ഒരു ഉച്ചയ്ക്ക് തന്റെ ഫോണിലൂടെ അശോക് ടാംഗ്ഡെ പരതിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു വാട്ട്സാപ്പ് അറിയിപ്പ് പൊങ്ങിവന്നത്. ഒരു ഡിജിറ്റൽ വിവാഹക്ഷണമായിരുന്നു അത്. അങ്കലാപ്പ് നിറഞ്ഞ മുഖത്തോടെ, പ്രായം കുറഞ്ഞ ഒരു ആൺകുട്ടിയും പെൺകുട്ടിയും പരസ്പരം നോക്കുന്ന ഒരു ചിത്രവുമുണ്ടായിരുന്നു അതിൽ. വിവാഹത്തിന്റെ തീയ്യതി, സമയം, സ്ഥലം എന്നിവയെല്ലാം രേഖപ്പെടുത്തിയിരുന്നു.

എന്നാൽ ടാംഗ്ഡെ പങ്കെടുക്കാൻ പോകുന്ന ഒരു വിവാഹമായിരുന്നില്ല അത്.

പടിഞ്ഞാറേ ഇന്ത്യയിലെ ഒരു ജില്ലയിലുള്ള അദ്ദേഹത്തിന്റെ ഒരു സഹചാരി അയച്ചുകൊടുത്ത ക്ഷണക്കത്തായിരുന്നു അത്. വിവാഹപത്രത്തോടൊപ്പം, പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റും വെച്ചിരുന്നു. 17 വയസ്സുള്ള ഒരു പെൺകുട്ടി. നിയമപ്രകാരം, പ്രായപൂർത്തിയാകാത്ത ഒരുവൾ.

കാർഡ് നോക്കിയപ്പോൾ, അടുത്ത ഒരു മണിക്കൂറിനുള്ളിൽ വിവാഹം നടക്കുമെന്ന് അശോകിന് മനസ്സിലായി. തന്റെ സുഹൃത്തും സമപ്രായക്കാരനുമായ തത്വശീൽ കാംബ്ലെയെ ഫോൺ വിളിച്ച് വരുത്തി, ഒരു കാറിൽ ചാടിക്കയറി ഇരുന്നു.

“ഇത് ഞങ്ങൾ താമസിക്കുന്ന ബീഡ് പട്ടണത്തിൽനിന്ന് അരമണിക്കൂർ ദൂരത്തായിരുന്നു”, 2023 ജൂണിൽ നടന്ന സംഭവം ഓർത്തുകൊണ്ട് ടാംഗ്‌ഡെ പറയുന്നു. “പോകുന്ന വഴിക്ക് ഞങ്ങൾ ഇതിന്റെ ചിത്രങ്ങൾ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലേക്കും ഗ്രാമസേവകനും അയച്ചുകൊടുത്തു, സമയനഷ്ടമുണ്ടാകാതിരിക്കാൻ”.

ബാലാവകാശ പ്രവർത്തകരാണ് ടാംഗെ‌ഡെയും കാംബ്ലെയും. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ രഹസ്യവിവരമറിയിപ്പുകാർ.

ഈയൊരു ലക്ഷ്യത്തിൽ, അവരെ സഹായിക്കാൻ നിരവധിപേരുണ്ടായിരുന്നു. ആ പെൺകുട്ടികളോട് പ്രണയമുള്ള ഗ്രാമത്തിലെ ഒരു പയ്യൻ മുതൽ, സ്കൂൾ ടീച്ചറും, സാമൂഹികപ്രവർത്തകരും, അങ്ങിനെ, ശൈശവ വിവാഹം ഒരു കുറ്റകൃത്യമാണെന്ന് ബോധ്യമുള്ള ആർക്കും ഒരു രഹസ്യദൂതനാവാം. കഴിഞ്ഞ ചില വർഷങ്ങൾക്കുള്ളിൽ, 2,000 അറിയിപ്പുകാരടങ്ങുന്ന ഒരു ശൃംഖലതന്നെ അവരിരുവരും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Tatwasheel Kamble (left) and Ashok Tangde (right) are child rights activists working in Beed, Maharashtra. In the past decade, they have together prevented over 4,000 child marriages
PHOTO • Parth M.N.

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ബാലാവകാശപ്രവർത്തകരാണ് തത്വശീൽ കാംബ്ലെയും (ഇടത്ത്) അശോക് ടാംഗ്‌ഡെയും (വലത്ത്). കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ, ഇരുവരും ചേർന്ന്, 4,000-ത്തിലധികം ശൈശവവിവാഹങ്ങളെങ്കിലും തടഞ്ഞിട്ടുണ്ട്

“ആളുകൾ ഞങ്ങളെ അറിയിക്കാൻ തുടങ്ങി, അങ്ങിനെയാണ് ഈ രഹസ്യദൂതരുടെ ഒരു സംഘത്തെ, കഴിഞ്ഞ പത്തുകൊല്ലത്തിനുള്ളിൽ ഞങ്ങൾ വളർത്തിയെടുത്തത്. ഞങ്ങൾക്ക് ദിവസവും വിവാഹക്ഷണപ്പത്രങ്ങൾ ഫോണിൽ വരും. എന്നാൽ അതൊന്നും വിവാഹക്ഷണമല്ല”, അയാൾ ചിരിക്കുന്നു.

വാട്ട്സാപ്പിലൂടെ, ഒരു അറിയിപ്പുകാരന് രേഖകൾ ചിത്രത്തിലാക്കി, വളരെ പെട്ടെന്ന് അയച്ചുകൊടുക്കാൻ സാധിക്കുമെന്ന് കാംബ്ലെ പറയുന്നു. രേഖകൾ എളുപ്പത്തിൽ ലഭ്യമല്ലെങ്കിൽ അവർ പെൺകുട്ടികളുടെ സ്കൂളുകളുമായി ബന്ധപ്പെട്ട്, വയസ്സ് തെളിയിക്കുന്ന കടലാസ്സുകൾ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. “അതുവഴി, രഹസ്യദൂതരുടെ പേരുവിവരങ്ങൾ രഹസ്യമായി വെക്കാൻ സാധിക്കും”, അദ്ദേഹം പറയുന്നു. “വാട്ട്സാപ്പിനുമുമ്പ്, അവർക്ക് നേരിട്ട് പോയി തെളിവുകൾ ശേഖരിക്കേണ്ടിവന്നിരുന്നു. അത് അപകടമാണ്. ഒരാൾ അറിയിപ്പുകാരനാണെന്ന് ഗ്രാമത്തിൽ പരസ്യമായാൽ, ആളുകൾ അയാളുടെ ജീവിതം ദുരിതമയമാക്കും”.

തെളിവുകൾ പെട്ടെന്ന് ശേഖരിക്കാനും, അവസാനനിമിഷത്തിൽ ആളുകളെ വിളിച്ചുകൂട്ടാനും സാധിക്കുന്നതിലൂടെ, വാട്ട്സാപ്പുകൾ ഈ ലക്ഷ്യത്തിനെ വലിയ രീതിയിൽ സഹായിക്കുന്നുണ്ടെന്ന് 42 വയസ്സുള്ള ആ ആക്ടിവിസ്റ്റ് പറയുന്നു.

