാരായത് യാദൃശ്ചികമല്ല. ഈ സമുദായത്തെ ഒന്നടങ്കം അപരവത്ക്കരിക്കുന്ന സമൂഹത്തിന്റെ മനോഭാവത്തിനും അതിൽ പങ്കുണ്ട്," പട്ന ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹിന്ദി മാസികയായ സബാൾട്ടേണിന്റെ പത്രാധിപർ മഹേന്ദ്ര സുമൻ പറയുന്നു.
മദ്യനിരോധന നിയമത്തിന് കീഴിൽ ശിക്ഷിക്കപ്പെട്ട ആദ്യ വ്യക്തികളായ പെയിന്റർ മാജി, മസ്താൻ മാജി എന്നീ ദിവസവേതനക്കാരെയാണ് മുഷഹർ സഹോദരന്മാർ എന്ന് മഹേന്ദ്ര സുമൻ വിശേഷിപ്പിക്കുന്നത്. 2017-ൽ അവർ അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം വെറും 40 ദിവസത്തിനുള്ളിൽ അവർക്കുമേൽ കുറ്റം ചുമത്തുകയുണ്ടായി. ഇരുവർക്കും അഞ്ച് വർഷം തടവും ഒരുലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ ലഭിച്ചത്.
ഈ സമുദായത്തെ ചുറ്റിപ്പറ്റിയുള്ള മുൻവിധികൾ അവരെ മദ്യക്കേസുകളിൽ കുടുക്കുന്നത് എളുപ്പമാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. "മുഷഹറുകളെ അറസ്റ്റ് ചെയ്താൽ അതിനെതിരെ പൊതുസമൂഹമോ കക്ഷികളോ പ്രതിഷേധിക്കില്ലെന്ന് അവർക്ക് (പൊലീസിന്) അറിയാം," ദശാബ്ദങ്ങളായി മുഷഹറുകൾക്കൊപ്പം ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തുവരുന്ന സുമൻ പറയുന്നു.
ടെംപുവിന്റെ കേസിൽ, മദ്യം കണ്ടെടുത്തത് അദ്ദേഹത്തിന്റെ വീടിന് പുറത്തുനിന്നായിരുന്നിട്ടുകൂടി, അദ്ദേഹത്തിനുമേൽ കുറ്റം ചുമത്തുകയും അഞ്ച് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിക്കുകയായിരുന്നു.
ജഹാനാബാദിൽ അഭിഭാഷകനായി ജോലി ചെയ്യുന്ന രാം വിനയ് കുമാറാണ് ടെംപുവിന്റെ കേസ് വാദിച്ചത്. "ടെംപു മാജിയുടെ കേസിൽ, അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് കണ്ടെടുത്ത സാധനങ്ങളുടെ പട്ടികയിൽ രണ്ട് സ്വതന്ത്ര സാക്ഷികളുടെ ഒപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും അവരുടെ സാക്ഷിമൊഴികൾ കോടതിയിൽ സമർപ്പിച്ചിരുന്നില്ല," കേസിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി രാം വിനയ് പറയുന്നു. "അതിനുപകരം, റെയ്ഡിൽ പങ്കെടുത്ത പോലീസുകാരാണ് കോടതിയിൽ സാക്ഷികളായി ഹാജരായി മൊഴി നൽകിയത്."
50 വയസ്സുകാരനായ രാം വിനയ് കഴിഞ്ഞ 24 വർഷമായി ഇവിടത്തെ ജില്ലാ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നു. "ടെംപു മാജിയോട് അദ്ദേഹത്തിന്റെ ബന്ധുക്കളെ പ്രതിഭാഗം സാക്ഷികളായി കോടതിയിൽ കൊണ്ടുവരാൻ ഞാൻ ആവശ്യപ്പെട്ടതാണ്. എന്നാൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പിന്നീട് എന്നെ ബന്ധപ്പെടാതിരുന്നതുമൂലം പ്രതിഭാഗത്തിന്റെ വാദം സാധൂകരിക്കുന്ന ഒന്നും കോടതിയിൽ അവതരിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല."
