“എന്ത് വോട്ട്, എന്ത് ഷോട്ട്?..ഇരുട്ടാവുന്നതിനുമുൻപ് തീർക്കാൻ നൂറായിരം കാര്യങ്ങളുണ്ട്. നാറ്റം സഹിക്കാൻ ബുദ്ധിമുട്ടില്ലെങ്കിൽ ഇവിടെ ഞങ്ങളുടെ കൂടെ വന്ന് ഇവിടെയിരിക്ക്”, തന്റെയടുത്തുള്ള നിലം ചൂണ്ടിക്കാട്ടി മാലതി മായ് പറയുന്നു. കൂമ്പാരമായിട്ട സവാളക്ക് ചുറ്റുമിരുന്ന്, ചൂടും പൊടിയും കൂസാതെ ജോലി ചെയ്യുന്ന ഒരുകൂട്ടം സ്ത്രീകളുടെ സംഘത്തിലേക്ക് എന്നെ ക്ഷണിക്കുകയായിരുന്നു അവർ. വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് അവരോട് ചോദ്യങ്ങൾ ചോദിച്ച്, ഒരാഴ്ചയായി ഞാൻ ആ ഗ്രാമത്തിൽ ചുറ്റിത്തിരിയുകയായിരുന്നു.
ഏപ്രിൽ ആദ്യവാരം. പശ്ചിമ ബംഗാളിലെ മൂർഷിദാബാദിലെ ഈ ഭാഗത്ത് താപനില 41 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു. വൈകീട്ട് 5 മണിക്കുപോലും ഈ മാൽ പഹാഡിയ കുടിലുകളിൽ കടുത്ത ചൂടുണ്ട്. ചുറ്റുമുള്ള മരങ്ങളിലെ ഒരൊറ്റ ഇലപോലും അനങ്ങുന്നില്ല. പുതിയ സവാളയുടെ രൂക്ഷമായ ഗന്ധം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു.
സ്ത്രീകൾ ഒരു സവാളക്കൂനയ്ക്ക് ചുറ്റും അർദ്ധവൃത്താകൃതിയിൽ ഇരിക്കുകയാണ്. അവരുടെ കുടിലുകളിൽനിന്ന് ഒരു 50 അടി അകലെയുള്ള ഒരു തുറസ്സായ സ്ഥലത്ത്. അരിവാളുപയോഗിച്ച് തണ്ടിൽനിന്ന് അവർ ബൾബുകൾ (സവാളകൾ) വേർതിരിച്ചെടുത്തുകൊണ്ടിരുന്നു. തിളയ്ക്കുന്ന ഉച്ചച്ചൂടും സവാളയിൽനിന്നുയരുന്ന ആവിയും അവരുടെ മുഖങ്ങൾക്ക്, കഠിനാദ്ധ്വാനംകൊണ്ട് മാത്രം ലഭിക്കുന്ന മട്ടിലുള്ള ഒരു തിളക്കം നൽകുന്നുണ്ടായിരുന്നു.
“ഇത് ഞങ്ങളുടെ സ്വന്തം ഗ്രാമമല്ല. കഴിഞ്ഞ ഏഴെട്ട് കൊല്ലമായി ഞങ്ങൾ ഇവിടെ വരുന്നുണ്ട്,” 60 കഴിഞ്ഞ മാലതി പറയുന്നു. അവരും സംഘത്തിലെ മറ്റ് സ്ത്രീകളും മാൽ പഹാഡിയ ആദിവാസി സമുദായത്തിൽപ്പെട്ടവരാണ്. സംസ്ഥാനത്ത് പട്ടികഗോത്രവിഭാഗത്തിൽപ്പെട്ട, ഏറ്റവും ദുർബ്ബല ഗോത്രവിഭാഗക്കാർ.
“ഞങ്ങളുടെ ഗ്രാമമായ ഗോവാസ് കലികപുരിൽ തൊഴിലൊന്നുമില്ല,” അവർ പറയുന്നു. മൂർഷിദാബാദ് ജില്ലയിലെ റാണിനഗരി ബ്ലോക്കിലെ ഗോവാസിൽനിന്നുള്ള 30-ലധികം കുടുംബങ്ങൾ ഇപ്പോൾ ബിഷുർപുകുർ ഗ്രാമത്തിന്റെ അതിർത്തിയിൽ കുടിലുകൾ കെട്ടി താമസിച്ച്, പ്രദേശത്തെ പാടങ്ങളിൽ കൃഷി ചെയ്യുന്നു.
മേയ് 7-ന് നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഗ്രാമങ്ങളിലേക്ക് മടങ്ങേണ്ടവരായിരുന്നു അവർ. ബിഷുർപുകുർ കോളണിയിൽനിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് ഗോവാസ് കാലികപുർ.
റാണിനഗർ 1 ബ്ലോക്കിൽനിന്ന് ഇപ്പോൾ ജോലി ചെയ്യുന്ന ബെൽഡംഗ 1 ബ്ലോക്കിലേക്കുള്ള മാൽ പഹാഡിയകളുടെ താലൂക്കടിസ്ഥാനത്തിലുള്ള വർത്തുളമായ കുടിയേറ്റം, ജില്ലയിലെ തൊഴിൽ കുടിയേറ്റത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നുണ്ട്.
പശ്ചിമ ബംഗാളിന്റെ വിവിധ ജില്ലകളിൽ മാൽ പഹാഡിയ ആദിവാസികളുടെ കോളണികൾ കാണാം. മൂർഷിദാബാദിൽ മാത്രം 14,064 ആളുകൾ ഈ സമുദായക്കാരായുണ്ട്. “രാജ്മഹൽ മലകളുടെ ചുറ്റുവട്ടമാണ് ഞങ്ങളുടെ യഥാർത്ഥ ആസ്ഥാനമെന്ന് സമുദായം കണ്ടെത്തിയിട്ടുണ്ട്. “ജാർഘണ്ടിന്റെയും (രാജ്മഹൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം) പശ്ചിമ ബംഗാളിന്റേയും വിവിധയിടങ്ങളിലായി ഞങ്ങളുടെ ആളുകൾ ചിതറിക്കിടക്കുന്നു“ എന്ന്, ജാർഘണ്ടിലെ ദുംകയിൽനിന്നുള്ള സമുദായത്തിലെ പണ്ഡിതനും ആക്ടിവിസ്റ്റുമായ രാംജീവൻ ആഹരി സൂചിപ്പിക്കുന്നു.
