2023 ഏപ്രിൽ 30-ന് ഹിമാലയത്തിലെ ദൌലാധാർ മലനിരകളിൽ സ്ഥിതിചെയ്യുന്ന ധർമ്മശാല (ധറംശാല എന്നും അറിയപ്പെടുന്നു) പട്ടണം അതിന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രൈഡ് മാർച്ചിന് സാക്ഷ്യം വഹിച്ചു.
"ഈ വീട് നിനക്കും എനിക്കും അവനും അവൾക്കും അവർക്കും അവകാശപ്പെട്ടതാണ്" എന്ന മുദ്രാവാക്യമെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി, മാർച്ചിൽ അണിനിരന്നവർ പ്രധാന മാർക്കറ്റിൽനിന്ന് ധർമ്മശാലയിലെ ടിബറ്റൻ അധിവാസപ്രദേശമായ മക്ക്ലിയോഡ്ഗഞ്ജിലുള്ള ദലൈലാമ ടെമ്പിൾവരെ നടന്നു. മാർച്ച് പിന്നീട് പട്ടണത്തിലെ തിരക്കേറിയ അങ്ങാടിയായ കോത്ത്വാലി ബാസാറിൽ തുടർന്നു. എൽ.ജി.ബി.ടി.ക്യൂ.ഐ.എ. പ്ലസ് സമൂഹത്തിന് പിന്തുണയറിയിച്ചുകൊണ്ട് ധർമ്മശാലയിൽ നടന്ന ആദ്യത്തെ ഈ പൊതുകൂട്ടായ്മായിൽ പങ്കെടുത്തവരിൽ പലരും സംസ്ഥാനത്തെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുംനിന്നുള്ളവരായിരുന്നു.
"അജീബ് (വിചിത്ര പ്രകൃതമുള്ളവർ) എന്ന വാക്ക് ഞങ്ങൾ അഭിമാനത്തോടെയാണ് ഉപയോഗിക്കുന്നത്," പ്രൈഡ് മാർച്ചിന്റെ സംഘാടകരിലൊരാളും ഹിമാചൽ ക്വീർ ഫൗണ്ടേഷന്റെ സഹസ്ഥാപകനുമായ ഡോൺ ഹസർ പറയുന്നു. “ക്വീർ സ്വത്വം വിശദീകരിക്കാൻ നമ്മൾ ഇംഗ്ലീഷ് വാക്കുകളാണ് ഉപയോഗിക്കുന്നത്, എന്നാൽ ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷാഭേദങ്ങളിലും അതിനെക്കുറിച്ച് എങ്ങനെയാണ് സംസാരിക്കുക?" എന്തുകൊണ്ടാണ് ഈ വാക്ക് തിരഞ്ഞെടുത്തതെന്ന് വിശദീകരിച്ചുകൊണ്ട് ആ മുപ്പത് വയസ്സുകാരൻ കൂട്ടിച്ചേർക്കുന്നു. "പ്രാദേശിക ഭാഷാഭേദങ്ങളിലുള്ള പാട്ടുകളും കഥകളും ഉപയോഗിച്ചാണ് ഞങ്ങൾ ക്വീർ സ്വത്വത്തെക്കുറിച്ചും ഫ്ലൂയിഡിറ്റിയെക്കുറിച്ചും സംസാരിക്കുന്നത്."
മാർച്ചിൽ പങ്കെടുത്ത 300-ഓളം ആളുകൾ ഇന്ത്യയുടെ പല ഭാഗങ്ങളിൽനിന്നെത്തിയവരാണ്. ഡൽഹി, ചണ്ഡീഗഡ്, കൊൽക്കത്ത, മുംബൈ, ഹിമാചലിലെതന്നെ ചെറുപട്ടണങ്ങൾ എന്നിങ്ങനെ പലയിടങ്ങളിൽനിന്നായി വളരെ കുറഞ്ഞ സമയംകൊണ്ട് സംഘടിച്ചെത്തിയവരാണവർ. പ്രൈഡ് മാർച്ചിൽ പങ്കെടുത്ത, ഷിംലയിൽനിന്നുള്ള സർവ്വകലാശാലാ വിദ്യാർത്ഥിയായ ഇരുപത് വയസ്സുകാരൻ ആയുഷ് പറയുന്നു," ഇതിനെക്കുറിച്ച് (ക്വീർ അനുഭവത്തെക്കുറിച്ച്) ഇവിടെ (ഹിമാചൽ പ്രദേശിൽ) ആരും സംസാരിക്കുന്നില്ല." സ്കൂൾ സമയങ്ങളിൽ ശൗചാലയം ഉപയോഗിക്കാൻ ആയുഷ് ഏറെ ബുദ്ധിമുട്ടിയിരുന്നു. "ക്ലാസ്സിലെ ആൺകുട്ടികൾ എന്നെ കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഓൺലൈനായി ഈ കൂട്ടായ്മയിൽ എത്തിപ്പെട്ടപ്പോൾ ഒരിക്കലും തോന്നാത്ത ഒരു സുരക്ഷിതത്വം എനിക്കനുഭവപ്പെട്ടു. എന്നെ മനസ്സിലാക്കുന്ന ഒരു കൂട്ടം ആളുകളോടത്ത് സമയം ചിലവിടാനുള്ള അവസരം എനിക്ക് ലഭിച്ചു."
