എല്ലാ പ്രഭാതങ്ങളിലും എസ്.കെ. അകിഫ്, ഹേസ്റ്റിംഗ് പാലത്തിന്റെ ചുവട്ടിലെ തന്റെ കുടിലിൽനിന്നിറങ്ങി, കൊൽക്കൊത്തയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ വിക്ടോറിയ മെമ്മോറിയലിലെത്തുന്നു. വരുന്ന വഴി, അയാൾ റാണിയേയും ബിജ്‌ലിയേയും കൂടെ കൂട്ടുന്നു.
ആ പേരുകളുള്ള രണ്ട് വെളുത്ത കുതിരകളാണ് തണുപ്പുകാലത്ത് അയാളുടെ ഉപജീവനമാർഗ്ഗം. “ഞാനൊരു വണ്ടിയോടിക്കുന്നു”, തൊഴിലിനെക്കുറിച്ച് ചോദിച്ചാൽ അകിഫ് പറയുന്നു. ഹേസ്റ്റിംഗ്സിന്റെ സമീപത്താണ് കുതിരകളെ പാർപ്പിച്ചിരിക്കുന്നത്. രാവിലെ 10 മണിക്ക് അവയേയുംകൊണ്ട്, അയാൾ വിക്ടോറിയയിലെത്തുന്നു. മധ്യ കൊൽക്കൊത്തയിലെ ആ മാർബിൾ സൌധത്തിനും അതിന്റെ വിശാലമായ പുൽപ്പരപ്പിനും പ്രാദേശികമായി പറയുന്ന പേരാണത്. ബ്രിട്ടീഷ് രാജ്ഞിയായിരുന്ന വിക്ടോറിയ മഹാറാണിക്കായി നിർമ്മിച്ച ഈ സ്മാരകമന്ദിരം 1921-നാണ് പൊതുജനത്തിനായി തുറന്നുകൊടുത്തത്.
വിക്ടോറിയ മെമ്മോറിയലിലെ ക്വീൻസ് വേയുടെ ഭാഗത്തായിട്ടാണ്, അദ്ദേഹത്തിന്റെ വണ്ടി – അത് അയാൾ ദിവസവും വാടകയ്ക്കെടുക്കുന്നതാണ് – നിർത്തിയിട്ടിരിക്കുന്നത്. വരിവരിയായി നിർത്തിയിട്ടിരിക്കുന്ന പത്ത് വണ്ടികളിലൊന്നിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് അകിഫ് പറയുന്നു, “ആ സ്വർണ്ണനിറമുള്ളതാണ് എന്റേത്”. അവിടെയുള്ള എല്ലാ വണ്ടികൾക്കും സ്വർണ്ണനിറവും, അലങ്കാരപ്പണികളും, രാജകീയ രഥത്തിന്റേതുപോലെയുള്ള ചിത്രപ്പണികളും ഉണ്ടായിരുന്നു എന്നത് മറ്റൊരു കാര്യം. എന്നാൽ അകിഫിന്റെ വണ്ടി വേറിട്ട് നിൽക്കുന്നു എന്നത് സത്യം. കാരണം, യാത്രക്കാർക്ക് ഒരു ബ്രിട്ടീഷ് രാജ് അനുഭവം നൽകാനുള്ള ഉത്സാഹത്തിൽ ദിവസവും അത് തുടച്ചുമിനുക്കാനും വൃത്തിയാക്കാനും അയാൾ രണ്ടുമണിക്കൂറോളം ചിലവിടുന്നുണ്ട്.
തെരുവിന്റെ അപ്പുറത്ത്, വിക്ടോറിയ മെമ്മോറിയലിന്റെ ഗേറ്റിന്റെ മുമ്പിൽ ചെറിയൊരു ആൾക്കൂട്ടമായിത്തുടങ്ങി. “പഴയ കാലത്ത്, രാജക്കന്മാർ ഇവിടെ താമസിക്കുകയും വണ്ടികളിൽ സഞ്ചരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സഞ്ചാരികൾ ഇവിടെ, ആ ഒരു അനുഭവത്തിനായിട്ടാണ് വരുന്നത്”. 2017-ൽ ഈ ജോലി ചെയ്യാൻ ആരംഭിച്ച അകിഫ് പറയുന്നു. “വിക്ടോറിയ മെമ്മോറിയൽ നിലനിൽക്കുന്നിടത്തോളം കാലം ഈ കുതിരവണ്ടികളും ഇവിടെയുണ്ടാവും” എന്നുകൂടി കൂട്ടിച്ചേർക്കാൻ അയാൾ മറന്നില്ല. അത്രയും കാലം ഈ വണ്ടി ഓടിക്കുന്നവരുടെ ജോലിയും ഉണ്ടാവും എന്നാണ് അയാൾ ഉദ്ദേശിച്ചിട്ടുണ്ടാവുക. ഈ ഭാഗത്ത് ഏകദേശം 50 ഓളം കുതിരവണ്ടികൾ സഞ്ചരിക്കുന്നുണ്ട്.
