“ഞങ്ങൾ പഠിക്കാനിരിക്കുമ്പോൾ മുകളിൽനിന്ന് വെള്ളം ചോർന്ന്, ബുക്കിലും പുസ്തകത്തിലും വീഴും. കഴിഞ്ഞ വർഷം (2022ൽ) ജൂലൈയിൽ വീടുപോലും പൊളിഞ്ഞുവീണു. ഇത് എല്ലാവർഷവും നടക്കുന്നതാണ്,” കല്ലും മുളയുംകൊണ്ട് നിർമിച്ച തന്റെ വീടിനെപ്പറ്റി പറയുകയാണ് എട്ടുവയസുകാരൻ വിശാൽ ചവാൻ.
അലെഗാവ് ജില്ലാ പരിഷത് സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന വിശാലും കുടുംബവും മഹാരാഷ്‌ട്രയിലെ ബെൽദാർ ഗോത്രവിഭാഗത്തിൽപ്പെട്ട നാടോടിവിഭാഗത്തിൽപ്പെട്ടവരാണ്.
“മഴക്കാലമായാൽ കുടിലിനുള്ളിൽ കഴിയുക കൂടുതൽ ബുദ്ധിമുട്ടാകും, പലയിടുത്തും വെള്ളം ചോർന്നുകൊണ്ടിരിക്കും,” അവൻ കൂട്ടിച്ചേർത്തു. അതിനാൽത്തന്നെ ഷിരൂർ താലൂക്കിലെ അലെഗാവ് പാഗ ഗ്രാമത്തിലുള്ള തങ്ങളുടെ വീടിന്റെ ഏത് ഭാഗത്താണ് ചോർച്ചയില്ലാത്തതെന്ന പരിശോധനയിലാണ് വിശാലും ഒമ്പതുവയസുകാരി സഹോദരി വൈശാലിയും. എന്നിട്ടുവേണം അവർക്ക് പഠിക്കാൻ.
പഠനത്തിലുള്ള
സഹോദരങ്ങളുടെ താത്പര്യത്തിലും കഴിവിലും അവരുടെ മുത്തശ്ശി ശാന്താഭായ് ചവാൻ ഏറെ
അഭിമാനിക്കുന്നുണ്ട്. “ഞങ്ങളുടെ ഖാന്ധാനിലെ (കുടുംബം) ആരും ഇതുവരെ സ്കൂളിൽ
പോയിട്ടില്ല,” ആ 80 വയസ്സുകാരി പറയുന്നു, “എങ്ങനെ വായിക്കണമെന്നും എഴുതണമെന്നും
ആദ്യമായി പഠിച്ചത് എന്റെ കൊച്ചുമക്കളാണ്.”
പക്ഷേ, കൊച്ചുമക്കളെപ്പറ്റി
സംസാരിക്കുമ്പോൾ അവരുടെ ചുക്കിചുളിഞ്ഞ മുഖത്ത് ദുഃഖം കലർന്ന അഭിമാനമാണ്
നിഴലിച്ചത്. “അവർക്ക്
സുഖമായിരുന്ന് പഠിക്കാൻ ഞങ്ങൾക്ക് അടച്ചുറപ്പുള്ള ഒരു വീടില്ല. വെളിച്ചവുമില്ല,”
അലെഗാവ് പാഗ വസ്തിയിലെ ടാർപ്പൊളിൻകൊണ്ട് മറച്ച കുടിലിലിലിരുന്ന് ശാന്താഭായ്
പറഞ്ഞു.
അഞ്ചടിയിലധികം ഉയരമുള്ള മുതിർന്ന ഒരാൾക്കുപോലും തല കുനിച്ചുമാത്രമെ മുളകൊണ്ട് നിർമിച്ച ത്രികോണാകൃതിയിലുള്ള ഈ വീട്ടിലേക്ക് കയറാനാകൂ. ബേൽദാർ, ഫാൻസെ പർധി, ഭിൽ എന്നീ വിഭാഗങ്ങളിൽപ്പെട്ടവരുടെ 40 കുടിലുകൾ അടങ്ങിയ ഒരു സമൂഹത്തിലാണ് അവരുടെയും വീട്. പുനെ ജില്ലയിലെ അലെഗാവ് പാഗ ഗ്രാമത്തിന് പുറത്ത് രണ്ട് കിലോമീറ്റർ ദൂരത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. “ഒരു കുടിലിനുള്ളിൽ ജീവിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്, പക്ഷേ ഈ കുട്ടികൾ പരാതിയൊന്നും പറയാതെ അതിനോട് ഇണങ്ങി ജീവിക്കുന്നു.” ശാന്താഭായ് പറയുന്നു.
കുടിലിൽ വിരിച്ച ടാർപ്പൊളിനും കീറിത്തുടങ്ങി. ആ ഷീറ്റുകൾ മാറ്റിയിട്ടും എന്തെങ്കിലും അറ്റകുറ്റപ്പണികൾ ചെയ്തിട്ടും ഏകദേശം ഒമ്പത് വർഷത്തിലേറെയായി.
“എന്റെ മാതാപിതാക്കൾ ജോലിയാവശ്യത്തിനായി ഏപ്പോഴും പുറത്തായിരിക്കും,” വിശാൽ തന്റെ അച്ഛനമ്മമാരെപ്പറ്റി പറയുകയാണ്. സുഭാഷും ചന്ദയും പുനെയിലെ ഒരു കരിങ്കൽ ക്വാറിയിലാണ് ജോലി ചെയ്യുന്നത്. കല്ല് പൊട്ടിച്ച് ട്രക്കിൽ കയറ്റികൊടുത്ത് ദിവസവും ഓരോരുത്തരും സമ്പാദിക്കുന്നത് 100 രൂപ. ഇത്തരത്തിൽ ഒരുമാസം കിട്ടുന്ന 6,000 രൂപ കൊണ്ടുവേണം അവർക്ക് അഞ്ചംഗ കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകാൻ. “എണ്ണ, ധാന്യങ്ങൾ, എല്ലാത്തിനും വില കൂടി. ഞങ്ങൾ എങ്ങനെ പൈസ കൂട്ടിവയ്ക്കും? വിശാലിന്റെ അമ്മ 42-കാരി ചന്ദ ചൂണ്ടിക്കാട്ടുന്നു. “ഞങ്ങൾ എങ്ങനെ ഒരു വീട് വെക്കും?”
*****
നാടോടിഗോത്രവിഭാഗക്കാർക്ക് ഭവനം നൽകാനായി മഹാരാഷ്‌ട്രയിൽ നിരവധി ക്ഷേമപദ്ധതികളാണുള്ളത്, എന്നാൽ സ്വയം സമ്പാദിച്ച പണംകൊണ്ട് ഒരു കോൺക്രീറ്റ് വീട് നിർമിക്കുകയെന്നത് ചവാൻ കുടുംബത്തെ സംബന്ധിച്ച് വിദൂരസ്വപ്നമാണ്. ശബരി ആദിവാസി ഘർകുൽ പദ്ധതി, പർധി ഘർകുൽ പദ്ധതി, യശ്‌വന്ത് ചവാൻ മുക്ത് വാസഹട്ട് യോജന തുടങ്ങിയ എല്ലാ പദ്ധതികളിലും ഗുണഭോക്താവ് ജാതിസർട്ടിഫിക്കറ്റ് സമർപ്പിക്കണം. “ഏത് ഭവനപദ്ധതിയിൽ അപേക്ഷിക്കണമെങ്കിലും ഞങ്ങളാരാണെന്ന് തെളിയിക്കണം. ഞങ്ങളുടെ ജാതി എങ്ങനെ തെളിയിക്കാനാണ്?” ചന്ദ പറയുന്നു.
“ഞങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നത് നിങ്ങൾക്ക് കാണാനാകുമല്ലോ.”
ചന്ദയുടെ ഈ ചോദ്യം ഇടാത്തെ കമ്മീഷൻ
റിപ്പോർട്ടിലേക്ക്
വിരൽചൂണ്ടുന്നതാണ്. രാജ്യത്തുടനീളം നാടോടി ഗോത്രവിഭാഗക്കാർ വളരെ മോശം
സാഹചര്യത്തിലുള്ള വീടുകളിലാണ് ജീവിക്കുന്നതെന്ന് 2017-ലെ കമ്മീഷൻ
റിപ്പോർട്ട് വ്യക്തമാക്കുന്നു. കമ്മീഷൻ സർവെ നടത്തിയ 9,000 കുടുംബങ്ങളിൽ 50
ശതമാനവും അടച്ചുറപ്പില്ലാത്തതും താത്കാലികമായി നിർമിച്ചതുമായ വീടുകളിലാണ് താമസം.
എട്ടുശതമാനമാകട്ടെ ടെന്റുകളിലും.
