ആദ്യത്തെ തവണ ദിയ ഏതാണ്ട് രക്ഷപ്പെട്ടതാണ്.
ബസ്സ് നിറയുന്നതും കത്ത്, ഭയന്നുവിറച്ച് അതിനകത്തിരിക്കുകയായിരുന്നു അവൾ. സൂറത്തിൽനിന്ന് ഝാലോഡിലേക്കുള്ള ഒരു ടിക്കറ്റ് അവൾ വാങ്ങിയിരുന്നു. അവിടെനിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ ഗുജറാത്തിന്റെ അതിർത്തി കടന്ന് രാജസ്ഥാനിലെ കുശാൽഗറിലെ അവളുടെ വീട്ടിലെത്താം.
ജനലയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുമ്പോഴാണ് രവി പിന്നിലൂടെ വന്നത്. പ്രതികരിക്കാൻ കഴിയുന്നതിനുമുൻപ് അവൻ അവളെ കയ്യിൽ പിടിച്ചുവലിച്ച്, ബസ്സിൽനിന്ന് ഇറക്കി.
ചുറ്റുമുള്ളവർ കുട്ടികളെ നോക്കുന്നതിന്റേയും സാധനങ്ങൾ കയറ്റുന്നതിന്റേയും തിരക്കിലായിരുന്നു. കുപിതനായ ഒരു ചെറുപ്പക്കാരനേയും ഭയചകിതയായ ഒരു കൌമാരക്കാരിയേയും ശ്രദ്ധിക്കാൻ ആർക്കും സമയമുണ്ടായിരുന്നില്ല. “ഒച്ച വെക്കാൻ എനിക്ക് പേടിയായിരുന്നു.” ദിയ പറയുന്നു. മുൻകാല അനുഭവങ്ങൾ നോക്കുമ്പോൾ നിശ്ശബ്ദയായിരിക്കുന്നതായിരുന്നു അവൾക്ക് നല്ലത്.
ആറുമാസം തന്റെ വീടും തടവറയുമായിരുന്ന ആ നിർമ്മാണ സൈറ്റിൽ രാത്രി ദിയയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ദേഹം മുഴുവൻ വേദനിക്കുന്നുണ്ടായിരുന്നു. രവിയുടെ മർദ്ദനം അവളുടെ ദേഹത്ത് മുഴുവൻ പാടുകളുണ്ടാക്കിയിരുന്നു. “മുഷ്ടിയുപയോഗിച്ച് ഇടിക്കുകയും തൊഴിക്കുകയുമൊക്കെ ചെയ്തു അവൻ. ആർക്കും അവനെ തടയാൻ കഴിഞ്ഞില്ല”, ഇടപെടാൻ ശ്രമിച്ചവർക്കൊക്കെ അവളിൽ ഒരു കണ്ണുണ്ടായിരുന്നുവെന്നായിരുന്നു അവന്റെ ആരോപണം. സാക്ഷികളാകേണ്ടിവന്ന സ്ത്രീകളും ആക്രമണം കണ്ട് ഭയന്ന് അകലം പാലിച്ചു. ആരെങ്കിലും പ്രതിഷേധിക്കാൻ തുനിഞ്ഞാൽ അവൻ പറയും, ‘ഇവളെന്റെ ഭാര്യയാണ് നിങ്ങളെന്തിനാണ് ഇടപെടുന്നത്?‘ എന്ന്.
“ഓരോ തവണ എന്നെ തല്ലിച്ചതയ്ക്കുമ്പോഴും ആശുപത്രിയിൽ പോയി മരുന്ന് വെച്ചുകെട്ടാൻ പോകണം. 500 രൂപ ചിലവാകും. ചിലപ്പോൾ രവിയുടെ സഹോദരൻ പൈസ കൊടുക്കുകയും ആശുപത്രിയിലേക്ക് കൂടെ വരികയും ചെയ്യും. ‘നീ നിന്റെ അച്ഛനമ്മമാരുടെ വീട്ടിലേക്ക് പോ’ എന്ന് അവൻ പറയും“, ദിയ പറയുന്നു. എന്നാൽ എങ്ങിനെയാണ് രക്ഷപ്പെടുക എന്ന് രണ്ടുപേർക്കും അറിയുകയുമില്ല.
രാജസ്ഥാനിലെ ബൻസ്‌വാരാ ജില്ലയിൽനിന്നുള്ള ഭിൽ ആദിവാസികളാണ് ദിയയും രവിയും. 2023-ലെ ബഹുമുഖ ദാരിദ്ര്യ റിപ്പോർട്ട് (മൾട്ടിഡൈമൻഷണൽ പോവർട്ടി റിപ്പോർട്ട്) പ്രകാരം, സംസ്ഥാനത്ത്, ഏറ്റവുമധികം ദരിദ്രജനതയുള്ള രണ്ടാമത്തെ ജില്ലയാണ് അത്. ചെറിയ തുണ്ടുഭൂമികൾ, ജലസേചനത്തിന്റെ ദൌർല്ലഭ്യം, തൊഴിലില്ലായ്മ, പരക്കെയുള്ള ദാരിദ്ര്യം എന്നിവ, കുശാൽ നശഗർ താലൂക്കിനെ, ഗത്യന്തരമില്ലാതെ തൊഴിൽ തേടി പലായനം ചെയ്യുന്ന ഭിൽ ഗോത്രങ്ങളുടെ കേന്ദ്രമാക്കിയിരിക്കുന്നു.
