“സ്വര്‍ണ്ണനിറമുള്ള അരികുകൾ വെച്ചുപിടിപ്പിച്ചിട്ട് അതിന് കുറച്ച് ഞൊറികളിടാം. കൈയ്യിന്റെ ഭാഗത്ത് കുറച്ച് ദ്വാരങ്ങളും. അതിന് വേറെ 30 രൂപയാകും.”
തന്‍റെ ഇടപാടുകാരുമായി ശാരദ മക്വാന സ്ഥിരമായി നടത്താറുള്ള സംഭാഷണങ്ങളാണിത്. അവരില്‍ ചിലര്‍ക്ക് കൈയുടെ ഇറക്കം, ലേസിന്‍റെ തരം, സാരീ-ബ്ലൗസുകളുടെ ഇറക്കിവെട്ടിയ പിന്‍ഭാഗം കെട്ടിനിര്‍ത്തുന്ന ചരടിനോടൊപ്പമുള്ള തൊങ്ങലിന്‍റെ ഭാരം എന്നിവയൊക്കെയാണ് പ്രധാനമെന്ന് അവര്‍ പറയുന്നു. “തുണികള്‍കൊണ്ട് പൂക്കളുണ്ടാക്കി അവ മോടി കൂട്ടാനായി ഉപയോഗിക്കാനും എനിക്കറിയാം”, തന്‍റെ കഴിവുകളിൽ അഭിമാനിച്ചുകൊണ്ട് അവര്‍ പറയുകയും എങ്ങനെയാണ് താനത് ചെയ്യുന്നതെന്ന് ഞങ്ങളെ കാണിച്ചുതരികയും ചെയ്തു.
ശാരദയും അവരെപ്പോലുള്ള മറ്റ് പ്രാദേശിക സാരീ ബ്ലൗസ് തയ്യല്‍ക്കാരും കുശാല്‍ഗഢിലെ സ്ത്രീകള്‍ക്ക് ഫാഷന്‍ വിഷയങ്ങളിൽ പ്രിയപ്പെട്ട ഉപദേശകരാണ്. എല്ലാത്തിലുമുപരിയായി, സാരി ധരിക്കുന്ന ഏതാണ്ടെല്ലാ ചെറുപ്പക്കാരികള്‍ക്കും എല്ലാ പ്രായത്തിലുംപെട്ട സ്ത്രീകള്‍ക്കും ബ്ലൗസ് തയ്ക്കാനായി 80 സെ.മീ. നീളമുള്ള തുണി ആവശ്യമുണ്ട്.
പൊതുയോഗങ്ങളില്‍ സ്ത്രീശബ്ദങ്ങള്‍ക്ക് ഇടം ലഭിക്കാത്ത, ജനനസമയത്തെ ലിംഗാനുപാതം 1,000 പുരുഷന്മാര്‍ക്ക് 879 സ്തീകൾ (ദേശീയ കുടുംബാരോഗ്യ സര്‍വ്വെ, എന്‍.എഫ്.എച്.എസ്-5 ) എന്ന കണക്കില്‍ അപകടകരമായ ഒരവസ്ഥയിലുള്ള, ഒരു കടുത്ത പുരുഷാധിപത്യ സമൂഹത്തില്‍ തങ്ങളുടെ വസ്ത്രധാരണം തിരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുകയെന്നത് സന്തോഷകരമായ ഒന്നാണ്.
രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലെ ഈ ചെറുപട്ടണം തയ്യല്‍ക്കടകള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു. ഷര്‍ട്ടുകളും പാന്‍റുകളും തയ്ക്കുന്നവരും കുര്‍ത്തപോലുള്ള വിവാഹ വസ്ത്രങ്ങളും മഞ്ഞുകാലത്ത് വരന്മാര്‍ ഉപയോഗിക്കുന്ന കുപ്പായം തയ്ക്കുന്നവരും എന്നിങ്ങനെ രണ്ടു തരത്തിലുള്ളവരാണ് പുരുഷന്മാര്‍ക്കുവേണ്ടിയുള്ള തയ്യല്‍ക്കാർ. ഇളം പിങ്ക് അല്ലെങ്കിൽ ചുവപ്പ് എന്നിവയല്ലാതെ മറ്റ് നിറങ്ങളൊന്നും ഉപയോഗിക്കാത്തതിനാൽ ഇവരണ്ടും അത്രവലിയ കാര്യങ്ങളാകുന്നില്ല.