രാജ്യത്തെ 759 ദശലക്ഷം സജീവ ഇന്റർനെറ്റ് ഉപഭോക്താക്കളിൽ, 399 ദശലക്ഷവും ഇന്ത്യൻ ഗ്രാമപ്രദേശങ്ങളിലാണെന്നും, അവരിൽ മിക്കവരും വാട്ട്സാപ്പ് സജീവമായി ഉപയോഗിക്കുന്നുണ്ടെന്നും ഇന്റർനെറ്റ് ഏൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ ( ഐ.എ.എം.എ.ഐ ) പറയുന്നു.

“പൊലീസും നിയമസംവിധാനവുമായി കൃത്യസമയത്ത് സ്ഥലത്ത് എത്തിച്ചേരുക എന്നതാണ് വെല്ലുവിളി. നമ്മൾ അവിടെ എത്താൻ പോകുന്നത് രഹസ്യമായി വെക്കുകയും വേണം”, കാംബ്ലെ പറയുന്നു. “വാട്ട്സാപ്പിനുമുമ്പ്, അതൊരു വലിയ വെല്ലുവിളിയായിരുന്നു”.

വിവാഹസ്ഥലത്തുവെച്ച്, രഹസ്യദൂതരുമായുള്ള ഇടപെടലുകൾ പലപ്പോഴും രസകരമായ അനുഭവമാകാറുണ്ട് എന്ന് ടാംഗ്‌ഡെ പറയുന്നു. “സാധാരണ മട്ടിൽ പെരുമാറണമെന്ന് ഞങ്ങൾ അവരോട് മുൻ‌കൂട്ടി പറഞ്ഞേൽ‌പ്പിക്കും. ഞങ്ങളെ കണ്ടതായി ഭാവിക്കുകപോലും ചെയ്യരുതെന്നും”, അയാൾ പറയുന്നു. “എന്നാൽ എല്ലാവർക്കും ഇത് പറ്റാറില്ല. ചിലപ്പോൾ, ആളുകളെ തെറ്റിദ്ധരിപ്പിക്കാനായി, ഞങ്ങൾക്ക് ആളുകളുടെ മുമ്പിൽ‌വെച്ച് അവരോട് ദേഷ്യപ്പെട്ട് സംസാരിക്കേണ്ടിവരാറുണ്ട്. വിവാഹം തടഞ്ഞതിനുശേഷം അവരെ ആരും സംശയിക്കാതിരിക്കാനാണ് അങ്ങിനെ ചെയ്യുന്നത്”.

ദേശീയ കുടുംബാരോഗ്യ സർവേയുടെ 2019-21-ലെ ( എൻ.എഫ്.എച്ച്.എസ് 5 ) ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച്, 20-24 വയസ്സിനകത്തുള്ള 23.3 ശതമാനം പെൺകുട്ടികളും പറഞ്ഞത്, അവർ 18 വയസ്സിനുമുൻപ് വിവാഹം കഴിച്ചു എന്നാണ്. രാജ്യത്ത്, നിയമാനുസൃതം വിവാഹം കഴിക്കാനുള്ള പ്രായമാണ് 18. എന്നാൽ, ഏകദേശം 3 ദശലക്ഷം ആളുകൾ താമസിക്കുന്ന ബീ ജില്ലയിൽ, ഇത് ഏകദേശം ഇരട്ടിയാണ് – 43.7 ശതമാനം. വളരെ ചെറുപ്പത്തിലുള്ള വിവാഹം ഒരു വലിയ ആരോഗ്യപ്രശ്നം‌തന്നെയാണ്. ചെറിയ പ്രായത്തിലുള്ള ഗർഭധാരണത്തിലേക്കും, അമ്മമാരുടെ മരണനിരക്കിലേക്കും, പോഷകാഹാരക്കുറവിലേക്കുമൊക്കെ അത് നയിക്കും.

WhatsApp has greatly helped their cause by allowing them to quickly gather evidence and mobilise people at the last minute. O ver the years, the two activists have cultivated a network of over 2,000 informants
PHOTO • Parth M.N.

തെളിവുകൾ പെട്ടെന്ന് ശേഖരിക്കാനും, അവസാനനിമിഷത്തിൽ ആളുകളെ വിളിച്ചുകൂട്ടാനും സാധിക്കുന്നതിലൂടെ, വാട്ട്സാപ്പുകൾ അവരുടെ ലക്ഷ്യത്തെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ, 2,000-ത്തിലധികം രഹസ്യദൂതരുടെ ഒരു ശൃംഖലതന്നെ അവർക്ക് വളർത്തിയെടുക്കാൻ സാധിച്ചു

സംസ്ഥാനത്ത് പുഷ്ടിപ്രാപിച്ചുകൊണ്ടിരിക്കുന്ന പഞ്ചസാരവ്യവസായവുമായി, ബീഡിലെ ശൈശവവിവാഹങ്ങൾക്ക് അടുത്ത ബന്ധമുണ്ട്. മഹാരാഷ്ട്രയിലെ കരിമ്പുവെട്ടുകാരുടെ കേന്ദ്രമാണ് ഈ ജില്ല. പഞ്ചസാര ഫാക്ടറികൾക്കുവേണ്ടി കരിമ്പു വെട്ടാൻ തൊഴിലാളികൾ നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടി സംസ്ഥാനത്തിന്റെ ഈ പടിഞ്ഞാറൻ പ്രദേശത്തേക്ക് കുടിയേറുന്നു. തൊഴിലാളികളിൽ മിക്കവരും പട്ടികജാതി, പട്ടികഗോത്ര വിഭാഗക്കാരാണ്. ഇന്ത്യയിലെ ഏറ്റവും താഴേക്കിടയിലുള്ള വിഭാഗം.

ഉത്പാദനച്ചിലവും, വിളകളുടെ വിലയിൽ വന്ന് ഇടിവും, കാലാവസ്ഥാ വ്യതിയാനവും മൂലം, കൃഷിക്കാർക്കും തൊഴിലാളികൾക്കും കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കാൻ സാധിക്കാതെയായി. അതിനാൽ അവർ, ആറുമാസത്തെ നടുവൊടിക്കുന്ന തൊഴിൽ ചെയ്യാൻ നിർബന്ധിതരായി ഇവിടേക്ക് കുടിയേറുന്നു. ഇതിൽനിന്ന് അവർ 25,000-ത്തിനും 30,000-ത്തിനുമിടയിൽ രൂപ സമ്പാദിക്കുന്നു. (വായിക്കുക: ദി ലോംഗ് റോഡ് ടു ദ് ഷുഗർകേയ്ൻ ഫീൽഡ്സ് – കരിമ്പുപാടങ്ങളിലേക്കുള്ള നീണ്ട വഴികൾ).

ഈ തൊഴിലിനായി കരാറുകാർ വാടകയ്ക്കെടുക്കുന്നത്, ദമ്പതികളെയാണ്. രണ്ടുപേർ ഒരുമിച്ച് ചെയ്യേണ്ട ജോലിയാണിത്. ഒരാൾ കരിമ്പ് വെട്ടുമ്പോൾ, മറ്റയാൾ അത് കെട്ടുകളാക്കി, ട്രാക്ടറിൽ കയറ്റണം. ദമ്പതികളാവുമ്പോൾ, ശമ്പളത്തിന്റെ പേരിൽ പരസ്പരം വഴക്കുകളും ബഹളങ്ങളുമുണ്ടാവുകയുമില്ല. ഇരുവരേയും ഒരൊറ്റ യൂണിറ്റായി കണക്കാക്കുകയും ചെയ്യാം.