മറ്റ് പലരേയും പോലെ, ഗുജറാത്തിലെ നിർമ്മാണ സൈറ്റുകളിലേക്ക് ജോലി തേടിയെത്തിയ കുടിയേറ്റത്തൊഴിലാളികളായി ദിയയേയും രവിയേയും തോന്നാം. എന്നാൽ ദിയയുടെ പലായനം, യഥാർത്ഥത്തിൽ ഒരു തട്ടിക്കൊണ്ടുപോകലായിരുന്നു.
രണ്ടുവർഷം മുമ്പ്, രവിയെ കമ്പോളത്തിൽവെച്ച് ആദ്യമായി കണ്ടുമുട്ടുമ്പോൾ, ദിയ, 16 വയസ്സുള്ള 10-ആം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഗ്രാമത്തിലെ പ്രായമായ ഒരു സ്ത്രീ അയാളുടെ ഫോൺ നമ്പർ ഒരു കടലാസ്സിലെഴുതി അവൾക്ക് കൈമാറുകയും, അവന് അവളെ കാണാൻ ആഗ്രഹമുണ്ടെന്നും അറിയിക്കുകയായിരുന്നു. വെറുതെ ഒന്ന് കാണാൻ നിർബന്ധിക്കുകയും ചെയ്തു.
ദിയ അയാളെ ഫോൺ വിളിച്ചില്ല. അടുത്തയാഴ്ച അവൻ മാർക്കറ്റിൽ വന്നപ്പോൾ അവൾ കുറച്ചുനേരം അവനുമായി സംസാരിച്ചു. “ബൈക്കിൽ ബഗിഡോറവരെ ഒന്ന് ചുറ്റി തിരിച്ചുവരാം, സ്കൂളിൽനിന്ന് ഒരു മണിക്കൂർ മുമ്പ്, 3 മണിക്ക് പുറത്തുവരണം“ എന്നും അവൻ പറഞ്ഞു. അവൾ ഓർമ്മിക്കുന്നു. പിറ്റേന്ന്, അവൻ ഒരു കൂട്ടുകാരന്റെയൊപ്പം പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു.
“ഞങ്ങൾ ബഗിഡോറയിലേക്ക് പോയില്ല. പോയത് ബസ് സ്റ്റാൻഡീലേക്കായിരുന്നു. അഹമ്മദാബാദിലേക്കുള്ള ഒരു ബസ്സിലാണ് അവൻ എന്നെ കയറ്റിയത്”, അവൾ പറയുന്നു. 500 കിലോമീറ്റർ അകലെ, അയൽസംസ്ഥാനമായ ഗുജറാത്തിലായിരുന്നു അത്.
പേടിച്ചുവിറച്ച ദിയ എങ്ങിനെയോ അച്ഛനമ്മാമാരെ ഫോണിൽ വിളിച്ചു. “എന്റെ ചാച്ചാ (അച്ഛന്റെ സഹോദരൻ) അഹമ്മദാബാദിൽ എന്നെ കൊണ്ടുപോകാൻ വന്നു. പക്ഷേ രവി നാട്ടിലുള്ള സുഹൃത്തുക്കൾ മുഖേന മുൻകൂട്ടി വിവരം അറിഞ്ഞ്, അവളെ സൂറത്തിലേക്ക് കൊണ്ടുപോയി”.
അതിനുശേഷം അവന് ആളുകളോട് സംസാരിക്കാൻ പേടിയായിരുന്നു. ദേഹോപദ്രവം തുടങ്ങുകയും ചെയ്തു. നാട്ടിലേക്ക് വിളിക്കാൻ ഫോൺ ചോദിച്ചാൽ കൂടുതൽ ആക്രമണമുണ്ടാവുമെന്ന് അവൾക്ക് മനസ്സിലായി. ഒരിക്കൽ അവൾ, വീട്ടിലേക്ക് വിളിക്കാൻ അവന്റെ ഫോൺ ചോദിച്ചപ്പോൾ, “അവൻ എന്നെ നിർമ്മാണ സൈറ്റിലെ ഒന്നാം നിലയിലെ ടെറസ്സിൽനിന്ന് താഴേക്ക് തള്ളിയിട്ടു. ഭാഗ്യത്തിന് ഒരു ചരൽക്കൂനയിലാണ് വീണത്. ദേഹം മുഴുവൻ പരിക്ക് പറ്റി”, ഉറത്തെ മുറിവുകൾ കാട്ടി, അവൾ പറഞ്ഞു.
*****
ദിയയെ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് ആദ്യമായി കേട്ടപ്പോൾ, അവളുടെ അമ്മ 35 വയസ്സുള്ള കമല ദിയയെ തിരിച്ചുകിട്ടാൻ ശ്രമിച്ചു. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന സ്ത്രീയായിരുന്നു കമല. ബൻസ്‌വാര ജില്ലയിലെ ഒറ്റമുറിയുള്ള പണി തീരാത്ത വീട്ടിലിരുന്ന് ഇപ്പോൾ സംസാരിക്കുമ്പോൾ, അന്ന് താൻ പൊട്ടിപ്പൊട്ടി കരഞ്ഞത് അവർക്കോർമ്മയുണ്ട്. “എന്തൊക്കെയായാലും എന്റെ മകളല്ലേ. അവളെ തിരിച്ചുകിട്ടാൻ ആഗ്രഹമുണ്ടാവില്ലേ?”.
രവി ദിയയെ കൊണ്ടുപോയി ഏതാനും ദിവസം കഴിഞ്ഞപ്പോൾ കമല അവനെതിരേ പൊലീസിൽ ഒരു പരാതി നൽകി.
സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്നത് രാജസ്ഥാനിൽനിന്നാണ്. എന്നാൽ, ഏറ്റവും കുറവ് ചാർജ് ഷീറ്റുകൾ രേഖപ്പെടുത്തുന്നതും അവിടെനിന്നാണ്. ( 2020-ലെ ഇന്ത്യയിലെ കുറ്റകൃത്യങ്ങൾ എന്ന നാഷണൽ ക്രൈംസ് റിക്കാർഡ് ബ്യൂറോ റിപ്പോർട്ട്). തട്ടിക്കൊണ്ടുപോവുകയും കടത്തിക്കൊണ്ടുപോവുകയും ചെയ്യുന്ന മൂന്ന് കേസുകളിൽ രണ്ടെണ്ണവും പൊലീസിന്റെ ഫയലിലേക്കെത്തുന്നില്ല. ദിയയുടെ കേസും അവിടെ എത്തിയില്ല.
“അവർ കേസ് പിൻവലിച്ചു”, കുശാൽഗറിലെ ഡെപ്യൂട്ടി സൂപ്പറിന്റന്റ് ഓഫ് പൊലീസ് (ഡിവൈ.എസ്.പി.) രൂപ് സിംഗ് പറയുന്നു. ഗ്രാമമുഖ്യന്മാർ പ്രശ്നത്തിൽ ഇടപെട്ടു. ഭില്ലുകളുടെ ഇടയിലെ ‘സ്ത്രീധന’സമ്പ്രദായമനുസരിച്ച്, പണം വാങ്ങി കേസ് പിൻവലിച്ച് പ്രശ്നം പറഞ്ഞൊതുക്കാൻ അവർ കമലയോടും ഭർത്താവ് കിഷനിനോടും (ദിയയുടെ അച്ഛനമ്മമാർ) ആവശ്യപ്പെട്ടു. വരന്റെ വീട്ടുകാർ പെൺകുട്ടിയുടെ വീട്ടുകാർക്ക് കൊടുക്കുന്ന പണമാണ് ഇവിടെ സ്ത്രീധനം. (വിവാഹബന്ധം അവസാനിപ്പിച്ചാൽ, മറ്റൊരു വിവാഹം ചെയ്യുന്നതിനായി, ചെക്കന്റെ വീട്ടുകാർ ഇത് തിരിച്ച് ചോദിക്കുകയും പതിവുണ്ട്).
1-2 ലക്ഷം രൂപ വാങ്ങി, പൊലീസിൽ ഫയൽ ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടുവെന്ന് ദിയയുടെ കുടുംബം പറയുന്നു. ‘വിവാഹ’ത്തിന് അതോടെ സാമൂഹികാംഗീകാരമായി. ദിയയുടെ സമ്മതത്തിനും, വിവാഹപ്രായമായിയിട്ടില്ലെന്ന വസ്തുതയുമൊക്കെ അവഗണിക്കപ്പെട്ടു. രാജസ്ഥാനിൽ, 20-നും 24-നും ഇടയിലുള്ള നാലിൽ ഒരു ഭാഗം സ്ത്രീകൾ, 18 വയസ്സിനുമുൻപ് വിവാഹിതരാകുന്നുണ്ടെന്ന്, ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവേ ( എൻ.എഫ്.എച്ച്.എസ്-5 ) പറയുന്നു.
കുശാൽഗറിലെ സാമൂഹികപ്രവർത്തകയാണ് ടീന ഗരസിയ. സ്വയം ഒരു ഭിൽ ആദിവാസിയായ അവർ, ദിയയുടെ പ്രശ്നത്തെ, കേവലം ഒളിച്ചോടിപ്പോകുന്ന വധുവിന്റെ പ്രശ്നമായി മാത്രം എഴുതിത്തള്ളാൻ തയ്യാറാവുന്നില്ല. “ഞങ്ങളുടെയടുത്ത് വരുന്ന കേസുകളിൽ അധികവും, പെൺകുട്ടികൾ സ്വമനസ്സാലെ പോകുന്നതായി എനിക്ക് തോന്നിയിട്ടില്ല. എന്തെങ്കിലും ഗുണം പ്രതീക്ഷിച്ചിട്ടോ, ആ ബന്ധത്തിൽ സ്നേഹവും സന്തോഷവും തോന്നിയിട്ടോ അല്ല അവർ അങ്ങിനെ പോകുന്നത്”, ബനസ്‌വാര ജില്ലയിലെ ആജീവികയുടെ ലൈവ്‌ലിഹുഡ് ബ്യൂറോയുടെ അധ്യക്ഷ പറയുന്നു. ഒരു പതിറ്റാണ്ടിലേറെയായി അവർ കുടിയേറ്റ സ്ത്രീത്തൊഴിലാളികളുടെ ഇടയിൽ പ്രവർത്തിക്കുകയാണ്.
“അവർ പോകുന്നതിനെ ഒരു ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഞാൻ കാണുന്നത്. മനുഷ്യക്കടത്തിനുള്ള ഒരു തന്ത്രം. പെൺകുട്ടികളെ ഈയൊരു ബന്ധത്തിലേക്ക് കൊണ്ടുവരുന്ന ആളുകൾ ഉള്ളിൽത്തന്നെയുണ്ട്”, പെൺകുട്ടിയെ പരിചയപ്പെടുത്തുന്നതിനുപോലും പൈസയുടെ കൈമാറ്റമുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ട് ടീന കൂട്ടിച്ചേർത്തു. “14-ഉം 15-ഉം വയസ്സുള്ള ഒരു പെൺകുട്ടിക്ക്, ബന്ധങ്ങളെക്കുറിച്ച് എന്തറിവാണുള്ളത്? അല്ലെങ്കിൽ ജീവിതത്തെക്കുറിച്ച്?”
ഒരു ജനുവരി മാസം രാവിലെ, കുശാൽഗറിലെ ടീനയുടെ ഓഫീസിലേക്ക് മൂന്ന് കുടുംബങ്ങൾ അവരുടെ പെണ്മക്കളുമായി വന്നു. അവരുടെ കഥകളും ദിയയുടേതിന് സമാനമായിരുന്നു
16-ആം വയസ്സിൽ വിവാഹിതയായി, ഭർത്താവിനൊപ്പം ഗുജറാത്തിലേക്ക് ജോലിക്ക് പോയതാണ് സീമ. “ഞാൻ ആരോടെങ്കിലും സംസാരിച്ചാൽ വല്ലാത്ത അസൂയയാണ്. ഒരിക്കൽ എന്റെ ചെകിടത്തടിച്ചു. ഇപ്പോഴും ആ ചെവികൊണ്ട് വ്യക്തമായി കേൾക്കാൻ പറ്റുന്നില്ല”, അവർ പറയുന്നു.
“ഭീകരമായ മർദ്ദനമായിരുന്നു. നിലത്തുനിന്ന് എഴുന്നേൽക്കാൻപോലും എനിക്ക് ശക്തിയിലാതായി. ഞാനൊരു മടിച്ചിയാണെന്നാണ് അയാൾ പറയുക. അതുകൊണ്ട്, പരിക്കുപറ്റിയാലും ഞാൻ ജോലിയെടുക്കും”, അവർ പറയുന്നു. അവർ സമ്പാദിക്കുന്ന പൈസയൊക്കെ അയാളാണ് വാങ്ങുക. “ഗോതമ്പുപോലും വാങ്ങില്ല. മുഴുവൻ കുടിച്ചുതീർക്കും”.
അങ്ങിനെ ഒടുവിൽ, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി, സീമ അയാളിൽനിന്ന് രക്ഷപ്പെട്ടു. അതിനുശേഷം അയാൾ മറ്റൊരു സ്ത്രീയുടെ കൂടെയാണ് കഴിയുന്നത്. “ഞാൻ ഗർഭിണിയാണ്. വിവാഹം അവസാനിപ്പിക്കാനോ, ചെലവ് തരാനോ അയാൾ കൂട്ടാക്കുന്നില്ല”, അവർ പറയുന്നു. അവസാനം അവളുടെ കുടുംബം ഒരു എഫ്.ഐ.ആർ. ഫയൽ ചെയ്തു. ഗാർഹിക പീഡനത്തിൽനിന്ന് സ്ത്രീകളെ സംരക്ഷിക്കാനുള്ള 2005-ലെ നിയമത്തിന്റെ 20.1 (ഡി) വകുപ്പനുസരിച്ച്, ജീവനാംശം നൽകണമെന്നാണ്. ക്രിമിനൽ ശിക്ഷാനിയമത്തിന്റെ (സി.ആർ.പി.സി) സെക്ഷൻ 125-ഉമായി ഒത്തുപോകുന്നതാണ് ആ നിയമം
19 വയസ്സുള്ള റാണിയും മൂന്ന് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണ്. രണ്ടാമത്ത കുട്ടി ഗർഭത്തിൽ വളരുകയും ചെയ്യുന്നു. അവരേയും ഭർത്താവ് ഉപേക്ഷിച്ചതാണ്. കഠിനമായ ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കും ആക്രമണങ്ങൾക്കുംശേഷമാണ് അയാൾ റാണിയെ ഉപേക്ഷിച്ചത്. “ദിവസവും കള്ളുകുടിച്ച് വന്ന് വഴക്കിടുകയും, എന്നെ വേശ്യ, വൃത്തികെട്ടവൾ എന്നൊക്കെ ചീത്ത വിളിക്കുകയും ചെയ്യും”, റാണി പറയുന്നു.
അവർ പൊലീസിൽ പരാതി നൽകി. എന്നാൽ, ഗ്രാമമുഖ്യന്മാർ അപ്പോഴും ഇടപെട്ട്, ഒരു 50 രൂപയുടെ മുദ്രപ്പത്രത്തിൽ, ഇനി മേലിൽ നന്നായി പെരുമാറിക്കൊള്ളാമെന്ന് അയാളുടെ കുടുംബത്തെക്കൊണ്ട് എഴുതിപ്പിച്ച്, പ്രശ്നം ഒതുക്കി. ഒരുമാസത്തിനുശേഷം വീണ്ടും അയാളുടെ ആക്രമണങ്ങൾ തുടങ്ങി. ഇത്തവണ ഗ്രാമമുഖ്യന്മാർ കണ്ടില്ലെന്ന് നടിച്ചു. “ഞാൻ പൊലീസിൽ പോയി. എന്നാൽ ആദ്യത്തെ പരാതി ഞാൻ പിൻവലിച്ചതിനാൽ, തെളിവൊന്നും ശേഷിച്ചിരുന്നില്ല”, റാണി സൂചിപ്പിക്കുന്നു. സ്കൂളിൽ പോയിട്ടില്ലാത്ത അവർ ഇപ്പോൾ നിയമവശങ്ങൾ പഠിക്കുകയാണ്. 2013-ലെ സ്റ്റാറ്റിസ്റ്റിക്കൽ പ്രൊഫൈൽ ഓഫ് ഷെഡ്യൂൾഡ് ട്രൈബ്സിന്റെ കണക്കുപ്രകാരം, ഭിൽ സ്ത്രീകളുടെ സാക്ഷരതാ നിലവാരം ശുഷ്കമായ 31 ശതമാനം മാത്രമാണ്.
ദിയ, സീമ, റാണി എന്നിവരെപ്പോലെയുള്ള സ്ത്രീകൾക്ക് നിയമപരവും ആവശ്യമായ മറ്റ് സഹായങ്ങളും ആജീവിക ബ്യൂറോ ഓഫീസിൽ സംഘാംഗങ്ങൾ നൽകുന്നുണ്ട്. “ശ്രമക് മഹിലാവോം കാ സുരക്ഷിത് പ്രവാസ് (സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതമായ പ്രവാസം) എന്ന പേരിലുള്ള ലഘുപുസ്തകവും അവർ അച്ചടിച്ചിട്ടുണ്ട്. സഹായം അഭ്യർത്ഥിക്കേണ്ടുന്ന നമ്പറുകൾ, ആശുപത്രികൾ, ലേബർ കാർഡുകൾ എന്നിവയെക്കുറിച്ചെല്ലാം അതിൽ ഫോട്ടോ, ചിത്രങ്ങൾ സഹിതം വിവരങ്ങൾ നൽകുന്നു.
എന്നാൽ അതിജീവിതകൾക്കാകട്ടെ, ഒരവസാനവുമില്ലാതെ പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും നിരവധി തവണ കയറിയിറങ്ങിവരുന്നു. കുട്ടികളുടെ ഉത്തരവാദിത്തംകൂടി ആവുന്നതോടെ, ജോലിക്കായി പോകാൻപോലും അവരിൽ പലർക്കും സാധിക്കുന്നില്ല.
ലിംഗപരമായ ആക്രമണവും, പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകലുമായിട്ടാണ് ടീന ഈ കേസുകളെ കാണുന്നത്. “പെൺകുട്ടികളെ നിർബന്ധിച്ച് കൊണ്ടുപോകുന്ന കേസുകൾ ഞങ്ങൾ കണ്ടിട്ടുണ്ട്. പിന്നീട് അവരെ മറ്റൊരാൾക്ക് കൈമാറും.
*****
തട്ടിക്കൊണ്ടുപോയതിനുശേഷം, അഹമ്മദാബാദിലും പിന്നീട് സൂറത്തിലും ദിയയെ ജോലി ചെയ്യിപ്പിച്ചു. അവൾ രവിയോടൊപ്പം നിന്ന് റൊക്ഡി ചെയ്തു – പ്രദേശത്തെ ലേബർ മാർക്കറ്റിൽനിന്ന് തൊഴിൽക്കരാറുകാരാണ് അവരെ പ്രതിദിനം യഥാക്രമം 350 രൂപയ്ക്കും 400 രൂപയ്ക്കും എടുത്തത്. വഴിയരികിൽ ടർപ്പോളിൻകൊണ്ട് കെട്ടിയ കുടിലിലായിരുന്നു താമസം. പിന്നീട്, അവർക്ക് മാസാടിസ്ഥാനത്തിൽ ശമ്പളം കിട്ടിത്തുടങ്ങി. താമസം നിർമ്മാണ സൈറ്റിലും.
“പക്ഷേ ഞാൻ ഒരിക്കലും പൈസ കണ്ടിട്ടില്ല. അവനാണ് അത് വെക്കുക”, ദിയ പറയുന്നു. ഒരുദിവസത്തെ കഠിനാദ്ധ്വാനത്തിനുശേഷം അവൾ ഭക്ഷണം പാകം ചെയ്യലും അലക്കലും മറ്റ് വീട്ടുപണികളും ഒക്കെ ചെയ്യും. ചിലപ്പോൾ മറ്റ് സ്ത്രീകൾ സംസാരിക്കാൻ വരും. എന്നാൽ രവി കഴുകനെപ്പോലെ അവളെ നിരീക്ഷിച്ചുകൊണ്ടിരുന്നു.
“മൂന്നുതവണ അച്ഛൻ എനിക്ക് മറ്റ് ചിലർ വഴി പൈസ അയച്ചുതന്നു, രക്ഷപ്പെടാൻ. എന്നാൽ ഞാൻ പോകാൻ തുടങ്ങുമ്പോഴേക്കും ആരെങ്കിലും അത് കണ്ട് രവിയോട് പറയും. അവൻ എന്നെ പോകാൻ അനുവദിക്കുകയുമില്ല. അന്ന് ബസ്സിൽ കയറിപ്പറ്റിയപ്പോഴും ആരോ കണ്ട് അവനെ അറിയിക്കുകയായിരുന്നു.”, ദിയ ആ ദിവസത്തെക്കുറിച്ച് പറയുകയായിരുന്നു.
സഹായം കണ്ടെത്താനോ, തട്ടിക്കൊണ്ടുപോയതിന് പരിഹാരം കാണാനോ അവൾക്കായില്ല. വാങ്ഡി എന്ന നാട്ടുമൊഴി മാത്രമേ അവൾക്കറിയാമായിരുന്നുള്ളു. സൂറത്തിൽ അത് ആർക്കും അറിയുകയുമില്ല. കരാറുകൾ സ്ത്രീത്തൊഴിലാളികളുമായി, അവരുടെ പുരുഷന്മാർ മുഖേന മാത്രമേ ഇടപഴകാറുള്ളു. ആണുങ്ങൾക്ക് ഗുജറാത്തിയും ഹിന്ദിയും അറിയാമായിരുന്നു.
ബസ്സിൽനിന്ന് പിടിച്ചിറക്കിയതിനുശേഷം, നാലുമാസം കഴിഞ്ഞപ്പോൾ ദിയ ഗർഭിണിയായി. അവൾ സമ്മതിച്ചിട്ടായിരുന്നില്ല. മർദ്ദനം കുറച്ചൊക്കെ നിന്നുവെങ്കിലും മുഴുവനായി അവസാനിച്ചിരുന്നില്ല.
ഗർഭത്തിന്റെ എട്ടാം മാസം രവി അവളെ അവളുടെ അച്ഛനമ്മമാരുടെ വീട്ടിലെത്തിച്ചു. ജലോദിലെ ഒരു ആശുപത്രിയിൽവെച്ച് (അടുത്തുള്ള ഒരു വലിയ പട്ടണം) അവൾ ഒരു മകനെ പ്രസവിച്ചു. കുട്ടി 12 ദിവസം ഐ.സി.യു.വിലായിരുന്നതുകൊണ്ട്, ദിയയ്ക്ക് പാലു കൊടുക്കാൻ സാധിച്ചില്ല.
ആ സമയത്ത്, രവിയുടെ ആക്രമണ സ്വഭാവത്തെക്കുറിച്ച് ദിയയുടെ കുടുംബത്തിന് അറിവുണ്ടായിരുന്നില്ല. കുറച്ചുദിവസം വീട്ടുകാരുടെ കൂടെ നിന്നപ്പോഴേക്കും അവളെ തിരിച്ചയയ്ക്കാൻ വീട്ടുകാർ ശ്രമിച്ചുതുടങ്ങി. ജോലിസ്ഥലത്തേക്ക് പോകുമ്പോൾ ചെറിയ കുട്ടികളേയും കൂടെ കൂട്ടുന്നത് സ്ത്രീകൾ പതിവായിരുന്നു. “വിവാഹം കഴിച്ച ആളാണ് സ്ത്രീയെ താങ്ങേണ്ടത്. അവർ ഒരുമിച്ച് ജീവിക്കും, ജോലിചെയ്യും”, കമല പറയുന്നു. മകളും കുഞ്ഞും കൂടെ നിൽക്കുന്നതുകൊണ്ട് കുടുംബത്തിന്റെ സമ്പാദ്യവും ഇല്ലാതാവുകയായിരുന്നു.
വീണ്ടും ബഹളം തുടങ്ങി. ഇത്തവണ ഫോണിലൂടെയായിരുന്നു എന്ന് കമല ഓർമ്മിച്ചു. “അവർ വല്ലാതെ വഴക്കിടാറുണ്ടായിരുന്നു”, കുട്ടിയുടെ ചികിത്സയ്ക്കുള്ള പണം അയയ്ക്കാൻ രവി വിസമ്മതിച്ചു. വീട്ടിലെത്തിയതിന്റെ ധൈര്യത്തിൽ ദിയയും തന്റെ സ്വാതന്ത്ര്യം കാട്ടാൻ തുടങ്ങി. “എങ്കിൽ ഞാൻ അച്ഛന്റെ കൈയ്യിൽനിന്ന് വാങ്ങിക്കോളാം” എന്ന് അവൾ തിരിച്ചടിച്ചു.
അത്തരമൊരു ഫോൺ സംഭാഷണത്തിനിടയിൽ, താൻ മറ്റൊരു സ്ത്രീയുടെ കൂടെ ജീവിക്കാൻ പോവുകയാണെന്ന് അവൻ പറഞ്ഞു. “നിങ്ങൾക്ക് പോകാമെങ്കിൽ (മറ്റൊരു പുരുഷന്റെ കൂടെ) എനിക്കും പോകാം” എന്ന് പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.
കുറച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ രവി തൊട്ടടുത്തുള്ള തെഹ്സിലിലെ അവന്റെ വീട്ടിലെത്തി. എന്നിട്ട്, മറ്റ് അഞ്ച് ആണുങ്ങളെ കൂട്ടി മൂന്ന് ബൈക്കുകളിലായി ദിയയുടെ വീട്ടിലെത്തി. ഇനി മുതൽ പ്രശ്നങ്ങളൊന്നുമുണ്ടാവില്ലെന്നും, സൂറത്തിലേക്കും വീണ്ടും പോകാമെന്നും മറ്റും പറഞ്ഞ് അവളെയും കൂട്ടി തിരിച്ചുപോയി.
“അയാളെ എന്നെ അയാളുടെ വീട്ടിൽ കൊണ്ടുപോയി. കുട്ടിയെ ഒരു കട്ടിലിൽ കിടത്തി. എന്റെ ചെകിട്ടത്തടിച്ച്, വലിച്ചിഴച്ച് ഒരു മുറിയിൽ കൊണ്ടുപോയി വാതിലടച്ചു. അയാളുടെ സഹോദരന്മാരും കൂട്ടുകാരും കൂട്ടത്തിലുണ്ടായിരുന്നു. “അവൻ എന്റെ കഴുത്ത് ഞെരിച്ചു”, അവൾ പറയുന്നു. മറ്റുള്ളവർ അവളുടെ കൈപിടിച്ചുവെച്ചപ്പോൾ അവൻ ഒരു ബ്ലേഡെടുത്ത് അവളുടെ മുടി മുറിച്ചു”, അവൾ ഓർമ്മിക്കുന്നു.
