മധ്യേന്ത്യയിലെ ഖാർഗോൺ പട്ടണത്തിലെ ഇളം ചൂടുള്ള നല്ല പ്രഭാതമായിരുന്നു അന്ന്. അതിരാവിലെയുള്ള ചെറിയ ആളനക്കങ്ങളെ തകർത്തുകൊണ്ട് പെട്ടെന്ന് ബുൾഡോസറുകളുടെ ശബ്ദം കടന്നുവന്നു. മധ്യ പ്രദേശിലെ ഈ പട്ടണത്തിലെ ചാന്ദ്നി ചൌക്ക് ഭാഗത്തെ തിരക്കിനിടയിലേക്ക് അവ ഉരുളാൻ തുടങ്ങി. ഭയചകിതരായ താമസക്കാർ കടകളിൽനിന്നും വീടുകളിൽനിന്നും പുറത്തേക്ക് വന്നു.
35 വയസ്സുള്ള വാസിം അഹമ്മദ് നോക്കിനിൽക്കുമ്പോൾ, നിമിഷങ്ങൾക്കകം, ബുൾഡോസറുകളുടെ കനത്ത സ്റ്റീൽ ബ്ലേഡുകൾ അയാളുടെ കടയും അതിനകത്തെ വിലപിടിപ്പുള്ള സാധനങ്ങളും ഞെരിച്ചുതകർത്തു. “കടയിൽനിന്ന് കിട്ടിയ എല്ലാ സമ്പാദ്യവും ഞാൻ അതിൽ നിക്ഷേപിച്ചിരുന്നു”, അയാൾ പറയുന്നു.
സംസ്ഥാന സർക്കാർ കൊണ്ടുവന്ന ബുൾഡോസറുകൾ 2022 ഏപ്രിൽ 11-ന് അദ്ദേഹത്തിന്റെ കട മാത്രമല്ല തകർത്തത്. ഖാർഗോണിലെ മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലത്തെ 50-ഓളം കടകളും വീടുകളും അവർ തകർത്തു. രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് ‘കലാപകാരികൾ’ നടത്തിയ കല്ലേറിന് മധ്യ പ്രദേശ് സർക്കാർ നൽകിയ ശിക്ഷയുടെ ഭാഗമായിട്ടായിരുന്നു ആ സ്വകാര്യ സ്വത്തുക്കൾ ബുൾഡോസറുകളുപയോഗിച്ച് തകർത്തത്.
എന്നാൽ, വാസിം കല്ലെറിഞ്ഞു എന്നത് തെളിയിക്കാൻപോലും ബുദ്ധിമുട്ടാണ്. രണ്ട് കൈകളും മുറിച്ചുമാറ്റേണ്ടിവന്ന ആളാണ് വാസിം. കല്ലെടുക്കുകയും എറിയുകയും പോയിട്ട്, സ്വന്തം നിലയ്ക്ക് ചായ കുടിക്കാൻപോലും അദേഹത്തിന് കഴിയില്ല.
“അന്നത്തെ ആ സംഭവത്തിൽ എനിക്കൊരു പങ്കുമില്ല”, വാസിം പറയുന്നു.
2005-ൽ രണ്ട് കൈകളും നഷ്ടപ്പെടുന്നതിനുമുമ്പ്, പെയിന്ററായി ജോലി ചെയ്യുകയായിരുന്നു അയാൾ. “ഒരുദിവസം, ജോലിക്കിടയിൽ എനിക്ക് ഷോക്കേറ്റു. ഡോക്ടർമാർ രണ്ട് കൈകളും മുറിച്ചുമാറ്റി. പ്രതികൂലമായ അവസ്ഥയിലും ഞാൻ ജീവിക്കാനൊരു വഴി (കടയിലൂടെ) കണ്ടെത്തിയതായിരുന്നു. സ്വയം സഹതപിച്ച് സമയം കളഞ്ഞില്ലെന്ന് അഭിമാനത്തോടെ അദ്ദേഹം കൂട്ടിച്ചേർക്കാനും മറന്നില്ല.








