ശ്യാംലാൽ കശ്യപിന്റെ  മൃതദേഹംവെച്ചാണ് അദ്ദേഹത്തിന്റെ കുടുംബത്തോട് അവർ വിലപേശിയത് – അക്ഷരാർത്ഥത്തിൽത്തന്നെ.

അറാക്കോട്ടെ സ്വദേശിയായ ആ കൂലിത്തൊഴിലാളി 2023 മേയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു; തന്റെ ഗർഭിണിയായ ഭാര്യ, 20 വയസ്സുകാരി മാർത്തയെ തനിച്ചാക്കിയാണ് അദ്ദേഹം യാത്രയായത്.

"അവൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവിടെനിന്ന് ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്താൻ 15 കിലോമീറ്റർ പോകണം. അവന്റെ ശരീരം അങ്ങോട്ടാണ് കൊണ്ടുപോയത്," ശ്യാംലാലിന്റെ സഹോദരഭാര്യ, 30 വയസ്സുകാരിയായ സുക്മീതി കശ്യപ് പറയുന്നു. അറാക്കോട്ടെ ഗ്രാമത്തിൽ, തരിശുഭൂമിയുടെ അരികിലായുള്ള, വെളിച്ചം അധികം കടന്നുചെല്ലാത്ത വീടിന്റെ പുറത്തിരിക്കുകയാണ് അവർ. "മരണത്തിൽ സംശയകരമായി ഒന്നുമില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞു."

ശ്യാംലാലിന്റെ മൃതദേഹം ഏറ്റുവാങ്ങി, ഗ്രാമത്തിലേക്ക് കൊണ്ടുപോകാനായി സർക്കാർ ആശുപത്രിയിൽ ഏതാനും ബന്ധുക്കൾ കാത്തുനിന്നു. അതേസമയം ഗ്രാമത്തിൽ, അദ്ദേഹത്തിന്റെ ദുഖാർത്തരായ കുടുംബാംഗങ്ങൾ സംസ്കാരകർമ്മങ്ങൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. തങ്ങൾക്ക് സംഭവിച്ച ദുരന്തം വിശ്വസിക്കാനാകാതെ, അതുമായി പൊരുത്തപ്പെടാനാകാതെ മരവിച്ചിരിക്കുകയായിരുന്നു ആ കുടുംബം.

ആ സമയത്താണ് ചില പ്രദേശവാസികൾ അവിടെ എത്തി, ശ്യാംലാലിന്റെ കുടുംബം ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്താൽ മാത്രമേ അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ ഗ്രാമത്തിൽവെച്ച് നടത്താനാകുകയുള്ളൂ എന്ന് ബന്ധുക്കളെ അറിയിച്ചത്.

പ്രധാനമായും കൂലിവേല ചെയ്തും ചത്തീസ്ഗഢിലെ ബസ്തർ ജില്ലയിൽ സ്വന്തമായുള്ള മൂന്നേക്കർ നിലത്ത് കൃഷിചെയ്തുമാണ് ഈ കുടുംബം ഉപജീവനം കണ്ടെത്തുന്നത്. വീട്ടാവശ്യത്തിനുള്ള അരി മാത്രമാണ് അവർ ഇവിടെ ഉത്പാദിപ്പിക്കുന്നത്.  ഈ കുടുംബത്തിന് ഉണ്ടായിരുന്ന ഏകവരുമാനം, ശ്യാംലാൽ നടുവൊടിയോളം പണിയെടുത്ത് മാസത്തിൽ സമ്പാദിച്ചിരുന്ന 3,000 രൂപയായിരുന്നു

ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളിൽ ഒരു കുഞ്ഞിനെ വളർത്തേണ്ടിവരുമെന്നതോർത്തുള്ള മാനസികസമ്മർദ്ദമാകാം ശ്യാംലാലിനെ തളർത്തിയതെന്നാണ് സുക്മീതി കരുതുന്നത്. "അവൻ ഒരു ആത്മഹത്യാക്കുറിപ്പുപോലും എഴുതിവെച്ചിരുന്നില്ല," അവർ പറയുന്നു.

Sukmiti, sister-in-law of the late Shyamlal Kashyap, holding her newborn in front of the family home.
PHOTO • Parth M.N.

പരേതനായ ശ്യാംലാലിന്റെ സഹോദരഭാര്യ സുക്മീതി തന്റെ കൈക്കുഞ്ഞുമായി കുടുംബവീടിനു മുൻപിൽ

ചത്തീസ്ഗഢിലെ ജനസംഖ്യയുടെ രണ്ടശതമാനം വരുന്ന ക്രിസ്തുമത വിശ്വാസികളിൽ ഉൾപ്പെടുന്നവരാണ് ശ്യാംലാലിന്റെ കുടുംബം അടക്കമുള്ള മടിയ ഗോത്രവിഭാഗം. അവരിൽ പലരും സംസ്ഥാനത്തിന്റെ തെക്കൻഭാഗത്തുള്ള ബസ്തർ പ്രദേശത്താണ് താമസിക്കുന്നത്.