സമാനമായ രീതിയിൽ, സ്വതന്ത്ര സാക്ഷികളുടെ അഭാവമാണ് മറ്റൊരു മുഷഹർ സമുദായക്കാരനായ രാംവൃക്ഷ മാജിയെ ഗുരുതരമായ നിയമക്കുടുക്കിൽപ്പെടുത്തിയത്. ടോല സേവകായി ജോലി ചെയ്യുകയായിരുന്ന രാംവൃക്ഷ (പേര് മാറ്റിയിരിക്കുന്നു) ജഹാനാബാദിലെ ഘോസി ബ്ളോക്കിലുള്ള കാൻട്ടാ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന സ്കൂളിലേയ്ക്ക് മഹാദളിത് വിദ്യാർത്ഥികളെ കൊണ്ടുപോകുകയായിരുന്നു.
പത്താം ക്ലാസ്സ് വിദ്യാഭ്യാസമുള്ള ഈ 45 വയസ്സുകാരനെ ഗ്രാമസഹായിയായി നിയമിച്ചിരിക്കുന്നത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ്. കാൻട്ട പ്രൈമറി സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയിൽ ചെറിയ കുട്ടികളെ അനുഗമിക്കുകയും അവരെ പഠിപ്പിക്കുകയുമാണ് അദ്ദേഹത്തിന്റെ ജോലി.
അന്നത്തെ ദിവസം രാംവൃക്ഷ സ്കൂളിന് സമീപത്തെത്താറായപ്പോഴാണ് തിരക്കേറിയ ഒരു കവലയിൽവെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. "ഒരു ഡസനോളം പോലീസുകാർ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയായിരുന്നു. അതിലൊരാൾ എന്റെ കോളറിന് പിടിച്ചു," 2019 മാർച്ച് 29-ന് നടന്ന സംഭവങ്ങൾ ഓർത്തെടുത്ത് അദ്ദേഹം പറയുന്നു. വെള്ളനിറത്തിലുള്ള ഒരു പ്ലാസ്റ്റിക് കാൻ ഉയർത്തിക്കാട്ടി രാംവൃക്ഷയുടെ വീട്ടിൽനിന്ന് ആറ് ലിറ്റർ മദ്യം പിടിച്ചെടുത്തതായി അവർ അദ്ദേഹത്തെ അറിയിച്ചു. (പോലീസ് അവരുടെ വീട്ടിലേയ്ക്ക് വന്നതേ ഇല്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം ആണയിടുന്നു)
ഇതിന് പിന്നാലെ അദ്ദേഹത്തെ ഷകൂറാബാദ് പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി മദ്യനിരോധന നിയമത്തിന് കീഴിൽ കേസെടുക്കുകയായിരുന്നു.
അന്നത്തെ സംഭവത്തിന് തൊട്ടുമുൻപ് നടന്ന മറ്റൊരു സംഭവത്തിന്റെ പേരിലാണ് തന്നെ വാസ്തവത്തിൽ അറസ്റ്റ് ചെയ്തതെന്നാണ് രാംവൃക്ഷ വിശ്വസിക്കുന്നത്. സ്കൂളിലേയ്ക്ക് പുറപ്പെടുന്ന സമയത്ത് രണ്ട് പൊലീസുകാർ വഴിമുടക്കി റോഡിൽ നിൽക്കുന്നത് ശ്രദ്ധിച്ച അദ്ദേഹം അവരോട് വഴിയിൽനിന്ന് മാറാൻ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ദേഷ്യത്തിൽ "പോലീസുകാർ എന്നെ ചീത്ത വിളിക്കുകയും തല്ലുകയും ചെയ്തു," അദ്ദേഹം പറയുന്നു. ഇത് നടന്ന് അരമണിക്കൂറിനകം അദ്ദേഹം അറസ്റ്റിലാവുകയും ചെയ്തു.
