വീടിനുള്ളിൽ ഒരു കസേരയിൽ ശാന്തനായി ഇരിക്കുന്ന ഗോമ രാമ ഹസാരെ തന്റെ ഗ്രാമത്തിലെ ശൂന്യമായ പ്രധാനറോഡിലേക്ക് ഉദാസീനതയോടെ നോക്കി സമയം പാഴാക്കുകയാണ്.

വല്ലപ്പോഴും, തന്റെ ക്ഷേമമന്വേഷിക്കാൻ വരുന്ന വഴിയാത്രക്കാരുമായി അദ്ദേഹം സല്ലപിക്കുന്നു. ഏതാണ്ട് ഒരാഴ്ച മുമ്പ് ദീർഘകാലമായുള്ള ഒരു അസുഖത്തെത്തുടർന്ന് ഇദ്ദേഹത്തിന് സ്വന്തം ഭാര്യയെ നഷ്ടപ്പെട്ടു.

ഏപ്രിൽ മദ്യത്തിലെ (2024), ചൂടുള്ള ഒരു സായാഹ്നം. സമയം 5 മണി. വടക്കൻ ഗഡ്ചിറോളിയിലെ അർമോറി തെഹ്സിലിൽ, മുള, തേക്കുമരങ്ങൾ എന്നിവയാൽ സമൃദ്ധമായ വനങ്ങളുടെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന പലസ്ഗാവ് എന്ന ഗ്രാമം അസാധാരണമാംവിധം ശാന്തമാണ്. ഗഡ്ചിറോളി -ചിമൂർ ലോക്സഭാ മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കും. സിറ്റിംഗ് ബിജെപി എംപി അശോക് നേതെ വീണ്ടും ഈ സീറ്റിലേക്ക് മത്സരിക്കുന്നുണ്ട്. എന്നാൽ ഇവിടെ ആവേശമൊന്നുമില്ല. മറിച്ച്, ആശങ്കയാണുള്ളത്.

കഴിഞ്ഞ രണ്ട് മാസമായി ഗോമയ്ക്ക് ജോലിയൊന്നുമില്ല. സാധാരണയായി, ഈ സമയത്ത്, 60-കഴിഞ്ഞ ഈ ഭൂരഹിതനായ തൊഴിലാളിയും അദ്ദേഹത്തെപ്പോലുള്ള മറ്റ് പലരും മഹുവ അല്ലെങ്കിൽ ടെൻഡു ഇല ശേഖരിക്കുകയോ കാട്ടിൽ പോയി മുള വെട്ടുകയോ കാർഷിക ജോലികളിലേർപ്പെടുകയോ ആണ് പതിവ്.

"എന്നാൽ ഈ വർഷം അതൊന്നും ചെയ്യുന്നില്ല", ഗോമ പറയുന്നു. "ആരാണ് സ്വന്തം ജീവൻ പണയപ്പെടുത്തുക?"

"ആളുകൾ വീട്ടിൽത്തന്നെ ഒതുങ്ങിക്കൂടുകയാണ്", ഗോമ പറയുന്നു. പകൽ സമയം ചൂടാണ്. നിങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയില്ല. സുരക്ഷാസേനയും സായുധ മാവോവാദികളും തമ്മിലുള്ള രക്തരൂക്ഷിതമായ കലഹത്താൽ തകർന്ന ഗഡ്ചിറോളി നാല് പതിറ്റാണ്ടുകളായി അസ്വസ്ഥമാണ്. അതിനാൽ നിരവധി ഗ്രാമങ്ങൾ അത്തരം കർഫ്യൂകളുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. എന്നാൽ ഇത്തവണയാകട്ടെ അതിഥികൾ വ്യത്യസ്തരാണ്, ജീവിതത്തിനും ഉപജീവനത്തിനും നേരിട്ട് ഭീഷണി ഉയർത്തുന്നവരാണ് അക്കൂട്ടർ.

23 കാട്ടാനകളുടെ ഒരു കൂട്ടം, കൂടുതലും കുഞ്ഞുങ്ങളോടുകൂടിയ പിടിയാനകൾ, പലസ്ഗാവിന് സമീപം തമ്പടിച്ചിട്ടുണ്ട്.

