ഒരു അപരിചിതനിൽനിന്ന് കിട്ടിയ ഒരു ചോദ്യത്തിൽനിന്നും ഒരു കഷണം കടലാസ്സിൽനിന്നുമാണ് എല്ലാം തുടങ്ങിയത്.
റാത്തെഡ് ഗ്രാമത്തിലെ തന്റെ വീടിനടുത്തുള്ള ഒരു വിനോദസഞ്ചാര അതിഥി മന്ദിരത്തിന് സമീപത്ത് കറങ്ങിനടക്കുമ്പോഴാണ് 12 വയസ്സുള്ള കമലേഷ് ദണ്ടോലിയ ഒരു അപരിചിതനെ പരിചയപ്പെടുന്നത്. “എനിക്ക് ഭരിയ അറിയാമോ” എന്ന് അയാൾ ചോദിച്ചു. ഉത്തരം പറയുന്നതിനുമുൻപ്, “അയാൾ എനിക്ക് ഒരു കഷണം കടലാസ്സ് തന്ന് വായിക്കാൻ പറഞ്ഞു”
ആ അപരിചിതൻ ഒരു പരീക്ഷണം നടത്തിനോക്കിയതാണ് – ഇവിടെ, താമിയ ബ്ലോക്കിലെ പാതാൾകോട്ട് താഴ്‌വരയിൽ ധാരാളം ഭരിയ സമുദായാംഗങ്ങളുണ്ട്. മധ്യ പ്രദേശിലെ അത്യധികം ദുർബ്ബലമായ ഗോത്രസമൂഹമാണ് (പർട്ടിക്കുലർലി വൾനെറബിൽ ട്രൈബൽ ഗ്രൂപ്പ്- പി.വി.ടി.ജി) അവർ. കമലേഷ് ഒരു ഭാരിയയായിരുന്നു, സമൂഹത്തിന്റെ ഭാഷയായ ഭരിയാടി സുഗമമായി ഉപയോഗിക്കാനും അറിയാമായിരുന്നു അയാൾക്ക്.
ആ പയ്യൻ ആദ്യമൊക്കെ ആത്മവിശ്വാസത്തോടെ ആ കടലാസ്സ് വായിക്കാൻ തുടങ്ങി. തന്റെ സമൂഹത്തെക്കുറിച്ചുള്ള ചില പൊതുവിവരങ്ങളായിരുന്നു അതിൽ. ദേവനാഗരി ലിപിയിലായതുകൊണ്ട് “വായിക്കാൻ എളുപ്പമായിരുന്നു.” വസ്തുക്കളുടെ പേരുകൾ വിവരിക്കുന്ന രണ്ടാമത്തെ ഭാഗത്തെത്തിയപ്പോൾ കമലേഷ് തപ്പിത്തടയാൻ തുടങ്ങി. “വാക്കുകൾ നിശ്ചയമായും ഭരിയാടിയിലായിരുന്നു. ശബ്ദമൊക്കെ നല്ല പരിചിതമായിരുന്നുവെങ്കിലും വാക്കുകൾ അപരിചിതമായിരുന്നു.”
എന്തോ ഓർത്തെടുക്കുന്നതിനിടയ്ക്ക് അയാളൊരു നിമിഷം നിർത്തി. “അതിൽ ഒരു പ്രത്യേക വാക്കുണ്ടായിരുന്നു. ഔഷധസസ്യത്തിന്റെ പേര്. എവിടെയെങ്കിലും എഴുതിവെക്കേണ്ടതായിരുന്നു ഞാനത്,” നിരാശയോടെ തല കുലുക്കിക്കൊണ്ട് കമലേഷ് പറയുന്നു. “ഇപ്പോൾ ആ വാക്കോ അതിന്റെ അർത്ഥമോ ഓർത്തെടുക്കാനാവുന്നില്ല.”
“ഭരിയാടിയിൽ ഇനിയും ഇതുപോലെ എനിക്കറിയാത്ത എത്ര വാക്കുകളുണ്ടാവും” എന്ന് ആ സംഭവം അയാളെ ചിന്തിപ്പിച്ചു. ആ ഭാഷയിൽ തനിക്ക് പ്രാവീണ്യമുണ്ടെന്ന് അയാൾക്കറിയാമായിരുന്നു. വളർത്തി വലുതാക്കിയ അപ്പൂപ്പനമ്മൂമ്മമാരോട് ഭരിയാടിയിലായിരുന്നു അയാൾ സംസാരിച്ചിരുന്നത്. “എന്റെ കൌമാരംവരെ, ഞാൻ ആ ഒരൊറ്റ ഭാഷ മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളു. ഹിന്ദിയിൽ ഒഴുക്കോടെ സംസാരിക്കാൻ എനിക്ക് ഇപ്പോഴും ബുദ്ധിമുട്ടുണ്ട്,” ചിരിച്ചുകൊണ്ട് അയാൾ പറയുന്നു.





