“മിക്ക കരിമ്പുവെട്ടൽ കുടുംബങ്ങളും നിവൃത്തികേടുകൊണ്ടാണ് ഇതിന് സമ്മതിക്കുന്നത്. 2006-ലെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരം വിലക്കിയിട്ടുള്ള ഈ പതിവുരീതിയെ സൂചിപ്പിച്ചുകൊണ്ട് ടാംഗ്ഡെ പറയുന്നു.

എന്നാൽ ഇതുമൂലം, ടാംഗ്ഡെയെയും കാംബ്ലെയെയുംപോലുള്ള ആക്ടിവിസ്റ്റുകൾക്ക് സദാസമയവും തിരക്കാണ്.

അഞ്ച് അംഗങ്ങൾ ഉൾപ്പെടുന്ന ശിശു സംരക്ഷണ സമിതിയുടെ (സി.ഡബ്ല്യു.സി.) ബീഡ് ജില്ലയിലെ അദ്ധ്യക്ഷനാണ് ടാംഗ്ഡെ. 2015-ലെ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം നിലവിൽ വന്ന സ്വാശ്രയാധികാരമുള്ള ഒരു സ്ഥാപനമാണത്. ജില്ലയിലെ സി.ഡബ്ല്യു.സി.യിലെ മുൻ അംഗമായിരുന്ന കാംബ്ലെയാവട്ടെ, ഇപ്പോൾ ബാലാവകാശത്തിനായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടനയിൽ ചേർന്ന് പ്രവർത്തിച്ചുവരുന്നു. “കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ, ഞങ്ങളിൽ ഒരാൾക്ക് ഇതിൽ എന്തെങ്കിലുമൊരു ചുമതലയുണ്ടായിരുന്നു. മറ്റയാൾ മേഖലയിൽ പ്രവർത്തിക്കുകയും ചെയ്യുകയായിരുന്നു. ഞങ്ങൾ ശക്തമായ ഒരു കൂട്ടുകെട്ടായി മാറി”, ടാംഗ്‌ഡെ പറയുന്നു.

*****

Early marriages in Beed are closely linked to the state's sugar industry. Contractors prefer to hire married couples as the job requires two people to work in tandem; the couple is treated as one unit, which makes it easier to pay them and also avoids conflict
PHOTO • Parth M.N.

സംസ്ഥാനത്തെ പഞ്ചസാരവ്യവസായവുമായി, ബീഡിലെ ശൈശവവിവാഹങ്ങൾക്ക് അഭേദ്യമായ ബന്ധമുണ്ട്. ഈ തൊഴിൽ ചെയ്യാൻ, കരാറുകാർ ദമ്പതികളെയാണ് നിയമിക്കുന്നത്. രണ്ടുപേർ ഒരുമിച്ച് ചെയ്യേണ്ട ജോലിയാണിത്. ദമ്പതികളാവുമ്പോൾ, ശമ്പളത്തിന്റെ പേരിൽ സംഘർഷങ്ങൾ ഒഴിവാക്കുകയും ചെയ്യാം

അമ്മാവൻ സഞ്ജയുടേയും അമ്മായി രാജശ്രീയുടേയും കൂടെയാണ് പൂജ താമസിക്കുന്നത്. കഴിഞ്ഞ 15 വർഷമായി എല്ലാ വർഷവും കരിമ്പ് വെട്ടാൻ കുടിയേറുന്ന കുടുംബമാ‍ണ് സഞ്ജയുടേത്. 2023 ജൂണിൽ ടാംഗ്ഡെയും കാംബ്ലെയും തടയാൻ ചെന്ന വിവാഹം പൂജയുടേതായിരുന്നു.

ആക്ടിവിസ്റ്റുകളായ ഇരുവരും അവിടെ എത്തിയപ്പോഴേക്കും ഗ്രാമ സേവകും, പൊലീസുകാരും സ്ഥലത്തെത്തുകയും ബഹളം തുടങ്ങുകയും ചെയ്തിരുന്നു. ആഘോഷത്തിന്റെ അന്തരീക്ഷം ആദ്യം അങ്കലാപ്പിലേക്കും പിന്നീട് ഒരു ശവസംസ്കാരത്തിന്റേതുപോലെയുള്ള മ്ലാനതയിലേക്കും നീങ്ങി. തങ്ങൾക്കെതിരേ പൊലീസിന്റെ കേസുണ്ടാവുമെന്ന് മുതിർന്നവർ തിരിച്ചറിഞ്ഞു. “നൂറുകണക്കിന് അതിഥികൾ ഹാളിൽനിന്ന് ഇറങ്ങിപ്പോകാൻ തുടങ്ങി. ചെക്കന്റേയും പെണ്ണിന്റേയും കുടുംബങ്ങൾ പൊലീസിന്റെ കാൽക്കൽ വീണ് മാപ്പിരക്കാനും തുടങ്ങി”, കാംബ്ലെ പറയുന്നു.

തനിക്ക് തെറ്റ് പറ്റിയെന്ന്, വിവാഹം സംഘടിപ്പിച്ച 35 വയസ്സുള്ള സഞ്ജയിന് മനസ്സിലായി. “ഞാനൊരു പാവം കരിമ്പുതൊഴിലാളിയാണ്. എനിക്ക് മറ്റൊന്നും ആലോചിക്കാൻ പറ്റിയില്ല”, അയാൾ പറയുന്നു.

പൂജയും മൂത്ത സഹോദരി ഊർജയും കുട്ടികളായിരുന്നപ്പോൾത്തന്നെ, അവരുടെ അച്ഛൻ ഒരപകടത്തിൽ മരിക്കുകയും അമ്മ പുനർവിവാഹം നടത്തുകയും ചെയ്തു. പുതിയ കുടുംബം പെൺകുട്ടികളെ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. അതിനാൽ സഞ്ജയും രാജശ്രീയുമാണ് ആ കുട്ടികളെ വളർത്തിയത്.

പ്രൈമറി സ്കൂളിനുശേഷം, സഞ്ജയ് തന്റെ മരുമക്കളെ ബീഡിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള പുനെ നഗരത്തിലെ ഒരു ബോർഡിംഗ് സ്കൂളിൽ ചേർത്തു.

ഊർജയുടെ ബിരുദപഠനം കഴിഞ്ഞപ്പോൾ, സ്കൂളിലെ കുട്ടികൾ, പൂജയെ പരിഹസിക്കാനും ഉപദ്രവിക്കാനും തുടങ്ങി. “തനി നാടനെപ്പോലെ സംസാരിക്കുന്നതിന് അവർ എന്നെ കളിയാക്കാറുണ്ടായിരുന്നു. ചേച്ചി ഉണ്ടായിരുന്നപ്പോൾ എന്നെ സഹായിക്കാൻ അവൾ വരാറുണ്ടായിരുന്നു. എന്നാൽ അവൾ പോയപ്പോൾ, എനിക്ക് ഒട്ടും സഹിക്കാൻ വയ്യാതെ ഞാൻ വീട്ടിലേക്ക് മടങ്ങി”, പൂജ പറയുന്നു

'Most of the [sugarcane-cutting] families are forced into it [child marriage] out of desperation. It isn’t black or white...it opens up an extra source of income. For the bride’s family, there is one less stomach to feed,'  says Tangde
PHOTO • Parth M.N.