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

ഗ്രാമത്തിന് സമീപം കാട്ടാനക്കൂട്ടം ഉള്ളതിനാൽ മഹാരാഷ്ട്രയിലെ പലസ്ഗാവിലെ ഭൂരഹിതനായ കർഷകനായ ഗോമ രാമ ഹസാരെയ്ക്ക് (ഇടത്) ഈ വേനൽക്കാലത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും തന്റെ ഉപജീവനമാർഗം ഉപേക്ഷിക്കേണ്ടിവന്നു. പാർലമെന്റിലേക്ക് ആരെ വോട്ട് ചെയ്തു ജയിപ്പിക്കണമെന്നതിനേക്കാൾ ഗ്രാമവാസികളെ ആശങ്കപ്പെടുത്തുന്നത് കാട്ടാനകളാണ്. മഹുവയും ടെൻഡുവും ശേഖരിക്കാൻ കഴിയാത്തതിനാൽ, രണ്ട് മാസത്തിനുള്ളിൽ അദ്ദേഹത്തിനും കുടുംബത്തിലുള്ള ഓരോരുത്തർക്കും നഷ്ടപ്പെടാൻ പോകുന്നത് ശരാശരി 25,000 രൂപവീതമാണ്

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

ഇടത്: പലസ്ഗാവിലെ ഒരു  ഒഴിഞ്ഞ തെരുവിലൂടെ നടന്നുപോകുന്ന ഹസാരെ. വലത്: ഏപ്രിൽ പകുതിയോടെ താപനില ഉയരുമ്പോൾ ഗ്രാമം ഏതാണ്ട് വിജനമായി കാണപ്പെടുന്നു. ചില വീടുകളിൽ, മഹുവ പൂക്കൾ വെയിലിൽ ഉണക്കുന്നു; ഈ പൂക്കൾ അടുത്തുള്ള കൃഷിയിടങ്ങളിൽനിന്ന് ശേഖരിച്ചവയാണ്. സാധാരണയായി, ഈ സമയത്ത് ഗ്രാമം മഹുവയും തെണ്ടു ഇലകളുംകൊണ്ട് നിറഞ്ഞിരിക്കും. എന്നാൽ ഈ വർഷം അതൊന്നുമില്ല

വടക്കൻ ചത്തീസ്ഗഢിൽനിന്നും സഞ്ചരിച്ചെത്തിയ ആനക്കൂട്ടം ഒരു മാസത്തോളമായി ഇവിടുത്തെ കുറ്റിച്ചെടികളും മുളക്കാടുകളും നെൽകൃഷിയും ഭക്ഷിച്ച് ഗ്രാമവാസികളെയും ജില്ലാ വനംവകുപ്പ് ഉദ്യോഗസ്ഥരെയും അസ്വസ്ഥരാക്കിയിരിക്കുകയാണ്. വടക്കുള്ള അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയേയും ഇടനാഴികളേയും ഖനനവും വനനശീകരണവും ബാധിക്കാൻ ആരംഭിച്ചപ്പോൾ ഏകദേശം നാല് വർഷങ്ങൾക്കുമുമ്പ്, ഈ സസ്തനികൾ മഹാരാഷ്ട്രയിലെ കിഴക്കൻ വിദർഭ മേഖലയയിലേക്ക് പ്രവേശിക്കാൻ തുടങ്ങിയതാണ്.

പണ്ടത്തെ 'ദണ്ഡകാരണ്യ'ത്തിന്റെ ഭാഗമായ മഹാരാഷ്ട്രയിലെ ഗോണ്ടിയ, ഗഡ്ചിറോളി, ചന്ദ്രപുർ എന്നീ മൂന്ന് ജില്ലകളിലൂടെയും ഛത്തീസ്ഗഡിലെ ബസ്തറിലൂടെയും സഞ്ചരിക്കുന്ന ഈ ആനകൾ - ചത്തീസ്ഗഡിലെ ഒരു വലിയ ആനക്കൂട്ടത്തിൽനിന്ന് വേർപിരിഞ്ഞ അംഗങ്ങളാകാമെന്ന് വിദഗ്ധർ പറയുന്നു - ഇവർ  സംസ്ഥാനത്തിന്റെ വന്യജീവിസമൂഹത്തിലെ പുതിയ അംഗങ്ങളാണ്.

ഗഡ്ചിറോളി ജില്ലയിൽ ഗതാഗതപ്രവർത്തനങ്ങളിൽ വനംവകുപ്പിനെ സഹായിക്കുന്ന പരിശീലനം ലഭിച്ച ചില ആനകൾ തെക്കൻ ഭാഗങ്ങളിലുണ്ടായിരുന്നു, എന്നാൽ മഹാരാഷ്ട്രയുടെ കിഴക്കൻ ഭാഗങ്ങളിൽ ഒന്നര നൂറ്റാണ്ടോ അതിൽക്കൂടുതൽ വർഷങ്ങൾക്കുശേഷമോ ആണ് കാട്ടാനകളുടെ ഈ തിരിച്ചുവരവ്. പശ്ചിമഘട്ടത്തിൽ കാട്ടാനകളുടെ സാന്നിധ്യം സാധാരണമാണ്.

കൂടുതലും ആദിവാസി കുടുംബങ്ങളടങ്ങിയ പലസ്ഗാവ് ഗ്രാമവാസികളോട് വനം‌വകുപ്പ് ആവശ്യപ്പെടുന്നത്, ഈ അതിഥികൾ മറ്റൊരു സ്ഥലത്തേക്ക് കുടിയേറുന്നതുവരെ വീട്ടിൽത്തന്നെ തുടരാനാണ്. അതിനാൽ, 1,400 പേരടങ്ങിയ  ഈ ഗ്രാമത്തിലേയും (സെൻസസ് 2011) വിഹിർഗാവ് പോലുള്ള അയൽ ഗ്രാമങ്ങളിലേയും ഭൂരഹിതരും ചെറുകിട കർഷകരുമായ ജനങ്ങൾക്ക് അവരുടെ വനാധിഷ്ഠിത ഉപജീവനമാർഗം ഉപേക്ഷിക്കേണ്ടിവന്നിരിക്കുന്നു

സംസ്ഥാന വനംവകുപ്പ് വിളനാശത്തിന് ഉടൻ നഷ്ടപരിഹാരം നൽകുന്നുണ്ടെങ്കിലും വനോത്പന്നങ്ങളിൽനിന്നുള്ള വരുമാനനഷ്ടത്തിന് നഷ്ടപരിഹാരമൊന്നും നൽകുന്നില്ല.

"വേനൽക്കാലം മുഴുവൻ എന്റെ കുടുംബത്തിന്റെ ഉപജീവനമാർഗം മഹുവയും ടെൻഡുവുമാണ്", ഗോമ പറയുന്നു.

ആ വരുമാനമാർഗ്ഗമാണ് ഇല്ലാതായത്. കാട്ടാനകൾ എന്നെങ്കിലും തിരിച്ചുപോകുമെന്നും അന്ന് ജോലിയിലേക്ക് മടങ്ങാൻ സാധിക്കുമെന്നുമാണ് ഇപ്പോൾ പലസ്ഗാവുകാരുടെ ഒരേയൊരു പ്രതീക്ഷ,

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

ഇടത്: ജോലി പുനരാരംഭിക്കുന്നതിന്, ആനകൾ മറ്റൊരു സ്ഥലത്തേക്ക് കുടിയേറുന്നതുവരെ കാത്തിരിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പലസ്ഗാവ് നിവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട് . വലത്: പലസ്ഗാവിൽനിന്നുള്ള കർഷകനായ ഫുൽചന്ദ് വാഘഡെയ്ക്ക് കഴിഞ്ഞ തവണ നഷ്ടം സംഭവിച്ചു. തന്റെ മൂന്നേക്കർ കൃഷിഭൂമി ആനകൾ നിലംപരിശാക്കിയതായി അദ്ദേഹം പറയുന്നു

"കഴിഞ്ഞ മൂന്ന് വേനൽക്കാലങ്ങളിൽ ചെയ്തതുപോലെ ആനക്കൂട്ടം ചത്തീസ്ഗഡിലേക്ക് കടന്നില്ല", ഗഡ്ചിറോളി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) എസ് രമേഷ്കുമാർ പറയുന്നു. "ഒരുപക്ഷേ പിടിയാനകളിലൊന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു ആനക്കുട്ടിയെ പ്രസവിച്ചതാകാം കാരണം".

കൂട്ടത്തിൽ രണ്ട് കുഞ്ഞുങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. ആനകളിൽ  മാതൃ അധികാരത്തിനകത്ത് കഴിയുന്നവരാണ് ആനകൾ.

കഴിഞ്ഞ വർഷം (2023) ഇതേ ആനക്കൂട്ടം പലസ്ഗാവിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ഗോണ്ടിയ ജില്ലയിലെ അർജുനി മോർഗാവ് തെഹ്സിലിലെ നംഗൽ-ടോ എന്ന 11 വീടുകളടങ്ങിയ കുഗ്രാമത്തെ ഇടിച്ചുനിരത്തി, തുടർന്ന് അവിടുത്തെ  ഇടതൂർന്ന വനങ്ങളിൽ അവർ കുറച്ച് മാസങ്ങൾ താമസിച്ചു.

