"ആദ്യമൊക്കെ ഒരു അരിപ്പ ഉണ്ടാക്കാൻ അരമണിക്കൂർ എടുക്കുമായിരുന്നു," മുഹമ്മദ് ഭായ് തന്റെ വിരൽത്തുമ്പിലെ മുറിപ്പാടുകളിൽ തലോടി അരിപ്പ നിർമ്മാണത്തെപ്പറ്റി പറഞ്ഞുതുടങ്ങി. ഇപ്പോഴും ജോലിയ്ക്കിടെ അദ്ദേഹത്തിൻറെ വിരൽ മുറിയാറുണ്ടെങ്കിലും വർഷങ്ങളുടെ അനുഭവസമ്പത്തുള്ള അദ്ദേഹത്തെ ഇപ്പോൾ അത് വലുതായി ബാധിക്കാറില്ല. ഗുജറാത്തിലെ മുസ്‌ലിം വിഭാഗക്കാർ സംസാരിക്കുന്ന, ഗുജറാത്തി പദങ്ങൾ സുലഭമായി കലർന്നിട്ടുള്ള ഒരു പ്രത്യേക തരം ഹിന്ദിയാണ് മുഹമ്മദ് സംസാരിക്കുന്നത്. "അരിപ്പ ഉണ്ടാക്കുന്ന ജോലി വശമായതോടെ എനിക്ക് അത് വേഗത്തിൽ ചെയ്യാൻ സാധിച്ചു. ആദ്യത്തെ ഒരു മാസം ബുദ്ധിമുട്ടായിരുന്നെങ്കിലും ഇപ്പോൾ എനിക്ക് വെറും അഞ്ച് നിമിഷം മതി ഒരു അരിപ്പ ഉണ്ടാക്കാൻ," അദ്ദേഹം പുഞ്ചിരിക്കുന്നു.
അഹമ്മദാബാദിലെ കുത്ബി ബിൽഡിങ്ങിൽ, 43 വയസ്സുകാരനായ മുഹമ്മദ് ചർനാവാലയും അദ്ദേഹത്തിന്റെ അമ്മി, 76 വയസ്സുകാരിയായ റുഖയ്യ മോജുസൈനിയും താമസിയ്ക്കുന്ന 10 X 10 വലിപ്പമുള്ള മുറിയിലാണ് ഞങ്ങൾ ഇരിക്കുന്നത്.അഹമ്മദാബാദിലെ കാലുപൂർ സ്റ്റേഷനടുത്തായി, തൊഴിലാളികളായ മുസ്ലീങ്ങൾ താമസിയ്ക്കുന്ന ദാവൂദി വോറാസ് റോസ എന്ന ചേരിയിലുള്ള ഈ ഇരുനിലക്കെട്ടിടത്തിൽ മുഹമ്മദിന്റേതുൾപ്പെടെ 24 വീടുകളാണുള്ളത്. ആധുനിക സൗകര്യങ്ങളോടുകൂടി പണിതിട്ടുള്ള റെയിൽവേ സ്റ്റേഷന്റെ മറുപുറത്തെത്തിയാൽ നഗരത്തിന്റെ പഴയ ഭാഗത്തെത്താം.
പഴയ നിരത്തുകളിലൂടെ, ഭക്ഷണശാലകളുടെ മണവും, വഴക്കുകളും തർക്കങ്ങളും ഇടയ്ക്കിടെ അന്തരീക്ഷത്തിൽ ഉയരുന്ന തെറിവാക്കുകളും പതിയെ ഇഴഞ്ഞുനീങ്ങുന്ന ട്രാഫിക്കുമെല്ലാം കടന്ന് മുന്നോട്ട് ചെല്ലുമ്പോൾ, റോഡുകൾ പലവഴി പിരിയുന്ന ഒരു കവലയിലെത്തും - ഒരു റോഡ് ഒരു കോണിലേയ്ക്ക് നീളുന്നു, മറ്റൊന്ന് വലതുവശത്തേയ്ക്ക് തിരിഞ്ഞുപോകുന്നു, ഇനിയൊന്ന് ഇടതുവശത്തേയ്ക്ക് തിരിഞ്ഞ് പൊടുന്നനെ അവസാനിക്കുന്നു, അവസാനത്തേത്ത് അല്പദൂരം വളഞ്ഞുപുളഞ്ഞ് പോയി പിന്നീട് നേരെ മറ്റൊരു റോഡിനോട് ചേരുന്നു. ഈ റോഡിലൂടെ സഞ്ചരിച്ചാൽ ദാവൂദി വോറാസ് റോസയിലെ വോറ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കുത്ബി ബിൽഡിങ്ങിലെത്താം; 110 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്.
എല്ലാ ആഴ്ചയും മൂന്നുദിവസം, മുഹമ്മദ് ഭായ് തന്റെ തടിവണ്ടി ഉരുട്ടി വീട്ടിൽനിന്ന് ഏതാണ്ട് 30 കിലോമീറ്റർ ദൂരം നഗരത്തിലുടനീളം നടക്കും. രാവിലെ ആറുമണിക്കുതന്നെ അദ്ദേഹം വീട്ടിൽനിന്ന് ഇറങ്ങും. "അവന്റെ അച്ഛൻ എവിടെയെല്ലാം പോകുമായിരുന്നെന്നോ!" ചുന്നി കൊണ്ട് മുഖം തുടയ്ക്കുന്നതിനിടെ ഭർത്താവിന്റെ ഓർമ്മകളിൽ റുഖിയ ആശ്ചര്യം കൊള്ളുന്നു. "സബർമതി കടന്ന് മറുകരയിൽ പോയി രാത്രി 9, 10 മണിയാകുമ്പോഴാണ് അദ്ദേഹം തിരിച്ചെത്തിയിരുന്നത്". 2023 ഫെബ്രുവരിയിൽ അബ്ബ മോജുസൈനി മരണപ്പെട്ടു. അദ്ദേഹത്തിന് 79 വയസ്സായിരുന്നു.