ഇക്കഴിഞ്ഞ മേയ് രണ്ടാം വാരമാണ് ശ്യാംലാൽ കശ്യപിനെ കാണാതായത്. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ രാത്രി മുഴുവൻ ബസ്തർ കാടുകളിൽ അദ്ദേഹത്തെ അന്വേഷിച്ചലഞ്ഞു.

എന്നാൽ പിറ്റേന്ന് രാവിലെ, വീട്ടിൽനിന്ന് അധികം അകലെയല്ലാതെ ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ശ്യാംലാലിന്റെ ശരീരം കണ്ടെത്തിയതോടെ ബന്ധുക്കളുടെ അന്വേഷണം ദുരന്തപര്യവസായിയായി മാറുകയായിരുന്നു. "ഞങ്ങൾ എല്ലാവരും ഞെട്ടലിലും ആശയക്കുഴപ്പത്തിലുമായിപ്പോയി. ആർക്കും ഒന്നും നേരെ ചിന്തിക്കാൻപോലുമാകാത്ത അവസ്ഥയായിരുന്നു," സുക്മീതി ഓർത്തെടുക്കുന്നു.

2,500 പേർ മാത്രം താമസിക്കുന്ന ഒരു ചെറിയ ഗ്രാമമാണ് അറാക്കോട്ടെ. "ഇതുപോലുള്ള സന്ദർഭങ്ങളിൽ, ഗ്രാമത്തിലുള്ളവർ നമുക്ക് ആശ്വാസം പകർന്ന് ഒപ്പമുണ്ടാകുമെന്ന് നാം പ്രതീക്ഷിക്കും," സുക്മീതി പറയുന്നു.

എന്നാൽ ആ കുടുംബത്തെ ഭീഷണിപ്പെടുത്താനും ദ്രോഹിക്കാനുമുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്-ഗ്രാമത്തിലെ പ്രമുഖർ, വലതുപക്ഷനേതാക്കളുടെ പ്രേരണയ്ക്ക് വഴങ്ങി ശ്യാംലാലിന്റെ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മുതലെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ആ കുടുംബം ക്രിസ്തുമതത്തിൽനിന്ന് ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ശ്യാംലാലിന്റെ മരണാനന്തര ചടങ്ങുകൾ ഹിന്ദുവിധിപ്രകാരം നടത്തുകയും ചെയ്താൽ മാത്രമേ അദ്ദേഹത്തിന്റെ ശവസംസ്‌കാരം ഗ്രാമത്തിൽവെച്ച് നടത്താൻ അനുവദിക്കുകയുള്ളൂ എന്ന് അവർ തീർത്തു പറഞ്ഞു.

ഒരു ക്രിസ്ത്യൻ പുരോഹിതന്റെ നേതൃത്വത്തിൽ സംസ്കാരം നടത്താൻ സമ്മതിക്കില്ലെന്നും അവർ വ്യക്തമാക്കി.

സുക്മീതി പറയുന്നത് കഴിഞ്ഞ 40 വർഷത്തോളമായി തന്റെ കുടുംബം ക്രിസ്തുമത വിശ്വാസികളാണെന്നാണ്. "ഇതാണ് ഞങ്ങളുടെ ജീവിതരീതി," വീട്ടുവാതിലിലെ കുരിശടയാളം ചൂണ്ടിക്കാണിച്ച് അവർ കൂട്ടിച്ചേർക്കുന്നു. "ഞങ്ങൾ പതിവായി നടത്തുന്ന പ്രാർത്ഥനയിൽനിന്നാണ് കഷ്ടപ്പാടുകൾ സഹിക്കാൻ ഞങ്ങൾക്ക് ശക്തി ലഭിക്കുന്നത്. എങ്ങനെയാണ് ഒറ്റയടിയ്ക്ക് നമ്മുടെ വിശ്വാസം ഉപേക്ഷിക്കാനാകുക?"

വർഷങ്ങളായി സംസ്കാരച്ചടങ്ങുകൾ നടന്നുവരുന്ന ഗ്രാമത്തിലെ സെമിത്തേരിയിലേയ്ക്ക് ശ്യാംലാലിന്റെ കുടുംബത്തെ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞ് വലതുപക്ഷ അനുയായികൾ അവരെ വളഞ്ഞു. "ഞങ്ങൾ ഒരു പ്രത്യേക വിശ്വാസം പിന്തുടരുന്നവരായതുകൊണ്ടാണ് അവർ ഞങ്ങളെ ഉന്നംവെച്ചത്. എന്നാൽ ഒരാൾക്ക് ഏത് മതത്തിൽ വേണമെങ്കിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഞാൻ വാർത്തയിൽ വായിച്ചിട്ടുണ്ട്," സുക്മീതി പറയുന്നു.

