തേക്ക് മരത്തിന്റെ ബലമുള്ള കൊമ്പിൽ ചുരുണ്ടുകിടക്കുകയായിരുന്നു ആ രാജവെമ്പാല. രത്തി തോല ഗ്രാമത്തിലെ ആളുകൾ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അത് അനങ്ങാൻ കൂട്ടാക്കിയില്ല.

അഞ്ചുമണിക്കൂറിനുശേഷം, നിസ്സഹായരായ ഗ്രാമീണർ മുണ്ഡ്രിക യാ‍ദവിനെ വിളിച്ചു. അടുത്തുള്ള വാത്മീകി ടൈഗർ റിസർവിലെ ഗാർഡായിരുന്നു പണ്ട് അദ്ദേഹം. കടുവകൾ, പുലികൾ, കണ്ടാമൃഗങ്ങൾ, പാമ്പുകൾ എന്നിവയടക്കം 200-ഓളം മൃഗങ്ങളെ രക്ഷപ്പെടുത്തിയിട്ടുണ്ട് ഇതിനകം മുണ്ഡ്രിക.

ആദ്യം അതിനെ താഴേക്കിറക്കാനാണ് മുണ്ഡ്രിക ശ്രമിച്ചത്. അത് വിജയിച്ചു. “ഞാനതിന്റെ വായിൽ ഒരു മുളങ്കമ്പ് വെച്ച്, കയർ മുറുക്കി. എന്നിട്ട് അതിനെ ചാക്കിലാക്കി കാട്ടിൽ തുറന്നുവിട്ടു. എല്ലാം‌കൂടി ഒരു 20-25 മിനിറ്റ്,” 42 വയസ്സുള്ള അദ്ദേഹം പറയുന്നു.

PHOTO • Umesh Kumar Ray
PHOTO • Umesh Kumar Ray

വാത്മീകി ടൈഗർ റിസർവിൽ എട്ടുവർഷത്തോളം ഫോറസ്റ്റ് ഗാർഡായി ജോലിചെയ്തു മുണ്ഡ്രിക യാദവ്. വലത്ത്: താൻ രക്ഷപ്പെടുത്തിയ ഒരു മൂർഖന്റെ വീഡിയോ കാണിച്ചുതരുന്ന മുണ്ഡ്രിക

ബിഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ ടൈഗർ റിസർവിന് ഏകദേശം 900 ചതുരശ്ര കിലോമീറ്റർ വലിപ്പമുണ്ട്. 54 കടുവകളടക്കം വിവിധ വന്യജീവികളുടെ വാസകേന്ദ്രമാണത്. “സന്ദർഭത്തിനനുസരിച്ച് പ്ലാൻ മാറ്റാൻ എനിക്കറിയാം,” മുണ്ഡ്രിക തന്റെ ശൈലിയെ വിവരിക്കുന്നു.

യാദവ് (സംസ്ഥാനത്ത് മറ്റ് പിന്നാക്കജാതിയാണ്) സമുദായക്കാരനായ മുണ്ഡ്രിക കാടിനോടും മൃഗങ്ങളോടും അടുത്തിടപഴകിയാണ് ജനിച്ചുവളർന്നത്. “കാട്ടിൽ എരുമകളെ മേയ്ക്കാൻ കൊണ്ടുപോകുമ്പോൾ ഞാൻ പാമ്പിനെ പിടിക്കാറുണ്ടായിരുന്നു. അന്നുമുതൽ എനിക്ക് വന്യജീവികളോട് ഒരടുപ്പം തോന്നിയിരുന്നു. അതുകൊണ്ട് 2012-ൽ ഫോറസ്റ്റ് ഗാർഡിനുള്ള കായികക്ഷമതാ പരീക്ഷ നടന്നപ്പോൾ ഞാൻ അതിന് അപേക്ഷിക്കുകയും ജോലി കിട്ടുകയും ചെയ്തു,” വിജയ്പുർ ഗ്രാമത്തിലെ ആ താമസക്കാരൻ പറയുന്നു. ഭാര്യയും മകളോടുമൊപ്പമാണ് അദ്ദേഹം അവിടെ കഴിയുന്നത്.

“റിസർവിന്റെ മുഴുവൻ ചിത്രവും ഞങ്ങളുടെ കണ്ണിലുണ്ട്. ഞങ്ങളുടെ കണ്ണുകെട്ടി കാട്ടിൽ വിട്ടുനോക്കൂ, നിങ്ങൾ കാറിനകത്ത് കയറുന്നതിനുമുൻപ് ഞങ്ങൾ കാട്ടിൽനിന്ന് പുറത്തുവരും,” പഴയ വനരക്ഷി (ഫോറസ്റ്റ് ഗാർഡ്) പറയുന്നു.

