പാരിയിലെ ഞങ്ങളുടെ സഹപ്രവർത്തകയായിരുന്നു മംമ്ത പരേദ്. അപൂർവ കഴിവുകളും പ്രതിബദ്ധതയുമുള്ള ഒരു യുവ പത്രപ്രവർത്തകയായ അവർ 2022 ഡിസംബർ 11-ന് ദാരുണമായി അന്തരിച്ചു.
അവരുടെ മരണത്തിന്റെ ഒന്നാം വാർഷികത്തിൽ, മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വാഡ താലൂക്കിൽനിന്നുള്ള ആദിവാസി സമൂഹമായ വൊർളികളുടെ കഥ, വൊർളി സമുദായക്കാരിതന്നെയായ മംമ്ത വിവരിക്കുന്ന ഒരു പ്രത്യേക പോഡ്‌കാസ്റ്റ് ഞങ്ങൾ നിങ്ങൾക്കായി നൽകുന്നു. മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കുമുമ്പ് അവർ റെക്കാർഡ് ചെയ്തതാണ് ഇത്.
അടിസ്ഥാനസൗകര്യങ്ങൾക്കും അവകാശങ്ങൾക്കുംവേണ്ടിയുള്ള ആ സമുദായത്തിന്റെ പോരാട്ടങ്ങളെക്കുറിച്ച് മംമ്ത എഴുതി. നിർഭയയായ പത്രപ്രവർത്തകയായ അവർ ചെറിയ കോളനികളിൽ ചെന്ന്, അവിടെനിന്നുള്ള കഥകൾ റിപ്പോർട്ട് ചെയ്തു, ആ കുഗ്രാമങ്ങളിൽ പലതും നമ്മുടെ ഭൂപടത്തിലില്ലാത്തവയാണ്. പട്ടിണി, ബാലവേല, അടിമവേല, സ്‌കൂളിലേക്കുള്ള പ്രവേശനം, ഭൂമിയുടെ അവകാശം, കുടിയിറക്കൽ, ഉപജീവനമാർഗങ്ങൾ എന്നിങ്ങനെ പലതും അവർ അവരുടെ റിപ്പോർട്ടുകളിലൂടെ അവതരിപ്പിക്കുകയുണ്ടായി.
ഈ എപ്പിസോഡിൽ, മഹാരാഷ്ട്രയിലെ നിംബാവലി ഗ്രാമത്തിലെ ഒരനീതിയുടെ കഥയാണ് മംമ്ത വിവരിക്കുന്നത്. മുംബൈ-വഡോദര എക്‌സ്‌പ്രസ് വേയ്‌ക്ക് വേണ്ടിയുള്ള ജലപദ്ധതിയുടെ മറവിൽ സർക്കാർ ഉദ്യോഗസ്ഥർ ഗ്രാമവാസികളെ കബളിപ്പിച്ച് അവരുടെ പൂർവികരുടെ ഭൂമി കയ്യേറിയത് എങ്ങനെയെന്ന് അവർ ഇതിൽ വിവരിക്കുന്നു. പദ്ധതി അവരുടെ ഗ്രാമത്തെ കീറിമുറിച്ചു, വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം തീർത്തും അപര്യാപ്തവുമായിരുന്നു.
പാരിയിൽ, മംമ്തയെ അറിയാനും അവരോടൊപ്പം പ്രവർത്തിക്കാനും സാധിച്ചത് ഞങ്ങളുടെ വലിയ ഭാഗ്യമാണ്; പാരിയിലെ അവളുടെ ഒമ്പത് കഥകളും ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.
എഴുത്തിലൂടെയും സമൂഹത്തിനുവേണ്ടി നടത്തിയ പ്രവർത്തനങ്ങളിലൂടെയും മംമ്ത ഇന്നും ജീവിക്കുന്നു. അവരുടെ വേർപാട് ഞങ്ങൾക്കൊരു തീരാനഷ്ടമാണ്.
ഈ പോഡ്‌കാസ്റ്റിന് വേണ്ടി സഹായിച്ച ഹിമാൻഷു സൈകിയയ്ക്ക് ഞങ്ങളുടെ നന്ദി.
സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന വെബ്‌സൈറ്റിൽനിന്നെടുത്തതാണ് മുഖചിത്രത്തിലെ മംതയുടെ ഫോട്ടൊ. മംത ആ വെബ്‌സൈറ്റിലെ ഒരംഗമായിരുന്നു. അത് ഉപയോഗിക്കാൻ ഞങ്ങളെ അനുവദിച്ചതിന് ഞങ്ങൾ അവർക്ക് നന്ദി പറയുന്നു.
പരിഭാഷ : അരുന്ധതി ബാബുരാജ്