‘നിവൃത്തികേടുകൊണ്ടാണ് മിക്ക (കരിമ്പുവെട്ടൽ) കുടുംബങ്ങളും ശൈശവ വിവാഹത്തിന് നിർബന്ധിതരാവുന്നത്. അതിൽ തെറ്റും ശരിയുമൊന്നുമില്ല. ഒരു അധികവരുമാനത്തിനുള്ള സാധ്യതയാണത്. പെൺകുട്ടിയുടെ കുടുംബത്തിനാകട്ടെ, ഒരാളുടെ ബദ്ധ്യത കഴിയുകയും ചെയ്യും’, ടാംഗ്ഡെ പറയുന്നു

2022 നവംബറിൽ പൂജ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ സഞ്ജയും രാജശ്രീയും അവളേയും കൂട്ടി 500 കിലോമീറ്റർ അകലെ, സത്താറ ജില്ലയിലേക്ക്, കരിമ്പ് മുറിക്കാൻ യാത്രയായി. ആറുമാസത്തേക്കായിരുന്നു ആ ജോലി. അവളെ വീട്ടിൽ ഒറ്റയ്ക്കാക്കി പോകാൻ അവർക്ക് ഇഷ്ടമുണ്ടായിരുന്നില്ല. എന്നാൽ ജോലിസ്ഥലത്തെ ചുറ്റുപാടുകൾ അതീവശോചനീയമായിരുന്നുവെന്ന് അവർ പറയുന്നു.

“വൈക്കോലുകൊണ്ടുണ്ടാക്കിയ ഒരു താത്ക്കാലിക കൂരയിലാണ് ഞങ്ങൾ താമസിക്കുന്നത്“, സഞ്ജയ് പറയുന്നു. “കക്കൂസൊന്നും ഉണ്ടായിരുന്നില്ല. വെളിമ്പറമ്പുകളിലാണ് ഞങ്ങൾ അതൊക്കെ നിർവ്വഹിച്ചിരുന്നത്. ദിവസവും 18 മണിക്കൂർ കരിമ്പ് വെട്ടി വീട്ടിലെത്തിയാൽ, ആകാശത്തിനുകീഴെയിരുന്ന് ഭക്ഷണം പാകം ചെയ്യും. ഞങ്ങൾക്കതൊക്കെ ശീലമായിരുന്നു. എന്നാൽ പൂജയ്ക്ക് അത്തരം ദിവസങ്ങൾ ദുരിതത്തിന്റേതായിരുന്നു”.

സത്താറയിൽനിന്ന് തിരിച്ചുവന്നപ്പോൾ സഞ്ജയ്, തന്റെ ബന്ധുക്കളുടെ സഹായത്തോടെ പൂജയ്ക്ക് ഒരാളെ കണ്ടെത്തി. അവൾ കുട്ടിയായിരുന്നുവെങ്കിലും, വിവാഹവുമായി മുന്നോട്ട് പോകാൻ അവർ തീരുമാനിച്ചു. വീട്ടിൽത്തന്നെ താമസിച്ച്, അടുത്തെവിടെയെങ്കിലും ജോലി കണ്ടെത്താനുള്ള സാഹചര്യം ആ ദമ്പതികൾക്കുണ്ടായിരുന്നില്ല.

“കൃഷി ചെയ്യാൻ കാലാവസ്ഥയെ ആശ്രയിക്കാൻ പറ്റാതായി“, സഞ്ജയ് പറയുന്നു. “ഞങ്ങളുടെ രണ്ടേക്കർ സ്ഥലത്ത് ഇപ്പോൾ സ്വന്തമാവശ്യത്തിനുള്ള ഭക്ഷണം മാത്രമേ വിളവെടുക്കാൻ സാധിക്കുന്നുള്ളു. അവളുടെ ഭാവിക്ക് നല്ലതെന്ന് തോന്നിയ കാര്യം ചെയ്തു എന്നേയുള്ളു. അടുത്ത തവണ ജോലിക്ക് പോകുമ്പോൾ അവളെ കൊണ്ടുപോകാനാവില്ല. വീട്ടിൽ ഒറ്റയ്ക്ക് വിട്ടുപോകുന്നത് സുരക്ഷിതവുമല്ല”, അവർ പറയുന്നു.

*****

ഏകദേശം 15 കൊല്ലം മുമ്പ്, ഭാര്യയുടേയും പ്രശസ്തനായ സാമൂഹികപ്രവർത്തക മനീഷ ടൊക്ലെയുടേയും കൂടെ ജില്ലയിൽ സഞ്ചരിക്കുന്ന കാലത്താണ് ആദ്യമായി, അശോക് ടാംഗ്ഡെ, ബീഡിലെ കരിമ്പുവെട്ടുകാരുടെ ഇടയിലുള്ള ഈ ബാലവിവാഹമെന്ന പ്രതിഭാസത്തെക്കുറിച്ച് കേൾക്കുന്നത്. സ്ത്രീകളായ കരിമ്പുവെട്ടുകാരുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ആളായിരുന്നു മനീഷ.

“മനീഷയോടൊപ്പം ആ തൊഴിലാളികളെ കണ്ടുമുട്ടിയപ്പോൾ, അവരൊക്കെ, അവരുടെ കൌമാരപ്രായത്തിലോ, അതിന് മുൻപുതന്നെയോ വിവാഹിതരായവരാണെന്ന് ഞാൻ മനസ്സിലാക്കി. അപ്പോഴാണ് ഈ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന് ഞാൻ കരുതിയത്”.

ബീഡിലെ വികസനമേഖലയിൽ പ്രവർത്തിച്ചിരുന്ന കാംബ്ലെയുമായി അദ്ദേഹം ബന്ധപ്പെട്ടു. തുടർന്നാണ് ഇവരിരുവരും ഒത്തൊരുമിച്ചത്.

10-12 വർഷം മുമ്പ്, ആദ്യമായി, ഒരു ശൈശവ വിവാഹം തടഞ്ഞപ്പോൾ, ബീഡിൽ അങ്ങിനെയൊരു പ്രവൃത്തിയെക്കുറിച്ച് ആരും കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല.

According to the latest report of National Family Health Survey 2019-21, a fifth of women between the age of 20-24 were married before they turned 18. In Beed, a district with a population of roughly 3 million, the number is almost double the national average
PHOTO • Parth M.N.

ദേശീയ കുടുംബാരോഗ്യ സർവേയുടെ 2019-21-ലെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച്, 20-24 വയസ്സിനകത്തുള്ള പെൺകുട്ടികളിൽ അഞ്ചിലൊരാൾ 18 വയസ്സിനുമുൻപ് വിവാഹം കഴിക്കുന്നു. എന്നാൽ, ഏകദേശം 3 ദശലക്ഷം ആളുകൾ താമസിക്കുന്ന ബീഡ് ജില്ലയിൽ, ഇത് ദേശീയ ശരാശരിയുടെ ഇരട്ടിയാണ്

“ആളുകൾ അതിശയിക്കുകയും ഞങ്ങളുടെ ആത്മാർത്ഥതയെ സംശയിക്കുകയും ചെയ്തു“, ടാംഗ്ഡെ പറയുന്നു. “ഇതൊന്നും ഇവിടെ നടക്കുമെന്ന് മുതിർന്നവർ വിശ്വസിച്ചില്ല. ശൈശവ വിവാഹത്തിന് സമ്പൂർണ്ണമായ അംഗീകാരം സമുദായത്തിലുണ്ടായിരുന്നു. ചില സമയങ്ങളിൽ കരാറുകാർതന്നെ കല്ല്യാണം സ്വന്തം ചിലവിൽ നടത്തിക്കൊടുത്ത്, വധൂവരന്മാരെ കരിമ്പ് വെട്ടാൻ കൊണ്ടുപോകാറുണ്ടായിരുന്നു”.

അതിനുശേഷം അവരിരുവരും ബീഡിലെ ഗ്രാമങ്ങളിലുടനീളം, ബസ്സുകളിലും ഇരുചക്രവാഹനങ്ങളിലും സഞ്ചരിച്ച്, ആളുകളെ സംഘടിപ്പിച്ച്, രഹസ്യദൂതന്മാരുടെ ഒരു ശൃംഖല സൃഷ്ടിച്ചു. ഇതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിലും, തങ്ങളുടെ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിലും പ്രാദേശിക മാധ്യമങ്ങളും വലിയൊരു പങ്ക് വഹിച്ചിട്ടുണ്ടെന്ന് കാംബ്ലെ വിശ്വസിക്കുന്നു.

ഇതുവരെയായി, ജില്ലയിലുടനീളം, 4,500 ശൈശവ വിവാഹങ്ങളെക്കുറിച്ച് അവർ വിവരങ്ങൾ പങ്കുവെച്ച് അവ തടഞ്ഞിട്ടുണ്ട്. വിവാഹം തടഞ്ഞതിനുശേഷം, 2006-ലെ ശൈശവ വിവാഹനിരോധന നിയമമനുസരിച്ച് ഒരു പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നു. വിവാഹം നടന്നുകഴിഞ്ഞിട്ടുണ്ടെങ്കിൽ, വരനെതിരേ പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് (പോക്സോ ) - ലൈംഗികാതിക്രമങ്ങൾക്കെതിരേയുള്ള കുട്ടികളുടെ സംരക്ഷണനിയമമനുസരിച്ച് - കേസ് ചുമത്തുകയും പെൺകുട്ടിയെ സി.ഡബ്ല്യു.സി ഏറ്റെടുക്കുകയും ചെയ്യും.

“ഞങ്ങൾ പെൺകുട്ടിക്കും വീട്ടുകാർക്കും വിദഗ്ദ്ധോപദേശം നൽകും, ശൈശവ വിവാഹത്തിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരിക്കും”, ടാംഗ്ഡെ പറയുന്നു. “അതിനുശേഷം സി.ഡബ്ല്യു.സി. എല്ലാ മാസവും കുടുംബവുമായി തുടർബന്ധം പുലർത്തി, പെൺകുട്ടി വീണ്ടും വിവാഹതിയായിട്ടില്ലെന്ന് ഉറപ്പുവരുത്തും. മിക്ക രക്ഷിതാക്കളും കരിമ്പു മുറിക്കുന്ന തൊഴിലാളികളാണ്”.

*****

2023 ജൂൺ ആദ്യവാരം, നടക്കാൻ പോകുന്ന മറ്റൊരു ബാലവിവാഹത്തെക്കുറിച്ച് ടാംഗ്ഡെക്ക് വിവരം ലഭിച്ചു. തന്റെ താമസസ്ഥലത്തുനിന്ന് രണ്ട് മണിക്കൂറിലേറെ യാത്രാദൂരമുള്ള വിദൂരമായ, കുന്നിൻപുറത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു വിവാഹം. “സമയത്തിനെത്തിച്ചേരാൻ പറ്റില്ലെന്ന് മനസ്സിലാക്കിയതുകൊണ്ട്, ഞാൻ ആ വിവരം താലൂക്കിലെ എന്റെ ആളെ അറിയിച്ചു. അയാൾ വേണ്ടതെല്ലാം ചെയ്തു. ഇപ്പോൾ എല്ലാവർക്കും എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് അറിയാം”, അദ്ദേഹം പറയുന്നു.

അധികാരികൾ വന്ന്, വിവാഹം തടഞ്ഞപ്പോൾ, അത് ആ പെൺകുട്ടിയുടെ മൂന്നാമത്തെ വിവാഹമാണെന്ന് അവർ മനസ്സിലാക്കി. മറ്റ് രണ്ട് വിവാഹങ്ങളും കോവിഡ് 19-നോടടുപ്പിച്ചുള്ള രണ്ട് വർഷത്തിനുള്ളിലാണ് നടന്നിരുന്നത്. ലക്ഷ്മി എന്ന ആ പെൺകുട്ടിക്ക് 17 വയസ്സ് തികഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു.

ടാംഗ്ഡെയുടേയും കാംബ്ലെയുടേയും വർഷങ്ങളായുള്ള കഠിനാദ്ധ്വാനത്തിന് വലിയൊരു തിരിച്ചടിയായിരുന്നു കോവിഡ് 19-ന്റെ വരവ്. സർക്കാർ നടപ്പാക്കിയ അടച്ചുപൂട്ടൽ മൂലം സ്കൂളുകളും കൊളേജുകൾ അനിശ്ചിതകാലത്തേക്ക് അടഞ്ഞുകിടക്കുകയും കുട്ടികൾ വീട്ടിനകത്ത് പെട്ടുപോവുകയും ചെയ്തു. സ്കൂളുകളുടെ അടവും, വർദ്ധിക്കുന്ന ദാരിദ്ര്യവും, അച്ഛനമ്മമാരുടെ മരണവും മറ്റ് ഘടകങ്ങളും എല്ലാം ചേർന്ന് “ദശലക്ഷക്കണക്കിന് പെൺകുട്ടികളുടെ ജീവിതം പിന്നെയും കൂടുതൽ ദുരിതമാക്കി” എന്ന് 2021 മാർച്ചിൽ പുറത്തിറങ്ങിയ ഒരു യൂണിസെഫ് റിപ്പോർട്ട് പറയുന്നു

ബീഡ് ജില്ലയിൽ അത് ടാംഗ്ഡെ അടുത്തുനിന്ന് കാണുകയും ചെയ്തു. അവിടെയുള്ള പ്രായപൂർത്തിയാകാത്ത ധാരാളം പെൺകുട്ടികൾ ആ കാലത്ത് ധൃതിപിടിച്ച് വിവാഹം ചെയ്യിപ്പിച്ചയയ്ക്കപ്പെട്ടു (വായിക്കുക: ബീഡിലെ ശൈശവ വിവാഹവും തകരുന്ന പ്രതീക്ഷകളും )

An underage Lakshmi had already been married twice before Tangde and Kamble prevented her third marriage from taking place in June 2023
PHOTO • Parth M.N.

2023 ജൂണിൽ ലക്ഷ്മിയുടെ മൂന്നാമത്തെ വിവാഹം ടാംഗെഡെയും കാംബ്ലെയും ചേർന്ന് തടയുന്നതിന് മുമ്പുതന്നെ പ്രായപൂർത്തിയാകാത്ത അവൾ രണ്ടുതവണ വിവാഹിതയായിരുന്നു

2021-ൽ മഹാരാഷ്ട്രയിലെ രണ്ടാമത്തെ അടച്ചുപൂട്ടൽ കാലത്ത്, ലക്ഷ്മിയുടെ അമ്മ വിജയമാല തന്റെ മകൾക്കുവേണ്ടി ബീഡ് ജില്ലയിൽനിന്ന് വരനെ കണ്ടെത്തിയിരുന്നു. അന്നവൾക്ക് 15 വയസ്സായിരുന്നു പ്രായം.

