2024 ഏപ്രിൽ 19-ന്, ബംഗലൂരുവിലെ ഏറ്റവും വലിയ ചേരിയായ ദേവര ജീവനഹള്ളിയിലെ താമസക്കാർക്കിടയിൽ, ക്വീർ സമുദായത്തിന്റെ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താൻ തയ്യാറെടുക്കുകയായിരുന്നു മനോഹർ എലവർത്തി. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഗമ എന്ന സംഘടനയുടെ സഹസ്ഥാപകരിലൊരാളാണ് എലവർത്തി. എൽ.ജി.ബി.ടി.ക്യൂ.ഐ.എ + (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വീർ, ഇന്റർസെക്സ് ആൻഡ് അസെക്ഷ്വൽ; '+' എന്ന ചിഹ്നം, മേൽപ്പറഞ്ഞ ലൈംഗിക സ്വത്വങ്ങളിൽ ഉൾപ്പെടാത്ത എല്ലാ ഇതര സ്വത്വങ്ങളെയും സൂചിപ്പിക്കുന്നു) സമുദായാംഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പുറമേ, തൊഴിലില്ലായ്മ, തുടർച്ചയായി ഉയരുന്ന ജീവിതച്ചിലവുകൾ, ഇന്ത്യയുടെ മതേതരത്വത്തിനുനേരെ ഉയരുന്ന വെല്ലുവിളികൾ എന്നിങ്ങനെയുള്ള വിശാലമായ സാമൂഹികപ്രശ്നങ്ങളെക്കുറിച്ചും ചേരിനിവാസികളോട് സംവദിക്കാൻ എലവർത്തി പദ്ധതിയിട്ടിരുന്നു. ചർച്ചകൾ തുടരുന്നതിനായി അദ്ദേഹം ജെൻഡർ ആൻഡ് സെക്ഷ്വൽ മൈനോറിറ്റീസ് ഫോർ സെക്കുലർ ആൻഡ് കോൺസ്റ്റിറ്റ്യൂഷണൽ ഡെമോക്രസിയിലെ (ജി.എസ്.എം) അംഗങ്ങളുമായി കൂട്ടുചേർന്നു.
യാദൃച്ഛികമെന്ന് പറയട്ടെ, ഇന്ത്യയിൽ 2024-ലെ പൊതുതിരഞ്ഞെടുപ്പിന് നാന്ദി കുറിക്കുന്ന ദിവസമായിരുന്നു അത്; കർണ്ണാടക സംസ്ഥാനത്തിന്റെ ഭാഗമായ ബംഗലൂരുവിൽ വോട്ടെടുപ്പിന് പിന്നെയും ഒരാഴ്ച ബാക്കിയുണ്ടായിരുന്നു.
എലവർത്തി പ്രചാരണം തുടങ്ങി അധികം വൈകാതെ, ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയിലെ 10 അംഗങ്ങൾ -അവർ പാർട്ടി ചിഹ്നം പതിപ്പിച്ച കാവി നിറത്തിലുള്ള സ്കാർഫുകൾ ധരിച്ചിരുന്നു - അദ്ദേഹത്തെയും എന്നെയും (അന്ന് നടക്കേണ്ടിയിരുന്ന പ്രചാരണം റിപ്പോർട്ട് ചെയ്യാനെത്തിയ പത്രപ്രവർത്തക) ദേവര ജീവനഹള്ളിയിലെ ഇടുങ്ങിയ നിരത്തുകളിൽവെച്ച് വളഞ്ഞു. ഡി.ജെ. ഹള്ളി എന്ന് പരക്കെ അറിയപ്പെടുന്ന ആ പ്രദേശത്തെ മിക്ക വോട്ടർമാരും മുസ്‌ലിം സമുദായക്കാരും ഗ്രാമീണ പ്രദേശങ്ങളിൽനിന്ന് നഗരത്തിലേക്ക് കുടിയേറിയെത്തിയവരുമാണ്.
"നിങ്ങൾ കോൺഗ്രസ്സ് പാർട്ടിയുടെ ഏജന്റാണ്!" എന്ന് ഒരു ബി.ജെ. പി പ്രവർത്തകൻ ആക്രോശിച്ചതിന പിന്നാലെ, ജി.എസ്.എമ്മിന്റെ പ്രചാരണത്തിനെതിരെ പ്രതിഷേധിക്കാൻ അവിടെ ഒത്തുകൂടിയിരുന്ന മറ്റുള്ളവരും സമാനമായ പ്രതിഷേധസ്വരങ്ങൾ ഉയർത്താൻ തുടങ്ങി. "ഇവയിലെ ഉള്ളടക്കം നിയമവിരുദ്ധമാണ്," ജി.എസ്.എമ്മിന്റെ ലഘുലേഖകൾ ഉയർത്തിക്കാട്ടി ബി.ജെ.പി പ്രവർത്തകർ പ്രഖ്യാപിച്ചു.











