“എന്തുകൊണ്ടാണ് സർക്കാർ ഞങ്ങലുടെ കഠിനാദ്ധ്വാനത്തെ അംഗീകരിക്കാത്തത്”, മംഗൾ കാർപ്പെ എന്ന അങ്കണവാടി തൊഴിലാളി ചോദിക്കുന്നു.
“രാജ്യത്തിന്റെ ആരോഗ്യവും ശക്തിയും നിലനിർത്തുന്നതിൽ ഞങ്ങൾ വലിയ സംഭാവന നൽകുന്നുണ്ട്”, ഗർഭിണികളും മുലയൂട്ടുന്നവരുമായ അമ്മമാർക്കും അവരുടെ കുഞ്ഞുങ്ങൾക്കും വേണ്ടിയുള്ള സംസ്ഥാനത്തിന്റെ പദ്ധതികൾ നടപ്പാക്കുന്നതിൽ തങ്ങൾ നിർവഹിക്കുന്ന പങ്കിനെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു അവർ.
39 വയസ്സായ മംഗളാണ്, മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ റഹാത്ത താലൂക്കിലെ ഡൊർഹാലെ ഗ്രാമത്തിലെ അങ്കണവാടി നടത്തുന്നത്. അവരെപ്പോലെയുള്ള രണ്ട് ലക്ഷം അങ്കണവാടി തൊഴിലാളികളും സഹായികളും സംസ്ഥാനത്തുണ്ട്. സ്ത്രീ-ശിശുവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സമഗ്ര ശിശുവികസന സേവനത്തിന്റെ (ചൈൽഡ് ഡെവലപ്മെന്റ് സർവീസസ് – സി.ഡി.എസ്) ഭാഗമായുള്ള ആരോഗ്യ, പോഷക, പ്രാഥമിക വിദ്യാഭ്യാസ പരിപാടികൾ നടപ്പാക്കുന്നത് ഈ തൊഴിലാളികളും സഹായികളുമാണ്.
സംസ്ഥാനം തങ്ങളോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച്, 2023 ഡിസംബർ 5 മുതൽ നൂറുകണക്കിന് സ്ത്രീകൾ, മഹാരാഷ്ട്രയിൽ വ്യാപകമായ അനിശ്ചിതകാല പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.
“ഞങ്ങൾ ഇതിനുമുമ്പും പലതവണ പ്രതിഷേധിച്ചിട്ടുണ്ട്. സർക്കാർ ജോലിക്കാർ എന്ന നിലയിൽ ഞങ്ങളെ അംഗീകരിക്കണം. പ്രതിമാസം 26,000 രൂപ ശമ്പളവും, വിരമിക്കലിനുശേഷം പെൻഷനും, യാത്രാ-ഇന്ധന അലവൻസുകളും ഞങ്ങൾക്ക് ലഭിക്കണം”, പ്രതിഷേധക്കാരുടെ മുഖ്യ ആവശ്യങ്ങൾ നിരത്തിക്കൊണ്ട് അവർ പറയുന്നു.