“എന്റെ ഭർത്താവ് ഒരു കുടിയനാണ്. കരിമ്പുവെട്ടാനായി ആറുമാസമൊഴിച്ച് ബാക്കിയുള്ള കാലത്തൊന്നും അയാൾ ഒരു പണിക്കും പോവില്ല. കുടിച്ച് ലക്ക് കെട്ട് വന്ന് എന്നെ തല്ലും. മകൾ തടയാൻ ചെന്നാൽ അവളേയും തല്ലും. അവളെ എങ്ങിനെയെങ്കിലും ഇവിടെനിന്ന് രക്ഷപ്പെടുത്തണമെന്ന് ഞാൻ കരുതി”, 30 വയസ്സുള്ള ആ സ്ത്രീ പറയുന്നു.

എന്നാൽ ലക്ഷ്മിയുടെ ഭർത്തൃവീട്ടുകാരും മോശമായിട്ടായിരുന്നു പെരുമാറിയിരുന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ, ഭർത്താവിൽനിന്നും അയാളുടെ കുടുംബത്തിൽനിന്നും രക്ഷപ്പെടാനായി അവൾ, സ്വന്തം ശരീരത്ത് മണ്ണെണ്ണയൊഴിച്ചു. അതിനുശേഷം ഭർത്തൃവീട്ടുകാർ അവളെ അവളുടെ വീട്ടിലേക്ക് തിരിച്ചയച്ചു. പിന്നീടൊരിക്കലും അവൾ മടങ്ങിപ്പോയിട്ടില്ല.

ആറുമാസത്തിനുശേഷം വീണ്ടും നവംബറിൽ, വിജയമാലയ്ക്കും ഭർത്താവ് 33 വയസ്സുള്ള പുരുഷോത്തമനും കരിമ്പ് വെട്ടാൻ പശ്ചിമ മഹാരാഷ്ട്രയിലേക്ക് പോകാനുള്ള സമയമായി. പാടത്ത് സഹായിക്കാനായി അവർ ലക്ഷ്മിയേയും കൂടെ കൂട്ടി. അവിടുത്തെ മോശപ്പെട്ട താമസസൌകര്യങ്ങളെക്കുറിച്ച് അവൾക്ക് അറിയാമായിരുന്നു. എന്നാൽ, സംഭവിക്കാൻ പോകുന്ന കാര്യത്തെക്കുറിച്ച് അവൾക്കൊരു ഊഹവുമുണ്ടായിരുന്നില്ല.

കരിമ്പുപാടത്ത്, പുരുഷോത്തമൻ ഒരാളെ കണ്ടുമുട്ടി. വിവാഹമന്വേഷിച്ച് നടക്കുന്ന ഒരാൾ. അയാളോട് തന്റെ മകളെക്കുറിച്ച് അയാൾ പറഞ്ഞു. അയാൾക്ക് 45 വയസ്സുണ്ടായിരുന്നു. ലക്ഷ്മിയുടേയും വിജയമാലയുടേയും എതിർപ്പുകൾ വകവെക്കാതെ പുരുഷോത്തമൻ തന്റെ മകളെ, അവളുടെ മൂന്നിരട്ടി പ്രായമുള്ള ആ ആൾക്ക് വിവാഹം ചെയ്തുകൊടുത്തു.

“ഒരിക്കലും അത് ചെയ്യരുതെന്ന് ഞാൻ അയാളോട് യാചിച്ചതാണ്. പക്ഷേ അയാൾ എന്നെ തീർത്തും അവഗണിച്ചു. മിണ്ടിപ്പോകരുതെന്ന് അയാൾ പറഞ്ഞു. എനിക്കെന്റെ മകളെ സഹായിക്കാനായില്ല. അതിനുശേഷം ഞാനയാലോട് സംസാരിച്ചിട്ടേയില്ല”, വിജയമാല പറയുന്നു.

എന്നാൽ ഒരുമാസത്തെ ദുരിതമയമായ വിവാഹജീവിതത്തിനുശേഷം ലക്ഷ്മി വീണ്ടും വീട്ടിലേക്ക് മടങ്ങി. “കഥ പഴയതുതന്നെ. അയാൾക്ക് ഭാര്യയെയല്ല, വീട്ടുജോലിക്കാരിയെയായിരുന്നു ആവശ്യം”, അവൾ പറയുന്നു.

Laxmi's mother Vijaymala says, 'my husband is a drunkard [...] I just wanted her to be away from him.' But Laxmi's husband and in-laws turned out to be abusive and she returned home. Six months later, her father found another groom, three times her age, who was also abusive
PHOTO • Parth M.N.
Laxmi's mother Vijaymala says, 'my husband is a drunkard [...] I just wanted her to be away from him.' But Laxmi's husband and in-laws turned out to be abusive and she returned home. Six months later, her father found another groom, three times her age, who was also abusive
PHOTO • Parth M.N.

ലക്ഷ്മിയുടെ അമ്മ വിജയമാല പറയുന്നു, ‘എന്റെ ഭർത്താവ് ഒരു മുഴുക്കുടിയനാണ് [...], അവളെ അയാളുടെയടുത്തുനിന്ന് രക്ഷപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചു’. എന്നാൽ ലക്ഷ്മിയുടെ ഭർത്താവും വീട്ടുകാരും ഒരുപോലെ അവളെ ഉപദ്രവിക്കുകയായിരുന്നു. അങ്ങിനെ ഒടുവിൽ അവൾ വീട്ടിലേക്ക് മടങ്ങി. ആറുമാസത്തിനുശേഷം അവളുടെ അച്ഛൻ അവൾക്ക് മറ്റൊരാളെ കണ്ടെത്തി. അവളേക്കാൾ മൂന്നിരട്ടി പ്രായമുള്ള ഒരാൾ. അയാളും അവളെ പീഡിപ്പിച്ചു

അതിനുശേഷം ഒരു വർഷത്തിലേറെക്കാലം ലക്ഷ്മി തന്റെ വീട്ടുകാരുടെ കൂടെ താമസിച്ചു. വിജയമാല പാടത്ത് പണിയെടുക്കുമ്പോൾ അവൾ വീട്ടുകാര്യങ്ങൾ നോക്കി. ചെറിയൊരു തുണ്ടുഭൂമിയിൽ സ്വന്തമാവശ്യത്തിന് ചെറുധാന്യങ്ങൾ കൃഷി ചെയ്യുന്നുണ്ടായിരുന്നു കുടുംബം. “കുറച്ച് കൂടുതൽ സമ്പാദിക്കാനായി ഞാൻ മറ്റുള്ളവരുടെ പാടത്തും ജോലി ചെയ്യാറുണ്ട്“, വിജയമാല പറയുന്നു. മാസത്തിൽ അവരുടെ വരുമാനം, കഷ്ടിച്ച് 2,500 രൂപയാണ്. “എന്റെ ദാരിദ്ര്യമാണ് എന്റെ നിർഭാഗ്യം. അതുമായി പൊരുത്തപ്പെട്ടേ പറ്റൂ”, അവർ പറയുന്നു.