പോലീസിനെ കണ്ടതോടെ ആളുകൾ തടിച്ചുകൂടി. "എന്നെ അറസ്റ്റ് ചെയ്തപ്പോൾ അവിടെ ആളുകൾ തിങ്ങിനിറഞ്ഞിരുന്നു. എന്നിട്ടും പോലീസ് ആരോടും സാക്ഷിയാകാൻ ആവശ്യപ്പെടുകയോ കണ്ടുകിട്ടിയ സാധനങ്ങളുടെ പട്ടികയിൽ ഒപ്പുവെക്കാൻ സ്വതന്ത്ര വ്യക്തികളെ കൊണ്ടുവരികയോ ചെയ്തില്ല," അദ്ദേഹം പറയുന്നു. അറസ്റ്റിന്റെ സമയത്ത് അവിടെയുണ്ടായിരുന്ന ഗ്രാമീണർ എല്ലാവരും ഓടിരക്ഷപ്പെട്ടു എന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
"സ്വതന്ത്ര സാക്ഷികൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പോലീസുകാർതന്നെ സാക്ഷികളായാൽ അവർ വ്യാജമൊഴികൾ നൽകാനുള്ള സാധ്യത ഏറെയാണ്," ജഹാനാബാദ് കോടതിയിൽ ജോലി ചെയ്യുന്ന അഭിഭാഷകനും നീണ്ട കാലത്തെ ഔദ്യോഗിക ജീവിതത്തിനിടെ മദ്യനിരോധനവുമായി ബന്ധപ്പെട്ട കേസുകളിൽ അസംഖ്യം കുറ്റാരോപിതർക്ക് വേണ്ടി വാദിച്ചിട്ടുള്ളയാളുമായ ജിതേന്ദ്ര കുമാർ കൂട്ടിച്ചേർക്കുന്നു.
മദ്യം കണ്ടെത്താനായി പോലീസ് റെയ്ഡ് നടത്തുമ്പോൾ, റെയ്ഡിൽ പങ്കെടുക്കുന്ന പൊലീസുകാരെത്തന്നെ സാക്ഷികളാക്കുന്ന പ്രവണത വ്യാപകമാണെന്ന് ജിതേന്ദ്ര പറയുന്നു. ഇത് നിയമവിരുദ്ധമാണെന്നും കോടതിയിൽ നിലനിൽക്കരുതാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
പോലീസ് ഒരു സ്ഥലത്ത് റെയ്ഡിന് എത്തുമ്പോൾ, സമീപത്തുള്ളവർ അവിടെ തടിച്ചുകൂടും. ഇത്രയും ആളുകൾ അവിടെ ഉള്ളപ്പോഴും "റെയിഡ് പാർട്ടിയിലെ (പോലീസുകാർ ഉൾപ്പെടുന്ന റെയിഡ് സംഘം) അംഗങ്ങളെയാണ് സാക്ഷികളാക്കുന്നത്. റെയ്ഡിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെടുന്നയാൾ തന്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് ഇത് കനത്ത തിരിച്ചടിയാകുന്നു," ജിതേന്ദ്ര പറയുന്നു.
"റെയ്ഡ് നടത്തി സാധനങ്ങൾ പിടിച്ചെടുക്കുന്നതിന്റെ വീഡിയോ ചിത്രീകരിക്കുന്നത് നിർബന്ധമാക്കണമെന്ന് ഞങ്ങൾ കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്," അദ്ദേഹം പറയുന്നു. "നിർഭാഗ്യവശാൽ, ഞങ്ങളുടെ വാക്കുകൾക്ക് യാതൊരു പ്രാധാന്യവും ലഭിക്കുന്നില്ല."
2016 ഏപ്രിലിലാണ് ബീഹാറിൽ മദ്യനിരോധന നിയമം പ്രാബല്യത്തിൽ വരുന്നത്. ഈ നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾ അതിവേഗം പരിഗണിക്കുന്നതിനായി എല്ലാ ജില്ലയിലും പ്രത്യേക എക്സൈസ് കോടതികളും സ്ഥാപിച്ചിട്ടുണ്ട്.
മദ്യനിരോധനവുമായി ബന്ധപ്പെട്ട കേസുകൾ പെട്ടെന്ന് തീർപ്പാക്കാനുള്ള സമ്മർദ്ദം മൂലം പോലീസ് പലപ്പോഴും നിയമവിരുദ്ധമായ ഇടപെടലുകൾ നടത്തുകയാണെന്ന് കുറ്റാരോപിതരും അവർക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകരും പറയുന്നു.
കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്ന ലൈവ് ലോ എന്ന വെബ്‌സൈറ്റ് 2023 ജനുവരി 24-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, 2022 മെയ് 11 വരെ, മദ്യനിരോധന നിയമത്തിന് കീഴിൽ 3,78,186 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 1,16,103 കേസുകളിൽ കോടതി വിചാരണ തുടങ്ങിയെങ്കിലും 2022 മേയ് 11 വരെയുള്ള കണക്കുകളനുസരിച്ച് 473 കേസുകൾ മാത്രമാണ് തീർപ്പാക്കിയിട്ടുള്ളത്.
മദ്യനിരോധനവുമായി ബന്ധപ്പെട്ട, ജാമ്യം അനുവദനീയമായ കേസുകൾ കോടതിയിൽ കുന്നുകൂടുന്നതുമൂലം മറ്റു കേസുകളുടെ നടത്തിപ്പിന് തടസ്സം നേരിടുന്നതായി 2022 മാർച്ചിൽ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസായ എൻ.വി രമണ ചൂണ്ടിക്കാട്ടിയിരുന്നു.
"എക്സൈസ് കേസുകളുടെ നടത്തിപ്പിനായി ആവശ്യത്തിലധികം വിഭവങ്ങൾ നീക്കിവെക്കുന്ന സർക്കാർ മറ്റ് കേസുകൾക്ക് തീരെ പ്രാധാന്യം കൊടുക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്," ജഹാനാബാദ് കോടതിയിൽ പ്രാക്ടീസ് നടത്തുന്ന അഭിഭാഷകനായ സഞ്ജീവ് കുമാർ പറയുന്നു.
*****
രാംവൃക്ഷ മാജിയുടെ അറസ്റ്റിനുശേഷം 22 ദിവസം കഴിഞ്ഞാണ് ജഹാനാബാദ് കോടതി അദ്ദേഹത്തിന് ജാമ്യമനുവദിച്ചത്. അതിനിടെ ജാമ്യത്തിന് വേണ്ട കാര്യങ്ങൾക്കായി അദ്ദേഹത്തിന്റെ കുടുംബത്തിന് ഓടിനടക്കേണ്ടി വന്നുവെന്ന് മാത്രമല്ല കോടതി നടപടികൾക്കായി അവർക്ക് 60,000 രൂപയോടടുത്ത് ചിലവാക്കേണ്ടിയും വന്നു. അദ്ദേഹത്തിന്റെ മാസശമ്പളത്തിന്റെ ആറ് മടങ്ങോളം വരും ഈ തുക. ജയിൽമോചിതനായെങ്കിലും അടുത്ത ഓഗസ്റ്റിൽ കോടതി അദ്ദേഹത്തിന്റെ കേസ് പരിഗണിക്കുന്നുണ്ട്. "നാല് വർഷമായി കേസ് നീണ്ടുപോകുകയാണ്. അതിനനുസരിച്ച് ചിലവുകളും കൂടിയിട്ടുണ്ട്,' അദ്ദേഹം പറയുന്നു.
മൂന്ന് പെൺമക്കളും ഒരു മകനും ഉൾപ്പെടെ ഏഴിനും 20-നും ഇടയിൽ പ്രായമുള്ള നാല് മക്കളാണ് രാംവൃക്ഷയ്ക്കുള്ളത്. ഇതിൽ മൂത്ത മകൾക്ക് 20 വയസ്സായെങ്കിലും കേസ് തീരുന്നത് വരെ ഈ കുടുംബത്തിന് അവളുടെ കല്യാണത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. "എനിക്ക് സ്കൂളിൽ പോകാനോ കുട്ടികളെ പഠിപ്പിക്കാനോ ഒന്നും മനസ്സ് വരുന്നില്ല. കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്...നേരത്തെ അഞ്ച് മണിക്കൂർ ഉറങ്ങിയിരുന്നിടത്ത് ഞാൻ ഇപ്പോൾ രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്.