എന്തിന് പറയുന്നു, "ശ്യാംലാലിനെ ഞങ്ങളുടെ വീട്ടുമുറ്റത്ത് അടക്കാൻപോലും അവർ സമ്മതിച്ചില്ല," സുക്മീതി കൂട്ടിച്ചേർക്കുന്നു. "അവന്റെ മുത്തശ്ശിയെ ഞങ്ങൾ അവിടെയാണ് അടക്കിയത്. ഇരുവർക്കും അടുത്തടുത്തുതന്നെ അന്ത്യവിശ്രമം ഒരുക്കാമെന്നാണ് ഞങ്ങൾ വിചാരിച്ചത്. എന്നാൽ അവരെ എതിർത്തുനിന്ന്, പരിവർത്തനം ചെയ്യാൻ വിസമ്മതിച്ചത് കാരണം വീട്ടുമുറ്റത്ത് സംസകാരം നടത്താനും സമ്മതിക്കില്ലെന്ന് അവർ പറയുകയായിരുന്നു."

The backyard in Sukmiti's home where the family wanted to bury Shyamlal.
PHOTO • Parth M.N.

സുക്മീതിയുടെ വീടിന്റെ പിറകുവശത്തുള്ള ഈ മുറ്റത്ത് ശ്യാംലാലിന്റെ അടക്കം നടത്താനായിരുന്നു കുടുംബത്തിന്റെ ആഗ്രഹം

മടിയ ഗോത്രവിഭാഗക്കാരായ ശ്യാംലാലിന്റെ കുടുംബം ക്രിസ്തുമത വിശ്വാസികളാണ്. ശ്യാംലാൽ മരണപ്പെട്ടപ്പോൾ, ഗ്രാമത്തിലെ പ്രമുഖർ അദ്ദേഹത്തിന്റെ ശവസംസ്‌കാരം ഗ്രാമത്തിൽ നടത്താൻ അനുവദിക്കണമെങ്കിൽ അദ്ദേഹത്തിന്റെ കടുംബം ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്നും മരണാനന്തരച്ചടങ്ങുകൾ ഹിന്ദുവിധിപ്രകാരം നടത്തണമെന്നും നിബന്ധനവെച്ചു

ഗോത്രവർഗ്ഗക്കാരായ ക്രിസ്ത്യാനികളെക്കുറിച്ച് ഹിന്ദുവിഭാഗങ്ങൾ വെച്ചുപുലർത്തുന്ന ശത്രുതാ മനോഭാവം ചത്തീസ്ഗഡിൽ പുതിയ വാർത്തയല്ല. എന്നാൽ ക്രിസ്തീയ വിശ്വാസം പിന്തുടരുന്ന കുടുംബങ്ങളിൽ ഒരു മരണം ഉണ്ടാകുന്നതിന് പിന്നാലെ, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും അവരോട് വിലപേശുകയും ചെയ്യുന്ന സംഭവങ്ങൾ ഭയപ്പെടുത്തുംവിധം കൂടിവരികയാണെന്ന് ബസ്തറിൽ പ്രവർത്തിക്കുന്ന ചത്തീസ്ഗഢ് ക്രിസ്ത്യൻ ഫോറത്തിന്റെ വൈസ് പ്രസിഡന്റായ രത്നേഷ് ബെഞ്ചമിൻ പറയുന്നു.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കടുംബങ്ങളെപ്പോലും വലതുപക്ഷ സംഘം ലക്ഷ്യംവെക്കുന്നു. ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടില്ലാത്ത ഗോത്രക്കാർ പോലും ഈ അക്രമങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ക്രിസ്ത്യൻ മതം പിന്തുടരുന്നവർ മരിച്ചാൽ ഗ്രാമാതിർത്തിക്കകത്ത് അടക്കം ചെയ്യരുതെന്ന് ഒരു ഗ്രാമസഭ പ്രമേയം പാസ്സാക്കുകപോലും ചെയ്തു.

ഒടുവിൽ, ശ്യാംലാലിന്റെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുവരാതെ, അറാക്കോട്ടെയിൽ നിന്ന് 40 കിലോമീറ്റർ അകലെ, ജില്ലാ ആസ്ഥാനമായ ജഗ്ദൽപൂരിൽ എത്തിച്ച് സംസ്കരിക്കുകയാണുണ്ടായത്. "ശവസംസ്‌കാരം കൃത്യസമയത്ത് നടന്നാൽ മാത്രമേ ഞങ്ങൾക്ക് പ്രിയപ്പെട്ടവരുടെ വേർപാടുമായി പൊരുത്തപ്പെടാൻ കഴിക്കുകയുള്ളൂ,"സുക്മീതി പറയുന്നു.

ശ്യാംലാലിന്റെ മരണാനന്തരച്ചടങ്ങുകൾ വെറും ഒരു ചടങ്ങ് തീർക്കലായി മാറി. ശുശ്രൂഷകളെല്ലാം ധൃതിയിലാണ് നടത്തിയത്. "അവനെ വേണ്ടവിധം യാത്രയയച്ചില്ലെന്ന് ഞങ്ങൾക്ക് തോന്നി," അദ്ദേഹത്തിന്റെ കുടുംബം പറയുന്നു.

ശ്യാംലാലിന്റെ കുടുംബം മതം മാറാൻ വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ ദിവസങ്ങളോളം ഗ്രാമത്തെ മുൾമുനയിൽ നിർത്തി. ഗ്രാമത്തിൽ സമാധാനാന്തരീക്ഷം നിലനിർത്താൻ പോലീസിനെ വിന്യസിച്ചു. നിർഭാഗ്യവശാൽ, പ്രശ്നപരിഹാരത്തിനായി അവർ കണ്ടെത്തിയ പരിഹാരം ഭൂരിപക്ഷവാദങ്ങൾക്ക് വഴങ്ങിക്കൊടുക്കുക എന്നതായിരുന്നു.

"കോവിഡിന് ശേഷമാണ് ഈ പ്രവണത വ്യാപകമായത്," ബെഞ്ചമിൻ പറയുന്നു. "അതിനുമുൻപും വലതുപക്ഷ സംഘടനകൾ പലവിധേനയും ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും മരണം നടക്കുന്ന അവസരങ്ങളിൽ അവർ ഔചിത്യം പുലർത്തിയിരുന്നു. ഇപ്പോൾ അതും അവർ വകവയ്ക്കാറില്ല എന്നതാണ് ഖേദകരം."

*****

ബസ്തർ പ്രദേശം ധാതുസമ്പന്നമാണെങ്കിലും അവിടത്തെ ആളുകൾ ഇന്ത്യയിലെതന്നെ ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളിലൊന്നാണ്. സംസ്ഥാനത്തെ ഗ്രാമീണജനതയുടെ - അവരിൽ ഭൂരിഭാഗവും ഗോത്രവിഭാഗക്കാരാണ് - 40 ശതമാനത്തോളം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വരുമാനത്തിലാണ് ജീവിക്കുന്നത്.

1980-കൾ മുതൽ ഈ പ്രദേശം സായുധസംഘർഷത്തിന്റെ പിടിയിലാണ്. മാവോയിസ്റ്റ് കലാപകാരികൾ, അഥവാ സായുധരായ ഗറില്ലാ പോരാളികൾ, അവകാശപ്പെടുന്നത്, സർക്കാരും അതിസമ്പന്നരായ കോർപറേറ്റുകളും കണ്ണുവച്ചിട്ടുള്ള വനഭൂമി സംരക്ഷിക്കുക വഴി തങ്ങൾ ഗോത്രവർഗ്ഗക്കാരുടെ അവകാശങ്ങൾക്കായി പോരാടുകയാണെന്നാണ്. കഴിഞ്ഞ 25 വർഷമായി തുടരുന്ന സായുധ പോരാട്ടങ്ങളിൽ ആയിരക്കണക്കിനാളുകൾക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. 2018-ൽ, 15 വർഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ച് സംസഥാനത്ത് ഭരണമാറ്റമുണ്ടായപ്പോൾ, ബസ്തർ ഉൾപ്പെടെ ഏഴ് ജില്ലകൾ ചേർന്നുള്ള ബസ്തർ മേഖലയിലെ 12 സീറ്റുകളിൽ 11 എണ്ണത്തിൽ കോൺഗ്രസ് ജയിച്ചു.

Arracote is a small village with a population of just over 2,500. 'In moments like these you expect people in your village to provide emotional support,' says Sukmiti, seen here with her newborn in front of the house.
PHOTO • Parth M.N.

2,500 പേർ മാത്രം താമസിക്കുന്ന ഒരു ചെറിയ ഗ്രാമമാണ് അറാക്കോട്ടെ. 'ഇതുപോലുള്ള സന്ദർഭങ്ങളിൽ, ഗ്രാമത്തിലുള്ളവർ നമുക്ക് ആശ്വാസം പകർന്ന് ഒപ്പമുണ്ടാകുമെന്ന് നാം പ്രതീക്ഷിക്കും,' ചിത്രത്തിൽ വീടിനു മുന്നിൽ കൈക്കുഞ്ഞുമായി നിൽക്കുന്നതായി കാണുന്ന സുക്മീതി പറയുന്നു

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടെ, ഭരണം തിരിച്ചുപിടിക്കുക ലക്ഷ്യമിട്ട് വലതുപക്ഷ സംഘടനകൾ ജനങ്ങൾക്കിടയിൽ ധ്രുവീകരണം നടത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ, ഗോത്രവർഗ്ഗക്കാരായ ക്രിസ്ത്യാനികളുടെ മരണാന്തരച്ചടങ്ങുകൾക്കിടെ ഹിന്ദുക്കൾ ഇടപെടുകയും ശവസംസ്‌കാരം തടസ്സപ്പെടുത്തുകയും ചെയ്ത 70-ഓളം സംഭവങ്ങൾ വി.എച്ച്.പിയും ബജ്റംഗ് ദളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ബസ്തറിൽ വി.എച്ച്.പിയുടെ മുതിർന്ന നേതാവായ രവി ബ്രഹ്മചാരി പറയുന്നു. "ക്രിസ്ത്യൻ മിഷനറിമാർ ദരിദ്രരായ ആളുകളെ ചൂഷണം ചെയ്ത് അവരുടെ നിരക്ഷരത മുതലെടുക്കുകയാണ്," അദ്ദേഹം പറയുന്നു. "ഞങ്ങൾ ഘർവാപ്സിയ്ക്ക് (മതത്തിലേക്കുള്ള മടങ്ങിവരവ്) വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഹിന്ദുക്കളെ ഉണർത്തുകയാണ് ഞങ്ങളുടെ ദൗത്യം. ഞങ്ങളുടെ വാക്കുകൾ കേട്ട് 'ഉദ്‌ബോധിതരാകുന്ന' ആളുകൾ അവരുടെ ഗ്രാമങ്ങളിൽ ഗോത്രവർഗക്കാരായ ക്രിസ്ത്യാനികളുടെ സംസ്കാരം നടത്താൻ അനുവദിക്കാറില്ല."

അറാക്കോട്ടെയിൽനിന്ന് അധികം അകലെയല്ലാതെ നാഗൽസാർ എന്ന ഗ്രാമത്തിൽ, ബജ്‌റംഗ് ദൾ പ്രവർത്തകർ ഒരുപടികൂടി കടന്ന് ക്രിസ്തുമത വിശ്വാസികളായ ഒരു ഗോത്രവർഗ്ഗ കുടുംബത്തെ ശാരീരികമായി ഉപദ്രവിച്ചു.

2022 ഓഗസ്റ്റിലാണ് 32 വയസ്സുകാരനായ പാണ്ഡുറാം നാഗിന് അദ്ദേഹത്തിന്റെ മുത്തശ്ശി ആയതിയെ നഷ്ടപ്പെട്ടത്. ആയതിയ്ക്ക് 65 വയസ്സ് മാത്രമായിരുന്നു പ്രായമെങ്കിലും അവർ രോഗബാധമൂലം വലയുകയായിരുന്നു. ശാന്തമായി മരണത്തിലേയ്ക്ക് നീങ്ങിയ അവരുടെ സംസ്കാരച്ചടങ്ങുകൾ എന്നാൽ തീർത്തും അശാന്തമായിരുന്നു.

"ഞങ്ങൾ മുത്തശ്ശിയെ സെമിത്തേരിയിലേയ്ക്ക് എടുത്തുകൊണ്ടുപോകുന്നവഴി, ബജ്‌റംഗ് ദൾ അംഗങ്ങൾ ഉൾപ്പെടെയുള്ള ഒരു സംഘം ഗ്രാമീണർ വന്ന് ഞങ്ങളെ ഉന്താനും തള്ളാനും തുടങ്ങി," ധൂർവ ഗോത്രാംഗമായ നാഗ് ഓർത്തെടുക്കുന്നു. "ഇടയ്ക്ക് ഞങ്ങളുടെ നിലതെറ്റി മുത്തശ്ശിയുടെ മൃതദേഹം താഴെ വീഴാൻ പോയി. അവരുടെ മൃതദേഹത്തിന് കീഴിൽ വിരിച്ചിരുന്ന  വിരിപ്പ് അവർ വലിച്ചെടുക്കുകപോലുമുണ്ടായി. ഞങ്ങൾ ഹിന്ദുമതത്തിലേക്ക് മാറാൻ വിസ്സമ്മതിച്ചതിനാലാണ് അവർ ഇതെല്ലാം ചെയ്‌തത്‌."

ആയതിയുടെ കുടുംബം തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു. ഭൂരിപക്ഷ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നുതന്നെയായിരുന്നു നാഗിന്റെ നിലപാട്. "ഞങ്ങൾക്ക് സ്വന്തമായി മൂന്നേക്കർ കൃഷിഭൂമിയുണ്ട്. അവിടെ എന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് തീരുമാനിക്കാമല്ലോ," അദ്ദേഹം പറയുന്നു. "ഞങ്ങൾ മുത്തശ്ശിയെ അവിടെ സംസ്കരിക്കാൻ തീരുമാനിച്ചു. അതല്ലാതെ വേറൊന്നിനും ഞങ്ങൾ തയ്യാറായിരുന്നില്ല."

ഇതേതുടർന്ന് ബജ്‌റംഗ് ദൾ അംഗങ്ങൾ പിൻവാങ്ങുകയും സംസ്കാരച്ചടങ്ങുകൾ മറ്റ് തടസ്സങ്ങളൊന്നും കൂടാതെ നടക്കുകയും ചെയ്തു. എന്നാൽ, ആയതിയെ ബഹുമാനപൂർവ്വം യാത്രയാക്കുന്നതിനിടയിലും ഇനിയും എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന ചിന്തയിൽ അസ്വസ്ഥരായിരുന്നു എല്ലാവരും. "അന്ത്യകർമ്മങ്ങൾ ചെയ്യുമ്പോഴെങ്കിലും അല്പം സമാധാനം ആഗ്രഹിക്കുന്നത് തെറ്റാണോ?" നാഗ് ചോദിക്കുന്നു. "ശരിയാണ്, ആ യുദ്ധം ഞങ്ങൾ ജയിച്ചു. പക്ഷെ ഞങ്ങളുടെ മക്കൾ ഈ അന്തരീക്ഷത്തിൽ വളരുന്നതിൽ ഞങ്ങൾക്ക് താത്പര്യമില്ല. ഗ്രാമത്തലവന്മാർപോലും ഞങ്ങൾക്കൊപ്പം നിന്നില്ല."

*****

When Kosha’s wife, Ware, passed away in the village of Alwa in Bastar district, a group of men suddenly barged into their home and started beating the family up. 'Nobody in the village intervened,' says his son, Datturam (seated on the left). 'We have lived here all our life. Not a single person in the village had the courage to stand up for us.' The Christian family belongs to the Madiya tribe and had refused to convert to Hinduism
PHOTO • Parth M.N.

ബസ്തർ ജില്ലയിലെ ആൽവ ഗ്രാമത്തിൽ താമസിക്കുന്ന കോഷയുടെ ഭാര്യ വാറെ മരണപ്പെട്ട സമയത്ത്, ഒരു കൂട്ടം ആളുകൾ പൊടുന്നനെ അവരുടെ വീട്ടിലേയ്ക്ക് ഇരച്ചുകയറിവന്ന് കുടുംബത്തെ മർദ്ദിക്കാൻ തുടങ്ങി. 'ഗ്രാമത്തിൽനിന്ന് ആരും ഞങ്ങൾക്കുവേണ്ടി ഇടപെട്ടില്ല,' കോഷയുടെ മകൻ ദത്തുറാം (ഇടതുവശത്ത് ഇരിക്കുന്നത്) പറയുന്നു. 'ഞങ്ങളുടെ ജീവിതകാലമത്രയും ഞങ്ങൾ ഇവിടെയാണ് താമസിച്ചത്. ഗ്രാമത്തിൽനിന്ന് ഒരാൾപോലും ഞങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയില്ല.' മടിയ ഗോത്രവർഗ്ഗക്കാരായ ഈ ക്രിസ്ത്യാനി കുടുംബം ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നേരത്തെ വിസ്സമ്മതിച്ചിരുന്നു

വലതുപക്ഷ സംഘടനകളോട് യോജിക്കാത്തവർപോലും നിഷ്പക്ഷരായിരിക്കാൻ തീരുമാനിക്കുംവിധം ഭയം തുടിച്ചുനിൽക്കുന്ന അന്തരീക്ഷമാണ് ഈ പ്രദേശത്തുള്ളത്.

ഇക്കഴിഞ്ഞ മേയ് മാസം, 23 വയസ്സുകാരനായ ദത്തുറാം പോയമും പിതാവ് 60 വയസ്സുകാരനായ കോഷയും അവരുടെ ചെറിയ കുടിലിൽ കോഷയുടെ ഭാര്യ വാറെയുടെ മൃതദേഹത്തിന് അരികിൽ ഇരിക്കുകയായിരുന്നു. കുറച്ച് കാലമായി കിടപ്പുരോഗിയായിരുന്ന വാറെ മരിച്ചിട്ട് അധികനേരം കഴിഞ്ഞിരുന്നില്ല. ബസ്തർ ജില്ലയിൽ, ജഗ്ദൽപൂരിൽനിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ആൽവ ഗ്രാമത്തിലാണ് കോഷയും കുടുംബവും താമസിക്കുന്നത്.

പൊടുന്നനെ ഒരു കൂട്ടം ആളുകൾ അവരുടെ വീട്ടിലേയ്ക്ക് അതിക്രമിച്ചുകയറി വന്ന് കോഷയെയും ദത്തുറാമിനെയും ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. " ഗ്രാമത്തിൽനിന്ന് ആരും ഞങ്ങൾക്ക് വേണ്ടി ഇടപെട്ടില്ല,' ദത്തുറാം പറയുന്നു. 'ഞങ്ങളുടെ ജീവിതകാലമത്രയും ഞങ്ങൾ ഇവിടെയാണ് താമസിച്ചത്. ഗ്രാമത്തിൽനിന്ന് ഒരാൾപോലും ഞങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയില്ല."

മടിയ ഗോത്രവർഗ്ഗക്കാരായ ഈ ക്രിസ്ത്യാനി കുടുംബം ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നേരത്തെ വിസ്സമ്മതിച്ചിരുന്നു. വാറെയുടെ മൃതദേഹം വീട്ടിൽ ഉണ്ടെന്നതുപോലും വകവെക്കാതെയായിരുന്നു ബജ്‌റംഗ് ദൾ അംഗങ്ങൾ ഉൾപ്പെടെയുള്ള ആൾക്കൂട്ടം ആക്രമണം അഴിച്ചുവിട്ടത്. കോഷയും മകനും നേരിട്ട കടുത്ത മർദ്ദനത്തിന്റെ ഫലമായി കോഷ ബോധരഹിതനാകുകയും അദ്ദേഹത്തെ ഒരാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരികയും ചെയ്തു.