പശ്ചിമ ബംഗാളിൽനിന്ന് വ്യത്യസ്തമായി, ജാർഘണ്ടിൽ, മാൽ പഹാഡിയകളെ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്, സവിശേഷ ദുർബ്ബലമായ ഗോത്രവിഭാഗ മായിട്ടാണ് (പി.വി.ടി.ജി). “വ്യത്യസ്ത സംസ്ഥാനങ്ങളിൽ ഈ സമുദായം അനുഭവിക്കുന്ന വ്യത്യസ്തമായ സ്ഥാനം, ഈ സമുദായത്തോട് ആ സംസ്ഥാനങ്ങൾ കാണിക്കുന്ന നിലപാടിന്റെ സൂചകങ്ങളാണ്” എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
“ഇവിടെ ആളുകൾക്ക് ഞങ്ങളെ അവരുടെ കൃഷിയിടങ്ങളിൽ ആവശ്യമുണ്ട്,” സ്വന്തം ഗ്രാമത്തിൽനിന്ന് ഇങ്ങോട്ട് വന്നതിന്റെ കാരണം വിശദീകരിച്ചുകൊണ്ട് മാലതി പറയുന്നു. “വിതയ്ക്കുകയും വിളവെടുക്കുകയും ചെയ്യുന്ന സമയത്ത് ഞങ്ങൾക്ക് ദിവസത്തിൽ 250 രൂപവെച്ച് കിട്ടും.” ഉദാരമതികളായ കർഷകരിൽനിന്ന് പുതിയ വിളവിന്റെ ഒരു ചെറിയ പങ്കും ഇവർക്ക് കിട്ടാറുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
തൊഴിലന്വേഷിച്ച് ധാരാളമാളുകൾ ജില്ലയിൽനിന്ന് പുറത്തേക്ക് പോവുന്നതിനാൽ, മൂർഷിദാബാദിൽ കൃഷിപ്പണി ചെയ്യാൻ ആളുകളില്ലാത്ത അവസ്ഥയാണ്. ഒരു പരിധിവരെ ആ കുറവ് നികത്തുന്നത് ഈ ആദിവാസി കർഷകരാണ്. ബെൽഡംഗ 1 ബ്ലോക്കിലെ കൃഷിപ്പണിക്കാർ ദിവസത്തിൽ 600 രൂപ കൂലി വാങ്ങാറുണ്ട്. എന്നാൽ, താലൂക്കടിസ്ഥാനത്തിലുള്ള കുടിയേറ്റക്കാരായ ആദിവാസി തൊഴിലാളികൾ - അധികവും സ്ത്രീകൾക്ക് - അതിന്റെ പകുതി കൂലി മാത്രമേ കിട്ടുന്നുള്ളൂ.
“വിളവെടുത്ത സവാളകൾ പാടത്തുനിന്ന് ഗ്രാമത്തിലേക്ക് കൊണ്ടുവന്നാൽ, ജോലിയുടെ അടുത്ത ഘട്ടം തുടങ്ങും,” 19 വയസ്സുള്ള മെലിഞ്ഞ ശരീരമുള്ള അഞ്ജലി മാൽ പറയുന്നു.
പഹാഡിയ കൾക്ക് (ഇടനിലക്കാർക്ക്) വിൽക്കാനുള്ളതും, സംസ്ഥാനത്തിന്റെ പുറത്തേക്കടക്കം വിവിധയിടങ്ങളിലേക്ക് അയയ്ക്കാനുള്ള സവാളകൾ അവർ തയ്യാറാക്കാൻ തുടങ്ങും. “ഒരു അരിവാളുപയോഗിച്ച്, തണ്ടിൽനിന്ന് സവാള മുറിച്ചുമാറ്റും. ഇളകിയ അല്ലികളും, മണ്ണും, വേരുമൊക്കെ കളയും. എന്നിട്ട് അവ ചാക്കിൽ നിറയ്ക്കും.” 40 കിലോഗ്രാം വരുന്ന ചാക്കിന് അവർക്ക് 20 രൂപവെച്ച് കിട്ടും. “കൂടുതൽ ജോലി ചെയ്താൽ കൂടുതൽ സമ്പാദിക്കാം. അതിനാൽ മുഴുവൻ സമയവും ഞങ്ങൾ പണിയെടുക്കും. പാടത്ത് ജോലി ചെയ്യുന്നതുപോലെയല്ല അത്.” അവിടെ കൃത്യസമയമുണ്ട്. ഇവിടെ അതില്ല.
40-കൾ അവസാനിച്ചുതുടങ്ങിയ സാധൻ മൊണ്ടാൽ, സുരേഷ് മൊണ്ടാൽ, ധോനു മോണ്ടാൽ, രഖൊഹോരി ബിശ്വാസ് തുടങ്ങി, പല കർഷകർ ആദിവാസികളെ വാടകയ്ക്കെടുക്കുന്നുണ്ട്. വർഷം മുഴുവൻ കൃഷിത്തൊഴിലാളികളുടെ ആവശ്യമുണ്ടെന്ന് അവർ പറയുന്നു. കൃഷിയുടെ കാലത്താണ് ആവശ്യം വർദ്ധിക്കുക. മാൽ പഹാഡിയകളും സന്താൾ ആദിവാസി സ്ത്രീകളുമാണ് ഈ ജോലിക്കായി ഗ്രാമങ്ങളിൽ വരാറുള്ളതെന്ന് കർഷകർ ഞങ്ങളോട് പറയുന്നു. “അവരില്ലെങ്കിൽ ഞങ്ങൾക്ക് കൃഷി തുടർന്നുപോകാൻ കഴിയില്ലായിരുന്നു,” എന്ന കാര്യത്തിൽ അവരെല്ലാം ഏകാഭിപ്രായക്കാരായിരുന്നു.
നല്ല അദ്ധ്വാനമുള്ള ജോലിയാണ്. “ഉച്ചയൂണ് തയ്യാറാക്കാനൊന്നും ഞങ്ങൾക്ക് സമയം കിട്ടാറില്ല,” എന്ന് മാലതി പറയുന്നു. സവാളയുടെ പണിയിൽ വ്യാപൃതയായിരുന്നു അവർ. “ഭക്ഷണം കഴിക്കാൻ വളരെ വൈകും. എങ്ങിനെയൊക്കെയോ അരി വേഗം തിളപ്പിക്കും. ഭക്ഷണസാധനങ്ങൾക്കൊക്കെ വലിയ വിലയാണ്.” കൃഷിപ്പണി കഴിഞ്ഞാൽ സ്ത്രീകൾക്ക് വീട്ടിലെ മറ്റ് ജോലികളും ചെയ്തിട്ടുവേണം കുളിച്ച് അത്താഴം കഴിക്കാൻ.
“എപ്പോഴും ക്ഷീണം തോന്നും,” അവർ കൂട്ടിച്ചേർത്തു. ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവേ (എൻ.എഫ്.എച്ച്.എസ്-5) അതിന്റെ കാരണം പറയുന്നുണ്ട്. ജില്ലയിലെ സ്ത്രീകളിലും കുട്ടികളിലും വിളർച്ച വർദ്ധിക്കുന്നതായി അത് സൂചിപ്പിക്കുന്നു. മാത്രമല്ല, 5 വയസ്സിന് താഴെയുള്ള 40 ശതമാനം കുട്ടികളും വളർച്ചാ മുരടിപ്പ് അനുഭവിക്കുന്നുമുണ്ട്.
ഇവിടെ അവർക്ക് റേഷൻ കിട്ടുന്നില്ലേ?
“ഇല്ല, ഞങ്ങളുടെ റേഷൻ കാർഡുകൾ ഗ്രാമത്തിലാണ്. ഞങ്ങളുടെ കുടുംബാംഗങ്ങൾ അത് കൈപ്പറ്റുന്നു. വീടുകളിലേക്ക് പോയി തിരിച്ചുവരുമ്പോൾ ഞങ്ങൾ കുറച്ച് ധാന്യം ഇങ്ങോട്ട് കൊണ്ടുവരും,” മാലതി വിശദീകരിച്ചു. പൊതുവിതരണ സംവിധാനത്തിൻ കീഴിൽ അവർക്ക് അർഹമായ സാധനങ്ങളെക്കുറിച്ചാണ് അവരത് പറഞ്ഞത്. “കഴിയുന്നതും ഒന്നും വാങ്ങാതെ, ആ പണം സ്വരൂപിച്ച് കുടുംബത്തിന് അയയ്ക്കാൻ നോക്കും ഞങ്ങൾ.”
ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ് (ഒ.എൻ.ഒ.ആർ.സി) പോലുള്ള ദേശവ്യാപകമായ ഭക്ഷ്യസുരക്ഷാ പദ്ധതികൾ തങ്ങളെപ്പോലുള്ള സ്വദേശീയരായ കുടിയേറ്റക്കാർക്ക് ഗുണപ്രദമാകുമെന്ന് അറിഞ്ഞപ്പോൾ ആ സ്ത്രീകൾക്ക് അത്ഭുതമായി. “ആരും ഞങ്ങളോട് ഇത് പറഞ്ഞിരുന്നില്ല. ഞങ്ങൾക്ക് വിദ്യാഭ്യാസമില്ലല്ലോ. എങ്ങിനെ അറിയാനാണ്?,” മാലതി ചോദിക്കുന്നു.
“ഞാൻ ഒരിക്കലും സ്കൂളിൽ പോയിട്ടില്ല,” അഞ്ജലി പറയുന്നു. “എനിക്ക് 5 വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. ഞങ്ങൾ മൂന്ന് പെണ്മക്കളെ അച്ഛൻ ഉപേക്ഷിച്ചു. അയൽക്കാരാണ് ഞങ്ങളെ വളർത്തിയത്,” അവൾ പറയുന്നു. മൂന്ന് സഹോദരിമാരും കുട്ടിക്കാലംതൊട്ടേ കർഷകത്തൊഴിലാളികളായി ജോലി ചെയ്യാൻ തുടങ്ങി. കൌമാരപ്രായത്തിൽത്തന്നെ വിവാഹിതകളുമായി. 19 വയസ്സുള്ള അഞ്ജലിക്ക് അങ്കിത എന്ന് പേരുള്ള 3 വയസ്സുള്ള ഒരു മകളുണ്ട്. “ഞാൻ പഠിച്ചിട്ടേയില്ല. ഒപ്പിടാൻ മാത്രം എങ്ങിനെയോ പഠിച്ചു,” അവൾ പറയുന്നു. തങ്ങളുടെ സമുദായത്തിലെ മിക്ക കൌമാരപ്രായക്കാരികളും സ്കൂൾ പഠനം നിർത്തിയവരാണെന്നും അവൾ കൂട്ടിച്ചേർത്തു. അവളുടെ തലമുറയിലെ പലർക്കും അക്ഷരാഭ്യാസമില്ല.
“എന്റെ മകൾ എന്നെപ്പോലെയാവരുതെന്ന് എനിക്കാഗ്രഹമുണ്ട്. അടുത്ത വർഷം അവളെ സ്കൂളിലയക്കാൻ പറ്റുമെന്ന് ആഗ്രഹിക്കുന്നു. അല്ലെങ്കിൽ അവളും ഒരു പഠിപ്പുമില്ലാതെ വളരും. സംസാരത്തിൽനിന്നുതന്നെ അഞ്ജലിയുടെ ആകാംക്ഷ മനസ്സിലാക്കാൻ സാധിച്ചിരുന്നു.
ഏത് സ്കൂൾ? ബിഷുർപുകുർ പ്രൈമറി സ്കൂൾ?
“അല്ല, ഞങ്ങളുടെ കുട്ടികൾ ഇവിടുത്തെ സ്കൂളിൽ പോവില്ല. ചെറിയ കുട്ടികൾപോലും അങ്കണവാടികളിൽ പോവാറില്ല. വിദ്യാഭ്യാസവകാശ മുണ്ടായിട്ടുപോലും, സമുദായം നേരിടുന്ന വിലക്കുകളും വിവേചനവും അഞ്ജലിയുടെ വാക്കുകളിൽ മറഞ്ഞുകിടക്കുന്നുണ്ടായിരുന്നു. “നിങ്ങളുടെ ചുറ്റും കാണുന്ന മിക്ക കുട്ടികളും സ്കൂളിൽ പോവുന്നില്ല. ഗോവാസ് കലികപുരിലെ ചില കുട്ടികൾ പോകുന്നുണ്ടാകും. പക്ഷേ അവർ ഇവിടെ വന്ന് ഞങ്ങളെ സഹായിക്കാറുള്ളതുകൊണ്ട്, അവർക്കും ക്ലാസ്സുകളിൽ പോകാൻ പറ്റാറില്ല.”
മാൽ പഹാഡിയകൾക്കിടയിൽ പൊതുവേയും സ്ത്രീകൾക്കിടയിൽ വിശേഷിച്ചും സാക്ഷരതാനിരക്ക് യഥാക്രമം 49.10-ഉം 36.50-ഉം ശതമാനമാണെന്ന് 2022-ലെ ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. പശ്ചിമ ബംഗാളിലെ ആദിവാസികളുടെ സംസ്ഥാന സാക്ഷരതാ നിരക്ക് ആണുങ്ങളിൽ 68.17-ഉം സ്ത്രീകളിൽ 47.71-ഉം ശതമാനമാണ്.