ഈ വിഷയത്തിൽ കൂടുതൽ സംഭാഷണങ്ങൾ കോളേജിൽ പ്രോത്സാഹിപ്പിക്കാനായി, ഒരു അധ്യാപകന്റെ മേൽനോട്ടത്തിൽ തുറന്ന സംവാദസദസ്സുകൾ സംഘടിപ്പിക്കുകയാണ് ആയുഷ്. ലിംഗഭേദത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും മനസ്സിലാക്കാനും തങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും പങ്കുവെക്കാനും ആളുകൾ ഈ സദസ്സുകളിൽ പങ്കെടുക്കുന്നു.
കാൻഗ്ര ജില്ലയിലെ പാലംപൂർ തെഹ്‌സിലിൽ ഉൾപ്പെടുന്ന ഒരു ഗ്രാമത്തിൽനിന്നുള്ള ശശാങ്ക്, ഹിമാചൽ ക്വീർ ഫൗണ്ടേഷന്റെ സഹസ്ഥാപകനാണ്. "എനിക്ക് എല്ലാ കാലത്തും ഒരു ഒറ്റപ്പെടൽ അനുഭവപ്പെട്ടിരുന്നു. ക്രമേണ, സമാനമായ വെല്ലുവിളികൾ നേരിടുന്ന മറ്റു പലരെയും സോഷ്യൽ മീഡിയയിലൂടെ ഞാൻ കണ്ടുമുട്ടി - ഒരുപാട് ആളുകൾ നാണക്കേടോ കുറ്റബോധമോ പേറിയാണ് ജീവിക്കുന്നത്. ഡേറ്റുകളിൽ പോകുമ്പോൾപോലും ഞങ്ങൾ ഓരോരുത്തരും എത്രത്തോളം ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട് എന്നതിനെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്," ശശാങ്ക് പറയുന്നു. ഇത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ശശാങ്ക് 2020-ൽ ഒരു ക്രൈസിസ് ഹെല്പ് ലൈൻ ആരംഭിച്ചത്. ഒരു പ്രത്യേക നമ്പറിൽ വിളിച്ചാൽ സഹായം ലഭ്യമാകുന്ന തരത്തിലായിരുന്നു അതിന്റെ സംവിധാനം.
"ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള ക്വീർ ശബ്ദങ്ങൾ എവിടെ?," വളരെ പ്രധാനപ്പെട്ട ഒരു വിഷയം ഉയർത്തിക്കൊണ്ട് ശശാങ്ക് പറഞ്ഞു. 2019-ലെ ദി ട്രാൻസ്‌ജെൻഡർ പേഴ്‌സൻസ് (പ്രൊട്ടക്ഷൻ ഓഫ് റൈറ്സ്) ആക്ടിന് കീഴിലെ ചില വ്യവസ്ഥകൾ ഹിമാചൽ പ്രദേശിൽ നടപ്പിൽ വരുത്തിയിട്ടില്ലെന്ന് കാണിച്ച് ഷിംല ഹൈക്കോടതിയിൽ ഹർജി നല്കാൻ തീരുമാനിച്ചിരിക്കുകയാണ് അവർ.
ഹിമാചൽ പ്രദേശിന്റെ വ്യത്യസ്ത ഭാഗങ്ങളിൽനിന്നുള്ള 13 പേർ ചേർന്ന് ഹിമാചൽ ക്വീർ ഫൗണ്ടേഷന്റെ (എച്ച്.ക്യൂ.എഫ്) ഓർഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ചു. "വെറും രണ്ടാഴ്ചകൊണ്ടാണ് ഞങ്ങൾ എല്ലാ ഒരുക്കങ്ങളും നടത്തിയത്," ഫൗണ്ടേഷന്റെ സഹസ്ഥാപകനായ കൊൽക്കത്ത സ്വദേശി ഡോൺ പറയുന്നു. മക്ക്ലിയോഡ്ഗഞ്ജിന്റെ പ്രാദേശിക ജില്ലാ മജിസ്‌ട്രേറ്റിൽനിന്ന് റാലി നടത്താനുള്ള അനുമതി വാങ്ങുകയായിരുന്നു ആദ്യ പടി.