എന്നാൽ ചുറ്റിപ്പിരിഞ്ഞുകിടക്കുന്ന തൊങ്ങലുകൾ, തിളങ്ങുന്ന അലുക്കുകൾ (സ്വർണ്ണ, വെള്ളി നിറങ്ങളിലുള്ള അരികുകൾ), എല്ലായിടത്തും ചിതറിക്കിടക്കുന്ന പലനിറങ്ങളിലുള്ള തുണിക്കഷണങ്ങൾ എന്നിവയൊക്കെ ചേര്‍ന്ന നിറങ്ങളുടെ ഒരാഘോഷമാണ് സാരീ ബ്ലൗസ് തയ്യൽക്കാരുടെ കടകൾ. "വിവാഹ സീസൺ തുടങ്ങി എതാനും ആഴ്ചകൾക്കുശേഷം നിങ്ങൾ വരണം", ആ മുപ്പത്താറുകാരി പറഞ്ഞു. അവരുടെ മുഖം തുടുത്തിരുന്നു. "പിന്നെയെനിക്ക് വലിയ തിരക്കാവും". മഴക്കാലം അവർക്ക് ഭയമാണ്, കാരണം ആരും വരികയുമില്ല ബിസിനസ്സ് കുറയുകയും ചെയ്യും.
10,666 ആളുകൾ (2011 സെൻസസ് അനുസരിച്ച്) വസിക്കുന്ന ഈ ചെറുപട്ടണത്തിൽ കുറഞ്ഞത് 400-500 തയ്യൽക്കാരുണ്ടെന്ന് ശാരദ കണക്കാക്കുന്നു. എന്നാൽ 3 ലക്ഷത്തിലധികം ആളുകൾ വസിക്കുന്ന കുശാൽഗഢ് തഹ്സീൽ ബൻസ്വാര ജില്ലയിലെ ഏറ്റവും വലിപ്പമുള്ള ഇടങ്ങളിലൊന്നാണ്. 25 കിലോമീറ്റർ ദൂരത്തിനപ്പുറത്തു നിന്നുപോലും അവർക്ക് ഇടപാടുകാർ എത്താറുണ്ട്. "ഉകാല, ബയോലിപാഡ, സർവ, രാംഗഢ് എന്നീ സ്ഥലങ്ങളില്‍നിന്നും മറ്റ് ഗ്രാമങ്ങളിൽനിന്നും എനിക്ക് ഇടപാടുകാർ എത്താറുണ്ട്", അവർ പറഞ്ഞു. "ഒരിയ്ക്കൽ എന്റ്ത്തെത്തിയാൽ അവർ മറ്റെവിടെയും പോകില്ല", പുഞ്ചിരിയോടെ അവർ കൂട്ടിച്ചേർത്തു. തന്റെയിടപാടുകാർ വസ്ത്രങ്ങള്‍, ജീവിതം, ആരോഗ്യം, കുട്ടികളുടെ ഭാവി എന്നിങ്ങനെ പലകാര്യങ്ങളെക്കുറിച്ചും സംസാരിക്കുമെന്നും അവർ പറഞ്ഞു.
തുടക്കത്തിൽ 7,000 രൂപയ്ക്ക് ഒരു സിംഗർ മെഷീൻ വാങ്ങിയ അവര്‍ സാരിയുടെ അരികുകൾ അടിക്കുന്നതുപോലുള്ള ചെറുപണികൾക്കായി രണ്ടുവർഷങ്ങൾക്കുശേഷം ഉഷ കമ്പനിയുടെ ഒരു തയ്യൽ മെഷീനും വാങ്ങി. ഒരു സാരിയുടെ പണിക്ക് 10 രൂപ ലഭിക്കും. കൂടാതെ പെറ്റികോട്ടുകളും പട്യാല സ്യൂട്ടുകളും (സൽവാർ കമ്മീസ്) യഥാക്രമം 60 രൂപ, 250 രൂപ എന്നിങ്ങനെ ഈടാക്കി അവർ തയ്ച്ചു നൽകും.
കൂടാതെ ബ്യൂട്ടീഷനായും പ്രവർത്തിക്കുന്നുണ്ട് ശാരദ. കടയുടെ പിറകിൽ ബാർബറുടെ ഒരു കസേരയും ഒരു വലിയ കണ്ണാടിയും മേക്കപ്പ് സാധനങ്ങളുടെ ഒരു നിരയും കാണാം. പുരികം ത്രെഡ് ചെയ്യുക, ശരീരത്തിലെ രോമങ്ങൾ നീക്കുക, ബ്ലീച്ചിംഗ്, ചെറിയ കുട്ടികളുടെ (പ്രത്യേകിച്ച് കരയുന്ന കുഞ്ഞുങ്ങളുടെ) മുടി വെട്ടുക, എന്നിങ്ങനെ നീളുന്നു അവരുടെ സൗന്ദര്യവർദ്ധക ജോലികൾ. എല്ലാത്തിനും 30 മുതൽ 90 രൂപവരെയാണ് അവർ ഈടാക്കുന്നത്. "ഫേഷ്യൽ ചെയ്യാനായി സ്ത്രീകൾ വലിയ കടകളിലേക്ക് പോകുന്നു", അവർ ചൂണ്ടിക്കാട്ടി.