സർക്കാർ ഭവനപദ്ധതികൾക്കായി തിരിച്ചറിയൽ രേഖ ലഭ്യമാകുന്നതിലെ പ്രശ്‌നങ്ങളെക്കുറിച്ച് നിരവധി നിവേദനങ്ങൾ നൽകപ്പെട്ടിട്ടുണ്ട്. ഇവയൊക്കെ നാഷണൽ കമ്മീഷൻ ഫോർ ഡീനോട്ടിഫൈഡ്, നൊമാഡിക്, സെമി നൊമാഡിക് ട്രൈബ്‌സ് സ്വകീരിച്ചതായാണ് രേഖകൾ വ്യക്തമാക്കുന്നത്. ഭൂരിഭാഗം നിവേദനങ്ങളും –- 454-ൽ 304ഉം - ജാതി സർട്ടഫിക്കറ്റ് സംബന്ധിച്ച പെറ്റീഷനുകളാണ്.
മഹാരാഷ്ട്രയിലെ പട്ടികജാതി , പട്ടികവർഗവിഭാഗം, ഡീനോട്ടിഫൈഡ് ഗോത്രങ്ങൾ (വിമുക്ത ജാതികൾ), നാടോടികളായ ഗോത്രങ്ങൾ, മറ്റ് പിന്നോക്കവിഭാഗങ്ങൾ, കൂടാതെ പ്രത്യേക പിന്നോക്ക വിഭാഗം എന്നിവയിൽപ്പെട്ടവർക്ക് ഒരു ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 2000-ലെ ജാതി സർട്ടിഫിക്കറ്റ് നിയമപ്രകാരം സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കണം. അവരോ അവരുടെ പൂർവ്വികരോ നിർണയിക്കപ്പെട്ട തീയതിമുതൽ (നോട്ടിഫൈഡ് ഗോത്രങ്ങളുടെ കാര്യത്തിൽ വർഷം 1961) ബന്ധപ്പെട്ട മേഖലയിൽ താമസിക്കുകയാണെന്നും തെളിയിക്കണം. “ഈ നിബന്ധന കാരണം ജാതി സർട്ടിഫിക്കറ്റ് ലഭിക്കുക അത്ര എളുപ്പമല്ല,” ഷിരൂരിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തക സുനിത ഭോസ്‌ലെ പറയുന്നു.
“ഡീ–-നോട്ടിഫൈഡ് ഗോത്രവിഭാഗത്തിന്റെ മുൻ തലമുറകളെല്ലാം ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് പലായനം ചെയ്ത് ജീവിച്ചവരാണ്. ഒരു ജില്ലയിൽ നിന്ന് മറ്റൊരിടത്തേക്ക്,”അവർ തുടർന്നു. “50മുതൽ 60 വർഷം മുമ്പുള്ള സ്ഥിരതാമസ സാക്ഷ്യപത്രം എങ്ങനെ സമർപ്പിക്കാനാണ്? ഈ നിയമങ്ങൾ മാറിയേ മതിയാകൂ.”
ഡീ–-നോട്ടിഫൈഡ്
ഗോത്രത്തിനെതിരായ കേസുകൾ കൈകാര്യം ചെയ്യുന്നതിന് 2010-ൽ ഫാൻസെ പർധി
സമുദായത്തിൽപ്പെട്ട സുനിത "ക്രാന്തി'എന്ന സംഘടന സ്ഥാപിച്ചു. അതിക്രമ കേസുകൾ
കൈകാര്യം ചെയ്യാനും സർക്കാർ പദ്ധതികളുടെ ഗുണഭോക്തൃപട്ടികയിൽ വരാനും ജാതി
സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, മറ്റ് ഔദ്യോഗിക രേഖകൾ എന്നിവ ലഭ്യമാക്കാൻ
ഈ സംഘടന സാധാരണക്കാരെ സഹായിക്കുന്നുമുണ്ട്. “13 വർഷത്തിൽ 2000-ഓളം പേർക്ക് ജാതി
സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ഞങ്ങൾക്കായി,” സുനിത പറയുന്നു.
ക്രാന്തിയുടെ വൊളന്റിയർമാർ പുനെ ജില്ലയിലെ ദൗണ്ട്, ഷിരൂർ താലൂക്കുകളിലും അഹമ്മദ്‌നഗർ ജില്ലയിലെ ശ്രീഗൊണ്ട താലൂക്കിലുമായി 229 വില്ലേജുകളിൽ പ്രവർത്തിക്കുന്നുണ്ട്. ഫാൻസെ പർധി, ബെൽദർ, ഭിൽ തുടങ്ങിയ ഡീ–നോട്ടിഫൈഡ് ഗോത്രവിഭാഗങ്ങളിൽപ്പെട്ട 25,000 വരുന്ന ജനസംഖ്യയാണ് ഇവിടങ്ങളിലുള്ളത്.
സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന നടപടി ഒരേസമയം വളരെ ബുദ്ധിമുട്ടുള്ളതും സമയം പാഴാക്കുന്നതും ചെലവേറിയതുമാണെന്ന് സുനിത പറയുന്നു. “താലൂക്കിലേക്ക് പോകാനുള്ള യാത്രാച്ചെലവ്, പകർപ്പുകൾ എടുക്കാനുള്ള ചെലവ് എന്നിവയടക്കം സ്വന്തം പോക്കറ്റിൽനിന്ന് എടുക്കണം. തെളിവായുള്ള രേഖകൾ ഒന്നിനുപുറമെ ഒന്നായി സമർപ്പിച്ചുകൊണ്ടിരിക്കണം. ഇത്തരം സാഹചര്യത്തിൽ ജാതിസർട്ടിഫിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷ പലരും ഉപേക്ഷിക്കും,” സുനിത വിശദീകരിച്ചു.
*****
“വീടെന്ന് വിളിക്കാൻ ഞങ്ങൾക്ക് ഒരിക്കലും ഒരിടം ഉണ്ടായിരുന്നില്ല,” വിക്രം ബർദെ പറയുന്നു. “കുട്ടിക്കാലം മുതൽ എത്ര സ്ഥലങ്ങളിലാണ് ഞങ്ങൾ മാറിമാറി താമസിച്ചതെന്ന് ഇപ്പോൾ ഓർത്തെടുക്കാൻപോലും എനിക്കാവുന്നില്ല,” ആ 36 വയസ്സുകാരൻ കൂട്ടിച്ചേർത്തു. “ആൾക്കാർ ഞങ്ങളെ വിശ്വസിക്കില്ല. ഈ കാലത്തുപോലും. അതുകൊണ്ടാണ് ഞങ്ങൾ മാറി മാറി താമസിക്കുന്നത്. ഞങ്ങളാരാണെന്ന് അറിഞ്ഞുകഴിഞ്ഞാൽ സ്ഥലം ഒഴിയാൻ ഗ്രാമീണർ നിർബന്ധിക്കും.”
തകരത്തിന്റെമേൽക്കൂരയുള്ള ഒറ്റമുറി വീട്ടിൽ ഭാര്യ രേഖയ്ക്കൊപ്പമാണ് വിക്രം കഴിയുന്നത്. ദിവസവേതനക്കാരനായ വിക്രം ഫാൻസെ പർധി വിഭാഗത്തിൽപ്പെട്ടയാളാണ്. അലെഗാവ് പാഗ വസ്തിയിൽനിന്ന് 15 കിലോ മീറ്റർ അകലെയുള്ള കുറുലി ഗ്രാമത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് അവരുടെ വീട്. 50-ഓളം ഭിൽ, പാർധി കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു.
2008-ൽ 13
വയസുള്ളപ്പോഴാണ് ജൽന ജില്ലയിലെ ജൽന താലൂക്കിൽപ്പെട്ട ഭിൽപുരി കെഎച്ച്
ഗ്രാമത്തിലേക്ക് വിക്രമിന്റെ മാതാപിതാക്കൾ കുടിയേറിയത്. “ഭിൽപുരി കെഎച്ച്
ഗ്രാമത്തിന് പുറത്ത് ഒരു ഓലമേഞ്ഞ വീട്ടിലാണ് ഞങ്ങൾ താമസിച്ചതെന്ന് എനിക്കോർമ്മയുണ്ട്.
ബീഡിൽ എവിടെയോ ആണ് എന്റെ മുത്തശനും മുത്തശിയും താമസിച്ചിരുന്നതെന്ന് അവർ എന്നോട്
പറയുമായിരുന്നു,” വിക്രം തന്റെ അവ്യക്തമായ ഓർമകൾ പങ്കുവെച്ചു. (വായിക്കാം:
കുറ്റമില്ല, അവസാനമില്ലാത്ത ശിക്ഷ മാത്രം
)
2013-ൽ കുടുംബത്തിനൊപ്പം വിക്രം പുനെയിൽ ഇപ്പോൾ താമസിക്കുന്നയിടത്തേക്ക് മാറി. അവനും 28-കാരിയായ ഭാര്യ രേഖയും പുനെ ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ കാർഷികതൊഴിലുകളും ചിലപ്പോൾ നിർമാണമേഖലയിലും ജോലി ചെയ്യും. “ദിവസവും ഞങ്ങൾ 350 രൂപ സമ്പാദിക്കും, ചിലപ്പോൾ 400 രൂപയും. എന്നാൽ രണ്ടാഴ്ചവരെ ജോലിയില്ലാത്ത സാഹചര്യവും ഉണ്ടാകാറുണ്ട്,” വിക്രം പറയുന്നു.
