മൊഹമ്മദ് അസ്ലം മൂശയിലേക്ക് ഉരുകിയ പിച്ചള ഒഴിക്കുമ്പോൾ അന്തരീക്ഷത്തിലേക്ക് ചെറുതരികള്‍ ഉയര്‍ന്നുപൊങ്ങുന്നു. ഈ മൂശ പിച്ചളയെ ഉറപ്പുള്ള ചന്ദന്‍ പ്യാലി (പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കുന്ന ഒരു ചെറുപാത്രം) ആക്കിമാറ്റുന്നു.
പിച്ചളപ്പണിയില് വൈദഗ്ദ്ധ്യം നേടിയ ലോഹപ്പണിക്കാരനായ അസ്ലമിന്റെ കൈകൾ ശ്രദ്ധയോടെയും ഇടറാതെയും നീങ്ങുകയാണ്. പിച്ചള ഒഴിക്കുമ്പോള്‍, അകത്തെ മണൽ (അതാണ് നിര്‍മ്മിക്കുന്ന വസ്തുവിന് അതിന്റെ രൂപം നല്‍കുന്നത്) കവിഞ്ഞുപോകില്ലെന്ന് ഉറപ്പാക്കിക്കൊണ്ട്’ അദ്ദേഹം മൂശയുടെമേലുള്ള മര്‍ദ്ദം പരിശോധിക്കുന്നുണ്ട്.
“കൈകള്‍ ഇടറാതെ പിടിക്കണം, അല്ലെങ്കിൽ സാഞ്ചയ്ക്കുള്ളിലെ വസ്തുവിന് കുഴപ്പമുണ്ടാകും. അദത്ത് [വാർത്തെടുക്കുന്ന വസ്തു] നശിച്ചുപോകും,” 55-കാരനായ അസ്ലം പറഞ്ഞു. എങ്കിലും, പിച്ചളത്തരികളെപ്പോലെ അന്തരീക്ഷത്തില്‍ മണൽ തൂവിപ്പോകുന്നത് അദ്ദേഹത്തെ വിഷമിപ്പിക്കുന്നില്ല. “നിങ്ങൾ അത് കാണുന്നുണ്ടോ? അത് പിച്ചളയാണ്, അത് പാഴായിപ്പോകുന്നു. അതിന്റെ വില നമ്മൾ സഹിക്കണം”, അദ്ദേഹം പറഞ്ഞു. അവർ ഉരുക്കി വാർത്തെടുക്കുന്ന ഓരോ 100 കിലോഗ്രാം പിച്ചളയുടേയും ഏതാണ്ട് 3 കിലോ വീതം അന്തരീക്ഷത്തിൽ നഷ്ടപ്പെടുന്നു. അതായത് ഏതാണ്ട് 50 രൂപ അന്തരീക്ഷത്തിൽ ഇല്ലാതാകുന്നു.
പിച്ചളപ്പണിക്ക് പേരുകേട്ട മൊറാദാബാദിലെ പീർസാദ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നിരവധി ഭട്ടികളിൽ (ചൂളകൾ) ജോലിയെടുക്കുന്ന ശില്പികളിലൊരാളാണ് അസ്ലം. കരകൗശലപ്പണിക്കാർ പിച്ചള സില്ലി (ലോഹക്കട്ട) ഉരുക്കി വ്യത്യസ്ത ആകൃതികളിൽ രൂപപ്പെടുത്തിയെടുക്കുന്ന കരകൗശലവേല പ്രാദേശികമായി ധലായി കാ കാം അല്ലെങ്കിൽ വാർപ്പ് എന്നറിയപ്പെടുന്നു.
അസ്ലമും സഹായിയായ റയീസ് ജാനും ദിവസവും 12 മണിക്കൂർ വീതം ചിലവഴിക്കുന്ന ജോലിസ്ഥലത്ത് ജോലിസാധനങ്ങള് - കൽക്കരി, മണൽ, മരപ്പലകകൾ, ഇരുമ്പ് ദണ്ഡുകൾ, കൊടിലുകള്‍, വിവിധ വലുപ്പത്തിലുള്ള ചവണകൾ - അവർക്ക് ചുറ്റുമായി ചിതറിക്കിടക്കുന്നു. അഞ്ച് ചതുരശ്രയടിയുള്ള, സാധനങ്ങള്‍ നിറഞ്ഞുകിടക്കുന്ന, ആ സ്ഥലത്തിന് 1,500 രൂപയാണ് അസ്ലം പ്രതിമാസം വാടക നല്‍കുന്നത്.




