2023 മേയിൽ, കുടുംബത്തിലെ ഒരു ബന്ധു ഒരു വിവാഹാലോചനയുമായി വിജയമാലയെ സമീപിച്ചു. “ചെക്കൻ നല്ല കുടുംബത്തിലെയായിരുന്നു” അവർ പറയുന്നു. “സാമ്പത്തികമായി അവർ ഞങ്ങളേക്കാൾ നല്ല നിലയിലായിരുന്നു. ഇത് അവൾക്ക് ചേരുമെന്ന് ഞാൻ കരുതി. ഞാൻ പഠിച്ചിട്ടൊന്നുമില്ല. എന്റെ കഴിവിനനുസരിച്ച് ഒരു തീരുമാനമെടുത്തു”. ഈ വിവാഹത്തിനെക്കുറിച്ചാണ് ടാംഗ്ഡെക്കും കാംബ്ലെക്കും രഹസ്യവിവരം ലഭിച്ചത്.

“അത് ശരിയായ കാര്യമായിരുന്നില്ല” എന്ന് ഇപ്പോൾ വിജയമാല സമ്മതിക്കുന്നു.

“എന്റെ അച്ഛനും മുഴുക്കുടിയനായിരുന്നു. 12 വയസ്സിൽത്തന്നെ എന്നെ വിവാഹം ചെയ്യിപ്പിച്ചയച്ചു”, അവർ പറയുന്നു “അതിനുശേഷം എന്റെ ഭർത്താവിന്റെ കൂട് ഞാൻ കരിമ്പ് വെട്ടാൻ പോകുന്നു. കൌമാരപ്രായത്തിലാണ് ലക്ഷ്മിയെ പ്രസവിച്ചത്. അറിയാതെയാണെങ്കിലും, എന്റെ അച്ഛൻ ചെയ്തതുതന്നെ ഞാനും എന്റെ മകളോട് ചെയ്തു. തെറ്റും ശരിയും പറഞ്ഞുതരാൻ എനിക്കാരുമുണ്ടായിരുന്നില്ല. ഞാൻ ഒറ്റയ്ക്കാണ്”, വിജയമാല പറയുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി സ്കൂൾ പഠനം മുടങ്ങിയ ലക്ഷ്മിക്ക് സ്കൂളിലേക്ക് തിരിച്ചുപോകാൻ വലിയ താത്പര്യമില്ല. “ഞാനെപ്പോഴും വീട്ടുകാര്യങ്ങൾ നോക്കി, പണികളൊക്കെ ചെയ്ത് ജീവിച്ചു. സ്കൂളിലേക്ക് പോകാൻ കഴിയുമോ എന്ന് എനിക്കറിയില്ല. എനിക്ക് ആത്മവിശ്വാസം ഇല്ല”, ആ പെൺകുട്ടി പറയുന്നു.

*****

18 വയസ്സ് തികഞ്ഞാലുടനെ ലക്ഷ്മിയെ അമ്മ വിവാഹം ചെയ്ത് അയപ്പിക്കുമെന്ന് ടാംഗ്ഡെ സംശയിക്കുന്നു. എന്നാൽ അത് എളുപ്പമായിരിക്കില്ല.

“ഒരു പെൺകുട്ടിയുടെ രണ്ട് വിവാഹങ്ങൾ പരാജയപ്പെടുകയും മറ്റൊന്ന് നടക്കാതെ പോവുകയും ചെയ്താൽ, അവൾക്കെന്തോ കാര്യമായി കുഴപ്പമുണ്ടെന്നാണ് ഞങ്ങളുടെ സമൂഹത്തിന്റെ വിശ്വാസം“, ടാംഗ്ഡെ പറയുന്നു. “വിവാഹം കഴിച്ച പുരുഷന്മാരോട് ആരും ഒന്നും ചോദിക്കില്ല. ഇത്തരമൊരു പ്രതിച്ഛായയുമായാണ് ഞങ്ങൾ പോരാടുന്നത്. ഒരു പെൺകുട്ടിയുടെ വിവാഹം മുടക്കി അവളുടെ അന്തസ്സ് നശിപ്പിക്കുന്നവരായിട്ടാണ് ആളുകൾ ഞങ്ങളെ കാണുന്നത്”.

While Tangde and Kamble have cultivated a network of informants across the district and work closely with locals, their help is not always appreciated. 'We have been assaulted, insulted and threatened,' says Kamble
PHOTO • Parth M.N.

ജില്ലയിലുടനീളം രഹസ്യവിവരക്കാരെ വളർത്തിയെടുത്ത്, നാട്ടുകാരോടൊത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും ടാംഗ്ഡെയുടേയും കാംബ്ലെയുടേയും സേവനത്തിന് വലിയ അംഗീകാരമൊന്നും കിട്ടുന്നില്ല. ‘ആക്രമണവും അപമാനവും ഭീഷണിയുമൊക്കെ നേരിടേണ്ടിവന്നിട്ടുണ്ട് ഞങ്ങൾക്ക്’, കാംബ്ലെ പറയുന്നു

തങ്ങളുടെ മരുമകളുടെ വിവാഹം മുടക്കിയവരായിട്ടുതന്നെയാണ് സഞ്ജയും രാജശ്രീയും ആ രണ്ട് ആക്ടിവിസ്റ്റുകളെ കാണുന്നത്.

“അവർക്കത് സമ്മതിച്ചാൽ മതിയായിരുന്നു. നല്ലൊരു കുടുംബമായിരുന്നു ആ ചെക്കന്റേത്. അവർ അവളെ പൊന്നുപോലെ നോക്കിയേനേ. 18 വയസ്സാവാൻ ഇനിയും ഒരു കൊല്ലമുണ്ട്. അതുവരെ കാത്തിരിക്കാൻ അവർ തയ്യാറല്ല. 2 ലക്ഷം രൂപ ഞങ്ങൾ വിവാഹത്തിനായി കടമെടുത്തിരുന്നു. ഇനി ആ നഷ്ടവും സഹിക്കുകതന്നെ”, രാജശ്രീ പറയുന്നു.

പെണ്ണിന്റേത് ഗ്രാമത്തിലെ സ്വാധീനമുള്ള വല്ല കുടുംബവുമായിരുന്നെങ്കിൽ തങ്ങൾക്ക് വലിയ ശത്രുത നേരിടേണ്ടിവന്നേനേ എന്ന് ടാംഗ്ഡെ പറയുന്നു. “ഈ ജോലി ചെയ്ത് ധാരാളം ശത്രുക്കളെ ഞങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്”, അദ്ദേഹം പറയുന്നു. “ഓരോതവണ വിവരം ലഭിക്കുമ്പോഴും കുടുംബത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ഞങ്ങൾ ചെറിയൊരു അന്വേഷണം നടത്തും”.

പ്രാദേശിക രാഷ്ട്രീയക്കാരുമായി ബന്ധമുള്ള കുടുംബമാണെങ്കിൽ, ആ രണ്ട് ഫോൺ കോളുകളെക്കുറിച്ച് അവർക്ക് മുൻ‌കൂട്ടി വിവരം കിട്ടുകയും പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽനിന്ന് ആവശ്യത്തിനുള്ള ആളുകളെ എത്തിക്കുകയും ചെയ്തേനേ.

“ആക്രമണവും അപമാനവും ഭീഷണിയുമൊക്കെ ഞങ്ങൾക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. ആരും സ്വന്തം തെറ്റുകൾ സമ്മതിക്കില്ലല്ലോ”, കാംബ്ലെ പറയുന്നു.