സവാള മുറിക്കാനും കൊട്ടയിലിടാനും അമ്മമ്മാരേയും മുത്തശ്ശിമാരേയും സഹായിക്കുന്ന അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികളെ ഞാൻ കണ്ടു. കൌമാരക്കാരായ രണ്ടാൺകുട്ടികൾ മാറിമാറി, കൊട്ടകളിൽനിന്ന് സവാളകൾ പ്ലാസ്റ്റിക്ക് ചാക്കുകളിലേക്ക് ഇടുന്നതും കണ്ടു. പ്രായം, ലിംഗം, ശാരീരികക്ഷമത തുടങ്ങിയവയെ തൊഴിൽവിഭജനം മാനിക്കുന്നുവെന്ന് തോന്നി. “കൂടുതൽ കൈകൾ, കൂടുതൽ ചാക്കുകൾ, കൂടുതൽ പണം” എന്ന് അഞ്ജലി വളരെ ലളിതമായി ആ ജോലിയുടെ പ്രകൃതത്തെപ്പറ്റി പറഞ്ഞുതന്നു,
അഞ്ജലി ആദ്യമായാണ് ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുന്നത്. “ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഞാൻ വോട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്രവലിയ തിരഞ്ഞെടുപ്പിൽ ഇതാദ്യമാണ്,” അവൾ ചിരിക്കുന്നു. “ഞാൻ പോവും. ഈ ബസ്തി യിലെ എല്ലാവരും ഗ്രാമത്തിലേക്ക് വോട്ട് ചെയ്യാൻ പോകും. ഇല്ലെങ്കിൽ അവർ നമ്മളെ മറന്നുപോകും,” അവൾ പറയുന്നു.
കുട്ടികൾക്ക് വിദ്യാഭ്യാസം കിട്ടണമെന്ന് ആവശ്യപ്പെടുമോ?
“ആരിൽനിന്ന്?”, അവൾ ചോദിച്ചു. എന്നിട്ട് ഒരുനിമിഷം ആലോചിച്ച് അവൾതന്നെ അതിനുള്ള മറുപടിയും പറഞ്ഞൂ. “ഇവിടെ (ബിഷുർപുകുർ) ഞങ്ങൾക്ക് വോട്ടില്ല. അതിനാൽ ആരും ഞങ്ങളെ ശ്രദ്ധിക്കുന്നുമില്ല. വർഷം മുഴുവൻ ഞങ്ങൾ അവിടെ (ഗോവാസിൽ) താമസിക്കാത്തതിനാൽ, അവിടെയും ഞങ്ങളുടെ കാര്യം നോക്കാൻ ആരുമില്ല. അവിടെയുമിവിടെയും അല്ലാത്തവരായി മാറി ഞങ്ങൾ.”
സ്ഥാനാർത്ഥികളിൽനിന്ന് എന്തെല്ലാം പ്രതീക്ഷിക്കണമെന്നൊന്നും തനിക്കറിയില്ലെന്ന് അവൾ പറയുന്നു. “അങ്കിതയ്ക്ക് അഞ്ച് വയസ്സാവുമ്പോൾ അവളെ ഒരു സ്കൂളിൽ ചേർക്കണം, ഗ്രാമത്തിൽ അവളോടൊപ്പം കഴിയണം. എനിക്കതുമാത്രം മതി. എനിക്ക് ഇവിടേക്ക് തിരിച്ചുവരാൻ ആഗ്രഹമില്ല. പക്ഷേ ആർക്കറിയാം?”, അവൾ നെടുവീർപ്പിട്ടു.
“ജോലിയില്ലാതെ ഞങ്ങൾക്ക് നിലനിൽക്കാൻ പറ്റില്ല,” മറ്റൊരു ചെറുപ്പക്കാരിയായ അമ്മ, 19 വയസ്സുള്ള മധുമിത മാൽ പറയുന്നു. “കുട്ടികളെ സ്കൂളിൽ ചേർത്തില്ലെങ്കിൽ അവരും ഞങ്ങളെപ്പോലെയായിത്തീരും,” വേദന തിങ്ങിയ ശബ്ദത്തോടെ അവർ പറയുന്നു. ആശ്രം ഹോസ്റ്റൽ , ശിക്ഷാശ്രീ തുടങ്ങി, സംസ്ഥാനം നൽകുന്ന പദ്ധതികളെക്കുറിച്ചോ, ആദിവാസി കുട്ടികൾക്കിടയിലെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം നടത്തുന്ന ഏകലവ്യ മോഡൽ ദേ ബോർഡിംഗ് സ്കൂളുകൾ (ഇ.എം.ഡി.ബി.എസ്) എന്നിവയെക്കുറിച്ചോ ആ അമ്മമാർക്ക് ഒന്നുമറിയില്ല.
ബിഷുർപുകുർ ഗ്രാമം ഉൾപ്പെടുന്ന ബഹറാംപുർ മണ്ഡലം 1999 മുതൽ ഭരിക്കുന്ന കോൺഗ്രസ് പാർട്ടി ഗോത്രവിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി ഒന്നും ചെയ്തിട്ടില്ല. 2024-ലെ തിരഞ്ഞെടുപ്പ് പത്രികയിൽ മാത്രമാണ് അവർ പാവപ്പെട്ടവർക്ക്, പ്രത്യേകിച്ചും പട്ടികജാതിക്കാർക്കും പട്ടികഗോത്രക്കാർക്കും റസിഡൻഷ്യൽ സ്കൂളുകൾ വാഗ്ദാനം ചെയ്തത്. എന്നാൽ സ്ത്രീകൾക്ക് ഇതിനെക്കുറിച്ച് ഒന്നുമറിയില്ല.
“ഇതിനെക്കുറിച്ച് ആരെങ്കിലും പറഞ്ഞാലല്ലാതെ എങ്ങിനെയാണ് ഞങ്ങളറിയുക?”, മധുമിത ചോദിക്കുന്നു.
“ചേച്ചീ, ഞങ്ങളുടെ കൈയ്യിൽ എല്ലാ കാർഡുമുണ്ട്. വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, ജോബ് കാർഡ്, സ്വാസ്ഥ്യ സതി ഇൻഷുറൻസ് കാർഡ്, റേഷൻ കാർഡ്,” 19 വയസ്സുള്ള സോണമൊണി മാൽ പറയുന്നു. തന്റെ രണ്ട് കുട്ടികളെ സ്കൂളിലേക്കയക്കാൻ അതിയായി ആഗ്രഹിക്കുന്ന മറ്റൊരമ്മയാണ് അവൾ. “ഞാൻ വോട്ട് ചെയ്യുമായിരുന്നു. എന്നാൽ ഇത്തവണ, വോട്ടർപട്ടികയിൽ എന്റെ പേരില്ല.”
“വോട്ട് ചെയ്താൽ നിങ്ങൾക്കെന്ത് കിട്ടും?“. “ഞാൻ എത്രയോ കാലമായി വോട്ട് ചെയ്യുന്നുണ്ട്. 70-കൾ കഴിയാറായ സാബിത്രി മാൽ (പേർ യഥാർത്ഥമല്ല) പറയുന്നു. ചുറ്റുമുള്ള സ്ത്രീകളിൽ അത് ചിരി പടർത്തി.