ഇതിനു പിന്നാലെ, പരിപാടി സംബന്ധിച്ച് എച്ച്.ക്യൂ.എഫ് സോഷ്യൽ മീഡിയയിലിട്ട പോസ്റ്റുകൾക്ക് മികച്ച പ്രതികരണം ലഭിച്ചു. "പ്രൈഡ് മാർച്ചിൽ പങ്കെടുക്കാൻ ധൈര്യം വേണം. ക്വീർ സ്വത്വത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ ഇവിടെ (ചെറുപട്ടണങ്ങളിൽ) തുടങ്ങിവെക്കുകയായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം," സംഘാടകരിലൊരാളായ മനീഷ് ഥാപ്പ പറയുന്നു.
ജാതി-വർഗ്ഗവിവേചനത്തിനെതിരേയും ഭൂമിയില്ലാത്തവർക്കും രാജ്യംതന്നെ ഇല്ലാതാകുന്നവർക്കുമെല്ലാം വേണ്ടിയുമാണ് അവർ മാർച്ച് ചെയ്തതെന്ന് ഡോൺ കൂട്ടിച്ചേർക്കുന്നു. റാലിയിൽ ഉയർന്ന ഒരു പ്ലക്കാർഡിൽ ഇങ്ങനെ എഴുതിയിരുന്നു, "ജാതി ഉന്മൂലനം ചെയ്യാതെ ക്വീർ വിമോചനം സാധ്യമല്ല. ജയ് ഭീം!"
ഒരു ഞായറാഴ്ച ദിവസം നടന്ന പ്രൈഡ് മാർച്ച്, നഗരത്തിന്റെ വ്യാപാരമേഖലയിലൂടെ 1.2 കിലോമീറ്റർ ദൂരം ഒന്നര മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കിയത്. നൃത്തം ചെയ്യാനും സംസാരിക്കാനുമെല്ലാം ഇടയ്ക്കിടയ്ക്ക് നിർത്തിയാണ് മാർച്ച് മുന്നോട്ട് പോയത്. "അങ്ങാടിയിൽ ഏകദേശം 300 ചെറിയ കടകളുണ്ട്. ആളുകൾ ഞങ്ങളെ കാണണം എന്നുള്ളത് കൊണ്ടുതന്നെ പ്രധാന റോഡിലൂടെ നടക്കുക മുഖ്യമാണ്," റാലിക്ക് ഈ പ്രദേശം തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടിയായി മനീഷ് ഥാപ്പ പറയുന്നു.
ദി നാഷണൽ പോർട്ടൽ ഫോർ ട്രാൻസ്‌ജെൻഡർ പേഴ്‌സണിൽ ലഭ്യമായിട്ടുള്ള വിവരങ്ങളനുസരിച്ച്, 2019-ൽ പോർട്ടൽ നിലവിൽ വന്നതുമുതൽ ഹിമാചൽ പ്രദേശ് സംസ്ഥാനം ആകെ 17 പേർക്ക് മാത്രമാണ് ട്രാൻസ് തിരിച്ചറിയൽ രേഖ നൽകിയിട്ടുള്ളത്.
"ഹിമാചലിലെ കാൻഗ്ര ജില്ലയിൽ ട്രാൻസ് തിരിച്ചറിയൽ കാർഡ് ലഭിച്ച ആദ്യത്തെ വ്യക്തിയായിരുന്നു ഞാൻ," ഡോൺ പറയുന്നു. "ഒരുപാട് കടമ്പകൾ മറികടന്നാണ് എനിക്ക് കാർഡ് ലഭിച്ചത്. എന്നാൽ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കേണ്ടത് എങ്ങനെയെന്നുപോലും അറിയാത്തവരുടെ കാര്യമോ? ഇവിടെ സംസ്ഥാനതലത്തിൽ ഒരു ക്ഷേമബോർഡുപോലുമില്ല; ട്രാൻസ് വ്യക്തികൾക്കുവേണ്ടിയുള്ള ഷെൽട്ടർ ഹോമുകളും ക്ഷേമപദ്ധതികളും എവിടെ? എന്തുകൊണ്ടാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് ഇതേപ്പറ്റി അവബോധം നൽകാത്തത്?"