ജീവിതത്തിൽ ഒരിക്കലും എനിക്ക് ഇത്രയും നിസ്സഹായത അനുഭവപ്പെട്ടിട്ടില്ല," കോഷ പറയുന്നു. "എന്റെ ഭാര്യ മരിച്ചെന്ന് മാത്രമല്ല എന്റെ മകനൊപ്പമിരുന്ന് അവരുടെ മരണത്തിൽ ദുഃഖം ആചരിക്കാൻപോലും എനിക്ക് കഴിഞ്ഞില്ല."

ബി.ജെ.പി ഇതര സർക്കാർ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നുണ്ടെന്ന ധാരണ തെറ്റാണെന്ന് ബെഞ്ചമിൻ പറയുന്നു. 2018-ൽ സംസ്ഥാനത്ത് കോൺഗ്രസ്സ് ഭരണത്തിലേറിയതിനുശേഷവും ബസ്തറിലെ കൃസ്ത്യാനികൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ കുറവ് വന്നിട്ടില്ല.

Kosha (left) was beaten and fell unconscious; he had to be admitted to a hospital for a week. 'I have never felt so helpless in my life,' he says. 'My wife had died and I couldn’t be with my son (Datturam on the right) to mourn her loss'.
PHOTO • Parth M.N.
Kosha (left) was beaten and fell unconscious; he had to be admitted to a hospital for a week. 'I have never felt so helpless in my life,' he says. 'My wife had died and I couldn’t be with my son (Datturam on the right) to mourn her loss'.
PHOTO • Parth M.N.

മർദ്ദനത്തിന്റെ ഫലമായി ബോധരഹിതനായ കോഷയെ (ഇടത്) ഒരാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. 'ജീവിതത്തിൽ ഒരിക്കലും എനിക്ക് ഇത്രയും നിസ്സഹായത അനുഭവപ്പെട്ടിട്ടില്ല,' അദ്ദേഹം പറയുന്നു. 'എന്റെ ഭാര്യ മരിച്ചെന്ന് മാത്രമല്ല എന്റെ മകനൊപ്പമിരുന്ന് (വലതുവശത്തുള്ള ദത്തുറാം) അവരുടെ മരണത്തിൽ ദുഃഖം ആചരിക്കാൻപോലും എനിക്ക് കഴിഞ്ഞില്ല'

ദത്തുറാമിനും തന്റെ അമ്മയുടെ അന്ത്യകർമ്മങ്ങൾ നടത്താൻ ജഗ്ദൽപൂരിലേയ്ക്ക് പോകേണ്ടിവന്നു. "3,500 രൂപയ്ക്ക് പിക്കപ്പ് ട്രക്ക് വാടകയ്ക്കെടുത്താണ് ഞങ്ങൾ പോയത്," അദ്ദേഹം പറയുന്നു. "ഞങ്ങളുടെ കുടുംബം കൂലിവേല ചെയ്താണ് ജീവിക്കുന്നത്. സാമാന്യം ഭേദപ്പെട്ട രീതിയിൽ ജോലി ലഭിക്കുന്ന മാസത്തിൽ ഞങ്ങൾ സമ്പാദിക്കുന്ന മൊത്തം തുകയാണത്."

കുടുംബത്തിന് നേരെയുള്ള ആക്രമണം തന്നെ അസ്വസ്ഥനാക്കിയെങ്കിലും അത്ഭുതപ്പെടുത്തിയില്ലെന്ന് ദത്തുറാം പറയുന്നു. "ഇത് അപ്രതീക്ഷിതമായുണ്ടായ സംഭവമൊന്നുമല്ല. ക്രിസ്തീയ വിശ്വാസം പിന്തുടരണമെങ്കിൽ ഗ്രാമം വിട്ടുപോകണമെന്ന് ഞങ്ങളോട് നേരത്തെയും പറഞ്ഞിട്ടുള്ളതാണ്," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഗോത്രവർഗ്ഗക്കാരായ ക്രിസ്ത്യാനികളുടെ അരികുവത്ക്കരണം തുടങ്ങിയിട്ട് കാലങ്ങളായി. "ഗ്രാമത്തിലെ പൊതുകിണറിൽനിന്ന് വെള്ളമെടുക്കാൻ ഇപ്പോൾ ഞങ്ങളെ അനുവദിക്കാറില്ല," കോഷ പറയുന്നു. "ആരും കാണാതെ രഹസ്യമായിട്ടാണ് ഞങ്ങൾ വെള്ളം എടുക്കുന്നത്."

ഇത്തരം പീഡനങ്ങളുടെ കഥകൾ ബസ്തറിന്റെ മറ്റ് ഭാഗങ്ങളിൽനിന്നും പുറത്ത് വരുന്നുണ്ട്. 2022 ഡിസംബറിൽ, നാരായൺപൂർ ജില്ലയിൽ ഏതാണ്ട് 200 ഗോത്രവർഗ്ഗ ക്രിസ്ത്യാനികൾ അവരുടെ ഗ്രാമത്തിൽനിന്ന് പുറത്താക്കപ്പെട്ടു. ഇതേതുടർന്ന്, നൂറുക്കണക്കിന് പ്രദേശവാസികൾ ജില്ലാ കളക്ടറുടെ ക്യാമ്പോഫിസിന് മുന്നിൽ ഒത്തുചേരുകയും വലതുപക്ഷ ഹിന്ദുത്വ സംഘടനകളുടെ പ്രേരണയിൽ തങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു.

2022 ഡിസംബർ മാസംമാത്രം ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരേ നടന്ന ഡസൻ കണക്കിന് ആക്രമണങ്ങൾ വിശദമാക്കുന്ന ഒരു കത്ത് പ്രതിഷേധക്കാർ കളക്ടർക്ക് കൈമാറിയെന്ന് പറയപ്പെടുന്നു.

തങ്ങളുടെ കുടുംബത്തെ കഴിഞ്ഞ ആഴ്ച അയൽഗ്രാമത്തിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകാൻ അനുവദിച്ചില്ലെന്ന് സുക്മീതി പറയുന്നു. ഒരു ക്രിസ്തീയ കുടുംബത്തിലാണ് വിവാഹം നടക്കുന്നത് എന്നതിനാലായിരുന്നു അത്. "വിവാഹത്തിൽ പങ്കെടുക്കാൻ ആർക്കും എത്താൻ കഴിയാതിരുന്നതോടെ ആ കുടുംബത്തിന് അതിഥികൾക്കായുണ്ടാക്കിയ ഭക്ഷണം കളയേണ്ടിവന്നു".

ഭരണഘടനയുടെ 25-ആം അനുച്ഛേദം "മനഃസാക്ഷിക്കും സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചാരണത്തിനുമുളള സ്വാതന്ത്ര്യം" ഉറപ്പ് നൽകുന്നുണ്ടെങ്കിലും ഗോത്രവർഗ്ഗക്കാരായ ക്രിസ്തുമത വിശ്വാസികൾ ഭീഷണിയും വിദ്വേഷവും അഭിമുഖീകരിക്കുകയാണ്.

"ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ, വിഷമം തോന്നുന്നതിന് മുൻപേ ഭയവും സംസ്കാര ചടങ്ങുകൾ നടക്കുമോ എന്ന ആശങ്കയും അനുഭവപ്പെടുന്ന സ്ഥിതിയാണ് ഞങ്ങളുടേത്, എന്ത് തരം മരണമാണ് അത്?" സുക്മീതി പറയുന്നു.

പരിഭാഷ: പ്രതിഭ ആര്‍. കെ .

Parth M.N.

ਪਾਰਥ ਐੱਮ.ਐੱਨ. 2017 ਤੋਂ ਪਾਰੀ ਦੇ ਫੈਲੋ ਹਨ ਅਤੇ ਵੱਖੋ-ਵੱਖ ਨਿਊਜ਼ ਵੈੱਬਸਾਈਟਾਂ ਨੂੰ ਰਿਪੋਰਟਿੰਗ ਕਰਨ ਵਾਲੇ ਸੁਤੰਤਰ ਪੱਤਰਕਾਰ ਹਨ। ਉਨ੍ਹਾਂ ਨੂੰ ਕ੍ਰਿਕੇਟ ਅਤੇ ਘੁੰਮਣਾ-ਫਿਰਨਾ ਚੰਗਾ ਲੱਗਦਾ ਹੈ।

Other stories by Parth M.N.
Editor : Priti David

ਪ੍ਰੀਤੀ ਡੇਵਿਡ ਪੀਪਲਜ਼ ਆਰਕਾਈਵ ਆਫ਼ ਇੰਡੀਆ ਦੇ ਇਕ ਪੱਤਰਕਾਰ ਅਤੇ ਪਾਰੀ ਵਿਖੇ ਐਜੁਕੇਸ਼ਨ ਦੇ ਸੰਪਾਦਕ ਹਨ। ਉਹ ਪੇਂਡੂ ਮੁੱਦਿਆਂ ਨੂੰ ਕਲਾਸਰੂਮ ਅਤੇ ਪਾਠਕ੍ਰਮ ਵਿੱਚ ਲਿਆਉਣ ਲਈ ਸਿੱਖਿਅਕਾਂ ਨਾਲ ਅਤੇ ਸਮਕਾਲੀ ਮੁੱਦਿਆਂ ਨੂੰ ਦਸਤਾਵੇਜਾ ਦੇ ਰੂਪ ’ਚ ਦਰਸਾਉਣ ਲਈ ਨੌਜਵਾਨਾਂ ਨਾਲ ਕੰਮ ਕਰਦੀ ਹਨ ।

Other stories by Priti David
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.