“എനിക്കാകെ കിട്ടുന്നത് 1,000 രൂപയുടെ വാർദ്ധക്യകാല പെൻഷനാണ്. ഗ്രാമത്തിൽ ജോലിയൊന്നുമില്ല. എന്നാൽ ഞങ്ങളുടെ വോട്ട് അവിടെയാണ്,” ആ വന്ദ്യവയോധിക പറയുന്നു. “മൂന്ന് വർഷമായി അവർ ഞങ്ങൾക്ക് ഗ്രാമത്തിൽ, 100 ദിവസത്തെ പണി തന്നിട്ടില്ല,” എം.ജി.എൻ.ആർ.ഇ.ജി.എ പദ്ധതിക്ക് നാട്ടിൽ പറയുന്ന പേരാണ്, ‘100 ദിവസത്തെ ജോലി‘ എന്നത്.
“സർക്കാർ എന്റെ കുടുംബത്തിന് ഒരു വീട് തന്നിട്ടുണ്ട്,” പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയെ ഉദ്ദേശിച്ചുകൊണ്ട് അഞ്ജലി പറയുന്നു. “എന്നാൽ, അവിടെ തൊഴിലൊന്നുമില്ലാത്തതിനാൽ എനിക്കവിടെ താമസിക്കാൻ കഴിയില്ല. 100 ദിവസത്തെ ജോലി കിട്ടിയിരുന്നെങ്കിൽ ഞാനിങ്ങോട്ടേക്ക് വരില്ലായിരുന്നു,” അവൾ കൂട്ടിച്ചേർത്തു.
പരിതാപകരമായ തൊഴിലവസരങ്ങൾ ഭൂരഹിതരായ ഈ സമുദായത്തിലെ പലരേയും തൊഴിൽ തേടി ദൂരസ്ഥലങ്ങളിലേക്ക് പോകാൻ നിർബന്ധിതരാക്കിയിരിക്കുന്നു. ഗോവാസ് കലികപുരിലെ മിക്ക ചെറുപ്പക്കാരും ജോലി തേടി ബംഗളൂരുവിലേക്കോ കേരളത്തിലേക്കോ പോയിരിക്കുന്നുവെന്ന് സാബിത്രി ഞങ്ങളോട് പറഞ്ഞു. ഒരു പ്രായം കഴിഞ്ഞാൽ, ഗ്രാമത്തിനടുത്ത് എവിടെയെങ്കിലും ജോലി ചെയ്യാനാണ് പുരുഷന്മാർ ആഗ്രഹിക്കുന്നത്. എന്നാൽ ആവശ്യത്തിനുള്ള കാർഷികജോലികൾ ഇവിടെയില്ല. റാണിനഗർ 1 ബ്ലോക്കിലെ ഇഷ്ടികക്കളത്തിൽ ജോലി ചെയ്താണ് പലരും നിലനിൽക്കുന്നത്.
“ഇഷ്ടികക്കളത്തിൽ ജോലി ചെയ്യാൻ താത്പര്യമില്ലാത്ത സ്ത്രീകൾ കുട്ടികളോടൊപ്പം മറ്റ് ഗ്രാമങ്ങളിലേക്ക് പോവുന്നു,” സാബിത്രി പറയുന്നു. ‘ഈ പ്രായത്തിൽ എനിക്ക് ഇഷ്ടികക്കളത്തിൽ ജോലിചെയ്യാൻ കഴിയില്ല. തിന്നാനുള്ള വക കിട്ടാനാണ് ഞാൻ ഇവിടെ വന്നുതുടങ്ങിയത്. ക്യാമ്പിൽ എന്നെപ്പോലെയുള്ളവർക്ക് ആടുകളുമുണ്ട്. ഞങ്ങളവയെ മേയ്ക്കാൻ കൊണ്ടുപോകുന്നു,” അവർ കൂട്ടിച്ചേർക്കുന്നു. സംഘത്തിലെ ആർക്കെങ്കിലും സാധിച്ചാൽ, “ഗോവാസിൽ പോയി വരുമ്പോൾ ധാന്യങ്ങൾ കൊണ്ടുവരും. പാവങ്ങളായതിനാൽ ഞങ്ങൾക്ക് അതൊന്നും പണം കൊടുത്ത് വാങ്ങാനാവില്ല,” സാബിത്രി പറഞ്ഞുനിർത്തി.
സവാളയുടെ കാലം കഴിഞ്ഞാൽ എന്ത് ചെയ്യും? അവർ തിരിച്ച് ഗോവാസിലേക്ക് തിരിച്ചുപോകുമോ?
“സവാള മുറിച്ച് പാക്ക് ചെയ്തുകഴിഞ്ഞാൽ, ചണവും കടുകും, കുറച്ച് ഖോറാധനും (ഉണക്കക്കാലത്ത് കൃഷി ചെയ്യുന്ന നെല്ല്) വിതയ്ക്കാറാവും,” അഞ്ജലി പറയുന്നു. സത്യത്തിൽ, “കുട്ടികളടക്കം കൂടുതൽക്കൂടുതൽ ആദിവാസികൾ, ഈ സമയത്ത്, അതായത് ജൂൺ മാസം വരെ, സമുദായത്തോടൊപ്പം കൃഷിപ്പണികളിൽ ചേർന്ന് എളുപ്പത്തിൽ കുറച്ച് കാശുണ്ടാക്കാൻ നോക്കും.” അഞ്ജലി പറയുന്നു.
രണ്ട് വിളവുകാലങ്ങൾക്കിടയ്ക്ക് കൃഷിപ്പണിയിൽ അല്പം മാന്ദ്യം നേരിടുകയും. കൂലി കിട്ടാത്ത ദിവസങ്ങൾ വർദ്ധിക്കുകയും ചെയ്യുമെന്ന് ആ ചെറുപ്പക്കാരി വിശദീകരിച്ചു. എന്നാൽ കാൽനടയായി കുടിയേറുന്നവരിൽനിന്ന് വ്യത്യസ്തമായി, ഇവർ സ്വന്തം നാട്ടിലേക്ക് പോകാതെ ഇവിടെത്തന്നെ പിടിച്ചുനിൽക്കും. “കരാർ പണിക്ക്, ആശാരിമാരുടെ സഹായികളായും മറ്റും ഞങ്ങൾ എന്ത് പണിയും ചെയ്ത് ഇവിടെത്തന്നെ കഴിച്ചുകൂട്ടും. ഞങ്ങൾ കെട്ടിയതാണ് ഈ കുടിലുകൾ. ഞങ്ങൾ ഇവിടെത്തന്നെ താമസിക്കും. ഓരോ കുടിലിനും മാസത്തിൽ 250 രൂപവെച്ച് ഭൂവുടമയ്ക്ക് കൊടുക്കണം” എന്ന് അവൾ സൂചിപ്പിച്ചു.
