ഇത് 2023 സെപ്റ്റംബർ മാസം. പശ്ചിമഘട്ടത്തിലെ പൂക്കാലത്തിന്റെ മാസം, ‘പൂക്കളുടെ താഴ്വര’യിലാണ് ഞങ്ങളിപ്പോൾ. ജൈവവൈവിധ്യം കാരണമാകാം, ഇവിടെ, പിങ്ക്, പർപ്പിൾ പൂക്കളുടെ വിവിധയിനങ്ങൾ എല്ലാ വർഷവും പൂക്കുന്നു.
എന്നാൽ വർഷങ്ങൾക്കിപ്പുറം, വിടർന്ന പുഷ്പങ്ങൾക്ക് പകരം, ചവിട്ടിയരയ്ക്കപ്പെട്ട പൂക്കളാണ് ചുറ്റും കിടക്കുന്നത്.
1,200 മീറ്റർ ഉയരത്തിലുള്ള കാസ് പീഠഭൂമിക്ക്, 2012-ൽ യുണെസ്കോയുടെ ലോക പൈതൃക ഇടത്തിൽ സ്ഥാനം ലഭിച്ചു. അതിനുശേഷം ഇത് മഹാരാഷ്ട്രയിലെ ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായി മാറി. പ്രത്യേകിച്ചും, പൂക്കൾ വിരിയുന്ന ഓഗസ്റ്റ് മുതൽ ഒക്ടോബർവരെയുള്ള കാലത്ത്. പ്രശ്നത്തിന്റെ കാതലും അവിടെയാണ്.
“ഇവിടെ ആരും വരാറുണ്ടായിരുന്നില്ല. ഞങ്ങൾക്ക് കാസ് എന്നത് വെറുമൊരു കുന്ന് മാത്രമായിരുന്നു. ഇവിടെ ഞങ്ങൾ കന്നുകാലികളേയും ആടുകളേയും മേയ്ക്കാൻ കൊണ്ടുവരും”, സുലബായി ബദപുരി പറയുന്നു. “എന്നാലിപ്പോൾ ആളുകൾ പൂക്കൾ ചവിട്ടിമെതിച്ച് നടക്കും, ഫോട്ടോ എടുക്കും, ചെടികൾ വേരോടെ പറിക്കും”, ആളുകളുടെ ഈ അലംഭാവത്തെക്കുറിച്ച് രോഷത്തോടെ അവർ പറയുന്നു. “ഇതൊരു ഉദ്യാനമല്ല. പാറപ്രദേശത്താണ് ഈ ചെടികൾ വളരുന്നത്”.
1,600 ഹെക്ടർ വിസ്തീർണ്ണമുള്ള പാറപ്പുറമാണ് സത്താറ ജില്ലയിലെ സത്താറ താലൂക്കിലെ കാസിലുള്ള പീഠഭൂമി. കാസ് പത്തർ എന്നും അത് അറിയപ്പെടുന്നു.