"അന്ന് രാത്രി കൊമ്പന്മാരുടെ രോഷത്തിൽ ഒരു കുടിലുപോലും ബാക്കിയായില്ല", ഭർനോളി ഗ്രാമത്തിനടുത്തുള്ള കൈയേറ്റ ഭൂമിയിൽ ഇപ്പോൾ താമസിക്കുന്ന ആളുകൾക്കിടയിൽനിന്നും വിജയ് മഡാവി ഓർക്കുന്നു. "അവ അർദ്ധരാത്രിയിൽ വന്ന് വാതിലിൽ മുട്ടി".

അന്ന് രാത്രി നംഗൽ-ടോ ഒഴിപ്പിക്കുകയും ആളുകളെ ഭർനോളിയിലെ ജില്ലാ പരിഷത്ത് സ്കൂളിലേക്ക് മാറ്റിപാർപ്പിക്കുകയും ചെയ്തു, തുടർന്ന് 2023-ലെ വേനൽക്കാലം മുഴുവൻ അവർ അവിടെയാണ് താമസിച്ചത് . വേനലവധിക്കുശേഷം സ്കൂൾ പുനരാരംഭിച്ചപ്പോൾ അവർ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള വനഭൂമിയുടെ ഒരു ഭാഗം വൃത്തിയാക്കുകയും അവിടെ  വൈദ്യുതിയോ വെള്ളമോ ഇല്ലാതെ താൽക്കാലിക കുടിലുകൾ നിർമ്മിക്കുകയും ചെയ്തു. മൈലുകൾ നടന്നാണ് ഒരു കൃഷിയിടത്തിലെ കിണറ്റിൽനിന്ന് സ്ത്രീകൾ വെള്ളം കോരിക്കൊണ്ടുവരുന്നത്. കുറ്റിച്ചെടികൾ നീക്കം ചെയ്ത് കൃഷി ചെയ്തിരുന്ന അവരുടെ ചെറിയ കൃഷിയിടങ്ങൾ എല്ലാ ഗ്രാമീണർക്കും നഷ്ടപ്പെട്ടു.

"ഞങ്ങൾക്ക് എപ്പോഴാണ് സ്വന്തമായി ഒരു വീട് ലഭിക്കുക?", പുനരധിവാസ പാക്കേജിനും സ്ഥിരമായ ഒരു വീടിനും കാത്തിരിക്കുന്ന മറ്റൊരു അഭയാർത്ഥിയായ ഉഷാ ഹോളി ചോദിക്കുന്നു.

ഈ മൂന്ന് ജില്ലകളിലുടനീളം കൊമ്പന്മാർ വിലസുമ്പോൾ, കർഷകർ വിളനാശത്തിന് ഇരകളാവുന്നു. ഇതുവരെ ഇതൊരിക്കലും ഒരു പ്രശ്നമായിരുന്നില്ല.

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

കഴിഞ്ഞ വേനൽക്കാലത്ത് ഗോണ്ടിയ ജില്ലയിലെ അർജുനി മോർഗാവ് തെഹ്സിലിലെ നംഗൽ-ടോ കുഗ്രാമത്തിലെ എല്ലാ താമസക്കാരുടേയും കുടിലുകൾ കാട്ടാനകൾ നശിപ്പിച്ചിരുന്നു. (2023). ആ 11 കുടുംബങ്ങൾ അടുത്തുള്ള ഭർനോളി ഗ്രാമത്തിലെ വനഭൂമിയിൽ താത്കാലിക കുടിലുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിൽനിന്നുള്ള പുനരധിവാസ, നഷ്ടപരിഹാര പാക്കേജിനായി അവർ കാത്തിരിക്കുകയാണ്

ദക്ഷിണേന്ത്യയിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയുടെ വടക്കൻ പ്രദേശം വളരെ ജനസാന്ദ്രതയുള്ള പ്രദേശമായതുകൊണ്ടാണ് വടക്കൻ ഗഡ്ചിറോളി മേഖലയിലെ കാട്ടാനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നത് സങ്കീർണ്ണമാകുന്നതെന്ന് രമേഷ്കുമാർ പറയുന്നു. ഏറ്റവും വലിയ പ്രശ്നം വിളനാശമാണ്. വൈകുന്നേരങ്ങളിൽ കൊമ്പന്മാർ അവരുടെ മേഖലയിൽനിന്ന് പുറത്തുവന്ന് ആ പ്രദേശത്ത് നിൽക്കുന്ന വിളകളെ, കഴിച്ചില്ലെങ്കിൽ‌പ്പോലും ചിലപ്പോൾ ചവിട്ടിമെതിക്കുന്നു.