രണ്ടുവർഷം മുമ്പുവരെ എല്ലാ മാസവും ജാതി സർട്ടിഫിക്കറ്റിനായുള്ള അപേക്ഷയ്ക്കും മറ്റും 200 രൂപവീതം അയാൾ ചെലവാക്കുമായിരുന്നു. അപേക്ഷയുടെ സ്ഥിതി അറിയാൻ മാസം നാലും അഞ്ചും തവണ 10 കി.മീ ദൂരെ ഷിരൂരിലുള്ള ബ്ലോക്ക് വികസന ഓഫീസിലും പോകുമായിരുന്നു.
“അങ്ങോട്ടുമിങ്ങോട്ടുമുള്ള ഓട്ടോക്കൂലിതന്നെ 60 രൂപയാകും. പിന്നെ രേഖകളുടെ പകർപ്പെടുക്കാനുള്ള ചെലവ്. മണിക്കൂറോളം ഓഫീസിലെ കാത്തിരിപ്പ്. ഒരു ദിവസത്തെ കൂലി നഷ്ടമാവും. ഇവിടുത്തെ സ്ഥിരതാമസം സംബന്ധിച്ച എന്തെങ്കിലും തെളിവോ ജാതിസർട്ടിഫിക്കറ്റോ എന്റെ കൈയിലില്ല. അതുകൊണ്ട് ഞാനത് അവസാനിപ്പിച്ചു,” വിക്രം പറയുന്നു.
അവരുടെ മക്കളായ 14-കാരൻ കരണും 11 വയസ്സുകാരൻ സോഹവും പുനെയിലെ മുൽഷി താലൂക്കിലെ വഡ്‌ഗാവ് സർക്കാർ റസിഡൻഷ്യൽ സ്കൂളിലാണ് പഠിക്കുന്നത്. കരൺ ഒമ്പതാം ക്ലാസിലും സോഹം ആറാം ക്ലാസിലും പഠിക്കുന്നു. “കുട്ടികൾ മാത്രമാണ് ഞങ്ങളുടെ ഒരേയൊരു പ്രതീക്ഷ. അവർ നന്നായി പഠിക്കുകയാണെങ്കിൽ ഞങ്ങളെ പോലെ മാറിമാറി താമസിക്കേണ്ടിവരില്ല”
പുനെ ഡിവിഷനിലെ സാമൂഹിനീതി പ്രത്യേക സേവനവകുപ്പിലെ ഒരു ഉദ്യോഗസ്ഥനുമായി പാരി റിപ്പോർട്ടർ സംസാരിച്ചു. സാമൂഹികവും സാമ്പത്തികവുമായി ദുർബലരായ ആളുകൾക്കായി വിഭാവനം ചെയ്ത വിവിധ ഭവനപദ്ധതികൾക്ക് കീഴിൽ ധനസഹായം ലഭിച്ച കുടുംബങ്ങളുടെ എണ്ണം അറിയാനായിരുന്നു അത്. “2021–-22-ൽ പുനെയിലെ ബാരമതി താലൂക്കിലെ പാണ്ടേർ ഗ്രാമത്തിലുള്ള വിമുക്ത് ജാതി നോട്ടിഫൈഡ് ഗോത്രവിഭാഗത്തിലെ 10 കുടുംബങ്ങൾക്ക് 88.3 ലക്ഷം നൽകിയിട്ടുണ്ട്. അതല്ലാതെ ഈ വർഷം (2023) ഇതുവരെ നാടോടി ഗോത്രവിഭാഗത്തിൽപ്പെട്ട ആരുടെയും അപേക്ഷ അംഗീകരിച്ചിട്ടില്ല.” ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം അങ്ങ് അലെഗാവ് പഗാ വസ്‌തിയിൽ തന്റെ കൊച്ചുമക്കളുടെ സന്തോഷകരമായ ഭാവിയെക്കുറിച്ച് സ്വപ്നം കാണുകയാണ് ശാന്താഭായ്. “എനിക്ക് ആത്മവിശ്വാസമുണ്ട്. ഞങ്ങൾ കോൺക്രീറ്റ് ഭിത്തിയുള്ള ഒരു വീട്ടിൽ താമസിച്ചിട്ടില്ല. പക്ഷേ, എന്റെ കൊച്ചുമക്കൾ തീർച്ചയായും സ്വന്തമായി ഒരു വീട് പണിയും. അവർ അവിടെ സുരക്ഷിതരുമായിരിക്കും.”
പരിഭാഷ: അശ്വതി ടി കുറുപ്പ്