സഹിക്കാനാവാത്ത ഉഷ്ണകാലത്തിനുശേഷം മഹാരാഷ്ട്രയിലെ മറാത്ത്‌വാഡയിൽ അവസാനം തണുപ്പുകാലമെത്തി. വിശ്രമം ആഘോഷിച്ചതിനുശേഷം രാത്രിയിലെ ഷിഫ്റ്റിനുവേണ്ടി തയ്യാറാവുകയായിരുന്നു ദാമിനി (യഥാർത്ഥ പേരല്ല). “ഞാൻ പി.എസ്.ഒ (പൊലീസ് സ്റ്റേഷൻ ഓഫീസർ) ഡ്യൂട്ടിയിലായിരുന്നു. വാക്കി-ടോക്കികളും ആയുധങ്ങളും വിതരണം ചെയ്യുന്ന ചുമതല എനിക്കായിരുന്നു,” അവർ പറയുന്നു.
ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ സ്റ്റേഷൻ ഹൌസ് ഓഫീസർ അഥവാ പൊലീസ് ഇൻസ്പെക്ടർ (എസ്.എച്ച്.ഒ./പി.ഐ) അവരോട്, അയാളുടെ വോക്കി-ടോക്കി ചാർജ് ചെയ്യാനുള്ള ബാറ്ററിയുമായി സ്റ്റേഷൻ വളപ്പിലുള്ള ഔദ്യോഗിക ഭവനത്തിൽ എത്താൻ ആവശ്യപ്പെട്ടു. അർദ്ധരാത്രി കഴിഞ്ഞിരുന്നു. ഇത്തരം ജോലികൾക്കായി സ്വന്തം വീട്ടിലേക്ക് വിളിപ്പിക്കുന്നത് കീഴ്വഴക്കങ്ങളുടെ ലംഘനമായിരുന്നെങ്കിലും, ഇതൊക്കെ പതിവായിരുന്നു. “ഉദ്യോഗസ്ഥർ ഈ ഉപകരണങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകാറുണ്ട്. മേലുദ്യോഗസ്ഥരുടെ ഉത്തരവുകൾ ഞങ്ങൾക്ക് അനുസരിക്കാതിരിക്കാനും സാധിക്കില്ല,” ദാമിനി പറയുന്നു.
അതിനാൽ, 1.30-നോടടുപ്പിച്ച് ദാമിനി പി.ഐ.യുടെ വീട്ടിലേക്ക് നടന്നു.
അകത്ത് മൂന്നുപേർ ഇരിക്കുന്നുണ്ടായിരുന്നു. പി.ഐ.യും, ഒരു സാമൂഹിക പ്രവർത്തകനും ഒരു ഥാന കർമചാരിയും (പൊലീസ് സ്റ്റേഷനിലെ ചെറിയ അർദ്ധ-ഔദ്യോഗിക ജോലികൾ ചെയ്യാൻ നിയോഗിക്കുന്ന ഒരു സന്നദ്ധ തൊഴിലാളി). “ഞാൻ അവരെ ശ്രദ്ധിക്കാതെ, മുറിയിലിരിക്കുന്ന മേശയിൽ വെച്ചിരിക്കുന്ന വോക്കി-ടോക്കിയുടെ ബാറ്ററി മാറ്റാൻ തുടങ്ങി,” 2017 നവംബറിലെ ആ രാത്രിയെക്കുറിച്ചാലോചിച്ച്, അസ്വസ്ഥതയോടെ അവർ പറയുന്നു. തിരിഞ്ഞുനിൽക്കുന്ന അവർ പെട്ടെന്ന്, വാതിൽ സാക്ഷയിടുന്നത് കേട്ടു. “എനിക്ക് മുറിയിൽനിന്ന് പോകണമെന്നുണ്ടായിരുന്നു. ഞാൻ പരമാവധി ശക്തി ഉപയോഗിച്ച് ശ്രമിക്കുകയും ചെയ്തു. പക്ഷേ രണ്ടുപേർ എന്റെ കൈ ബലമായി പിടിച്ച്, എന്നെ കിടക്കയിലേക്കിട്ടു. എന്നിട്ട്..ഓരോരുത്തരായി എന്നെ ബലാത്കാരം ചെയ്തു.”
2.30-ഓടെ, കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ദാമിനി വീട്ടിൽനിന്ന് വേച്ചുവേച്ച് പുറത്തുവന്ന് ബൈക്കിൽ കയറി വീട്ടിലേക്ക് പോയി. “എന്റെ മനസ്സ് മരവിച്ചിരുന്നു. എന്റെ തൊഴിലിനെക്കുറിച്ചും, നേടാൻ ആഗ്രഹിച്ച കാര്യങ്ങളെക്കുറിച്ചും ആലോചിച്ചുകൊണ്ടിരുന്നു..എന്നിട്ടിപ്പോൾ ഇതാണോ?” അവർ ചോദിക്കുന്നു.