വനംവകുപ്പുദ്യോഗസ്ഥർക്ക് ദ്രുത പ്രതികരണ ട്രാക്കിംഗ് ടീമും ഡ്രോണുകളുടെയും തെർമൽ ഇമേജിംഗിന്റെയും സഹായത്തോടെ 24 മണിക്കൂറും ആനക്കൂട്ടത്തെ പിന്തുടരുന്ന ആദ്യകാല മുന്നറിയിപ്പ് ഗ്രൂപ്പുകളും ഉണ്ട്. സംഘർഷമോ ആകസ്മികമായ ഏറ്റുമുട്ടലോ ഒഴിവാക്കാൻ ആനകൾ നീങ്ങുമ്പോൾ അവർ ഗ്രാമവാസികളെ മുൻകൂട്ടി അറിയിക്കുന്നു.

പലസ്ഗാവിൽ ഏഴേക്കർ ഭൂമിയുള്ള കർഷകനായ നിതിൻ മാനെയും അഞ്ച് ഗ്രാമീണരുടെ ഒരു സംഘവും രാത്രി ജാഗ്രതയ്ക്കായി ഹുല്ല സംഘത്തോടൊപ്പം ചേരുന്നു. ഫോറസ്റ്റ് ഗാർഡ് യോഗേഷ് പണ്ടരാമിന്റെ നേതൃത്വത്തിൽ അദ്ദേഹം കാട്ടാനകളെ പിന്തുടർന്ന് വനങ്ങളിൽ ചുറ്റിക്കറങ്ങും. പ്രാദേശിക ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനും ആനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിൽ ഗ്രാമത്തിലെ യുവാക്കളെ പരിശീലിപ്പിക്കുന്നതിനും വേണ്ടി വിദഗ്ധരായ ഹുല്ല സംഘങ്ങളെ പശ്ചിമ ബംഗാളിൽനിന്ന് നിയമിച്ചിട്ടുണ്ട്. ആനകളെ മുകളിൽനിന്നും നിരീക്ഷിക്കാൻ അവർ വയലിൽ രണ്ട് ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് നിതിൻ പറയുന്നു, ആനകളുടെ സ്ഥാനം കണ്ടെത്തിയശേഷം അവർ അവയ്ക്ക് ചുറ്റും നടക്കുന്നു.

"ആനകൾ ഗ്രാമത്തിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ അവരെ തുരത്താൻ ചില ഗ്രാമീണരെ ഹുല്ല സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്", പാലസ്ഗാവിലെ ആദ്യ വനിതാ സർപഞ്ചായ, മാന ആദിവാസി സമുദായത്തിൽപ്പെട്ട, ജയശ്രീ ദഡ്മാൽ പറയുന്നു. "എന്നാൽ അത് എന്റെ തലവേദനയായി മാറിയിരിക്കുന്നു; ആളുകൾ ആനകളെക്കുറിച്ച് എന്നോട് പരാതിപ്പെടുകയും അവരുടെ നിരാശ എന്റെ മേൽ ചൊരിയുകയും ചെയ്യുന്നു. ആനകളുടെ കാര്യത്തിൽ എനിക്കെന്താണ് ഉത്തരവാദിത്തം?" അവർ ചോദിക്കുന്നു.

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

ഇടത്: ഡ്രോണുകളുടെ സഹായത്തോടെ കാട്ടാനകളെ കണ്ടെത്താനും ആനക്കൂട്ടം ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചാൽ അവയെ തുരത്താനും വനംവകുപ്പ് നിയോഗിച്ച ദ്രുത പ്രതികരണ സംഘമായ ഹുല്ല സംഘത്തിന്റെ ഭാഗമാണ് പലസ്ഗാവിലെ യുവ കർഷകനായ നിതിൻ  മാനെ. വലത്: രാത്രി ജാഗ്രതയ്ക്കായി തയ്യാറെടുക്കുന്ന വനംവകുപ്പുദ്യോഗസ്ഥരുടെയും ഹുല്ല സംഘാംഗങ്ങളുടെയും ഒരു കൂട്ടം

