സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് വർഷംതോറും ആയിരക്കണക്കിന് വർകാരികൾ ഭഗവാൻ വിത്തലിന്റെ അമ്പലത്തിൽ ആഷാഢി വാരി എന്ന തീർത്ഥാടനത്തിനെത്തുന്നു. അതിനിടയിൽ, ഏഴ് വയസ്സുള്ള മകളുമായി ഒരാൾ പന്ധാർപുരിലേക്ക് കാൽനടയായി നടക്കുകയാണ്. യാത്രയ്ക്കിടയിൽ ലത്തൂരിലെ ഒരു ഗ്രാമമായ മ്ഹൈസഗാംവിൽ അവർ ക്യാമ്പ് ചെയ്യാൻ തീരുമാനിക്കുന്നു. സന്ധ്യയാവുമ്പോഴേക്കും അന്തരീക്ഷത്തിൽ കീർത്തനത്തിന്റെ ശബ്ദങ്ങൾ മുഴങ്ങാൻ തുടങ്ങി. ഒരു തമ്പേറിന്റെ നേരിയ ശബ്ദം വായുവിൽ കേട്ടപ്പോൾ ആ പെൺകുട്ടി അച്ഛനോട്, തന്നെയും ആ പരിപാടിയിലേക്ക് കൊണ്ടുപോകാൻ വാശിപിടിച്ചു.
അച്ഛൻ വിസമ്മതിച്ചു. “ഇവിടെയുള്ള ആളുകൾ നമ്മളെപ്പോലെയുള്ള മഹാറുകളേയും മാംഗുകളേയും തൊട്ടുതീണ്ടാറില്ല”, അയാൾ കാര്യം വിശദീകരിച്ചു. “അവർ നമ്മെ ഒന്നിനും കൊള്ളാത്തവരായിട്ടാണ് കണക്കാക്കുന്നത്. നമ്മളെ അകത്തേക്ക് പ്രവേശിപ്പിക്കില്ല”, അയാൾ പറഞ്ഞു. ആ പെൺകുട്ടി പിടിവാശി വിട്ടില്ല. ഒടുവിൽ, നിവൃത്തിയില്ലാതെ അയാൾ അവളുടെ ആവശ്യത്തിന് വഴങ്ങി. ഒരേയൊരു നിബന്ധനയിൽ. പരിപാടി ദൂരെ നിന്ന് മാത്രമേ കാണൂ ശബ്ദം കേട്ട ഭാഗതത്തുള്ള പന്തലിലേക്ക് അവർ നടന്നു. അവിടെ ഒരു മഹാരാജ് (സന്ന്യാസി) ഒരു കീർത്തനത്തോടൊപ്പം തമ്പേറ് കൊട്ടുന്നത് അവർ കണ്ടു. ആ പെൺകുട്ടി പതുക്കെപ്പതുക്കെ അതിൽ ലയിക്കാൻ തുടങ്ങി. വേദിയിലേക്ക് പോകണമെന്നായി അവളുടെ ആവശ്യം. പെട്ടെന്ന്, ഒരു മുന്നറിയിപ്പുമില്ലാതെ അവൾ വേദിയിലേക്ക് ഓടിക്കയറുകയും ചെയ്തു.
“എനിക്കൊരു ഭാറൂദ് (സാമൂഹികമായ അവബോധം വളർത്താൻ ഉപയോഗിക്കുന്നതും, പരിഹാസവും നർമ്മവും കലർത്തിയതുമായ പഴയ കവിതകൾ) പാടണം”, വേദിയിലെ പാട്ടുകാരനായ സന്ന്യാസിയോട് അവൾ പറഞ്ഞു. കാണികൾ ഞെട്ടിത്തരിച്ചു. എന്നാൽ സന്ന്യാസി അവളെ പാട്ടുപാടാൻ ക്ഷണിച്ചു. അടുത്ത ഏതാനും നിമിഷത്തിനുള്ളിൽ ആ ചെറിയ പെൺകുട്ടി സദസ്സിനെ കൈയ്യിലെടുത്തു. കൈയ്യിലൊരു ലോഹപ്പാത്രത്തിൽ താളം പിടിച്ച് അവൾ ഒരു പാട്ട് അവതരിപ്പിച്ചു. വേദിയിലെ ആ സന്ന്യാസിതന്നെ എഴുതി സംഗീതം കൊടുത്ത പാട്ടായിരുന്നു അത്.
माझा रहाट गं साजनी
गावू चौघी जनी
माझ्या रहाटाचा कणा
मला चौघी जनी सुना
കിണറ്റിലെ മരച്ചക്രം, എന്റെ പ്രിയേ,
നമ്മൾ നാലുപേർക്കും ഒരുമിച്ച് പാടാം
മരച്ചക്രവും അതിന്റെ തണ്ടുകളും,
എന്റെ നാല് പുത്രവധുക്കളും
ആ കൊച്ചുപെൺകുട്ടിയുടെ പാട്ട് കേട്ട് അത്ഭുതപരതന്ത്രയായ സന്ന്യാസി തന്റെ തംബേറ് അവൾക്ക് സമ്മാനിച്ചു. “നിന്നെ ഞാൻ അനുഗ്രഹിക്കുന്നു. നീ ഈ ലോകത്തിന് ബോധോദയം സമ്മാനിക്കും.”