അവരെക്കാണാന്‍ നിങ്ങൾ കുശാൽഗഢിലെ പ്രധാന ചന്തയിലെത്തണം. ഒന്നിലധികം ബസ് സ്റ്റാൻഡുകളുള്ള അവിടെനിന്നും ഏകദേശം 40 ബസുകൾ ഗുജറാത്തിലേക്കും മധ്യപ്രദേശിലേക്കും കുടിയേറ്റക്കാരുമായി പുറപ്പെടുന്നു. മഴയെ ആശ്രയിച്ച് ചെയ്യുന്ന കൃഷിയല്ലാതെ മറ്റൊരു ഉപജീവനമാര്‍ഗ്ഗവും ഇല്ലാത്തതിനാൽ ദുരിതത്തിലാണ്ട ഒരുപാടുപേര്‍ ബൻസ്വാര ജില്ലയിൽനിന്ന് മറ്റിടങ്ങളിലേക്ക് കുടിയേറുന്നു.
നഗരത്തിലെ പഞ്ചാൽ മൊഹല്ലയിലെ ഒരു ഇടുങ്ങിയ തെരുവിലൂടെ, പോഹ, ജിലേബി എന്നിവയൊക്കെ പ്രഭാതസമയത്ത് വിൽക്കുന്ന ചെറു പലഹാരക്കടകള്‍ നിറഞ്ഞ തിരക്കേറിയ ചന്ത കഴിഞ്ഞാണ് ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന ശാരദയുടെ തയ്യൽക്കടയും ബ്യൂട്ടിപാർലറും സ്ഥിതി ചെയ്യുന്നത്.
എട്ട് വർഷങ്ങൾക്കുമുൻപ് ആ 36-കാരിക്ക് ഭർത്താവ് നഷ്ടപ്പെട്ടതാണ്. ഒരു ടാക്സി ഡ്രൈവറായിരുന്ന അദ്ദേഹം കരൾ രോഗത്താൽ ബുദ്ധിമുട്ടി ഒടുവിൽ മരണപ്പെട്ടു. ഭര്‍തൃമാതാപിതാക്കള്‍ക്കും പരേതനായ ഭർത്താവിന്റെ സഹോദരന്റെ കുടുംബത്തിനുമൊപ്പമാണ് ശാരദയും അവരുടെ കുട്ടികളും താമസിക്കുന്നത്.
ഒരു കൂടിക്കാഴ്ചയാണ് തന്‍റെ ജീവിതം മാറ്റിയതെന്ന് ചെറുപ്പക്കാരിയായ ആ വിധവ പറഞ്ഞു. “അങ്കണവാടിയിൽവെച്ച് ഞാന്‍ കണ്ടുമുട്ടിയ ഒരു മാഡം സഖി സെന്‍ററിൽ ചേരാനും ഇഷ്ടമുള്ളത് പഠിക്കാനും എന്നോട് പറഞ്ഞു.” ചെറുപ്പക്കാരായ സ്ത്രീകള്‍ വിപണന മേഖലയ്ക്കുവേണ്ട നൈപുണ്യങ്ങൾ ആര്‍ജ്ജിക്കുന്ന ഒരു ഇടമാണ് - ലാഭേച്ഛകൂടാതെ കൂടാതെ പ്രവര്‍ത്തിക്കുന്ന - പ്രസ്തുത സെന്‍റര്‍. വീട്ടുജോലികള്‍ പൂര്‍ത്തിയാക്കിയശേഷം സ്ത്രീകൾക്ക് എത്താൻ പറ്റുന്നവിധത്തിലായിരുന്നു അവിടുത്തെ സമയക്രമം. ചിലപ്പോഴവര്‍ ഒരുമണിക്കൂര്‍ അല്ലെങ്കിൽ പാതിദിവസംവരെ അവിടെ ചിലവഴിക്കുമായിരുന്നു. എല്ലാ പഠിതാക്കളില്‍നിന്നും സെന്‍റർ പ്രതിമാസം 250 രൂപ ഫീസിനത്തിൽ ഈടാക്കിയിരുന്നു.