ഒരിക്കൽ, വരന്റെ അമ്മ സ്വന്തം തല നെറ്റിയിലിടിച്ച് ചോര വരുത്തിയെന്ന് ടാംഗ്ഡെ ഓർത്തെടുത്തു. അധികാരികളെ വൈകാരികമായി കീഴ്പ്പെടുത്താനുള്ള ഒരു ശ്രമമായിരുന്നു അത്, “എന്നാൽ ചില വിരുന്നുകാർ ഒന്നുമറിയാത്തതുപോലെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു”, ടാംഗ്ഡെ ചിരിക്കുന്നു. “എന്നാൽ ചിലപ്പോൾ കുടുംബത്തെ നിയന്ത്രിക്കാൻ ബുദ്ധിമുട്ട് നേരിടും. കുട്ടിയുടെ വിവാഹം മുടക്കിയതിന് അവർ നിങ്ങളോട് കുറ്റവാളികളെപ്പോലെ പെരുമാറുമ്പോൾ, എന്തിനാണ് ഈ വയ്യാവേലിക്കൊക്കെ പോകുന്നതെന്ന് സ്വന്തം തോന്നും”, അദ്ദേഹം പറയുന്നു.

In May 2023, three years after they stopped the wedding of a 17-year-old girl, her father walked into the duo's office with a box of sweets. Tangde and Kamble were finally invited to a wedding
PHOTO • Parth M.N.

17 വയസ്സുള്ള ഒരു പെൺകുട്ടിയുടെ വിവാഹം തടഞ്ഞതിനുശേഷം മൂന്ന് വർഷം കഴിഞ്ഞ്, 2023 മേയിൽ, അവളുടെ അച്ഛൻ അവരിരുവരുടേയും ഓഫീസിലേക്ക് മധുരപലഹാരവുമായി വന്നു. വിവാഹത്തിന് അവരെ രണ്ടുപേരേയും ക്ഷണിക്കുകയും ചെയ്തു

എന്നാൽ, ഈ പ്രവൃത്തിയിൽ അഭിമാനവും സന്തോഷവും തോന്നിയിട്ടുള്ള അവസരങ്ങളും ഉണ്ടായിട്ടുണ്ട്. 2020 ആദ്യം, ടാംഗ്ഡെയും കാംബ്ലെയും ചേർന്ന്, 17 വയസ്സുള്ള ഒരു പെൺകുട്ടിയുടെ വിവാഹം തടഞ്ഞു. അവൾ 12-ആം ക്ലാസ് ബോർഡ് പരീക്ഷ കഴിഞ്ഞിരുന്നു. ദരിദ്രനായ അച്ഛൻ - അയാളൊരു കരിമ്പുവെട്ടുകാരനായിരുന്നു – തന്റെ മകളെ വിവാഹം ചെയ്യിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ ഇവരിരുവരും ചേർന്ന് അത് തക്കസമയത്തുതന്നെ തടഞ്ഞു. കോവിഡ് 19-നുശേഷം അവർക്ക് തടയാൻ കഴിഞ്ഞ ചില വിവാഹങ്ങളിലൊന്നായിരുന്നു അത്.

“ഞങ്ങൾ സാധാരണ ചെയ്യുന്ന കാര്യങ്ങൾതന്നെ ചെയ്തു. ഞങ്ങൾ ഒരു പൊലീസ് കേസ് ഫയൽ ചെയ്തു. കടലാസ്സുപണികൾ പൂർത്തിയാക്കി. അച്ഛനെ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു. എന്നാൽ പെൺകുട്ടിയെ വീണ്ടും വിവാഹം ചെയ്യിപ്പിക്കാനുള്ള സാധ്യതയുണ്ടായിരുന്നു”, ടാംഗ്ഡെ പറയുന്നു.

2023 മേയിൽ, ആ പെൺകുട്ടിയുടെ അച്ഛൻ ബീഡിലെ ഇവരിരുവരുടേയും ഓഫീസിലെത്തി. പെട്ടെന്ന് അവർക്ക് ആളെ മനസ്സിലായില്ല. കുറച്ചുകാലം കഴിഞ്ഞിരുന്നല്ലോ. അച്ഛൻ സ്വയം പരിചയപ്പെടുത്തി. മകൾ ബിരുദം പൂർത്തിയാക്കുന്നതുവരെ താൻ കാത്തിരുന്നതായി അറിയിച്ചു. വീണ്ടും ഒരു വിവാഹാലോചന വന്നപ്പോൾ മകളുടെ സമ്മതത്തോടെയാണ് അതിന് സമ്മതിച്ചത്. ടാംഗ്ഡെയുടേയും കാംബ്ലെയുടേയും സേവനത്തെ പുകഴ്ത്തിക്കൊണ്ട്, ഒരു സമ്മാനപ്പൊതി അയാൾ അവർക്ക് നൽകി.

അങ്ങിനെ അവർക്ക്, ഏറെ നാൾക്കുശേഷം, അവർകൂടി പങ്കെടുക്കാൻ പോകുന്ന ഒരു വിവാഹത്തിനുള്ള ക്ഷണം കിട്ടി.

കുട്ടികളുടെ വിവരങ്ങൾ മറച്ചുപിടിക്കാനായി, അവരുടേയും ബന്ധുക്കളുടേയും പേരുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.

തോംസൺ റോയിറ്റേഴ്സ് ഫൌണ്ടേഷന്റെ സഹായത്തോടെയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിലെ ഉള്ളടക്കത്തിന് റിപ്പോർട്ടറും പ്രസാധകനും മാത്രമാണ് ഉത്തരവാദിത്തം.

പരിഭാഷ: രാജീവ് ചേലനാട്ട്

Parth M.N.

ਪਾਰਥ ਐੱਮ.ਐੱਨ. 2017 ਤੋਂ ਪਾਰੀ ਦੇ ਫੈਲੋ ਹਨ ਅਤੇ ਵੱਖੋ-ਵੱਖ ਨਿਊਜ਼ ਵੈੱਬਸਾਈਟਾਂ ਨੂੰ ਰਿਪੋਰਟਿੰਗ ਕਰਨ ਵਾਲੇ ਸੁਤੰਤਰ ਪੱਤਰਕਾਰ ਹਨ। ਉਨ੍ਹਾਂ ਨੂੰ ਕ੍ਰਿਕੇਟ ਅਤੇ ਘੁੰਮਣਾ-ਫਿਰਨਾ ਚੰਗਾ ਲੱਗਦਾ ਹੈ।

Other stories by Parth M.N.
Editor : Sarbajaya Bhattacharya

ਸਰਬਜਯਾ ਭੱਟਾਚਾਰਿਆ, ਪਾਰੀ ਦੀ ਸੀਨੀਅਰ ਸਹਾਇਕ ਸੰਪਾਦਕ ਹਨ। ਉਹ ਬੰਗਾਲੀ ਭਾਸ਼ਾ ਦੀ ਮਾਹਰ ਅਨੁਵਾਦਕ ਵੀ ਹਨ। ਕੋਲਕਾਤਾ ਵਿਖੇ ਰਹਿੰਦਿਆਂ ਉਹਨਾਂ ਨੂੰ ਸ਼ਹਿਰ ਦੇ ਇਤਿਹਾਸ ਤੇ ਘੁਮੱਕੜ ਸਾਹਿਤ ਬਾਰੇ ਜਾਣਨ 'ਚ ਰੁਚੀ ਹੈ।

Other stories by Sarbajaya Bhattacharya
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat