ഖൂമ തിയക്കിന് സ്വഗ്രാമമായ ലാങ്‌സയിലേയ്ക്ക് മടങ്ങിപ്പോകുന്നത് ഓർക്കുമ്പോഴേ നട്ടെല്ലിലൂടെ ഒരു വിറയൽ അനുഭവപ്പെടും. 64 വയസ്സുകാരനായ ഈ കർഷകൻ കഴിഞ്ഞ 30 വർഷമായി മണിപ്പൂരിലെ ചുരാചാന്ദ്പൂർ ജില്ലയിലുള്ള ലാങ്‌സ ഗ്രാമത്തിലാണ് ജീവിച്ചിരുന്നത്. അദ്ദേഹം മകൻ ഡേവിഡിനെ വളർത്തി വലുതാക്കിയതും മകന് സ്കൂളിലേയ്ക്ക് കൊണ്ടുപോകാനുള്ള ഉച്ചഭക്ഷണം തയ്യാറാക്കിയതും അവർ ഇരുവരും നെൽപ്പാടങ്ങളിൽ ഒരുമിച്ച് അധ്വാനിച്ചതുമെല്ലാം സ്നേഹവും ഊഷ്മളതയും തുടിച്ചുനിൽക്കുന്ന ഇവിടത്തെ അന്തരീക്ഷത്തിലാണ്. ഖൂമ ആദ്യമായി ഒരു മുത്തച്ഛനായതും ഇവിടെ വെച്ചുതന്നെ. ലാങ്സാ ഗ്രാമം തന്നെയായിരുന്നു ഖൂമയുടെ ലോകം. തികഞ്ഞ സംതൃപ്തിയോടെ അദ്ദേഹം ജീവിച്ചുപോന്നിരുന്ന ലോകം.
എന്നാൽ 2023 ജൂലൈ 2-നു എല്ലാം മാറിമറിഞ്ഞു.
ഒരു ജീവിതകാലത്തെ ഓർമ്മകൾ മുഴുവൻ ക്രൂരമായി കവർന്നെടുത്ത ആ ദിനം ആകെ ബാക്കിവെച്ചത് ഖൂമ എത്ര ശ്രമിച്ചിട്ടും മറക്കാൻ സാധിക്കാത്ത ഒരു ദൃശ്യമാണ്. ആ ദൃശ്യം അദ്ദേഹത്തെ ഉറങ്ങാൻ അനുവദിക്കുന്നില്ല. സമാധാനത്തോടെ ഉണർന്നിരിക്കാനും വിടുന്നില്ല. അദ്ദേഹത്തിന്റെ മകൻ ഡേവിഡിന്റെ അറുത്തെടുത്ത തല ലാങ്സ ഗ്രാമത്തിന്റെ കവാടത്തിലുള്ള ഒരു മുളവേലിയിൽ കുത്തിനിർത്തിയിരിക്കുന്ന ദൃശ്യമാണത്.
ഖൂമയുടെ മാതൃസംസ്ഥാനമായ, ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള മണിപ്പൂർ 2023 മേയ് 3 മുതൽ കടുത്ത വംശീയ സംഘർഷത്തിന്റെ പിടിയിലാണ്. മാർച്ച് മാസം അവസാനത്തോടടുപ്പിച്ച്, മണിപ്പൂർ ഹൈക്കോടതി സംസഥാനത്തെ പ്രബലവിഭാഗമായ മെയ്തി സമുദായത്തിന് 'പട്ടിക വർഗ്ഗ പദവി' അനുവദിച്ച് വിധി പ്രഖ്യാപിച്ചിരുന്നു. ഈ വിധിയിലൂടെ മെയ്തികൾ സാമ്പത്തിക ആനുകൂല്യങ്ങൾക്കും സർക്കാർ ജോലികളിലെ സംവരണത്തിനും അർഹരായി എന്ന് മാത്രമല്ല കുക്കി ഗോത്രവിഭാഗങ്ങൾ കൂടുതലുള്ള മലയോരമേഖലകളിൽ ഭൂമി വാങ്ങാനും അവർക്ക് അനുമതി ലഭിച്ചു. ഈ വിധി പിന്നീട് സുപ്രീം കോടതി സ്റ്റേ ചെയ്തു.
ഹൈക്കോടതി വിധി നടപ്പിലായിരുന്നെങ്കിൽ, ഇപ്പോൾത്തന്നെ സംസ്ഥാന ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്തികൾക്ക് സംസ്ഥാനത്തുള്ള സ്വാധീനവും പിടിപാടും കൂടുതൽ ശക്തമാകുമായിരുന്നെന്നാണ് ജനസംഖ്യയുടെ 28 ശതമാനം വരുന്ന കുക്കി സമുദായം വിശ്വസിക്കുന്നത്.