പ്രൈഡ് മാർച്ച് കാണുന്ന പ്രദേശവാസികൾക്കിടയിലും ഈയൊരു അജ്ഞത പ്രകടമായിരുന്നു. കോത്ത്വാലി ബാസാറിൽ ഒരു കട വാടകയ്ക്കെടുത്ത്, ഇലക്ട്രോണിക് ഉപകരണങ്ങളും സ്റ്റേഷനറികളും വിൽക്കുന്ന ആകാശ് ഭരദ്വാജ് റാലി വീക്ഷിക്കുകയായിരുന്നു. "ഇങ്ങനെയൊരു റാലി ഞാൻ ആദ്യമായി കാണുകയാണ്. അവർ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് ശരിക്ക് മനസ്സിലാകുന്നില്ലെങ്കിലും അവർ നൃത്തം ചെയുന്നത് കാണാൻ രസമുണ്ട്. എനിക്ക് അതിൽ വിയോജിപ്പൊന്നുമില്ല," അദ്ദേഹം പറയുന്നു.
56 വർഷമായി ധർമ്മശാലയിൽ ജീവിക്കുന്ന നവ്നീത് കോഠിവാൾ മാർച്ചിൽ പങ്കെടുന്നവരുടെ നൃത്തം ആസ്വദിക്കുകയായിരുന്നു. "ആദ്യമായാണ് ഞാൻ ഇങ്ങനെയൊരു മാർച്ച് കാണുന്നത്; കണ്ടിരിക്കാൻ രസമുണ്ട്,: അദ്ദേഹം പറയുന്നു.
എന്നാൽ മാർച്ചിന്റെ ഉദ്ദേശം മനസ്സിലായപ്പോൾ അദ്ദേഹം മനസ്സ് മാറ്റി. "ഇത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. അവർ ആവശ്യപ്പെടുന്നത് പ്രകൃതിവിരുദ്ധമായ കാര്യമാണ്. അതുകൊണ്ടുതന്നെ അവർ അതിനായി പോരാടുന്നത് ശരിയല്ല - എങ്ങനെയാണ് അവർക്ക് കുട്ടികൾ ഉണ്ടാകുക?" അദ്ദേഹം പറയുന്നു.
"ഈ മാർച്ചിൽ മാരികൊ (ടിബറ്റിൽനിന്നുള്ള ആദ്യത്തെ ട്രാൻസ് സ്ത്രീ) പങ്കെടുത്തതിൽ ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട്," ഡോൺ പറയുന്നു.
പ്രൈഡ് മാർച്ച് ദലൈലാമ ടെംപിളിനോട് അടുക്കുന്നത് നോക്കിനിൽക്കുകയായിരുന്ന വഴിയാത്രക്കാരിലൊരാളായിരുന്നു ടിബറ്റൻ സന്യാസിയായ സെറിങ്. "അവർ അവരുടെ അവകാശങ്ങൾക്കുവേണ്ടിയാണ് പോരാടുന്നത്. മറ്റ് പല രാജ്യങ്ങളും അവരുടെ ആളുകൾക്ക് ഈ അവകാശങ്ങൾ (വിവാഹം കഴിക്കാനുള്ള അവകാശം) നൽകിയിട്ടുണ്ട്, ഒരുപക്ഷെ ഇന്ത്യയും ആ പാത പിന്തുടരേണ്ട സമയമായിരിക്കുന്നു," അദ്ദേഹം പറയുന്നു.
377-ആം വകുപ്പ് 2018-ൽ അസാധുവാക്കിയെങ്കിലും, സ്വവർഗ്ഗ ദമ്പതിമാരുടെ വിവാഹത്തിന് ഇന്നും നിയമസാധുതയില്ല. സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കുന്നത് സംബന്ധിച്ച ഹർജികളിൻമേലുള്ള വാദം സുപ്രീം കോടതിയിൽ ഈ മാസം ആദ്യമാണ് അവസാനിച്ചത്; കോടതി ഇതുവരെയും വിധി പ്രഖ്യാപിച്ചിട്ടില്ല.
പ്രൈഡ് മാർച്ചിനിടെ ഗതാഗതം നിയന്ത്രിക്കുകയാണ് നീലം കപൂർ എന്ന പൊലീസുകാരി. "അവകാശങ്ങൾക്കുവേണ്ടി പോരാടുന്നത് നല്ലതാണ്. എല്ലാവർക്കും സ്വന്തമായി അഭിപ്രായമുണ്ടാകേണ്ടതാണ്," അവർ പറയുന്നു. "അതിന് എവിടെയെങ്കിലും ഒരു തുടക്കമുണ്ടാകണം; എന്തുകൊണ്ട് അത് ഇവിടെയായിക്കൂടാ?"
പരിഭാഷ: പ്രതിഭ ആര്‍. കെ .