കോടതിയിലെ മുൻഷിയ്ക്ക് കൊടുക്കാനായി ഗുണാ ദേവി ഇതിനകം 25,000 രൂപ ചിലവിട്ടു കഴിഞ്ഞു. "ഞാൻ കോടതിയിൽ ഒന്നോ രണ്ടോ തവണ പോയി മുൻഷിയെ കണ്ടിരുന്നു, അഭിഭാഷകരെ ആരെയും കണ്ടില്ല," മുന്നിലുള്ള കടലാസുകൾ ഒന്നുംതന്നെ വായിച്ചു മനസ്സിലാക്കാൻ കഴിയാതെ അവർ പറയുന്നു.
ടെംപു ജയിലിൽ ആയതിൽപ്പിന്നെ അദ്ദേഹത്തിന്റെ കുടുംബം ഭക്ഷണത്തിനുപോലും പാടുപെടുകയാണ്. സ്വന്തമായി ഭൂമി ഇല്ലാത്ത ഈ കുടുംബത്തിന് ഗുണാ ദേവിയ്ക്ക് വിതക്കാലത്തും കൊയ്ത്തുകാലത്തും കാർഷികജോലിയിൽനിന്ന് ലഭിക്കുന്ന വരുമാനം മാത്രമാണ് ആശ്രയം. രണ്ട് ആണ്മക്കളും രണ്ട് പെൺമക്കളും ഉൾപ്പെടെ 10-നും 15-നും ഇടയിൽ പ്രായമുള്ള നാല് മക്കളാണ് ടെംപു - ഗുണാദേവി ദമ്പതികൾക്കുള്ളത്.
"എന്റെ മകൻ കുറച്ചെല്ലാം സമ്പാദിക്കുന്നുണ്ട്," മെലിഞ്ഞുണങ്ങിയ മകൻ, 15 വയസ്സുകാരൻ രാജ്‌കുമാറിനെ ചൂണ്ടിക്കാണിച്ച് ഗുണാ ദേവി മാതൃഭാഷയായ മഗാഹിയിൽ പറയുന്നു. 2019-ൽ ടെംപു ജയിലിലാകുമ്പോൾ രാജ്‌കുമാർ അഞ്ചാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. പിന്നീട് അവൻ പഠിത്തം ഉപേക്ഷിക്കുകയും 300 രൂപ ദിവസക്കൂലിക്ക് അങ്ങാടിയിൽ ചാക്ക് ചുമക്കുന്ന ജോലിക്ക് പോയിത്തുടങ്ങുകയും ചെയ്തു. പ്രായപൂർത്തിയാകാത്തതിനാൽ ആ ജോലി കിട്ടുന്നത് പോലും ദുഷ്കരമാണ്.
അതേസമയം പോലീസ് മദ്യനിരോധനവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഗുണാ ദേവിയെ പ്രതി ചേർക്കുകയും അവർ 'ഒളിവിൽ' ആണെന്ന് പ്രഖ്യാപിച്ചിരിക്കുകയുമാണ്.
"അറസ്റ്റ് ഒഴിവാക്കാനായി ഞാൻ എല്ലാ രാത്രിയിലും ഒരു ബന്ധുവിന്റെ വീട്ടിലാണ് കുട്ടികളുമൊത്ത് താമസിക്കുന്നത്. എന്നെക്കൂടി പിടിച്ചുകൊണ്ടുപോയാൽ പിന്നെ എന്റെ നാല് മക്കളുടെയും ഗതി എന്താകും?"
ചില വ്യക്തികളുടെയും സ്ഥലങ്ങളുടെയും പേരുകൾ മാറ്റിയിരിക്കുന്നു.
ബീഹാറിലെ അരികുവത്ക്കരിക്കപ്പെട്ട ജനതയുടെ അവകാശങ്ങൾക്കായി പോരാടിയ ഒരു ട്രേഡ് യൂണിയനിസ്റ്റിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഫെല്ലോഷിപ്പ് ഉപയോഗപ്പെടുത്തിയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.
മലയാളം പരിഭാഷ: പ്രതിഭ ആര്‍. കെ.