“തയ്യല്‍ജോലി ഞാനിഷ്ടപ്പെടുന്നു, ഞങ്ങളെയത് നന്നായി പഠിപ്പിച്ചു”, ബ്ലൗസ് മാത്രമല്ല മറ്റുള്ളവയും തയ്ക്കാന്‍ പഠിപ്പിക്കണമെന്നാവശ്യപ്പെട്ട ശാരദ കൂട്ടിച്ചേര്‍ത്തു. “നിങ്ങള്‍ക്ക് പറ്റുന്നതൊക്കെ പഠിപ്പിക്കാന്‍ ഞാനവരോട് ആവശ്യപ്പെട്ടു, 15 ദിവസങ്ങള്‍ക്കകം ഞാനവ മികച്ചരീതിയിൽ പഠിച്ചെടുത്തു!”, അങ്ങനെ, പുതിയ കഴിവുകള്‍ ആര്‍ജ്ജിച്ച സംരംഭക, 4 വർഷം മുമ്പ് സ്വന്തം സംരംഭം തുടങ്ങാൻ തീരുമാനിച്ചു.
“സ്വന്തം നിലയില്‍ സമ്പാദിക്കുകയെന്നത് വ്യത്യസ്തമായ ഒരനുഭവമാണ്”, ദൈനംദിന ചിലവുകള്‍ക്കായി ബന്ധുക്കളെ ആശ്രയിക്കാൻ താത്ര്യമില്ലാത്ത, 3 കുട്ടികളുടെ മാതാവായ, അവര്‍ പറഞ്ഞു. “എനിക്ക് സ്വന്തം കാലില്‍ നില്‍ക്കണം.”
അവരുടെ മൂത്തമകള്‍ ഇരുപതുകാരിയായ ശിവാനി ബന്‍സ്വാരയിലെ ഒരു കോളേജിൽ നഴ്സിംഗ് പഠിക്കുന്നു. പതിനേഴുകാരിയായ ഹര്‍ഷിതയും പന്ത്രണ്ടുകാരനായ യുവരാജും ഇവിടെ കുശാല്‍ഗഢിലെ ഒരു സ്ക്കൂളിലാണ് പഠിക്കുന്നത്. ഹയര്‍സെക്കന്‍ഡറി പഠനം നടത്താൻ തന്‍റെ മക്കൾ സര്‍ക്കാർ സ്ക്കൂള്‍ ഇഷ്ടപ്പെടുന്നതിനാൽ 11-ആം ക്ലാസ്സിലെത്തിയപ്പോൾ അവർ സ്വകാര്യ സ്കൂളില്‍നിന്ന് മാറിയെന്നും അവർ സൂചിപ്പിച്ചു. “സ്വകാര്യ സ്കൂളില്‍ അധ്യാപകരെ മിക്കപ്പോഴും മാറ്റിക്കൊണ്ടിരിക്കുന്നു.”
ശാരദ 16-ആം വയസ്സിലാണ് വിവാഹിതയായയത്. മൂത്ത മകള്‍ക്ക് തന്‍റെ പ്രായമായപ്പോൾ കുറച്ചുകൂടി കാത്തിരിക്കാൻ ശാരദ കരുതിയതായിരുന്നു, പക്ഷെ ചെറുപ്പക്കാരിയായ ആ വിധവയുടെ ശബ്ദം ആരും കേട്ടില്ല. ഇപ്പോള്‍ അവരും മകളും കടലാസില്‍മാത്രമുള്ള ആ വിവാഹം റദ്ദാക്കാനായി തങ്ങളാലാവുംവിധം ശ്രമിക്കുന്നു. അങ്ങനെ ആ പെണ്‍കുട്ടിക്ക് സ്വതന്ത്രയാകാന്‍ കഴിയും.
ശാരദയുടെ തൊട്ടടുത്തുള്ള ഒരു കട ഒഴിഞ്ഞപ്പോള്‍ അവിടെയൊരു തയ്യല്‍ക്കട തുടങ്ങാൻ, ഭര്‍ത്താവ് മരിച്ച് സ്വന്തം നിലയിൽ കുട്ടികളെ വളര്‍ത്തുന്ന തന്‍റെയൊരു സുഹൃത്തിനെ അവർ പ്രേരിപ്പിച്ചു. “ഓരോമാസവും വരുമാനത്തില്‍ അന്തരമുണ്ടാകുമെങ്കിലും സ്വന്തംകാലിൽ നില്‍ക്കാനാവുന്നതിൽ ഞാൻ സന്തോഷിക്കുന്നു.”
പരിഭാഷ: റെന്നിമോന്‍ കെ. സി.