ജസ്‍ദീപ് കൗറിന് പഠനാവശ്യങ്ങൾക്കായി ഒരു സ്മാർട്ട് ഫോൺ വാങ്ങേണ്ട സാഹചര്യം ഉണ്ടായപ്പോൾ, അവരുടെ രക്ഷിതാക്കൾ മകൾക്ക് 10,000 രൂപ കടമായി നൽകി. പിന്നീട്, ഈ കടം വീട്ടാനായി ആ 18 വയസ്സുകാരിയ്ക്ക് 2023-ലെ വേനലവധിക്കാലം മുഴുവൻ നെല്ല് നടുന്ന ജോലിയിൽ ഏർപ്പെടേണ്ടി വന്നു.
പഞ്ചാബിലെ ശ്രീ മുക്‌സർ ജില്ലയിൽ, കുടുംബത്തെ സഹായിക്കാനായി കൃഷിയിടങ്ങളിൽ പണിയ്ക്കിറങ്ങുന്ന അനേകം യുവ ദളിത് വിദ്യാർത്ഥികളിൽ ഒരാളാണ് ഈ പെൺകുട്ടി.
"ഞങ്ങൾ കൃഷിയിടത്തിൽ പണിയ്ക്കിറങ്ങുന്നത് ഇഷ്ടത്തോടെയല്ല, ഞങ്ങളുടെ കുടുംബങ്ങളുടെ നിസ്സഹായാവസ്ഥ കാരണമാണ്," ജസ്‍ദീപ് പറയുന്നു. പഞ്ചാബിൽ പട്ടിക ജാതിയായി പരിഗണിക്കപ്പെടുന്ന മസബി സിഖ് വിഭാഗക്കാരാണ് ജസ്‍ദീപിന്റെ കുടുംബം; അവരുടെ സമുദായാംഗങ്ങളിൽ ഭൂരിഭാഗവും ഭൂരഹിതരും എന്നാൽ ഉയർന്ന ജാതിക്കാരായ കർഷകരുടെ നിലങ്ങളിൽ പണിയെടുക്കുന്നവരുമാണ്.
ജസ്‍ദീപിന്റെ രക്ഷിതാക്കൾ ഒരു പശുവിനെ വാങ്ങാനായി ഒരു മൈക്രോഫിനാൻസ് കമ്പനിയിൽ നിന്ന് 38,000 രൂപ വായ്പ എടുത്തിരുന്നു. ആ തുകയിൽ നിന്നാണ് അവർ 10,000 രൂപ മകൾക്ക് കടം നൽകിയത്. പശുവിൻ പാൽ ലിറ്റർ ഒന്നിന് 40 രൂപ നിരക്കിൽ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനം വീട്ടുചിലവുകൾ നടത്താൻ സഹായകമാകും എന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ; ജസ്ദീപിന്റെ കുടുംബം താമസിക്കുന്ന, ശ്രീ മുക്‌സർ സാഹിബ് ജില്ലയിലെ ഖുണ്ഡെ ഹലാൽ ഗ്രാമത്തിൽ ജോലി സാധ്യതകൾ തീർത്തും പരിമിതമാണ്-ഇവിടത്തെ ജനസംഖ്യയുടെ 33 ശതമാനവും കർഷക തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ്.
ജൂൺ മാസത്തിൽ, ജസ്‍ദീപിന് കോളേജിൽ പരീക്ഷ തുടങ്ങിയപ്പോൾ നേരത്തെ വാങ്ങിയ സ്മാർട്ട് ഫോൺ ഏറെ സഹായകമായി. നെൽപ്പാടത്ത് പണിയെടുക്കുന്നതിനിടെ രണ്ടു മണിക്കൂർ ഇടവേള എടുത്ത് ഓൺലൈനായാണ് അവർ പരീക്ഷ എഴുതിയത്. "എനിക്ക് ജോലി നിർത്തി പോകാൻ കഴിയുമായിരുന്നില്ല. ഞാൻ പരീക്ഷ എഴുതാൻ കോളേജിൽ പോയിരുന്നെങ്കിൽ അന്നത്തെ എന്റെ ശമ്പളം നഷ്ടമാകുമായിരുന്നു," അവർ ചൂണ്ടിക്കാട്ടുന്നു.



















