ശ്രീ ഭദ്രിയ മാതാ ജി ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലിരുന്ന് പാടുന്ന സംഗീതജ്ഞരുടെ ശബ്ദം, ഏകദേശം 200 വർഷം പഴക്കമുള്ള ആ കെട്ടിടത്തിന്റെ താഴെക്കുള്ള പടികളിറങ്ങുമ്പോൾ നേർത്തുനേർത്ത് ഇല്ലാതാവുന്നു. പിന്നെ പെട്ടെന്ന് എല്ലാ നിശ്ശദ്ബമാവുന്നു. ഇപ്പോൾ നമ്മൾ ഭൂനിരപ്പിനും 20 അടി താഴെയാണ്.
15,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഇടനാഴികളും ചെറുമുറികളും അടങ്ങിയ വളഞ്ഞുപുളഞ്ഞ ഭൂഗര്‍ഭ ലൈബ്രറി മുന്നിൽ പ്രത്യക്ഷമാവുന്നു. ഇടുങ്ങിയ ഇടനാഴികളിലായി, രണ്ടുലക്ഷത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന 562 അലമാരകൾ കൃത്യമായ അകലത്തിൽ ഇടവിട്ട് സ്ഥാപിച്ചിരിക്കുന്നു. തുകലിൽ പൊതിഞ്ഞ പുസ്തകങ്ങൾ, താളിയോലയിൽ എഴുതിയ ഒരു പഴയ കൈയെഴുത്തുപ്രതി, ഹിന്ദു-ഇസ്ലാം-ക്രിസ്ത്യൻ മതങ്ങളെക്കുറിച്ചും ഇതരമതങ്ങളെക്കുറിച്ചുമുള്ള പുസ്തകങ്ങൾ മുതൽ, നിയമം, വൈദ്യശാസ്ത്രം, തത്ത്വചിന്ത, ഭൂമിശാസ്ത്രം, ചരിത്രം തുടങ്ങിയ വിവിധ വിഷയങ്ങളുടെ പഴയ പതിപ്പുകളും പേപ്പർബാക്ക് പതിപ്പുകളും, കഥ-നോവൽ സാഹിത്യങ്ങളും ക്ലാസ്സിക്കുകളും എല്ലാം ഇവയിലുൾപ്പെടുന്നു. പുസ്തകങ്ങളിൽ ഭൂരിഭാഗവും ഹിന്ദിയിലാണ്, ചിലത് ഇംഗ്ലീഷിലും സംസ്‌കൃതത്തിലും.
ഒരു ലൈബ്രറി ഇവിടെ സ്ഥാപിക്കുക എന്ന ആശയം ആദ്യമായി ഉദിച്ചത്, പഞ്ചാബിൽനിന്നുള്ള മതപണ്ഡിതനായ ഹർവൻഷ് സിംഗ് നിർമ്മലിന്റെ ഉള്ളിലാണ്. 25 വർഷത്തോളം അദ്ദേഹം ക്ഷേത്രപരിസരത്തെ ഒരു ഗുഹയിൽ ഏകാന്തതയിൽ കഴിഞ്ഞതായി പറയപ്പെടുന്നു. അതിനുശേഷമാണ് ഒരു ഭൂഗർഭ ലൈബ്രറി സ്ഥാപിക്കാൻ അദ്ദേഹം തീരുമാനിച്ചത്. 2010-ൽ അദ്ദേഹം അന്തരിച്ചുവെങ്കിലും അതിനുമുമ്പുതന്നെ തന്റെ ലക്ഷ്യങ്ങൾക്കായുള്ള സാമ്പത്തികസ്രോതസ്സ് അദ്ദേഹം കണ്ടെത്തിയിരുന്നു. വിദ്യാഭ്യാസവും മൃഗക്ഷേമവുമായിരുന്നു ആ ലക്ഷ്യങ്ങൾ.
“ഒരു മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങൾക്കും ഒരേ സന്ദേശമാണുള്ളത്. ഓരോ മനുഷ്യന്റെയും ചർമ്മവും മുടിയുമൊക്കെ വ്യത്യസ്തമാണെങ്കിലും ഉള്ളിൽ എല്ലാ മനുഷ്യരും ഒരുപോലെയാണ്”. ക്ഷേത്രവും ലൈബ്രറിയും നടത്തുന്ന ശ്രീ ജഗദംബ സേവാ സമിതി എന്ന ട്രസ്റ്റിന്റെ സെക്രട്ടറി ജുഗൽ കിഷോർ പറയുന്നു. 40,000-ലധികം പശുക്കളെ ട്രസ്റ്റിന്റെ അഭയകേന്ദ്രത്തില്‍ പരിപാലിച്ചുപോരുന്നുണ്ട്.






