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

പലസ്ഗാവിലെ സർപഞ്ച് ജയശ്രീ ദഡ്മാൽ തന്റെ കൃഷിയിടത്തിൽനിന്ന് ഒരു കൊട്ട നിറയെ മഹുവ കൊണ്ടുവരുന്നുണ്ടെങ്കിലും കാട്ടാനകളുടെ സാന്നിധ്യം ഉണ്ടാക്കുന്ന അപകടസാധ്യത കാരണം വനത്തിൽനിന്നുള്ള ഉത്പന്നങ്ങളൊന്നും ശേഖരിക്കാൻ അവർക്ക് കാട്ടിലേക്ക് പോകാൻ കഴിയില്ല

പലസ്ഗാവ് സാധാരണനിലയിലേക്ക് മടങ്ങുമ്പോൾ, കാട്ടാനകൾ താമസമുറപ്പിച്ചതിന് സമീപത്തുള്ള ഗ്രാമങ്ങൾ ഒരു ധർമ്മസങ്കടത്തിലകപ്പെടും എന്നതാണ് പ്രധാന പ്രശ്‍നം. കാട്ടാനകളുടെ സാമീപ്യം ഒരു പുതിയ ജീവിതരീതിയായി കൈകാര്യം ചെയ്യാൻ ഈ പ്രദേശം പഠിക്കേണ്ടതുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

ഈ വർഷം വനത്തിൽനിന്നുള്ള മഹുവ ശേഖരം സ്വയം ഉപേക്ഷിക്കേണ്ടിവന്നതിനാൽ ജയശ്രീക്ക് ഗ്രാമവാസികളോട് സഹതാപമുണ്ട്. "ആനകൾ കാരണം നമുക്ക് തെണ്ടു ഇലകൾ ശേഖരിക്കാൻ കഴിഞ്ഞേക്കില്ല", അവർ പറയുന്നു. തന്റെ വരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ രണ്ട് മാസത്തിനിടെ ഓരോ കുടുംബത്തിനും കുറഞ്ഞത് 25,000 രൂപയെങ്കിലും നഷ്ടപ്പെടുമെന്ന് അവർ കണക്കാക്കുന്നു.

“ഇതുവരെ പണപ്പെരുപ്പമായിരുന്നു ഒരു വലിയ പ്രശ്നം. ഇപ്പോൾ നമുക്ക് ആനകളുണ്ട്, നമ്മൾ എന്തുചെയ്യും?"

ഇതിനൊന്നും എളുപ്പമുള്ള ഉത്തരങ്ങളില്ല, കൂടുതൽ ചോദ്യങ്ങൾ മാത്രം.

അവയിൽ ഏറ്റവും പ്രധാനം ആര് പാർലമെന്റിൽ പ്രവേശിക്കും എന്നതല്ല, മറിച്ച് ആരാണ് ഉടൻ കാടുകൾ വിട്ടുപോവുക എന്നതാണ്.

( പട്ടികവർഗ്ഗക്കാർക്കായി (എസ് . ടി) സംവരണം ചെയ്യപ്പെട്ട ഗഡ്ചിറോളി-ചിമൂർ ലോക്സഭാ മണ്ഡലത്തിൽ ഏപ്രിൽ 19- ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 71.88 ശതമാനം പോളിംഗ് രേഖപ്പെടുത്തി.)

പരിഭാഷ: വിശാലാക്ഷി ശശികല (വൃന്ദ)

Jaideep Hardikar

Jaideep Hardikar is a Nagpur-based journalist and writer, and a PARI core team member.

Other stories by Jaideep Hardikar
Editor : Medha Kale

ਮੇਧਾ ਕਾਲੇ ਪੂਨਾ ਅਧਾਰਤ ਹਨ ਅਤੇ ਉਨ੍ਹਾਂ ਨੇ ਔਰਤਾਂ ਅਤੇ ਸਿਹਤ ਸਬੰਧੀ ਖੇਤਰਾਂ ਵਿੱਚ ਕੰਮ ਕੀਤਾ ਹੈ। ਉਹ ਪਾਰੀ (PARI) ਲਈ ਇੱਕ ਤਰਜ਼ਮਾਕਾਰ ਵੀ ਹਨ।

Other stories by Medha Kale
Translator : Visalakshy Sasikala

Visalakshy Sasikala is a doctoral scholar at IIM Kozhikode. A postgraduate in business management from IIM Lucknow and a qualified architect from NIT Calicut, she explores the impact of business on disrupting and creating sustainable livelihoods.

Other stories by Visalakshy Sasikala