“ആരും ഞങ്ങളുടെ കാര്യമന്വേഷിച്ച് ഇവിടെ വരാറില്ല. ഒരു നേതാവും, ആരും. പോയി നോക്കൂ,” സാബിത്രി പറയുന്നു.
കുടിലുകളിലേക്കുള്ള ടാറിടാത്ത ഇടുങ്ങിയ വഴികളിലൂടെ ഞാൻ നടന്നു. 14 വയസ്സുള്ള സൊണാലിയാണ് എന്റെ വഴികാട്ടി. വീട്ടിലേക്ക് 20 ലിറ്ററിന്റെ ഒരു ബക്കറ്റ് വെള്ളം അവൾ ചുമക്കുന്നുണ്ടായിരുന്നു. “ഞാൻ കുളിക്കാൻ ഒരു കുളത്തിൽ പോയി. കുറച്ച് വെള്ളവും കൊണ്ടുവന്നു. ഞങ്ങളുടെ ബസ്തി യിൽ വെള്ളമൊന്നുമില്ല. കുളം വൃത്തികേടാണ്. പക്ഷേ എന്ത് ചെയ്യാൻ പറ്റും?” അവൾ പറയുന്ന കുളം കോളണിയിൽനിന്ന് 200 മീറ്റർ അകലെയാണ്. ഇതിൽത്തന്നെയാണ് വിളവെടുത്ത ചണത്തിന്റെ നാരുകൾ മഴക്കാലത്ത് കഴുകാനിടുന്നത്. ആ വെള്ളത്തിൽ നിറയെ മനുഷ്യന് അപകടമുണ്ടാക്കുന്ന രോഗാണുക്കളും രാസപദാർത്ഥങ്ങളുമാണ്.
“ഇതാണ് ഞങ്ങളുടെ വീട്. ഞാൻ ഇവിടെ ബാബയോടൊപ്പമാണ് താമസം,” വസ്ത്രമുണക്കാൻ ഒരു കുടിലിന്റെ ഉള്ളിലേക്ക് പോകുമ്പോൾ അവൾ പറയുന്നു. ഞാൻ പുറത്ത് കാത്തുനിന്ന്. മുളങ്കഷണങ്ങളും ചണത്തിന്റെ വടികളുംകൊണ്ട് കൂട്ടിക്കെട്ടി, അതിന്റെ പുറത്ത് ചളിയുടേയും ചാണകത്തിന്റേയും ഒരു പാളി തേച്ചുപിടിപ്പിച്ച വീടുകളാണ്. യാതൊരു സ്വകാര്യതയുമില്ലാത്ത വീടുകൾ. മുളങ്കാലുകളിലാണ് കുടിലുകൾ നിൽക്കുന്നത്. മുകളിൽ ടർപോളിൻ ഷീറ്റുകളും, വൈക്കോലും മുളങ്കഷണങ്ങളും വിരിച്ചിരിക്കുന്നു
“നിങ്ങൾക്ക് അകത്തേക്ക് വരണമെന്ന് തോന്നുന്നുണ്ടോ?“ തലമുടി കോതിക്കൊണ്ട് അല്പം ലജ്ജയോടെ അവൾ ചോദിച്ചു. പകൽവെളിച്ചം മങ്ങിത്തുടങ്ങുന്നുണ്ടായിരുന്നു. 10X10 അടി വലിപ്പമുള്ള കുടിൽ നഗ്നമായി നിൽക്കുന്നു. “അമ്മ സഹോദരന്മാരുടേയും സഹോദരിമാരുടേയും കൂടെ ഗോവാസിലാണ്,” അവൾ പറഞ്ഞു. അവളുടെ അമ്മ, റാണിനഗർ 1 ബ്ലോക്കിലെ ഒരു ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുകയാണ്.
“വീട്ടിൽ പോകാൻ വല്ലാതെ തോന്നാറുണ്ട്. എന്റെ അമ്മായി അവരുടെ പെണ്മക്കളോടൊപ്പം വരാറുണ്ട്. രാത്രി ഞാൻ അവരുടെകൂടെ ഉറങ്ങും,” പാടത്ത് പണിയെടുക്കാനായി 8-ആം ക്ലാസിൽവെച്ച് സ്കൂൾ ഉപേക്ഷിക്കേണ്ടിവന്ന സൊണാലി പറയുന്നു.
കുളത്തിൽ കഴുകിയ തുണികൾ ഉണക്കാൻ സൊണാലി പോയപ്പോൾ ഞാൻ കുടിലിനകത്ത് കണ്ണോടിച്ചു. ഒരു ചെറിയ ബെഞ്ചിൽ കുറച്ച് വീട്ടുസാമാനങ്ങൾ; അരിയും മറ്റ് അവശ്യസാധനങ്ങളും, എലിയും മറ്റും വരാതെ സൂക്ഷിക്കാൻ ഒരു പ്ലാസ്റ്റിക്ക് ബക്കറ്റിൽ ഭദ്രമായി അടച്ചുവെച്ചിരിക്കുന്നു; നിലത്ത് വെച്ച ഒരു മണ്ണടുപ്പ് അടുക്കളയുടെ സ്ഥാനം കാണിക്കുന്നു.
അവിടെയുമിവിടെയും കുറച്ച് തുണികൾ തോരിയിട്ടിരിക്കുന്നു, ചുമരിൽ ഒരു മൂലയിൽ ഒരു കണ്ണാടിയും ചീർപ്പും, ചുരുട്ടിവെച്ച ഒരു പ്ലാസ്റ്റിക്ക് പായ, ഒരു കൊതുകുവലയും പഴയൊരു കമ്പിളിയും – കുടിലിന്റെ ഇരുഭാഗത്തേക്കും വിലങ്ങനെ വെച്ച ഒരു മുളങ്കമ്പിൽ ഇതെല്ലാം വിശ്രമിക്കുന്നു. ഇവിടെ കഠിനാദ്ധ്വാനം വിജയത്തിലേക്കുള്ള താക്കോലാവുന്നില്ലെന്നത് വ്യക്തമായി കാണാം. ഒരച്ഛന്റേയും കൌമാരക്കാരിയായ ഒരു മകളുടേയും അദ്ധ്വാനഫലമായി ആ വീട്ടിൽ ധാരാളമായി കാണുന്നത്, സവാളകൾ മാത്രം. നിലത്തും, മുകളിൽനിന്ന് തൂക്കിയിട്ട നിലയിലും കാണാം.
“ഞാൻ നിങ്ങൾക്ക് കക്കൂസ് കാണിച്ചുതരാം,” സൊണാലി അകത്തേക്ക് വന്നു. ഞാൻ അവളുടെ കൂടെ കുറച്ച് കുടിലുകൾ താണ്ടി കോളണിയുടെ ഒരു ഭാഗത്തുള്ള 32 അടി നീളമുള്ള സ്ഥലത്തെത്തി. അവിടെ 4X4 അടി നീളമുള്ള ഒരു സ്ഥലം, പ്ലാസ്റ്റിക് ധാന്യച്ചാക്കുകൾകൊണ്ട് മറച്ചുവെച്ചിരിക്കുന്നു. അതാണ് ‘കക്കൂസി’ന്റെ ചുമർ. “ഇവിടെയാണ് ഞങ്ങൾ മൂത്രവിസർജ്ജനം ചെയ്യുക. കുറച്ചപ്പുറത്തുള്ള തുറസ്സായ സ്ഥലത്താണ് വിസർജ്ജനത്തിനുള്ള സ്ഥലം,” അവൾ പറയുന്നു. മുന്നോട്ട് നടക്കാൻ ഞാൻ ശ്രമിച്ചപ്പോൾ, കാലിൽ മലം പുരളുമെന്ന് പറഞ്ഞ് അവൾ എന്നെ വിലക്കി.
ബസ്തി യിലെ ശൌചാലയങ്ങളുടെ അഭാവം, മാൽ പഹാഡിയ കോളണിയിലേക്കുള്ള യാത്രയിൽ ഞാൻ കണ്ട, മിഷ്യൻ നിർമൽ ബംഗ്ലാ യുടെ വർണ്ണാഭമായ സന്ദേശങ്ങളെക്കുറിച്ച് എന്നെ ഓർമ്മിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ സാനിറ്റേഷൻ പ്രോജക്ടിനെക്കുറിച്ചും, മഡ്ഡയുടെ വെളിയിട വിസർജ്ജനമുക്ത പഞ്ചായത്തിനെക്കുറിച്ചും പോസ്റ്ററുകളിൽ കൊട്ടിഘോഷിച്ചിരുന്നു.
“ആർത്തവത്തിന്റെ സമയത്ത് വലിയ ദുരിതമാണ്. പലപ്പോഴും അണുബാധയുണ്ടാകാറുണ്ട്. വെള്ളമില്ലാതെ എന്ത് ചെയ്യാൻ പറ്റും? കുളത്തിലെ വെള്ളത്തിൽ മുഴുവൻ ചളിയും അഴുക്കുമാണ്”, ലജ്ജയും സങ്കോചവും മാറ്റിവെച്ച് അവൾ പറയുന്നു.
എവിടെനിന്നാണ് വെള്ളം കിട്ടുന്നത്?
“ഒരു സ്വകാര്യ ജലവിതരണക്കാരനിൽനിന്ന്. 20 ലിറ്ററിന്റെ ഒരു കോപ്പ നിറയ്ക്കാൻ 10 രൂപ അയാൾ വാങ്ങും. വൈകീട്ട് അയാൾ വന്ന് മെയിൻ റോഡിൽ കാത്തുനിൽക്കും. ഞങ്ങൾ ആ വലിയ കോപ്പ താങ്ങി വീട്ടിലെത്തിക്കും.”
“എന്റെ കൂട്ടുകാരിയെ പരിചയപ്പെടണോ?” ഉത്സാഹം നിറഞ്ഞ ശബ്ദത്തോടെ അവൾ പെട്ടെന്ന് ചോദിക്കുന്നു. “ഇത് പായൽ. എന്നേക്കാൾ മൂത്തതാണ്. പക്ഷേ ഞങ്ങൾ കൂട്ടുകാരികളാണ്. ഈയിടെ വിവാഹിതയായ 18 വയസ്സുള്ള കൂട്ടുകാരിയെ സൊണാലി എനിക്ക് പരിചയപ്പെടുത്തി. വീടിന്റെ മുമ്പിലുള്ള സ്ഥലത്തിരുന്ന് അത്താഴം തയ്യാറാക്കുകയായിരുന്നു അവൾ. പായലിന്റെ ഭർത്താവ്, ബംഗളൂരുവിലെ ഒരു നിർമ്മാണ സൈറ്റിൽ കുടിയേറ്റത്തൊഴിലാളിയായി ജോലി ചെയ്യുകയാണ്.
“ഞാൻ വന്നും പോയുമിരിക്കും. എന്റെ അമ്മായിയമ ഇവിടെ ജോലി ചെയ്യുന്നുണ്ട്,” പായൽ പറയുന്നു. “ഗോവാസിൽ വല്ലാത്ത ഒറ്റപ്പെടലാണ് അതുകൊണ്ട് ഞാൻ ഇടയ്ക്കിടയ്ക്ക് ഇവിടെ വന്ന് താമസിക്കും. ഭർത്താവ് ജോലിസ്ഥലത്താണ്. എപ്പോൾ തിരിച്ചുവരുമെന്ന് അറിയില്ല. ചിലപ്പോൾ തിരഞ്ഞെടുപ്പിന് വരുമായിരിക്കും,” അവൾ പറയുന്നു. പായൽ ഗർഭിണിയാണെന്നും അഞ്ച് മാസത്തിനുള്ളിൽ പ്രസവിച്ചേക്കുമെന്നും സൊണാലി പറഞ്ഞപ്പോൾ പായലിന്റെ മുഖം തുടുത്തു.
ഇവിടെ മരുന്നും പോഷകാഹാരങ്ങളും കിട്ടുമോ?
“ഉവ്വ്, എനിക്ക് ആശാ ദീദിമാരിൽനിന്ന് അയൺ ടാബ്ലറ്റുകൾ കിട്ടുന്നുണ്ട്. എന്റെ അമ്മായിയമ്മ എന്നെ ഐ.സി.ഡി.എസിൽ കൊണ്ടുപോകും. അവർ എനിക്ക് ചില മരുന്നുകൾ തന്നു. ഇടയ്ക്കിടയ്ക്ക് കാലിൽ നീരുവന്ന് വല്ലാതെ വേദനിക്കും. ഇവിടെ പരിശോധനകൾക്കൊന്നും ആരുമില്ല. സവാളയുടെ പണി കഴിഞ്ഞാൽ ഞാൻ ഗോവാസിലേക്ക് തിരിച്ചുപോകും.”
എന്തെങ്കിലും അടിയന്തിര ചികിത്സ വേണ്ടിവന്നാൽ സ്ത്രീകൾ ബെൽഡംഗ പട്ടണത്തിലേക്കാണ് – 3 കിലോമീറ്റർ ദൂരത്ത് – പോവുക. കടയിൽനിന്ന് മരുന്നുകളും പ്രാഥമികചികിത്സാ സാമഗ്രികളും വാങ്ങാൻ, കോളണിയിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള മക്രംപുർ അങ്ങാടിയിൽ പോകണം. പായലിന്റേയും സൊണാലിയുടേയും കുടുംബങ്ങൾക്ക് സ്വാസ്ഥ്യ സതി കാർഡുകളുണ്ടെങ്കിലും, “അടിയന്തിര ചികിത്സ വേണ്ടിവന്നാൽ ധാരാളം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന്” അവർ സൂചിപ്പിക്കുന്നു.
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കോളണിയിലെ കുട്ടികൾ ഞങ്ങളുടെയടുത്തേക്ക് ഓടിവന്നു. അങ്കിതയ്ക്കും മിലോണിനും 3 വയസ്സായി. ദേബരാജിന് 6-ഉം. അവർ ഞങ്ങൾക്ക് കളിപ്പാട്ടങ്ങൾ കാണിച്ചുതന്നു ഇവർതന്നെ അവരുടെ അതിശയകരമായ ഭാവനയുടെ കരുത്തുകൊണ്ടുണാക്കിയ ജുഗാദ് കളിപ്പാട്ടങ്ങൾ. “ഞങ്ങൾക്കിവിടെ ടി.വിയില്ല. ഞാൻ ഇടയ്ക്ക് അച്ഛന്റെ മൊബൈലിൽ കളിക്കും. കാർട്ടൂൺ കാണാൻ തോന്നാറുണ്ട്,” അർജന്റീനയുടെ നീലയും വെളുപ്പുമുള്ള ടീഷർട്ട് ധരിച്ച ദേബരാജ് പരാതി പറയുന്നു.
ബസ്തി യിലെ എല്ലാ കുട്ടികളും പോഷകാഹാരക്കുറവ് നേരിടുന്നവരാണ്, “പനിയും വയറിന്റെ പ്രശ്നവും അവർ എപ്പോഴും അനുഭവിക്കുന്നു,” പായൽ പറയുന്നു. “കൊതുകുകളാണ് മറ്റൊരു പ്രശ്നം,” സൊണാലി പറയുന്നു. “കൊതുകുവലയ്ക്കകത്ത് കയറിയാൽപ്പിന്നെ തലക്കുമീതെ നരകമിടിഞ്ഞുവീണാലും ഞങ്ങൾ പുറത്ത് കടക്കില്ല.” രണ്ട് കൂട്ടുകാരികളും ചേർന്ന് പൊട്ടിച്ചിരിച്ചപ്പോൾ മധുമിത അവരോടൊപ്പം ചേർന്നു.
ഞാൻ വീണ്ടും അവരോട് തിരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിക്കാൻ ശ്രമം നടത്തി. “ഞങ്ങൾ പോവും. എന്നാൽ നിങ്ങൾക്കറിയാമോ, ഞങ്ങളെ കാണാൻ ആരും വരാറില്ല. വോട്ട് ചെയ്യുന്നത് പ്രധാനമാണെന്ന് മുതിർന്നവർ കരുതുന്നതുകൊണ്ടുമാത്രമാണ് ഞങ്ങൾ പോകുന്നത്,” മധുമിത വ്യക്തമായി പറയുന്നു. അവളുടേയും ആദ്യതവണയാണ് ഈ തിരഞ്ഞെടുപ്പ്. പായലിന് 18 വയസ്സ് ഈയിടെ മാത്രം തികഞ്ഞതുകൊണ്ട് ഇതുവരെ പേര് ചേർത്തിട്ടില്ല. “നാലുവർഷം കഴിഞ്ഞാൽ ഞാനും അവരെപ്പോലെയാകും,” സൊണാലി പറയുന്നു. “ഞാനും അന്ന് വോട്ട് ചെയ്യും. പക്ഷേ അവരെപ്പോലെ ഞാൻ പെട്ടെന്നൊന്നും വിവാഹം കഴിക്കില്ല,” ചുറ്റും വീണ്ടും ചിരി പടർന്നു.
കോളണിയിൽനിന്ന് ഞാനിറങ്ങിയപ്പോൾ ഈ ചെറുപ്പക്കാരികളുടെ ചിരിയും, കുട്ടികളുടെ ബഹളവും നേർത്തുവന്നു. അതിനുപകരം, സവാള മുറിക്കുന്ന സ്ത്രീകളുടെ ശബ്ദം കേൾക്കാൻ തുടങ്ങി. ഒരു ദിവസത്തെ അവരുടെ ജോലി അവസാനിക്കുകയായി.
“നിങ്ങളുടെ ബസ്തി യിൽ, മാൽ പഹാഡിയ ഭാഷ സംസാരിക്കുന്നവർ ആരെങ്കിലുമുണ്ടോ?” എന്ന് ഞാൻ ചോദിച്ചു.
“കുറച്ച് ഹരിയയും (നെല്ലിൽനിന്ന് വാറ്റിയെടുക്കുന്ന മദ്യം) വറുത്തതും കൊണ്ടുവരൂ. ഞാൻ പഹാഡിയയിൽ ഒരു പാട്ട് പാടാം,” ഭാനു മാൽ കളിയായി പറഞ്ഞു. 65 വയസ്സുള്ള വിധവയായ ആ കർഷകത്തൊഴിലാളി അവരുടെ ഭാഷയിൽ ഏതാനും വരികൾ പറഞ്ഞുതന്നതിനുശേഷം സ്നേഹത്തോടെ കൂട്ടിച്ചേർത്തു, “ഞങ്ങളുടെ ഭാഷ കേൾക്കണമെങ്കിൽ നിങ്ങൾ ഗോവാസിൽ വരൂ“.
“നീയും അത് സംസാരിക്കുമോ?”, ഞാൻ അഞ്ജലിയോട് ചോദിച്ചു. തന്റെ ഭാഷയെക്കുറിച്ചുള്ള ഈ അപ്രതീക്ഷിത ചോദ്യംകേട്ട് അവളൊന്ന് പരിഭ്രമിച്ചു. “ഞങ്ങളുടെ ഭാഷയോ? ഇല്ല. ഗോവാസിലെ പഴയ ആളുകൾ മാത്രമേ അത് സംസാരിക്കുന്നുള്ളു. ഇവിടെ ആളുകൾ ഞങ്ങളെ കളിയാക്കും. ഞങ്ങൾ ഞങ്ങളുടെ ഭാഷ മറന്നുപോയിരിക്കുന്നു. ബംഗ്ല മാത്രമാണ് ഞങ്ങൾ സംസാരിക്കുന്നത്.“
ബസ്തിയിലേക്ക് നടക്കുന്ന സ്ത്രീകളുടെകൂടെ ചേർന്നുകൊണ്ട് അഞ്ജലി പറയുന്നു, “ഗോവാസിൽ ഞങ്ങൾക്ക് വീടും എല്ലാമുണ്ട്. ഇവിടെ തൊഴിലും. ആദ്യം അരി, പിന്നെ വോട്ടും, ഭാഷയും മറ്റും.”
പരിഭാഷ: രാജീവ് ചേലനാട്ട്