ഫോറസ്റ്റ് ഗാർഡായി എട്ടുവർഷം മുണ്ഡ്രിക ജോലി ചെയ്തു. ചിലപ്പോൾ ശമ്പളം ഒരുവർഷംവരെ വൈകിയിട്ടും അതിൽ അയാൾ പിടിച്ചുനിന്നു. “വനത്തേയും മൃഗങ്ങളേയും സംരക്ഷിക്കുക എന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്,” പാരിയോട് അയാൾ പറയുന്നു.

PHOTO • Umesh Kumar Ray
PHOTO • Umesh Kumar Ray

ഇടത്ത്: പഴയ ഫോറസ്റ്റ് ഗാർഡുകളെ മറ്റ് ജോലികളിൽ നിയോഗിച്ച്, എഴുത്തുപരീക്ഷയിലൂടെ പുതിയൊരു വിഭാഗം ഫോറസ്റ്റ് ഗാർഡുകളെ നിയമിക്കാൻ 2020-ൽ സർക്കാർ തീരുമാനിച്ചു. മുണ്ഡ്രിക ഇപ്പോൾ വി.ടി.ആറിനുവേണ്ടി ജീപ്പോടിക്കുകയാണ്. വലത്ത് കാടിനോടും വന്യമൃഗങ്ങളോടും ഇടപഴകി വളർന്ന മുണ്ഡ്രയ്ക്ക്, വനവും മൃഗങ്ങളും സംരക്ഷിക്കുക എന്നത് ഇഷ്ടമുള്ള കാര്യമാണ്

പഴയ ഫോറസ്റ്റ് ഗാർഡുകളെ മറ്റ് ജോലികളിൽ നിയോഗിച്ച്, ഓപ്പൺ റിക്രൂട്ട്മെന്റിൽ, എഴുത്തുപരീക്ഷയിലൂടെ പുതിയൊരു വിഭാഗം ഫോറസ്റ്റ് ഗാർഡുകളെ നിയമിക്കാൻ ബിഹാർ സർക്കാർ തീരുമാനിച്ചു. വി.ടി.ആറിനുവേണ്ടി ജീപ്പോടിക്കുകയാണ് ഇപ്പോൾ മുണ്ഡ്രയുടെ ജോലി. “ഞങ്ങളെ തഴഞ്ഞു,” തന്റെ പുതിയ ജോലിയിൽ അസംതൃപ്തനായ അയാൾ പറയുന്നു. പ്രായക്കൂടുതലും വിദ്യാഭ്യാസ യോഗ്യതയില്ലാത്തതും മൂലം, പുതിയ പരീക്ഷയ്ക്ക് ഇരിക്കാൻ മുണ്ഡ്രയ്ക്ക് സാധിച്ചില്ല. മെട്രിക്കുലേഷൻ പാസ്സായിട്ടുണ്ടെങ്കിലും ഫോറസ്റ്റ് ഗാർഡാവാൻ അത് മതിയായിരുന്നില്ല.

അപകടകരമോ അടിയന്തരമോ ആയ സാ‍ഹചര്യങ്ങളിൽ, പുതിയ ഫോറസ്റ്റ് ഗാർഡുകൾ ഇപ്പൊഴും മുണ്ഡ്രികയെ വിളിക്കാറുണ്ട്. “പരീക്ഷ പാസ്സായ ഗാർഡുമാർക്ക് ഡിഗ്രിയൊക്കെ ഉണ്ടായിരിക്കാം. പക്ഷേ പ്രായോഗികമായ അറിവൊന്നുമില്ല,” അയാൾ പറയുന്നു. “ഞങ്ങൾ കാട്ടിൽ ജനിച്ചവരാണ്. വന്യമൃഗങ്ങളോടൊപ്പം ജീവിച്ച ഞങ്ങൾക്ക് അവയെ രക്ഷിക്കാനും അറിയാം,” അയാൾ തുടർന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Umesh Kumar Ray

ਉਮੇਸ਼ ਕੁਮਾਰ ਰੇ 2022 ਦੇ ਪਾਰੀ ਫੈਲੋ ਹਨ। ਬਿਹਾਰ ਦੇ ਰਹਿਣ ਵਾਲ਼ੇ ਉਮੇਸ਼ ਇੱਕ ਸੁਤੰਤਰ ਪੱਤਰਕਾਰ ਹਨ ਤੇ ਹਾਸ਼ੀਆਗਤ ਭਾਈਚਾਰਿਆਂ ਦੇ ਮੁੱਦਿਆਂ ਨੂੰ ਚੁੱਕਦੇ ਹਨ।

Other stories by Umesh Kumar Ray
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat