ലാത് ഹൈകോ എന്ന വിഭവമുണ്ടാക്കാൻ വെറും രണ്ടേ രണ്ടു ചേരുവകൾ - ബുലും (ഉപ്പ്), സസങ് (മഞ്ഞൾ) - മതിയെന്നതിനാൽ അത് വളരെ ലളിതമായ ഒരു വിഭവമാണെന്ന് തോന്നാം. എന്നാൽ അത് പാകം ചെയ്യുന്ന പ്രക്രിയയിലാണ് യഥാർത്ഥ വെല്ലുവിളി ഒളിഞ്ഞിരിക്കുന്നതെന്ന് പാചകക്കാരൻ പറയുന്നു.
ജാർഖണ്ഡിൽനിന്നുള്ള ഹോ ആദിവാസിയായ ബിർസാ ഹെംബ്രോം ആണ് ആ പാചകക്കാരൻ. പരമ്പരാഗത മത്സ്യവിഭവം പാകം ചെയ്യുന്ന പ്രക്രിയയായ ലാത് ഹൈകോ ഇല്ലാതെ മഴക്കാലം അപൂർണ്ണമാണെന്ന് അദ്ദേഹം പറയുന്നു. ഈ വിഭവത്തിന്റെ പാചകവിധി അദ്ദേഹം പഠിച്ചെടുത്തത് തന്റെ രക്ഷിതാക്കളിൽനിന്നാണ്.
ഖോട്ട്പാനി ബ്ലോക്കിലെ ജാൻകോസസാൻ ഗ്രാമത്തിൽ താമസിക്കുന്ന, മത്സ്യത്തൊഴിലാളിയും കർഷകനുമായ ഈ 71 വയസ്സുകാരൻ ഹോ ഭാഷ മാത്രമേ സംസാരിക്കുകയുള്ളൂ. അദ്ദേഹത്തിന്റെ സമുദായാംഗങ്ങൾ സംസാരിക്കുന്ന ഈ ഭാഷ ഒരു ഓസ്ട്രോ ഏഷ്യാറ്റിക് ഗോത്രഭാഷയാണ്. ഏറ്റവുമൊടുവിൽ 2013-ൽ നടത്തിയ കണക്കെടുപ്പ് പ്രകാരം, ജാർഖണ്ഡിൽ ഒൻപത് ലക്ഷത്തിന് മുകളിൽ ഹോ വിഭാഗക്കാരുണ്ട്; ഇക്കൂട്ടരുടെ ഒരു ചെറുസമൂഹം ഒഡീഷയിലും പശ്ചിമ ബംഗാളിലും ജീവിക്കുന്നുണ്ട് ( സ്റ്റാറ്റിസ്റ്റിക്കൽ പ്രൊഫൈൽ ഓഫ് ഷെഡ്യൂൾഡ് ട്രൈബ്‌സ് ഇൻ ഇന്ത്യ, 2013 ).
മഴക്കാലത്ത്, സമീപത്തുള്ള, വെള്ളം കെട്ടിനിൽക്കുന്ന പാടങ്ങളിൽനിന്ന് ഹാത് ഹൈകോ (ഉണ്ടക്കണ്ണി), ഇചെ ഹൈകോ (ചെമ്മീൻ), ബുംബൂയി, ഡാണ്ഡികെ, ദൂഡി തുടങ്ങിയ മത്സ്യങ്ങൾ പിടിച്ച് അവ ശ്രദ്ധയോടെ വൃത്തിയാക്കുകയാണ് ബിർസാ ആദ്യം ചെയ്യുന്നത്. അടുത്തതായി അദ്ദേഹം അവയെ അപ്പോൾ പറിച്ചെടുത്ത കാകാറു പത്തയിൽ (മത്തൻ ഇല) പൊതിയുന്നു. ഈ ഘട്ടത്തിൽ, ഉപ്പിന്റെയും മഞ്ഞളിന്റെയും അളവ് കൃത്യമാകേണ്ടത് പ്രധാനമാണ്, "അതിന്റെ അളവ് കൂടിയാൽ ഉപ്പുരസം കൂടും, കുറഞ്ഞാൽ രുചി ഇല്ലാതാകുകയും ചെയ്യും. അളവ് കൃത്യമായാലേ നല്ല രുചിയുണ്ടാകുകയുള്ളൂ," ഹെംബ്രോം പറയുന്നു.
പാചകത്തിനിടെ മത്സ്യം കരിഞ്ഞുപോകാതിരിക്കാൻ അദ്ദേഹം മത്തനിലയുടെ പുറത്ത്, സാൽ മരത്തിന്റെ കട്ടിയുള്ള ഇലകൾകൂടി പൊതിയുന്നു. പച്ചമത്സ്യവും ഇലകളും സംരക്ഷിക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പാകമായ മത്സ്യം മത്തനിലകൾ ചേർത്ത് കഴിക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം. "സാധാരണയായി, മത്സ്യം പൊതിയാൻ എടുക്കുന്ന ഇലകൾ ഞാൻ കളയുകയാണ് പതിവ്; പക്ഷെ ഇത് മത്തന്റെ ഇലയായതുകൊണ്ട് ഞാൻ അവ കഴിക്കും. ശരിയായ രീതിയിൽ പാചകം ചെയ്യുകയാണെങ്കിൽ, ഇലകൾക്കുപോലും നല്ല രുചിയാണ്," അദ്ദേഹം വിശദീകരിക്കുന്നു.
ഈ വീഡിയോ ഹോ ഭാഷയിൽനിന്ന് ഹിന്ദിയിലേക്ക് പരിഭാഷ ചെയ്ത അർമാൻ ജാമൂദയ്ക്ക് പാരി നന്ദി അറിയിക്കുന്നു.
ഇന്ത്യയിൽ വേരറ്റുപോകൽ ഭീഷണി നേരിടുന്ന ഭാഷകളെ അവ സംസാരിക്കുന്ന സാധാരണ മനുഷ്യരുടെ വാക്കുകളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും രേഖപ്പെടുത്തുകയാണ് പാരിയുടെ എൻഡെയ്ഞ്ചേർഡ് ലാംഗ്വേജസ് പ്രൊജക്റ്റിന്റെ ലക്‌ഷ്യം
ഇന്ത്യയിലെ മധ്യ, കിഴക്കൻ പ്രദേശങ്ങളിലെ ആദിവാസികൾ സംസാരിക്കുന്ന ഓസ്‌ട്രോ ഏഷ്യാറ്റിക് ഭാഷകളിലെ മുണ്ട ശാഖയിൽ ഉൾപ്പെടുന്ന ഭാഷയാണ് ഹോ. യുനെസ്‌കോയുടെ അറ്റ്ലസ് ഓഫ് ലാംഗ്വേജസ്, ഇന്ത്യയിൽ വേരറ്റുപോകൽ ഭീഷണി നേരിടാൻ സാധ്യതയുള്ള ഭാഷകളിൽ ഒന്നായാണ് ഹോ ഭാഷയെ പട്ടികപ്പെടുത്തിയിരിക്കുന്നത്.
ജാർഖണ്ഡിലെ പശ്ചിമ ബീർ ജില്ലയിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് ഈ ലേഖനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
പരിഭാഷ: പ്രതിഭ ആര്‍. കെ.