ഇപ്പോൾ തണുപ്പുകാലമാണ്. പകൽ മുഴുവനും പുറത്തെ ചൂട് അനുഭവിക്കാൻ കൊൽക്കൊത്ത തയ്യാറെടുക്കുന്നു. വൈകുന്നേരങ്ങളിൽ പ്രത്യേകിച്ചും അകിഫ് തിരക്കിലായിരിക്കും. നവംബർ മുതൽ ഫെബ്രുവരിവരെ ഈ തണുപ്പുകാലം നീളുമെന്നും, അതിനുശേഷം പുറത്ത് യാത്ര ചെയ്യാൻ അധികമാളുകൾ വരില്ലെന്നും അയാൾ സൂചിപ്പിക്കുന്നു.
മെമ്മോറിയലിന്റെ എതിർവശത്തുള്ള നിരവധി ചായ, പലഹാരക്കടകളുടെ സമീപത്തായിട്ടാണ് ഞങ്ങളിരിക്കുന്നത്. എളുപ്പത്തിൽ എന്തെങ്കിലും അകത്താക്കാൻ സഞ്ചാരികളും വണ്ടിയോടിക്കുന്നവരും വരുന്നത് ഇവിടെയാണ്.
ഗോതമ്പിന്റെ തവിടും, പുല്ലും, ധാന്യങ്ങളും കഴിച്ച്, തലകുലുക്കി, റാണിയും ബിജ്‌ലിയും ഞങ്ങൾ നിൽക്കുനതിന്റെ കുറച്ചപ്പുറത്തായി നിൽക്കുന്നുണ്ടായിരുന്നു. വയർ നിറഞ്ഞുകഴിഞ്ഞാൽ പിന്നെ രഥം ഓട്ടം പോകാൻ തയ്യാറാവും. കുതിരകൾക്ക് ഭക്ഷണം കൊടുക്കുകയും അവയെ വൃത്തിയാക്കുകയുമാണ് വണ്ടിയോട്ടക്കാരുടെ ഉപജീവനത്തിന്റെ ആണിക്കല്ല്. “ഒരു കുതിരയെ പോറ്റാൻ പ്രതിദിനം 500 രൂപ വേണം” പുല്ലിനും ധാന്യത്തിനും പുറമേ അവയ്ക്ക് നെൽക്കതിരും കൊടുക്കാറുണ്ട്. കിദ്ദർപൂരിലെ വാട്ട് ഗഞ്ജിലെ ഒരു കടയിൽനിന്നാണ് അത് വാങ്ങുന്നത്
സ്വന്തം ജ്യേഷ്ഠത്തി പാചകം ചെയ്ത് പാക്ക് ചെയ്ത് തരുന്ന ഭക്ഷണമാണ് അകിഫ് കഴിക്കുന്നത്.
രാവിലെ അകിഫിനെ ഞങ്ങൾ കണ്ടപ്പോൾ തിരക്ക് തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. ഒരു കൂട്ടം സഞ്ചാരികൾ വണ്ടികളുടെയടുത്തെത്തുമ്പോഴേക്കും വണ്ടിയോട്ടക്കാർ അവരെ പൊതിഞ്ഞു. ദിവസത്തെ ആദ്യത്തെ ഓട്ടം കിട്ടുമെന്ന പ്രതീക്ഷയിൽ.
“നല്ലൊരു ദിവസമാണെങ്കിൽ മൂന്നോ നാലോ ഓട്ടം കിട്ടും” അകിഫ് പറയുന്നു. രാത്രി 9 മണിവരെ അയാൾ ജോലി ചെയ്യാറുണ്ട്. ഓരോ ഓട്ടവും 10 മുതൽ 15 മിനിറ്റുവരെ നീളും. വിക്ടോറിയ മെമ്മോറിയലിന്റെ ഗേറ്റിൽനിന്ന് തുടങ്ങി, റേസ് കോഴ്സ് കടന്ന്, ഫോർട്ട് വില്ല്യമിന്റെ തെക്കേ ഗേറ്റ് തിരിയുന്നതുവരെയാണ് സഞ്ചാരം. ഓരോ ഓട്ടത്തിനും 500 രൂപ ഡ്രൈവർമാർ ഈടാക്കുന്നു.
“ഓരോ 100 രൂപയ്ക്കും എനിക്ക് 25 രൂപ കിട്ടും”, അകിഫ് പറയുന്നു. ബാക്കി ഉടമസ്ഥനുള്ളതാണ്. ദിവസം നന്നായാൽ, 2,000-3,000 രൂപവരെ കിട്ടിയേക്കും.
എന്നാൽ, ഇതിൽനിന്ന് പണം സമ്പാദിക്കാൻ മറ്റ് മാർഗ്ഗങ്ങളുമുണ്ട്. “വിവാഹപ്പാർട്ടിക്കാർ വണ്ടി വാടകയ്ക്കെടുത്താൽ’ ഗുണമുണ്ടാവും. വിവാഹസ്ഥലം എത്ര ദൂരത്താണെന്നതിനെ ആശ്രയിച്ചിരിക്കും, വരനുവേണ്ടിയുള്ള വണ്ടിയുടെ ചിലവ്. പട്ടണത്തിനകത്താണെങ്കിൽ, അത് 5,000-ത്തിനും 6,000-ത്തിനും ഇടയിലായിരിക്കും.
“വരനെ വിവാഹസ്ഥലത്തേക്ക് കൊണ്ടുപോവുക എന്നതാണ് ഞങ്ങളുടെ ജോലി. അവിടെ എത്തിക്കഴിഞ്ഞാൽ, ഞങ്ങൾ കുതിരയും വണ്ടിയുമായി തിരിച്ചുവരും”, അകിഫ് പറയുന്നു. ചിലപ്പോൾ കൊൽക്കൊത്തയ്ക്ക് പുറത്തേക്കും അവർ പോകാറുണ്ട്. അങ്ങിനെ, അകിഫ് തന്റെ വണ്ടിയുമായി മേദിനിപുരിലേക്കും ഖരഗ്പുരിലേക്കും പോയിട്ടുണ്ട്. “ഞാൻ ഹൈവേയിലൂടെ ഒറ്റയടിക്ക് രണ്ടുമൂന്ന് മണിക്കൂർവരെ വണ്ടിയോടിക്കും, ആവശ്യമുള്ളപ്പോൾ വിശ്രമിക്കും”, അയാൾ പറയുന്നു. രാത്രിസമയങ്ങളിൽ, ഹൈവേക്കടുത്ത് നിർത്തി, കുതിരകളെ അഴിച്ച്, വണ്ടിയിൽക്കിടന്ന് ഉറങ്ങും.
“സിനിമാ ഷൂട്ടിംഗിനും വണ്ടികൾ വാടകയ്ക്കെടുക്കാറുണ്ട്”, അകിഫ് പറയുന്നു. കുറച്ച് വർഷങ്ങൾക്കുമുമ്പ്, അയാൾ ഒരു ബംഗാളി ടിവി സീരിയലിന്റെ ഷൂട്ടിംഗിനുവേണ്ടി. 160 കിലോമീറ്റർ പിന്നിട്ട്, ബോൽപുർവരെ പോയി. എന്നാൽ വിവാഹങ്ങളും സിനിമാഷൂട്ടിംഗുകളുമൊന്നും സ്ഥിരമായ വരുമാനമല്ല. ജോലി കുറവുള്ള സമയത്ത്, മറ്റ് തൊഴിലുകൾ കണ്ടെത്തണം അകിഫിന്.
2023 ഒക്ടോബർ മുതലാണ് അയാൾ ഈ രണ്ട് കുതിരകളുമായി ജോലി ചെയ്യാൻ ആരംഭിച്ചത്. “വിവാഹിതയായ ജ്യേഷ്ഠത്തിയുടെ വീട്ടിലിരുന്ന് പാർട്ട് ടൈം ആയിട്ടാണ് ഞാൻ ആദ്യം ഈ കുതിരകളുമായി ജോലി ചെയ്യാൻ തുടങ്ങിയത്”, 22 വയസ്സുള്ള അയാൾ പറയുന്നു. ആദ്യം കുറച്ചുകാലം മറ്റൊരാളുടെകൂടെയായിരുന്നു അയാൾ പണിയെടുത്തിരുന്നത്. ഇപ്പോൾ സഹോദരിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വണ്ടിയിലാണ് ജോലി.
അകിഫിനെപ്പോലെ, ഈ ഭാഗത്തുള്ള മിക്ക ജോലിക്കാർക്കും, ഈ കുതിരപ്പണി ഒരു മുഴുവൻസമയ ജോലിയല്ല.
“വീട് പെയിന്റ് ചെയ്യുന്ന പണി ഞാൻ പരിശീലിച്ചിട്ടുണ്ട് ബഡാ ബസാറിൽ, ഒരു കൂട്ടുകാരന്റെ തുണിക്കടയിലും ഞാൻ ജോലി ചെയ്യാറുണ്ട്. “എന്റെ അച്ഛൻ വീടുകളും കെട്ടിടങ്ങളും പെയിന്റ് ചെയ്യുന്ന ഒരു മേസ്ത്രീയായിരുന്നു. ഞാൻ ജനിക്കുന്നതിനും മുമ്പ്, 1998-ലാണ് അച്ഛൻ കൊൽക്കൊത്തയിലേക്ക് വന്നത്”. ബറസാത്തിൽ താമസിക്കുന്ന കാലത്ത്, അച്ഛൻ ഒരു പച്ചക്കറി വില്പനക്കാരനായിരുന്നു. വിവാഹശേഷം അച്ഛനമ്മമാർ കൂടുതൽ നല്ല ജോലി അന്വേഷിച്ച് കൊൽക്കൊത്തയിലേക്ക് മാറി. അവിടെ അന്ന് അകിഫിന്റെ ഒരു അമ്മായി താമസിച്ചിരുന്നു. “ആൺകുട്ടികളൊന്നും ഇല്ലാതിരുന്നതിനാൽ അമ്മായിയാണ് എന്നെ വളർത്തിയത്”, അകിഫ് പറയുന്നു. അച്ഛൻ അലാവുദ്ദീൻ ഷെയ്ക്കും അമ്മ സയീദയും പിന്നീട്, നോർത്ത് 24 പർഗാനയിലെ ബർസാത്തിലുള്ള തറവാട്ടിലേക്ക് മടങ്ങിപ്പോയി. അവിടെ അലാവുദ്ദീൻ സൌന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന ചെറിയൊരു കട സ്വന്തമായി നടത്തുന്നുണ്ട്.
അകിഫ് ഇപ്പോൾ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ചെറിയ അനിയൻ അവരുടെ സഹോദരിയുടെകൂടെ താമസിക്കുന്നു. ഇടയ്ക്ക് അവനും സഹോദരീബന്ധുക്കളുടെ വണ്ടി ഓടിക്കാൻ സഹായിക്കാറുണ്ട്.
തൊഴിലിന്റെ ദൌർല്ലഭ്യം മാത്രമല്ല ഡ്രൈവർമാർ നേരിടുന്നത്. നിയമത്തിന് കൈക്കൂലി കൊടുക്കാൻ അയാളോട് ആവശ്യപ്പെടാറുണ്ട്. " ദിവസവും 50 രൂപ കൊടുക്കണം", അകിഫ് പറയുന്നു. കുതിരവണ്ടികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പെറ്റ (പീപ്പിൾ ഫൊർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് – മൃഗസ്നേഹികളുടെ ഒരു സംഘടന) നൽകിയ ഒരു പെറ്റീഷനെ ക്കുറിച്ച് കേട്ടിട്ടുണ്ടോ എന്ന് ഞാൻ അകിഫിനോട് ചോദിച്ചു. “മാസത്തിലൊരിക്കൽ ആരെങ്കിലുമൊരാൾ വന്ന്, ഇനിമുതൽ കുതിരകളെ ഉപയോഗിക്കരുതെന്നൊക്കെ ഞങ്ങളോട് പറയാറുണ്ട്. ‘എങ്കിൽ നിങ്ങൾക്കുതന്നെ ഈ വണ്ടികളൊക്കെ വാങ്ങി, ഞങ്ങൾക്ക് പൈസ തന്നുകൂടേ?’ എന്ന് ഞങ്ങൾ അവരോട് ചോദിക്കും. ഈ കുതിരകളാണ് ഞങ്ങളുടെ ഉപജീവനമാർഗ്ഗം”, അകിഫിന്റെ മറുപടി.
കുതിരകൾ വലിക്കുന്ന വണ്ടിക്കുപകരം, വൈദ്യുതിയിലോടുന്ന വണ്ടികൾ വേണമെന്നാണ് പെറ്റയുടെ ആവശ്യം. “കുതിരകളില്ലെങ്കിൽ പിന്നെ എങ്ങിനെയാണ് ഇതിനെ കുതിരവണ്ടി എന്ന് വിളിക്കുക?”, പുഞ്ചിരിച്ചുകൊണ്ട്, ചെറുപ്പക്കാരനായ ആ കുതിരവണ്ടിക്കാരൻ ചോദിക്കുന്നു.
“സ്വന്തം കുതിരകളെ വേണ്ടുംവണ്ണം പരിപാലിക്കാത്ത ചില ആളുകളുണ്ട്. എന്നാൽ ഞാൻ അങ്ങിനെയുള്ള ആളല്ല. ഞാൻ അവയെ എത്ര ശ്രദ്ധയോടെയാണ് നോക്കുന്നതെന്ന് അവയെ കണ്ടാൽത്തന്നെ നിങ്ങൾക്ക് മനസ്സിലാകും”, അകിഫ് പറയുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്