ആ സംഭവം അവളുടെ മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല. “എന്നെ ഒരു മരത്തിന്റെ തൂണിനോട് ചേർത്ത് അമർത്തി. ഞാൻ ആവുന്നത്ര അലറിവിളിക്കുകയും ഒച്ചയിടുകയും ചെയ്തിട്ടും ആരും വന്നില്ല”. ആദ്യം മറ്റുള്ളവർ പുറത്ത് പോയി വാതിലടച്ചു. “അവൻ എന്റെ തുണിയൂരി എന്നെ ബലാത്സംഗം ചെയ്തു. എന്നിട്ട് അവൻ പുറത്ത് പോയി. മറ്റ് മൂന്നുപേർ അകത്തു വന്ന് മാറി മാറി ബലാത്സംഗം ചെയ്തു. ഇത്രയേ എനിക്കോർമ്മയുള്ളു. അപ്പോഴേക്കും എന്റെ ബോധം നശിച്ചു”.
ഓർമ്മ വന്നപ്പോൾ മകൻ കരയുന്നത് ദിയ കേട്ടു. “എന്റെ ഭർത്താവ് അമ്മയെ വിളിച്ച്, ‘അവൾ ഇപ്പോൾ വരുന്നില്ല, കുട്ടിയെ ഞാൻ കൊണ്ടുവരാം’ എന്ന് ഫോൺ വിളിച്ചു പറഞ്ഞതായി പിന്നീട് കേട്ടു. അമ്മ സമ്മതിച്ചില്ല. നേരിട്ട് വരാമെന്ന് അമ്മ പറഞ്ഞു”.
രവിയുടെ വീട്ടിലെത്തിയപ്പോൾ കുട്ടിയെ കമലയെ ഏൽപ്പിക്കാൻ രവി ഒരുങ്ങി. “ഞാൻ പറഞ്ഞു, ‘വേണ്ട’, ആദ്യം എനിക്കെന്റെ മകളെ കാണണം”. മുണ്ഡനം ചെയ്ത തലയോടെ ഭയന്നുവിറച്ച ദിയ മുമ്പിലേക്ക് വന്നു. “ശവസംസ്കാരത്തിനെന്ന വണ്ണം”, കമല പറയുന്നു. “ഞാൻ എന്റെ ഭർത്താവിനേയും സർപാഞ്ചിനേയും ഗ്രാമ മുഖ്യനേയും വിളിച്ചു. അവർ പൊലീസിനെ വിളിച്ചു”, കമല തുടർന്നു.
പൊലീസെത്തിയപ്പോഴേക്കും ഇതെല്ലാം ചെയ്ത പുരുഷന്മാർ അപ്രത്യക്ഷരായിരുന്നു. ദിയയെ ആശുപത്രിയിലേക്ക് മാറ്റി. “കടിച്ചതിന്റെ പാടുകളുണ്ടായിരുന്നു. ബലാത്ക്കാരം ചെയ്തതിന്റെ പരിശോധനകളൊന്നും ഉണ്ടായിരുന്നില്ല. മുറിവുകളുടെ ചിത്രങ്ങളും എടുത്തില്ല”.
ഗാർഹിക പീഡനത്തിൽനിന്ന് സ്ത്രീകളെ സംരക്ഷിക്കാനുള്ള 2005-ലെ നിയമത്തിന്റെ 20.1 (ഡി) വകുപ്പനുസരിച്ച്, ശാരീരികമായ ആക്രമണമുണ്ടായാൽ ദേഹപരിശോധനയ്ക്ക് പൊലീസ് കല്പിക്കണം. പൊലീസിനോട് എല്ലാം പറഞ്ഞുവെന്ന് വീട്ടുകാർ പറയുമ്പോൾ, ഈ റിപ്പോർട്ടറോട് കുശാൽഗറിലെ പൊലീസ് ഡെപ്യൂട്ടി സൂപ്പറിന്റന്റ് പറഞ്ഞത്, ദിയ അവളുടെ മൊഴി മാറ്റിപ്പറഞ്ഞുവെന്നും, ബലാത്ക്കാരം നടന്നതായി സൂചിപ്പിച്ചിട്ടില്ലെന്നും, ആരോ പറഞ്ഞുപഠിപ്പിച്ചതുപോലെ തോന്നിയെന്നുമാണ്
ദിയയുടെ കുടുംബം ഇത് ശക്തിയായി നിഷേധിക്കുന്നു. “അവർ പകുതി എഴുതി. പകുതി എഴുതാതെ വെച്ചു”, ദിയ പറയുന്നു. 2-3 ദിവസം കഴിഞ്ഞപ്പോൾ കോടതിയിൽവെച്ച് ഞാൻ ഫയൽ വായിച്ചു. നാലുപേർ ബലാത്സംഗം ചെയ്തതായി അതിൽ എഴുതിയിരുന്നില്ല. അവരുടെ പേരുകളുമുണ്ടായിരുന്നില്ല. ഞാൻ അതൊക്കെ കൊടുത്തതായിരുന്നു”, ദിയ കൂട്ടിച്ചേർക്കുന്നു.
ഗാർഹിക പീഡനം അനുഭവിക്കുന്ന സ്ത്രീത്തൊഴിലാളികൾക്ക് രണ്ട് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരാറുണ്ട്. കരാറുകാർ ഭർത്താക്കന്മാർ മുഖേന മാത്രമേ സ്ത്രീകളുമായി ഇടപഴകാറുള്ളു. ഭാഷ അറിയാത്തതിനാൽ സഹായം തേടാൻ ആ സ്ത്രീകൾക്ക് സാധിക്കാറുമില്ല
തന്നെ ബലാത്ക്കാരം ചെയ്തതായി ദിയ ആരോപിക്കുന രവിയേയും മൂന്ന് സുഹൃത്തുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തിലെ മറ്റ് അംഗങ്ങളും അറസ്റ്റിലായി. എന്നാൽ എല്ലാവരും ഇപ്പോൾ ജാമ്യത്തിലാണ്. രവിയും സുഹൃത്തുക്കളും വീട്ടുകാരും തന്റെ ജീവന് ഭീഷണി ഉയർത്തിയ കാര്യം ദിയ അയൽക്കാരിൽനിന്ന് അറിഞ്ഞു.
പൊലീസ് സ്റ്റേഷനിലേക്കും കോടതിയിലേക്കുമുള്ള യാത്രകളും, ചുഴലിരോഗം വന്ന 10 മാസം പ്രായമായ മകന്റെ പരിചരണവുമാണ് തന്റെ ദിനചര്യയുടെ പ്രധാനഭാഗങ്ങൾ എന്ന് 2024 ആദ്യം കണ്ടപ്പോൾ ദിയ ഈ റിപ്പോർട്ടറോട് പറഞ്ഞു.
“ഓരോ തവണ കുശാൽഗറിലേക്ക് വരുമ്പോഴും ഓരൊരുത്തർക്കും 40 രൂപ ചിലവുണ്ട്”, ദിയയുടെ അച്ഛൻ കിഷൻ പറയുന്നു. ചിലപ്പോൾ അടിയന്തിരമായി എത്താൻ ആവശ്യപ്പെടും. അപ്പോൾ സ്വകാര്യവാഹനം വിളിക്കേണ്ടിയും വരാറുണ്ട്. 35 കിലോമീറ്റർ യാത്രയ്ക്ക് 2,000 രൂപ കൊടുക്കേണ്ടിവരും അപ്പോൾ.
ചിലവുകൾ വർദ്ധിക്കുകയാണ്. എന്നാലും കിഷൻ തന്റെ ജോലിക്കായുള്ള കുടിയേറ്റം തത്ക്കാലം നിർത്തിവെച്ചിരിക്കുകയാണ്. “കേസ് തീരാത്ത സ്ഥിതിക്ക് എനിക്കെങ്ങിനെ പോകാൻ കഴിയും. എന്നാൽ ജോലി ചെയ്തില്ലെങ്കിൽ എങ്ങിനെ വീട്ടുകാര്യങ്ങൾ നടക്കും?”, അദ്ദേഹം ചോദിക്കുന്നു. “കേസ് ഉപേക്ഷിച്ചാൽ 5 ലക്ഷം രൂപ തരാമെന്ന് ഗ്രാമമുഖ്യൻ പറഞ്ഞു. ‘അത് വാങ്ങൂ’ എന്ന് എന്റെ സർപാഞ്ചും എന്നോട് പറഞ്ഞു. ഞാൻ പറഞ്ഞു, ‘പറ്റില്ല’. അയാൾക്ക് നിയമപ്രകാരമുള്ള ശിക്ഷ കിട്ടട്ടെ”.
വീട്ടിലെ മണ്ണ് പാകിയ നിലത്തിരുന്ന്, ഇപ്പോൾ 19 വയസ്സുള്ള ദിയ കാത്തിരിക്കുന്നത്, കുറ്റക്കാർക്ക് ശിക്ഷ കിട്ടുമെന്നുതന്നെയാണ്, അവളുടെ തലമുടി ഒരിഞ്ച് വളർന്നിട്ടുണ്ട്. “അവർ എന്നെ അവർക്ക് വേണ്ടതുപോലെ ഉപയോഗിച്ചു. ഇനിയെന്ത് പേടിക്കാനാണ്? ഞാൻ പൊരുതും. ഇതുപോലെ എന്തെങ്കിലും ചെയ്താൽ എന്ത് സംഭവിക്കുമെന്ന് അവൻ മനസ്സിലാക്കണം. എങ്കിൽപ്പിന്നെ അവനിത് മറ്റൊരാളോട് ആവർത്തിക്കില്ല”.
“അവൻ ശിക്ഷിക്കപ്പെടണം”, ശബ്ദമുയർത്തിക്കൊണ്ട് അവൾ കൂട്ടിച്ചേർക്കുന്നു.
ലിംഗപരവും ലൈംഗികവുമായ അക്രമങ്ങളെ (എസ്.ജി.ബി.വി) അതിജീവിച്ചവർക്ക് പരിചരണം കൊടുക്കുന്നതിനുവേണ്ടി, സാമൂഹികവും സ്ഥാപനപരവും ഘടനാപരവുമായ തടസ്സങ്ങളെക്കുറിച്ച് പഠിക്കാനുള്ള ദേശവ്യാപകമായ ഒരു റിപ്പോർട്ടിംഗ് പ്രോജക്ടിന്റെ ഭാഗമാണ് ഈ കഥ. ഡോക്ടേഴ്സ് വിത്തൌട്ട് ബോർഡേഴ്സിന്റെ പിന്തുണയോടെയുള്ള ഒരു സംരംഭമാണ് ഇത്.
അതിജീവിതകളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും പേരുകൾ, അവരുടെ സ്വകാര്യത മാനിച്ച്, മാറ്റിയിട്ടുണ്ട്.
പരിഭാഷ: രാജീവ് ചേലനാട്ട്